വിദ്യാഭ്യാസ മന്ത്രാലയം

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; സി ബി എസ് ഇ പ്ലസ് ടു പരീക്ഷാ തീയതി രണ്ടുദിവസത്തിനകം

Posted On: 05 MAY 2020 4:08PM by PIB Thiruvananthpuram



രാജ്യത്തെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി  രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്' രാജ്യത്തെ വിവിധ വിദ്യാര്‍ത്ഥികളുമായി വെബിനാറിലൂടെ നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നീറ്റ് പരീക്ഷ 2020 ജൂലൈ 26നും ജെ ഇ ഇ മെയിന്‍ ജൂലൈ 18, 20, 21, 22, 23 തീയതികളിലും നടക്കും.

യു ജി സി നെറ്റ് 2020, ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) എന്നിവയുടെ തീയതികളും ഉടന്‍ പ്രഖ്യാപിക്കും. ഓഗസ്റ്റിലാകും പരീക്ഷ. സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷാ തീയതി രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.ഐ.ടി, ഐ.ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍ എന്നിവയില്‍ 2020-21 അക്കാദമിക വര്‍ഷം ഫീസ് വര്‍ദ്ധന ഉണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു. നിലവിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2020-21 ലെ അക്കാദമിക് സെഷന്‍ 01.08.2020 മുതലും പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് 01.09.2020 മുതലും ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ യു.ജി.സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാനുബന്ധവും പരീക്ഷാ സംബന്ധവുമല്ലാത്ത വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി ഉത്തരം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നിലവാരമുള്ള  സൗകര്യങ്ങള്‍ സജ്ജമാക്കിയ മാനവ വിഭവശേഷി സഹമന്ത്രി സഞ്ജയ് ധോത്തറിനെ രമേശ് പൊഖ്രിയാല്‍ അഭിനന്ദിക്കുകയും ചെയ്തു.

മാനസികവും ശാരീരികവുമായി കരുത്തരായിരിക്കാന്‍ മന്ത്രി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. പ്രവേശന പരീക്ഷയ്ക്ക് തയാറാകാന്‍ ആവശ്യപ്പെട്ട മന്ത്രി ഫിസിക്സ്, കെമിസ്ട്രി, ഗണിതശാസ്ത്രം, ബയോളജി എന്നീ വിഷയങ്ങളില്‍ പഠിക്കാന്‍ ആവശ്യമായ നോട്ടുകള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ https://nta.ac.in/LecturesContent എന്ന സൈറ്റില്‍
ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വയംപ്രഭ ഡിറ്റിഎച്ച് ചാനല്‍, ദിക്ഷ, ഇ പാഠശാല നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി, സ്വയം, ഇ- പിജി പാഠശാല, ശോധ്ഗംഗ, ഇ-ശോധ്സിന്ധു, ഇ- യന്ത്ര, വെര്‍ച്ച്വല്‍ ലാബ് തുടങ്ങി മാനവ വിഭവശേഷി വകുപ്പിന് കീഴിലുള്ള സംവിധാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് ചൂണ്ടിക്കാട്ടി.
ആകാശവാണി, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എന്നിവയിലൂടെ കരിക്കുലം വിദ്യാര്‍ഥികളിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ പഠനാവശ്യത്തിനായി പോയ നവോദയ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള നവോദയ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷാ സംവിധാനങ്ങളും ഭക്ഷണവും സജ്ജമാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
 



(Release ID: 1621244) Visitor Counter : 227