രാജ്യരക്ഷാ മന്ത്രാലയം

കൈലാസ് - മാനസരോവര്‍ തീര്‍ത്ഥാടന യാത്രാസമയം കുറയും



80 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാത ഉദ്ഘാടനം ചെയ്ത് രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിംഗ്

Posted On: 08 MAY 2020 1:17PM by PIB Thiruvananthpuram

 


കൈലാസ്-മാനസരോവര്‍ യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന പുതിയ പാത രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡിലെ ധാര്‍ചൂലയെയും ചൈന അതിര്‍ത്തിയിലെ ലിപുലേഖിനെയും ബന്ധിപ്പിക്കുന്നതാണ് 80 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാത. ഘടിയാബഗഢില്‍ നിന്ന് ആരംഭിക്കുന്ന പാത ലിപുലേഖ ചുരത്തിലാണ് അവസാനിക്കുന്നത്. പിഥൗറാഗഢില്‍ നിന്ന് ഗുഞ്ജിയിലേയ്ക്കുള്ള വാഹനനിരയുടെ ഫ്്ളാഗ് ഓഫും രാജ്നാഥ് സിങ് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.

കൈലാസ് - മാന്‍സരോവര്‍ തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാണ് പുതിയ റോഡ്. യാത്രാസമയം ഗണ്യമായി കുറയ്ക്കാനാകും. നിലവില്‍ സിക്കിം, നേപ്പാള്‍ പാതകളിലൂടെ രണ്ടോ മൂന്നോ ആഴ്ചയെടുത്താണ് തീര്‍ത്ഥാടകര്‍ക്ക് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നത്. പുതിയ റോഡ് ഒരാഴ്ചയ്ക്കുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ സഹായിക്കും.

ലിപുലേഖ് പാതയില്‍ ഉയര്‍ന്ന പ്രദേശങ്ങളിലൂടെയുള്ള 90 കിലോമീറ്റര്‍ യാത്ര തീര്‍ത്ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. പ്രായമായവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരുന്നത്. എന്നാല്‍, പുതിയ പാത ഈ പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ സഹായിക്കും. മേഖലയില്‍ പ്രാദേശിക വ്യാപാര പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും പുതിയ പാത ഊര്‍ജം പകരുമെന്ന് ശ്രീ. രാജ്‌നാഥ് സിംഗ് പ്രത്യാശ പ്രകടിപ്പിച്ചു.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എം എം നരവാനെ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, അല്‍മോറ എംപി അജയ് താംത, പ്രതിരോധ മന്ത്രാലയത്തിലെയും ബിആര്‍ഒയിലെയും ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

***



(Release ID: 1622200) Visitor Counter : 289