ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയത്തിന്റെ 'ഗോള്‍' പദ്ധതിക്ക് തുടക്കം

ഗിരിവര്‍ഗ്ഗ യുവജനങ്ങളില്‍ സംരംഭകത്വം വികസിപ്പിക്കുകയും
ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ആഭ്യന്തര, അന്തര്‍ദേശീയ വിപണിയുമായി ബന്ധിപ്പിക്കുകയും ലക്ഷ്യം

Posted On: 15 MAY 2020 12:32PM by PIB Thiruvananthpuram

ഫേസ്ബുക്കുമായി ചേര്‍ന്നു കേന്ദ്ര ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം ആരംഭിക്കുന്ന 'ഗോള്‍' (ഗോയിംഗ് ഓണ്‍ലൈന്‍ ആസ് ലീഡേഴ്സ്) പദ്ധതി വെബിനാര്‍ വഴി കേന്ദ്ര പട്ടികവര്‍ഗ്ഗകാര്യ മന്ത്രി ശ്രീ. അര്‍ജുന്‍ മുണ്ട ഉദ്ഘാടനം ചെയ്തു. കോവിഡ് 19 പകര്‍ച്ചവ്യാധി സൃഷ്ടിച്ചിരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സാക്ഷരതയ്ക്ക് പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ നൈപുണ്യവും സാങ്കേതികവിദ്യയും ഗിര്‍വര്‍ഗ്ഗ യുവജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുമെന്ന് ശ്രീ. അര്‍ജുന്‍ മുണ്ട പ്രത്യാശ പ്രകടിപ്പിച്ചു. ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഹോര്‍ട്ടികള്‍ച്ചര്‍, ഭക്ഷ്യ സംസ്‌കരണം, തേനീച്ച വളര്‍ത്തല്‍, വനവാസി കലയും സംസ്‌കാരവും , ഔഷധസസ്യകൃഷി, സംരംഭകത്വം തുടങ്ങിയവ ഉള്‍പ്പെടെ വിവിധ മേഖലകളിലെ അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കും.


ആദ്യഘട്ടത്തില്‍ ഗിരിവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട 5000 യുവജനങ്ങള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ എല്ലാ സാധ്യതകളുംപഠിപ്പിച്ചുകൊണ്ട് അവരില്‍ നൈപുണ്യം വളര്‍ത്താനാണ് ലക്ഷ്യമിടുന്നത്. യുവജനങ്ങളുടെ മികവുകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിച്ച് അവരുടെ വ്യക്തിത്വ വികസനം പരിപോഷിപ്പിക്കാനും അതു വഴി ഗിരിവര്‍ഗ്ഗ സമൂഹത്തിന്റെ ഉന്നമനം സാധ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
 
കേന്ദ്ര ഗിരിവര്‍ഗ്ഗകാര്യ സഹമന്ത്രി ശ്രീമതി രേണുകാ സിംഗ് സരൂത, മന്ത്രാലയ സെക്രട്ടറി ശ്രീ ദീപക് ഖാണ്ഡേക്കര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരും ഫേസ്ബുക് പ്രതിനിധികളും വെബിനാറില്‍ പങ്കെടുത്തു.  വെബിനാര്‍ ലിങ്ക് താഴെ ചേര്‍ക്കുന്നു.
https://www.facebook.com/arjunmunda/videos/172233970820550/UzpfSTY1Nzg2NDIxNzU5NjMzNDoyODg4MDg1MTAxMjQwO-Dkw/(Release ID: 1624066) Visitor Counter : 142