ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കൊവിഡ് 19ന്റെ നിലവിലെ സ്ഥിതിയും പ്രതിരോധ പ്രവര്‍ത്തനങ്ങളും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി അവലോകനം ചെയ്തു.
Posted On:
26 MAR 2020 7:59PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 26 മാര്‍ച്ച് 2020,
കൊവിഡ് 19 പ്രതിരോധ, മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളേക്കുറിച്ച് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ഇന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും ആരോഗ്യ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും വീഡിയോ കോണ്‍ഫറന്‍സിംഗ് അവലോകനം നടത്തി. മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്,ഡല്‍ഹി, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, ഒഡീഷ, ഹരിയാന, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മേഘാലയ, ദാദ്ര-നഗര്‍ഹവേലി, ലഡാക്, മിസോറാം, ആന്‍ഡമാന്‍-നിക്കോബാര്‍, ഹിമാചല്‍പ്രദേശ്, ചണ്ഡീഗഡ്, ഗോവ, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.കേന്ദ്രമന്ത്രാലയത്തിലെയും എന്‍സിഡിസിയിലെയും ഐസിഎംആറിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. പങ്കെടുക്കാന്‍ കഴിയാതിരുന്ന കേരളത്തിലെ ആരോഗ്യ മന്ത്രി ശ്രീമതി കെ കെ ഷൈലജയുമായി കേന്ദ്ര മന്ത്രി ഫോണില്‍ സംസാരിക്കുകയും സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തുകയും ചെയ്തു.
രോഗം വ്യാപിക്കുന്നതു തടയാന്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചാണ് അവലോകന യോഗത്തില്‍ അദ്ദേഹം എടുത്തു പറഞ്ഞത്. കൂടുതല്‍ ജാഗ്രത പാലിക്കാനും രാജ്യത്ത് രോഗം പടരുന്നതിന്റെ കണ്ണി മുറിക്കാന്‍ സാധ്യമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നടത്താനും സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ലോക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കുകയും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയും വേണം. രോഗം സ്ഥിരീകരിച്ചവരുടെ ചികില്‍സക്കൊപ്പം തന്നെ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഉറപ്പായും കണ്ടെത്താനുള്ള നടപടികളിലും തുടര്‍ശ്രദ്ധ വേണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ത്യയിലേക്കു കഴിഞ്ഞ ഒരു മാസം എത്തിച്ചേര്‍ന്ന രാജ്യാന്തര യാത്രക്കാരുടെ മേല്‍ കൃത്യമായ സാമൂഹിക നിരീക്ഷണം വേണമെന്ന് അദ്ദേഹം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. വീടുകളില്‍ നീരീക്ഷണത്തില്‍ കഴിയുന്നവരുടെ കാര്യത്തില്‍ പരിശോധന തുടരുകയും വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുകയും വേണം.
കൊവിഡ് 19ന് എതിരായ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന് സര്‍വീസില്‍ നിന്നു വിരമിച്ച ഡോക്ടര്‍മാരുടെ സ്വയം സന്നദ്ധ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍ അവലോകന യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നിര്‍ദേശം നല്‍കി. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, കോള്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കുകയും ജില്ലാ തലത്തിലുള്ള ആംബുലന്‍സ് ലഭ്യതയുടെ വിവരങ്ങള്‍ കൊവിഡ് 19 വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.
ആരോഗ്യ പ്രവര്‍ത്തകരെ എത്തിക്കുന്ന യാത്രാ സംവിധാനങ്ങള്‍ക്ക് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വേണ്ടത്ര മുന്‍ഗണന നല്‍കണം. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവ് ഉണ്ടാകാന്‍ പാടില്ല. ഇത് എയിംസിന്റെ കൊവിഡ് പരിരക്ഷാ പോര്‍ട്ടലുമായും ഐഎംഎയുമായും നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സംഘടനകളുമായും ഫലപ്രദമായി ഏകോപിപ്പിക്കണം.
കൊവിഡ് 19നെതിരേ പൊരുതി രാജ്യത്തെ രക്ഷിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും ചില വീട്ടുടമകള്‍ ഇറക്കിവിടുന്നതിനേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഗൗരവത്തിലെടുത്ത് ഇടപെടണമെന്ന് ആരോഗ്യ മന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി.
കൊവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് ഇന്ന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ച കാര്യം അദ്ദേഹം പറഞ്ഞു. കൊവിഡ് 19മായി ബന്ധപ്പെട്ട സാധനങ്ങള്‍ വാങ്ങുന്നതിനു ദേശീയ ആരോഗ്യ ദൗത്യ (എന്‍എച്ച്എം)ത്തിലെ പണം മെഡിക്കല്‍ കോളജുകള്‍ക്ക് അനുവദിക്കാൻ സംസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
21 ദിവസത്തെ ലോക് ഡൗണില്‍ അവശ്യ സാധനങ്ങള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണം ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മറ്റു വകുപ്പുകളും സുപ്രധാന പിന്തുണ നല്‍കുന്നുണ്ട്. എല്ലാ അവശ്യ സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കാന്‍ കൃത്യമായ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിക്കാന്‍ ഫാര്‍മസികള്‍ തയ്യാറാകുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പു വരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു വിജ്ഞാപനം കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്നവരുടെ മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിന് സംസ്ഥാനങ്ങള്‍ ഹെല്‍പ് ലൈനുകള്‍ സജ്ജീകരിക്കുകയും സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കുകയും വേണം. ടെലിമെഡിസിന്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ആപ്പ് പുറത്തിറക്കുകയും ചെയ്തതു ചൂണ്ടിക്കാട്ടിയ കേന്ദ്ര ആരോഗ്യ മന്ത്രി, ആപ്പ് ഉപയോഗം സംബന്ധിച്ച് ജനങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കാന്‍ ഡോക്ടര്‍മാരുടെ സംഘം രൂപീകരിക്കാനും നിര്‍ദേശിച്ചു.
(Release ID: 1608464)
Visitor Counter : 173