വിദ്യാഭ്യാസ മന്ത്രാലയം

മാനവവിഭവശേഷി വികസന മന്ത്രി രാജ്യമെമ്പാടുമുള്ള അധ്യാപകരുമായി വെബിനാറിലൂടെ സംവദിച്ചു

Posted On: 14 MAY 2020 5:34PM by PIB Thiruvananthpuram

 

രാജ്യമെമ്പാടുമുള്ള അധ്യാപകരുമായി മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊക്രിയാല്‍ നിശാങ്ക് വെബിനാറിലൂടെ ഇന്ന് സംവദിച്ചു. നിരവധി അധ്യാപകര്‍, ഈ വെബിനാറില്‍ പങ്കെടുക്കുകയും മന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. 

ഇതിലൂടെ രണ്ട് സുപ്രധാന പ്രഖ്യാപനങ്ങള്‍ മന്ത്രി നടത്തി. നെറ്റ് പരീക്ഷ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. നവോദയ വിദ്യാലയങ്ങളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായ അധ്യാപകര്‍ക്ക്, ലോക്ക് ഡൗണിനുശേഷം നിയമന ഉത്തരവ് ലഭിക്കുമെന്ന് ശ്രീ നിശാങ്ക് അറിയിച്ചു. 

അധ്യാപകരുടെ നിതാന്ത പരിശ്രമത്തിലൂടെയാണ് രാജ്യത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗം വിജയകരമായതെന്ന് അദ്ദേഹം പറഞ്ഞു. പല അധ്യാപകരും സാങ്കേതികവിദ്യയില്‍ വിദഗ്ധരല്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അവര്‍ സ്വയം പരിശീലനം നേടുകയും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു സംഭാവനകള്‍ നല്‍കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണിനുശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍, സ്‌കൂള്‍ അധികൃതരും, അധ്യാപകരും ചേര്‍ന്ന് അക്കാദമിക കലണ്ടര്‍ പരിഷ്‌ക്കരിക്കുകയും വാര്‍ഷിക കരിക്കുലം പദ്ധതികള്‍ ക്രമീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ കാലയളവിലെ വീട്ടിലെ പഠനരീതിയില്‍ നിന്നും സ്‌കൂളിലേയ്ക്ക് എത്തിത്തുടങ്ങുമ്പോഴുണ്ടാകുന്ന വൈകാരിക പരിവര്‍ത്തനത്തിന് കുട്ടികള്‍ക്ക്, അധ്യാപകര്‍ മികച്ച പിന്തുണ നല്‍കണമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഏതാണ്ട് 8000ത്തോളം അധ്യാപകരെയും നവോദയ വിദ്യാലയങ്ങളില്‍ 2500 ഓളം പേരെയും നിയമിച്ചതായി, അധ്യാപകരുടെ നിയമനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.സര്‍വ്വകലാശാലകളില്‍ 12,000 അധ്യാപകരെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു.

അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് വേണ്ട പരിശീലന പരിപാടികള്‍ പൂര്‍ണ തോതില്‍ നടക്കുന്നുണ്ടെന്നും ലക്ഷക്കണക്കിനു അധ്യാപകര്‍ ഇതില്‍ പങ്കെടുക്കുന്നതായും ശ്രീ  പൊക്രിയാല്‍ പറഞ്ഞു.  പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ നാഷണല്‍ മിഷന്‍ പദ്ധതിയുടെ കീഴില്‍, രാജ്യത്തെ അധ്യാപകര്‍ക്ക് ഇ-ലേണിങ്ങ് പരിശീലനം നല്‍കി വരുന്നതായി അദ്ദേഹം അറിയിച്ചു.



(Release ID: 1623880) Visitor Counter : 153