ഉപരാഷ്ട്രപതിയുടെ കാര്യാലയം

കൊറോണയ്ക്കെതിരായ ആഗോള പോരാട്ടത്തിന് ഇന്ത്യയുടെ വിജയം സുപ്രധാനമെന്ന് ഉപരാഷ്ട്രപതി

Posted On: 31 MAR 2020 5:39PM by PIB Thiruvananthpuram

ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ച ആത്മവിശ്വാസം പകരുന്നത്; വരുന്ന രണ്ടു വാരങ്ങള്‍ ഏറെ നിര്‍ണ്ണായകം

ലോകത്തിന്റെ ശ്രദ്ധ നേടി ഇന്ത്യയുടെ സമീപനവും ലക്ഷ്യവും നവരീതികളും

വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടമില്ല; സാഹചര്യം ആവശ്യപ്പെടുന്നത് ഐക്യത്തോടെയുള്ള പ്രവര്‍ത്തനം

വീടുകളില്‍ നിന്നു പുറത്തിറങ്ങാതെ കഴിയുന്ന സാഹചര്യം നന്മ പുലര്‍ത്താന്‍ അവസരമാക്കണമെന്ന് ഉപരാഷ്ട്രപതി


130 കോടി ജനസംഖ്യയുള്ള രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ച വിജയകരമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി നിലകൊണ്ട ജനങ്ങളുടെ ദൃഢനിശ്ചയവും പ്രതികരണവും സഹകരണവും അഭിനന്ദനാര്‍ഹമെന്ന് ഉപ രാഷ്ട്രപതി ശ്രീ. എം വെങ്കയ്യ നായിഡു പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ച നടപടികളെയും രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ശ്രീ. വെങ്കയ്യ നായിഡു പ്രശംസിച്ചു.

ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യ നായിഡുവിന്റെ വാക്കുകള്‍ ഇങ്ങനെ:

''കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ച നടപടികള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നു. ഈ മാസം 24 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച രാജ്യ വ്യാപക അടച്ചു പൂട്ടലിന്റെ ആദ്യ വാരത്തില്‍ രാജ്യത്തെ ജനങ്ങളുടെ അചഞ്ചലമായ പ്രതികരണത്തെയും ഞാന്‍ പൂര്‍ണ മനസ്സോടെ അഭിനന്ദിക്കുന്നു. നമ്മുടെ രാജ്യത്തെ 130 കോടി എന്ന ജനസംഖ്യയും നമ്മുടെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇത് കഠിനമായ ഒരു തീരുമാനമായിരുന്നു. എന്നാല്‍ ഏറ്റവും അനിവാര്യമായ തീരുമാനം കൂടിയായിരുന്നു ഇത്. അസാധാരണമായ സാഹചര്യങ്ങള്‍ ഇത്തരത്തില്‍ തീവ്രമായ തെരഞ്ഞെടുപ്പുകള്‍ ആവശ്യപ്പെടുന്നു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ദൈര്‍ഘ്യം എത്രമാത്രമെന്ന് നമുക്കറിയില്ല. ഈ ഘട്ടത്തിലും മൂന്നു വാരം നീളുന്ന രാജ്യ വ്യാപക അടച്ചു പൂട്ടലിന്റെ ആദ്യ ആഴ്ച, കൊറോണ വൈറസ് വെല്ലുവിളി ധൈര്യമായി നേരിടാനാകും എന്ന പ്രതീക്ഷ ഉണര്‍ത്തുന്നതാണ്.

ഊര്‍ജ്ജസ്വലമായ നമ്മുടെ ശ്രമങ്ങള്‍ ആഗോള തലത്തില്‍ തന്നെ അംഗീകരിക്കപ്പെടുകയാണ്. ശാരീരിക അകലം പാലിക്കുന്നതിനായി പലചരക്കു കടകളിലും പച്ചക്കറി കമ്പോളങ്ങളിലും വൃത്തങ്ങളും ചതുരങ്ങളും വരകളും തയ്യാറാക്കിയതും, എല്ലായിടത്തും ജനങ്ങള്‍ വരിയായി നില്‍ക്കുന്നതും, ട്രെയിന്‍ ബോഗികള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയതും, പരിശോധനാ കിറ്റുകളും വെന്റിലേറ്ററുകളും കഴിവതും വേഗം രൂപകല്‍പ്പന ചെയ്തതും, സംഘടിതമായ സര്‍ക്കാര്‍ സംവിധാനം രാജ്യ വ്യാപക അടച്ചുപൂട്ടല്‍ നടപ്പാക്കിയതും, ലോകമെങ്ങും ആരോഗ്യപരമായും സാമ്പത്തികപരമായും നാശം വിതച്ച ഭയാനകമായ വൈറസിനെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ അടയാളമായി അംഗീകരിക്കപ്പെടുന്നു.

അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യം ചില വികസിത രാജ്യങ്ങളെ ഉള്‍പ്പെടെ കുഴപ്പത്തില്‍ കൊണ്ടു ചാടിച്ചതിന് നമ്മള്‍ സാക്ഷ്യം വഹിച്ചതാണ്.  എന്നാല്‍ അവശ്യ വസ്തുക്കളുടെ ലഭ്യത രാജ്യത്തു മുഴുവന്‍ ഉറപ്പാക്കാന്‍ നമുക്കു കഴിഞ്ഞു.

വലിയൊരു പ്രതിസന്ധിയുടെ ഈ സമയത്ത് രാജ്യം നടത്തുന്ന ബൃഹത്തായ പ്രയത്നങ്ങള്‍ക്കിടെ ചില വിവാദങ്ങളില്‍ ബാലിശമായ തര്‍ക്കത്തിന് ഇടമില്ല. സാഹചര്യം ആവശ്യപ്പെടുന്നത് വിഭജിച്ചു നില്‍ക്കുന്നതിനു പകരം ഒന്നിച്ചു നില്‍ക്കണം എന്നാണ്. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ, ഇപ്പോഴത്തെ പ്രതിസന്ധി നാം മറികടക്കുന്നതു വരെ അത് മാറ്റി വയ്ക്കണമെന്ന് ബുദ്ധിജീവികളോടും മറ്റുള്ളവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ നാം നേരിടുന്ന വിപത്തിനെ ഫലപ്രദമായി മറികടക്കാനുള്ള നിര്‍ദേശങ്ങളുമായി മുന്നോട്ടു വരണമെന്നും ഞാന്‍ അവരോട് ആവശ്യപ്പെടുന്നു.

കുടിയേറ്റ തൊഴിലാളികളുടെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും അവര്‍ക്കു കഴിയുംവിധം പരിശ്രമിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും വേഗത്തില്‍ സ്വീകരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. താഴേത്തട്ടില്‍ അഭിമുഖീകരിക്കുന്ന വൈഷമ്യവും പ്രശ്നങ്ങളും ഉചിതമായ രീതിയില്‍ പരിഹരിക്കുന്നതിനു വേണ്ടി സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്താം.

ഈ രാജ്യ വ്യാപക അടച്ചുപൂട്ടലിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കാന്‍ വ്യവസായ സ്ഥാപനങ്ങളും കരാറുകാരും തയ്യാറാകണം. തൊഴിലാളികളുടെ വിഷമങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. എല്ലാവരുടെ ഭാഗത്തു നിന്നും മനുഷ്യത്വപരമായ സമീപനമാണ് ഇന്നത്തെ സാഹചര്യം ആവശ്യപ്പെടുന്നത്.

നമ്മുടെ നാടിന്റെ പ്രധാന ആശ്രയം കാര്‍ഷിക മേഖലയാണ്. സാധാരണ നിലയില്‍ തന്നെ വിളവെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. സുരക്ഷിതമായ രീതിയില്‍ വിളവെടുപ്പു നടത്താന്‍ കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും പ്രാപ്തരാക്കണം. കര്‍ഷകര്‍ക്ക് ലാഭം ലഭിക്കുന്ന വിധത്തില്‍ പ്രതിഫലം നല്‍കി ഗ്രാമങ്ങളില്‍ നിന്ന് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന കാര്യം സര്‍ക്കാര്‍ ഉറപ്പാക്കും. ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണം എന്നാവശ്യപ്പെട്ട് കൃഷി/ കാര്‍ഷിക ക്ഷേമ മന്ത്രിയുമായും ക്യാബിനറ്റ് സെക്രട്ടറിയുമായും ഞാന്‍ ചര്‍ച്ച നടത്തി.

ദീര്‍ഘ കാലത്തേയ്ക്ക് പുറത്തിറങ്ങാതെ വീടുകളില്‍ കഴിയുക എന്നത് ഒരു പുതിയ അനുഭവമാണ്. എന്നാല്‍ നന്മ പരത്തുന്ന ഒരു കാര്യം സൃഷ്ടിക്കാനുള്ള അവസരമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ജീവിതത്തിലെ തിരക്കേറിയ സമയക്രമത്തില്‍ നിന്നു മാറി, കുടുംബത്തിലെ ഓരോ അംഗത്തിനുമൊപ്പം ഗുണകരമായി സമയം ചെലവഴിച്ച്  നമ്മുടെ ബന്ധം മെച്ചപ്പെടുത്താന്‍ ഈ സാഹചര്യം അവസരമൊരുക്കുന്നു.

പങ്കുവയ്ക്കലും പരിചരണവും നമ്മുടെ സമൂഹത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. രാജ്യ വ്യാപക അടച്ചുപൂട്ടലിന്റെ മാനദണ്ഡങ്ങളും ആവശ്യകതയും കര്‍ശനമായി പാലിക്കുമ്പോള്‍ തന്നെ അശരണര്‍ക്കും സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും ഉചിതമായ രീതിയില്‍ സഹായ ഹസ്തം നീട്ടാന്‍ നമുക്കു കഴിയണം.

സമൂഹ മാധ്യമങ്ങള്‍ ശരിയായും ഫലപ്രദമായും ഉപയോഗിക്കണമെന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൊറോണ വൈറസിനെക്കുറിച്ച് തെറ്റായതും നിരര്‍ത്ഥകവുമായ വിവരങ്ങള്‍ പ്രചരണം ചെയ്യുന്നതിനു പകരം  പ്രശ്നത്തെ കുറിച്ച് ശരിയായ അവബോധം പകരുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കുക. വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും അണുബാധ പിടിപെട്ടാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും സമൂഹ മാധ്യമങ്ങളില്‍ എഴുതുക. ജനങ്ങളില്‍ ഒരു ഭയപ്പാട് സൃഷ്ടിക്കുന്നതിനു പകരം അവരെ വലിയ ഒരു വെല്ലുവിളി നേരിടാന്‍ പര്യാപ്തമാക്കുക.

വലിയ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് ജനങ്ങളുടെ സഹകരണമാണ് സര്‍ക്കാരുകളുടെ ഫലപ്രദമായ പ്രവര്‍ത്തനങ്ങളുടെ ആണിക്കല്ല്. അവസരത്തിന് അനുസരിച്ച് കൂട്ടായ പരിശ്രമം നടത്തണമെന്ന് ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. രാജ്യ വ്യാപക അടച്ചുപൂട്ടലിന്റെ ആദ്യ ആഴ്ചയിലെ അനുഭവങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് വരുന്ന രണ്ടു വാരങ്ങള്‍ കൂടി നമുക്കു സഹകരിക്കാം. വൈറസ് വ്യാപനത്തില്‍ ഒരു നിര്‍ണായക ഘട്ടമാണ് വരുന്ന രണ്ട് വാരങ്ങള്‍ എന്നതു കണക്കിലെടുത്താണ് ഇത്. ലോകത്തെ മനുഷ്യരാശിയുടെ മുഖ്യ ഭാഗം എന്ന നിലയില്‍, സഹ ജീവികളോടുള്ള നമ്മുടെ കടമ പരിഗണിച്ച് അടുത്ത രണ്ടു വാരം കൂടി ശരിയായ രീതിയില്‍ നമുക്ക് മുന്നോട്ടു പോകാം. വൈറസിനെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ഇന്ത്യ എത്രമാത്രം വിജയിക്കുന്നുവോ, അതാണ് ലോകം മുഴുവനും കൊറോണ വൈറസിനെതിരായ പോരാട്ടങ്ങളുടെ വിജയത്തിനായുള്ള താക്കോലായി മാറുന്നത്.

വൈറസിന് എതിരായ യുദ്ധത്തിലെ മുന്‍നിര പോരാളികളായ ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍, പോലീസ് സേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍  എന്നിവര്‍ അവരുടെ ജീവന്‍ പോലും പണയം വച്ചാണ് സധൈര്യം ഈ പോരാട്ടത്തിന് മുന്നിട്ടിറങ്ങി മികച്ച സേവനം നമുക്കു നല്‍കുന്നത്. അതുകൊണ്ടു തന്നെ സാമൂഹികവും ശാരീരികവുമായ അകലം കര്‍ശനമായി പാലിച്ച്, നിര്‍ദേശിക്കപ്പെട്ട ശുചിത്വ ശീലങ്ങള്‍ അനുസരിച്ച് തങ്ങളുടെ ഭാഗം ഭംഗിയായി നിര്‍വഹിക്കുക എന്നത് ജനങ്ങളുടെ കടമയാണ്.

വൈറസിനെ തുരത്താനുള്ള യുദ്ധത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍, അതിനു സഹായകമാകുന്ന തരത്തില്‍ പി.എം കെയര്‍ ഫണ്ടിലേക്ക് ഏവരും ഉദാരമായി സംഭാവന നല്‍കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സംഭാവന നല്‍കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ഞാന്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.

പ്രതിസന്ധിയുടെ ഈ വേളയില്‍ എല്ലാവര്‍ക്കും വഴികാട്ടിയായി ഇന്ത്യ മാറും എന്നു തന്നെ സ്നേഹപൂര്‍വം പ്രതീക്ഷിക്കുന്നു.''
 

 


(Release ID: 1609769) Visitor Counter : 1370