പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റും ടെലിഫോണില്‍ സംസാരിച്ചു

Posted On: 25 MAR 2020 10:54PM by PIB Thiruvananthpuram

 

റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. വ്‌ളാദിമിര്‍ വി.പുടിനുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു. കോവിഡ്-19 മഹാവ്യാധിയുടെ പശ്ചാത്തലത്തിലുള്ള ലോക സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. 
റഷ്യയില്‍ രോഗം നിമിത്തം ബുദ്ധിമുട്ടുന്ന എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച പ്രധാനമന്ത്രി, രോഗത്തെ നേരിടുന്നതിനു പ്രസിഡന്റ് പുടിന്റെ നേതൃത്വത്തില്‍ റഷ്യ നടത്തുന്ന പോരാട്ടം വിജയിക്കുമെന്ന പ്രത്യാശ പ്രകടിപ്പി്ക്കുകയും ചെയ്തു.  
കോവിഡ്-19നെ പ്രതിരോധിക്കാന്‍ ഇന്ത്യ കൈക്കൊണ്ട നടപടികള്‍ വിജയിക്കട്ടെ എന്ന ആശംസ പ്രധാനമന്ത്രിക്കു പ്രസിഡന്റ് പുടിന്‍ നേര്‍ന്നു. 
ആരോഗ്യം, വൈദ്യശാസ്ത്രം, ശാസ്ത്രീയ ഗവേഷണം, മാനുഷിക കാര്യങ്ങള്‍, ആഗോള സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്നിവ ഉള്‍പ്പെടെ വലിയ ആഗോള പ്രതിസന്ധി സൃഷ്ടിക്കുന്ന എല്ലാ വെല്ലുവിളികളും നേരിടുന്നതിനായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും സഹകരിക്കാനും ഇരു നേതാക്കളും പരസ്പരം സമ്മതിച്ചു. ജി20 ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെടെ, കോവിഡ്-19നെതിരെ പോരാടുന്നതിനായി രാജ്യാന്തര സഹകരണം വളരെ പ്രസക്തമാണെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു. 
റഷ്യയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ റഷ്യന്‍ അധികൃതര്‍ കാട്ടുന്ന സഹകരണത്തെ പ്രശംസിച്ച പ്രധാനമന്ത്രി, സഹകരണം തുടരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ എല്ലാ സഹായവും പ്രസിഡന്റ് പുടിന്‍ ഉറപ്പുനല്‍കി. റഷ്യന്‍ പൗരന്‍മാരുടെ ക്ഷേമത്തിനും ആവശ്യമനുസരിച്ചുള്ള മടക്കയാത്രയ്ക്കും ഇന്ത്യന്‍ അധികൃതര്‍ എല്ലാ വിധത്തിലും സൗകര്യം ഒരുക്കുമെന്നു പ്രസിഡന്റിനോടു പ്രധാനമന്ത്രി പറഞ്ഞു. 
ഊഷ്മളവും കാലത്തെ അതിജീവിച്ചതുമായ ഉഭയകക്ഷി ബന്ധത്തിന്റെ ഗതിയും ഊഷ്മളതയും നിലനിര്‍ത്തുന്നതിനായി പരസ്പരമുള്ള സഹകരണം തുടരാന്‍ ഇരു നേതാക്കളും സമ്മതിച്ചു. ഈ വര്‍ഷം പരസ്പരം കണ്ടു സംവദിക്കാന്‍ സാധിക്കുന്ന ഒട്ടേറെ അവസരങ്ങളെ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുന്നതായി ഇരുവരും വ്യക്തമാക്കി. 



(Release ID: 1608237) Visitor Counter : 130