സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ദിവ്യാംഗരുടെ സംരക്ഷണത്തിനും  സുരക്ഷയ്ക്കും മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു

Posted On: 27 MAR 2020 1:43PM by PIB Thiruvananthpuram

 

 

കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ ദിവ്യാംഗരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയത്തിനു കീഴിലുള്ള, ദിവ്യാംഗരുടെ ശാക്തീകരണത്തിനായുള്ള വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും മാര്‍ഗരേഖ പുറപ്പെടുവിച്ചു. 


കോവിഡ് 19  ന്റെ പ്രത്യാഘാതങ്ങള്‍ എല്ലാ ജനങ്ങളെയും ബാധിക്കുന്നതാണെങ്കിലും  ഭിന്നശേഷിക്കാരായ വ്യക്തികള്‍ അവരുടെ ശാരീരിക, സെന്‍സറി പരിമിതികള്‍ മൂലം ഈ രോഗത്തിനു വേഗത്തില്‍ കീഴ്പ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ അവരുടെ  ആവശ്യങ്ങളും അനുദിന പ്രവര്‍ത്തനങ്ങളും  മനസിലാക്കുകയും അപകട സാഹചര്യങ്ങളില്‍ അവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കുന്നതിന്  ഉചിതവും കാലികവുമായ നടപടികള്‍ സ്വീകരിക്കുകയും വേണം.
ഇത്തരം സാഹചര്യങ്ങളില്‍  2016 ലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമത്തിലെ 8-ാം വകുപ്പ്്് ഇത്തരം വ്യക്തികള്‍ക്ക് തുല്യമായ സുരക്ഷയും കരുതലും ഉറപ്പു വരുത്തുന്നുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍  ഭിന്നശേഷിക്കാരായ വ്യക്തികളുടെ സുരക്ഷ ഉള്‍പ്പെടുത്താനും ഇതേക്കുറിച്ച് അവരെ കൃത്യമായി അറിയിക്കാനും ദേശീയ, സംസ്ഥാന ജില്ലാ തലങ്ങളിലുള്ള ദുരന്ത നിവാരണ അധികൃതരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണ സമയങ്ങളില്‍ ദിവ്യാംഗര്‍ക്കായുള്ള സംസ്ഥാന കമ്മിഷണറെ കൂടി ഉള്‍പ്പെടുത്താന്‍ ഈ അധികാരികളെ ചുമതലപ്പെടുത്തിയിരിക്കുന്നു. മേല്‍പറഞ്ഞ വ്യവസ്ഥകളനുസരിച്ച് 2019 സെപ്റ്റംബറില്‍  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഭിന്നശേഷിക്കാരെക്കൂടി ഉള്‍പ്പെടുത്തി ദുരന്ത അപകട ലഘൂകരണത്തിനായുള്ള ദേശീയ ദുരന്ത നിവാരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയുണ്ടായി.  

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും  ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ബാധകമാണെങ്കിലും കോവിഡ് 19 ന്റെ കാലയളവില്‍ ദിവ്യാംഗരായ വ്യക്തികളുടെ സുരക്ഷയ്ക്കും സംരക്ഷണയ്ക്കും കൂടുതല്‍ ശ്രദ്ധ നല്കുന്നതിനായി വിവിധ സംസ്ഥാന ജില്ലാ അധികൃതരോട്  താഴെ പറയുന്ന നടപടികള്‍ കൂടി പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

പൊതുവായ പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍
* കോവിഡ് 19 നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും, നല്കുന്ന സേവനങ്ങള്‍, സ്വീകരിക്കേണ്ട  മുന്‍ കരുതലുകള്‍ തുടങ്ങിയവ ലളിതവും പ്രാദേശിക ഭാഷയിലും ഓരോരുത്തര്‍ക്കും പ്രാപ്യമായ ഘടനയിലും,  അതായത് കാഴ്ച്ച ഇല്ലാത്തവര്‍ക്ക് ബ്രെയ്ലി ലിപിയിലും, ഓഡിയോ ടേപ്പുകളിലും, ശ്രവണ ശേഷി കുറഞ്ഞവര്‍ക്കായി ഉപശീര്‍ഷകങ്ങളോടും ഭാഷാ വ്യഖ്യാനങ്ങളോടും കൂടി വിഡിയോ ഗ്രാഫിക് സാമഗ്രികളിലും പ്രാപ്യമായ വെബ് സൈറ്റുകളിലും  ലഭ്യമാക്കണം.
* കോവിഡ്- 19 ബാധിതര്‍ക്കിടയില്‍ സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നല്കുന്ന എല്ലാ  സുരക്ഷാ സംരക്ഷണ സംവിധാനങ്ങളും ദിവ്യാംഗരുടെ സൈന്‍ ലാംഗ്വേജ് വ്യാഖ്യാതാക്കള്‍ക്കും നല്കണം.

* അടിയന്തര ഉത്തരവാദിത്വ സേവനത്തിന് ചുമതലപ്പെടുത്തിയിരിക്കുന്ന എല്ലാ വ്യക്തികള്‍ക്കും ദിവ്യാംഗരായ വ്യക്തികളുടെയും,  സമാന കുറവുകളുള്ള വ്യക്തികളുടെയും അവകാശങ്ങളെക്കുറിച്ച്്്  പരിശീലനം നല്കണം.

* ദിവ്യാംഗ വ്യക്തികള്‍ക്കു സഹായകമാകുന്ന പ്രസക്ത വിവരങ്ങള്‍ എല്ലാ ബോധവത്ക്കരണ പരിപാടികളുടെയും ഭാഗമാക്കണം.

* സമ്പര്‍ക്ക വിലക്കുള്ള സമയത്ത് അത്യാവശ്യ  സേവനങ്ങള്‍, വ്യക്തിപരമായ സഹായങ്ങള്‍ ഭൗതികവും ആശയവിനിമയപരവുമായ പ്രാപ്യത എന്നിവ ഇവര്‍ക്ക് ഉറപ്പാക്കണം. 

ഉദാഹരണത്തിന്, അന്ധരും  ബുദ്ധിപരവും മാനസികവുമായ (സൈക്കോ-സോഷ്യല്‍) ന്യൂനതകള്‍ ഉള്ളവരും അവര്‍ക്ക്  ശുശ്രൂഷാ സഹായം നല്‍കുന്ന ആളിനെ ആശ്രയിക്കുന്നവരാണ്. വീല്‍ ചെയറുകളിലുള്ളവരും, മറ്റ് ഉപകരണങ്ങളെ ആശ്രയിക്കുന്നവരും  അവയുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് മറ്റുള്ളവരുടെ സഹായം തേടുന്നവരാണ്.

* ഭിന്നശേഷിക്കാരായ വ്യക്തികളെ ശുശ്രൂഷിക്കുന്നവരെ ലോക്ഡൗണ്‍ കാലയളവില്‍ ഭിന്നശേഷിക്കാരുടെ അടുത്ത് എത്തുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. അവര്‍ക്ക് ലളിതമായ രീതിയില്‍ മുന്‍ഗണനയോടെ പാസുകള്‍ നല്‍കണം.

* ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ഏറ്റവും കുറഞ്ഞ മനുഷ്യ സമ്പര്‍ക്കത്തില്‍ തുടര്‍സഹായങ്ങള്‍ ഉറപ്പാക്കുന്നതിന് അവരുടെ സഹായികള്‍ക്ക് വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങള്‍ നല്കുന്നു എന്ന് ഉറപ്പാക്കണം.

* വേലക്കാര്‍, പരിചാരകര്‍, മറ്റ് സഹായികള്‍ എന്നിവര്‍ക്ക് ഭിന്നശേഷിക്കാരുടെ ഭവനങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതിന്  അവരുടെ ആവശ്യങ്ങള്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനുകളെ അറിയണം.

* ഭിന്നശേഷിക്കാര്‍ക്ക് അത്യാവശ്യ ഭക്ഷണം, കുടിവെള്ളം, മരുന്ന്, മറ്റ്്് അവശ്യ വസ്തുക്കള്‍ എന്നിവ  അവരുടെ വീടുകളിലോ അവര്‍ സമ്പര്‍ക്ക വിലക്കില്‍ താമസിക്കുന്ന സ്ഥലങ്ങളിലോ എത്തിച്ചു നല്കണം.

* ഭിന്നശേഷിക്കാര്‍ക്കും മറ്റ് പ്രായമായവര്‍ക്കും അവശ്യവസ്തുക്കളും ഭക്ഷണ സാമഗ്രികളും എളുപ്പത്തില്‍ വാങ്ങുന്നതിന് വ്യാപാര സ്ഥാപനങ്ങളും സൂപ്പര്‍ മാര്‍ക്കറ്റുകളും അവര്‍ക്കു മാത്രമായ പ്രത്യേക സമയങ്ങളില്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പരിഗണിക്കണം.

* ഭിന്നശേഷിക്കാര്‍ക്ക് സമ്പര്‍ക്കവിലക്കിന്റെ കാലയളവില്‍ അവശ്യ പിന്തുണയും സഹായവും ലഭ്യമാക്കുന്നതിന് ഒരു സഹായ ശ്രുംഖല ക്രമീകരിക്കണം.
ദിവ്യാംഗര്‍ക്ക്് അധിക സംരക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അടിയന്തിര സമയത്ത് യാത്രാ പാസുകളും  വ്യക്തിപരമായ സുരക്ഷാ സംവിധാനവും ലഭ്യമാക്കണം.
ഭിന്നശേഷിക്കാര്‍ക്ക് ചികിത്സയില്‍ മുന്‍ഗണന നല്കണം. ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ നല്കണം.
 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും  ജോലി ചെയ്യുന്ന അന്ധര്‍, മറ്റ് ഗുരുതര വൈകല്യങ്ങള്‍ ഉള്ളവര്‍ എന്നിവരെ, ഈ കാലയളവില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കണം. കാരണം അവര്‍ക്ക് വളരെ വേഗത്തില്‍ രോഗബാധ ഉണ്ടാകാം.
മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു  മാറ്റി പാര്‍പ്പിക്കപ്പെടുന്ന ദിവസങ്ങളില്‍ കൗണ്‍സലിംങ് ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിക്കണം.
* ദിവ്യാംഗര്‍ക്ക്് ദിവസം മുഴുവന്‍ സഹായത്തിനായി സംസ്ഥാനതലത്തില്‍ ഹെല്‍പ് ലൈന്‍ സ്ഥാപിക്കണം. ഇതില്‍ അടയാളഭാഷാ വ്യാഖ്യാനം, വിഡിയോ കാളിംങ് സംവിധാനം എന്നിവ ഉണ്ടായിരിക്കണം.
ദിവ്യാംഗരുടെ സംഘടനയെ കൂടി ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരുടെ ഉപയോഗത്തിനായി കോവിഡ് 19 സംബന്ധിച്ച വിവരങ്ങള്‍ തയാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും  സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പരിശ്രമിക്കണം.

കോവിഡ് 19 കാലയളവില്‍ ഭിന്നശേഷി കേന്ദ്രീകൃതമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം - സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ സ്വീകരിക്കേണണ്ടത്

* സംസ്ഥാനങ്ങളിലെ  ഭിന്നശേഷി കമ്മിഷണര്‍മാരെ ഭിന്നശേഷിക്കാരുടെ വിഷങ്ങള്‍ സംബന്ധിച്ച  സംസ്ഥാന നോഡല്‍ അധികാരിയായി  പ്രഖ്യാപിക്കണം.
* കോവിഡ് -19 കാലയളവില്‍ ദിവ്യാംഗരുടെ മാത്രമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ മുഴുവന്‍ ചുമതലയും അദ്ദേഹത്തിനായിരിക്കണം.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ആരോഗ്യ, പൊലീസ്, മറ്റു വകുപ്പുകള്‍, ജില്ലാ കളക്ടര്‍മാര്‍, ഭിന്നശേഷിക്കാരുടെ കാര്യങ്ങള്‍ അന്വേഷിക്കുന്ന മറ്റ് ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കമ്മീഷണര്‍മാരായിരിക്കും.
*കോവിഡ് 19 സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും പൊതു നിയന്ത്രണ ആസൂത്രണങ്ങളും നല്‍കുന്ന സേവനങ്ങളും പ്രാദേശിക ഭാഷയിലും പ്രാപ്യമായ ഘടനയിലും ലഭ്യമാകുന്നു എന്ന് ഉറപ്പാക്കാനുള്ള ചുതലയും അവര്‍ക്കാണ്.
ഭിന്നശേഷിക്കാരുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട ജില്ലാ ഓഫീസറെ,  അവരുടെ ചുമതലയുള്ള ജില്ലാ നോഡല്‍ അധികാരിയായി പ്രഖ്യാപിക്കണം.

 

***(Release ID: 1608600) Visitor Counter : 187