ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രക്തദാനം പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ഹര്‍ഷ് വര്‍ധന്‍

Posted On: 04 MAY 2020 3:08PM by PIB Thiruvananthpuram

 

ആവശ്യക്കാര്‍ക്ക് രക്തം വേണ്ട സമയത്ത് ദാനം ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്നും ഇതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാനാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ഹര്‍ഷ് വര്‍ധന്‍. രക്തദാനത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ന്യൂ ഡല്‍ഹിയില്‍ സംഘടിപ്പിച്ച രക്തദാന ക്യാംപില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്നദ്ധ സംഘടനകളും സര്‍ക്കാരിതര സംഘടനകളും സാധാരണക്കാരും രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ടു വരണം. ഇതിലൂടെ രാജ്യത്തിന് ആവശ്യമുള്ള സന്ദര്‍ഭത്തിലെല്ലാം പര്യാപ്തമായ രക്തശേഖരം കരുതാനാകുമെന്നും അദ്ദേഹം പറഞ്ഞു.

വേണ്ട സൗകര്യങ്ങള്‍ ഒരുക്കി രക്തദാനം ചെയ്യാന്‍ തയാറുള്ളവരെ പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം റെഡ്‌ക്രോസിനോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ സ്ഥിരമായി രക്തദാനത്തിന് തയാറുള്ളവരുടെ സൗകര്യാര്‍ത്ഥം മൊബൈല്‍ രക്തശേഖരണ യൂണിറ്റുകള്‍ സജ്ജമാക്കണമെന്നും അദ്ദേഹം ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയോട് അഭ്യർത്ഥിച്ചു.  

സ്വമേധയാ നടത്തുന്ന രക്തദാനത്തെ പ്രോല്‍സാഹിപ്പിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് പ്രവര്‍ത്തകര്‍ക്കും വാഹനങ്ങള്‍ക്കും നിലവിലെ സാഹചര്യത്തില്‍ യാത്രാ സൗകര്യത്തിനായി 30,000 പാസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

65 വയസുവരെയുള്ളവരില്‍ ആരോഗ്യമുള്ള ആര്‍ക്കും മൂന്നു മാസത്തിലൊരിക്കലെന്ന കണക്കില്‍ വര്‍ഷത്തില്‍ നാലു തവണ വരെ രക്തദാനം ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. സ്ഥിരമായി രക്തം ദാനം ചെയ്യുന്ന താന്‍ ജീവിതത്തില്‍ ഇതുവരെ 100 തവണയെങ്കിലും രക്തം ദാനം ചെയ്തിട്ടുണ്ട്. വ്യക്തികള്‍ അവരുടെ ജന്മദിനമോ വിവാഹ വാര്‍ഷികമോ ആഘോഷിക്കുമ്പോള്‍ മറ്റുള്ളവരുടെ ജീവിതത്തെ കരുതിയെങ്കിലും രക്തദാനം ചെയ്യുന്നത് ആ അവസരത്തെ മഹത്വപൂര്‍ണമാക്കും.

 വൈദ്യോപകരണങ്ങളും, സാനിറ്റൈസറുകളും, വ്യക്തി സംരക്ഷണ ഉപകരണങ്ങളും മുഖാവരണങ്ങളും ആഹാരവും നല്‍കി കോവിഡിന് എതിരായ പോരാട്ടത്തില്‍ റെഡ് ക്രോസ് മികച്ച സേവനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രക്തദാനത്തിന് തയാറായി മുന്നോട്ടു വന്നവരെയും മന്ത്രി അഭിനന്ദിച്ചു.

***



(Release ID: 1620943) Visitor Counter : 235