ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
"ഒരു രാഷ്ട്രം ; ഒരു റേഷൻ കാർഡ്" സംവിധാനത്തിലേക്ക് നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണപ്രദേശവും കൂടി; ഇതോടെ പദ്ധതിയിലെ മൊത്തം അംഗങ്ങൾ 17
Posted On:
01 MAY 2020 4:41PM by PIB Thiruvananthpuram
ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം
***********************
രാജ്യത്തെ 60 കോടി ദേശീയ ഭക്ഷ്യസുരക്ഷ (NFSA) ഗുണഭോക്താക്കൾക്ക്, നിലവിലെ റേഷൻ കാർഡ് ഉപയോഗിച്ച് ഈ 17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എവിടെ നിന്നും റേഷൻ വാങ്ങാം
*******************************************************
ന്യൂഡൽഹി , 01 മെയ് 2020
"ഒരു രാഷ്ട്രം ; ഒരു റേഷൻ കാർഡ്" പദ്ധതിയിൻ കീഴിലുള്ള ദേശീയതല സംവിധാനത്തിലേക്ക് പുതുതായി നാല് സംസ്ഥാനങ്ങളെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും കൂടി ഉൾപ്പെടുത്തുന്നതിനു ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശ്രീ റാം വിലാസ് പാസ്വാൻ അംഗീകാരം നൽകി. ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളും, ദാദ്ര - നാഗർ ഹവേലി-ദമൻ ദിയു എന്ന കേന്ദ്രഭരണപ്രദേശവുമാണ് പുതുതായി ഈ ശൃംഖലയുടെ ഭാഗമാകുന്നത്.
കേരളം, ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന, ത്രിപുര എന്നീ 12 സംസ്ഥാനങ്ങൾ നേരത്തെതന്നെ പദ്ധതിയിൽ ചേർന്നിരുന്നു.
ഇതോടെ ഈ 17 സംസ്ഥാനങ്ങളിലെ 60 കോടിയോളം ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതിക്ക് (NFSA) കീഴിലുള്ള ഗുണഭോക്താക്കൾക്ക് ദേശീയ-അന്തർസംസ്ഥാന പോർട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്താനാവും. ഇവർക്ക് ഈ 17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശത്തെയും ഏത് ന്യായവില കടകളിൽ നിന്നും തങ്ങളുടെ ഭക്ഷ്യധാന്യ വിഹിതം കൈപ്പറ്റാവുന്നതാണ്. "ഒരു രാഷ്ട്രം; ഒരു റേഷൻ കാർഡ് സംവിധാന" ത്തിലൂടെ നിലവിലുള്ള റേഷൻകാർഡ് ഉപയോഗിച്ച് തന്നെ ഈ സൗകര്യം നേടാൻ ഇവർക്ക് സാധിക്കും.
ഇതിന്റെ ഭാഗമായി, അന്തർസംസ്ഥാന-വിനിമയങ്ങൾക്കാവശ്യമായ വെബ്-സേവനങ്ങളും, വിനിമയങ്ങൾ നിരീക്ഷിക്കാനുള്ള കേന്ദ്രതല സംവിധാനവും തയ്യാറാക്കിക്കഴിഞ്ഞു. അന്തർസംസ്ഥാന-ദേശീയ പോർട്ടബിലിറ്റി സേവനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കാൻ ശൃംഖലയിലെ 17 അംഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. തങ്ങളുടെ തയ്യാറെടുപ്പുകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇന്നോ, അല്ലെങ്കിൽ പറ്റുന്നത്ര വേഗത്തിലോ ഇവർ ഈ സേവനങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നതാണ്.
“ഒരു രാഷ്ട്രം; ഒരു റേഷൻ കാർഡ്” പദ്ധതി മറ്റു സംസ്ഥാനങ്ങളിലെ ഗുണഭോക്താക്കളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികെയാണ്. ബന്ധപ്പെട്ട സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും തയ്യാറാകുന്ന മുറയ്ക്ക് അവിടങ്ങളിലെ ജനങ്ങൾക്ക് കൂടി ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്.
(Release ID: 1620102)
Visitor Counter : 158