സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

വിദേശ വിപണികള്‍ കീഴടക്കാന്‍ ഖാദി മാസ്‌കുകള്‍

Posted On: 21 MAY 2020 4:06PM by PIB Thiruvananthpuram


വ്യാപക ജനപ്രീതി നേടിയ ഖാദി മാസ്‌കുകള്‍ ആഗോളശ്രദ്ധയിലേക്ക്. എല്ലാത്തരം നോണ്‍ മെഡിക്കല്‍, നോണ്‍ സര്‍ജിക്കല്‍ മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം വാണിജ്യ, വ്യവസായ മന്ത്രാലയം നീക്കുക കൂടി ചെയ്തതോടെ ഖാദി കോട്ടണ്‍, സില്‍ക് മാസ്‌കുകള്‍ വിദേശ വിപണികളില്‍ വന്‍ തരംഗമാക്കാനുള്ള സാധ്യത തേടുകയാണ് ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി). ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) മെയ് 16ന് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രാദേശികതയിൽ നിന്ന് ആഗോളതലം വരെ എന്ന്‌  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ആഹ്വാനം ചെയ്തിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖാദിയുടെ ജനപ്രീതി കാര്യമായി വര്‍ധിച്ച ദുബൈ, യുഎസ്എ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും ഖാദി മാസ്‌കുകള്‍ വിതരണം ചെയ്യാനാണ് കെവിഐസിയുടെ പദ്ധതി. ഇന്ത്യന്‍ എംബസി വഴി ഈ രാജ്യങ്ങളില്‍ ഖാദി മാസ്‌കുകള്‍ വില്‍ക്കാനാണ് കെവിഐസി ഉദ്ദേശിക്കുന്നത്.

ലോക്ഡൗണ്‍ കാലയളവില്‍ കെവിഐസിക്ക് എട്ട് ലക്ഷം മാസ്‌കുകളുടെ ഓര്‍ഡര്‍ ലഭിക്കുകയും ആറു ലക്ഷം എണ്ണം വിതരണം ചെയ്തുകഴിയുകയും ചെയ്തു. വില്‍ക്കുന്നതിനു പുറമേ, ഏഴര ലക്ഷത്തിലധികം മാസ്‌കുകള്‍ ഖാദി സ്ഥാപനങ്ങള്‍ വഴി രാജ്യമെമ്പാടും ജില്ലാ ഭരണകൂടങ്ങള്‍ക്ക് സൗജന്യമായും വിതരണം ചെയ്തു.

****



(Release ID: 1625824) Visitor Counter : 230