ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
രാജ്യത്ത് പയറുവർഗങ്ങൾ വിതരണം ചെയ്യാനുള്ള ബൃഹത്ത് പദ്ധതി പുരോഗമിക്കുന്നു.
Posted On:
25 APR 2020 4:09PM by PIB Thiruvananthpuram
ന്യൂഡൽഹി, ഏപ്രിൽ 25, 2020
പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) യ്ക്ക് കീഴിൽ രാജ്യത്തെ 20 കോടിയോളം കുടുംബങ്ങൾക്ക് മൂന്നുമാസത്തേയ്ക്ക് ഓരോ കിലോഗ്രാം പയറുവർഗങ്ങൾ വീതം വിതരണം ചെയ്യാനുള്ള ഒരു ബൃഹത്ത് പദ്ധതി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ചരക്കുനീക്കം അടക്കമുള്ള തയ്യാറെടുപ്പുകളും നടന്നുവരുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച ഈ പ്രതിസന്ധിഘട്ടത്തിൽ, രാജ്യത്തെ ജനങ്ങൾക്ക് ആവശ്യത്തിന് പോഷകാഹാരംഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഭക്ഷ്യസുരക്ഷാനിയമത്തിനു കീഴിൽ വരുന്ന കുടുംബങ്ങൾക്ക് ഓരോ കിലോ പയറുവര്ഗങ്ങള് വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്. പയറുവർഗങ്ങളുടെ പുറംതോടുകൾ നീക്കം ചെയ്ത് ശുദ്ധമായ രൂപത്തിലായിരിക്കും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക.
ഉപഭോക്തൃകാര്യ വകുപ്പിന്റെ മേൽനോട്ടത്തിൽ, NAFED ആണ് പദ്ധതി രാജ്യത്ത് നടപ്പിലാക്കുന്നത് .കേന്ദ്ര\സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള സംഭരണശാലകളിലുള്ള പയറുവർഗങ്ങൾ ശേഖരിച്ച്, FSSAI മാനദണ്ഡങ്ങൾക്കനുസരിച്ച് അവയുടെ പുറന്തോടുകൾ നീക്കം ചെയ്ത്, വൃത്തിയാക്കിയ ശേഷമാകും വിതരണത്തിനായി സംസ്ഥാനങ്ങൾക്ക് നൽകുക. ഇവ പിന്നീട സംസ്ഥാനസർക്കാരുകൾക്ക് കീഴിലെ സംഭരണശാലകളിലേയ്ക്കും തുടർന്ന് വിതരണത്തിനായി പൊതുവിതരണകേന്ദ്രങ്ങളിലേയ്ക്കും നൽകും.
ഭക്ഷ്യധാന്യ വിതരണത്തേക്കാൾ സങ്കീർണവും ബൃഹത്തുമായ ഒരു നടപടിയാണ് ഇത്. നാലാഴ്ചക്കാലത്തേയ്ക്ക് ഇവയുടെ ചരക്കുനീക്കങ്ങൾക്കായി മാത്രം രണ്ടു ലക്ഷത്തിലേറെ ലോറിയാത്രകൾ നടത്തേണ്ടതായിവരും. ഇതിനുപുറമെയാണ് സാധനങ്ങളുടെ കയറ്റിറക്കു നടപടികളും. ഉപഭോക്താവിന്റെ കയ്യിൽ എത്തുന്നതിനു മുൻപ്, ഓരോ കിലോഗ്രാം പയറുവർഗങ്ങളും ഏതാണ്ട് മൂന്ന് (മിക്കവാറും സാഹചര്യങ്ങളിൽ നാല് ) ലോറി യാത്രകളിലൂടെയെങ്കിലും കടന്നുപോകും. ഇതിനോടൊപ്പം നിരവധിയായ കയറ്റിറക്കു നടപടികളും. ദീർഘദൂര ചരക്ക് നീക്കത്തിനായി ഗുഡ്‌സ് തീവണ്ടികൾ ഉപയോഗിക്കുമെങ്കിലും, കൂടുതൽ ചരക്കുനീക്കങ്ങളും റോഡ് മാർഗം ലോറികളിലൂടെയാവും.
മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഈ മാസത്തെ വിഹിതത്തിന്റെ മൂന്നിലൊന്ന് വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമാകട്ടെ വിതരണം തുടങ്ങിക്കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ സാമൂഹിക അകലം പാലിക്കലും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, പയറുവർഗങ്ങളുടെ വിതരണം അടുത്ത മാസം ആദ്യവാരം നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഇവിടങ്ങളിൽ ഭക്ഷ്യധാന്യങ്ങൾക്കൊപ്പമാകും ഇവ വിതരണം ചെയ്യുക.
സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ, NAFED, ദാൽ മില്ലുകൾ, വെയർഹൗസിംഗ് കോർപ്പറേഷനുകൾ എന്നിവയുമായുള്ള ഏകോപനത്തിനായി ഉപഭോക്തൃകാര്യ വകുപ്പ് കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന്റെ സഹായത്തോടെ അഞ്ചു സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. ജോയിന്റ് സെക്രട്ടറിമാരാവും ഈ ഉദ്യോഗസ്ഥവൃന്ദത്തിനു നേതൃത്വം നൽകുക. വിതരണനടപടികളുടെ പുരോഗതി, അവയ്ക്ക് താഴെത്തട്ടിൽ നേരിടുന്ന തടസ്സങ്ങൾ എന്നിവ കൃഷി-ഉപഭോക്തൃകാര്യ സെക്രട്ടറിമാർ ദിവസേനെ അവലോകനം ചെയ്യുന്നുണ്ട്. ഇതിനു പുറമെ വിതരണത്തിൽ ഓരോ ദിവസവും ഉണ്ടാകുന്ന പുരോഗതി ക്യാബിനറ്റ് സെക്രട്ടറി നേരിട്ടാവും പരിശോധിക്കുക.
പദ്ധതിയുടെ ആദ്യഘട്ട വിതരണം ഈ മാസമൊടുവിൽ, അല്ലെങ്കിൽ അടുത്തമാസം ആദ്യത്തോടെ പൂർത്തിയാകും. മൂന്നുമാസത്തേയും വിഹിതം ആദ്യഘട്ടത്തിൽ തന്നെ വിതരണം ചെയ്യാൻ മിക്കവാറും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. മറ്റു സംസ്ഥാനങ്ങളിൽ മെയ് മൂന്നാം ആഴ്ചയ്ക്കുള്ളിൽ മുഴുവൻ വിഹിതവും വിതരണം ചെയ്യാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
(Release ID: 1618261)
Visitor Counter : 309
Read this release in:
Punjabi
,
English
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada