രാസവസ്തു, രാസവളം മന്ത്രാലയം

കൊവിഡ്19 വ്യാപനം നേരിടുന്നതിന് മരുന്നുകളുടെ ലഭ്യതക്കുറവ് ഇല്ല

Posted On: 31 MAR 2020 5:10PM by PIB Thiruvananthpuram


ഔഷധകാര്യ വകുപ്പ് ( ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ്) മറ്റു വകുപ്പുകളുടെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹായത്തോടെ ലഭ്യതയും വിതരണവും പ്രാദേശികമായ പ്രശ്‌നങ്ങളും സ്ഥിരമായി നിരീക്ഷിക്കുകയും പരിഹാരം കാണുകയും ചെയ്യുന്നു.

ന്യൂഡല്‍ഹി, 31, മാര്‍ച്ച് 2020:


കൊവിഡ്19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മരുന്നുകളുടെ ലഭ്യതയും വിതരണവും പ്രാദേശികമായ പ്രശ്‌നങ്ങളും കേന്ദ്ര കെമിക്കല്‍സ്& ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രാലയത്തിലെ ഔഷധകാര്യ വകുപ്പ് മറ്റു വകുപ്പുകളുടെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹായത്തോടെ സ്ഥിരമായി നിരീക്ഷിക്കുകയും പരിഹാരം കാണുകയും ചെയ്യുന്നുണ്ട്. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്ര കണ്‍ട്രോള്‍ റൂം ഔഷധകാര്യ വകുപ്പില്‍ പ്രവര്‍ത്തനം തുടങ്ങി: നമ്പര്‍ 011- 23389840. ദേശീയ ഔഷധ വിലനിര്‍ണയ അതോറിറ്റി (എന്‍പിപിഎ) മറ്റൊരു കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നു: ഹെല്‍പ് ലൈന്‍ നമ്പര്‍ 1800111255. കൊവിഡ്19മായി ബന്ധപ്പെട്ട അന്വേഷണങ്ങളും പരാതികളും സന്ദേശങ്ങളും ഈ കണ്‍ട്രോള്‍ റൂമുകള്‍ കൈകാര്യം ചെയ്യുകയും മരുന്നുകളും ചികില്‍സാ ഉപകരണങ്ങളും എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു.


ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം, വാണിജ്യ, വ്യവസായ മന്ത്രാലയം, കസ്റ്റംസ്, കേന്ദ്ര, സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാര്‍, സംസ്ഥാന ഗവണ്മെന്റുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, വിവിധ ഔഷധ, ചികില്‍സാ ഉപകരണ സംഘടനകള്‍ എന്നിവയുമായി തികഞ്ഞ ഏകോപനത്തിലാണ് ഔഷധകാര്യ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. 

ചൈനയില്‍ കൊറോണ വൈറസ് രോഗം തുടങ്ങിയതു മുതല്‍ത്തന്നെ മരുന്നുകളുടെ ഉല്‍പ്പാദനം ഔഷധകാര്യ വകുപ്പ് പതിവായി വിലയിരുത്തിയിരുന്നു. ലോക് ഡൗണ്‍ തുടങ്ങിയതോടെ ഓരോ സമയത്തും ഉയര്‍ന്നു വരുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കി കഴിയുന്നത്ര വേഗത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി മരുന്നു വ്യവസായ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് എളുപ്പമാക്കിക്കൊടുക്കുന്നു. ഏതു സമയത്തും ലഭ്യമാകുന്ന വിധത്തില്‍ അവശ്യ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുകയും മതിയായ ശേഖരം നിലനിര്‍ത്തുകയും ചെയ്യണമെന്ന് ഉല്‍പ്പാദകരോട് എന്‍പിപിഎ നിര്‍ദേശിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ കാലത്ത് മരുന്നുകളുടെയും മെഡിക്കല്ഡ ഉപകരണങ്ങളുടെയും ഉല്‍പ്പാദനം ഉറപ്പു വരുത്തുന്നതിന് എല്ലാ ശ്രമങ്ങളും ഉറപ്പാക്കി. 

ഇതിനു പുറമേ, വിവിധ തലങ്ങളില്‍ കൃത്യമായ നടപടികള്‍ ഉറപ്പു വരുത്താന്‍ വാട്‌സാപ് ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഇ മെയില്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് തുടങ്ങിയ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഔഷധകാര്യ വകുപ്പ് സമഗ്രമായി ഉപയോഗിക്കുകയും ചെയ്യുന്നു. 



(Release ID: 1609765) Visitor Counter : 120