ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19 നേരിടാന്‍ സ്വീകരിച്ച നടപടികളുടെ നിലവിലെ സ്ഥിതി കേന്ദ്ര മന്ത്രിമാരുടെ ഉന്നതതല യോഗം വിലയരുത്തി.
Posted On:
25 MAR 2020 6:04PM by PIB Thiruvananthpuram
കൊവിഡ് 19നോടു പൊരുതാന്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ഭവന നിരീക്ഷണ നടപടിക്രമങ്ങള്‍ പാലിക്കുകയും ഡോക്ടര്‍മാരെയും മെഡിക്കല്‍ ജീവനക്കാരെയും പിന്തുണയ്ക്കുകയും ചെയ്യേണ്ടതിന്റെ നിര്‍ണായക പ്രാധാന്യം ഡോ. ഹര്‍ഷ് വര്‍ധന്‍ എടുത്തു പറഞ്ഞു.
ന്യൂഡല്‍ഹി, 25 മാര്‍ച്ച് 2020
കോവിഡ് 19മായിബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അധ്യക്ഷനായ കേന്ദ്ര മന്ത്രിമാരുടെ ഉന്നതതല യോഗം ഇന്നു നിര്‍മാൺ ഭവനിൽ ചേര്‍ന്നു. വ്യോമയാന മന്ത്രി ശ്രീ ഹര്‍ദീപ് എസ് പുരി, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ റായി, ഷിപ്പിംഗ് സഹമന്ത്രി ശ്രീ മന്‍സൂഖ് മാണ്ഡവ്യ, ആരോഗ്യ കുടുംബക്ഷേ സഹമന്ത്രി ശ്രീ അശ്വിനി കുമാര്‍ ചൗബേ,
ആരോഗ്യ കുടുംബക്ഷേ സെക്രട്ടറി ശ്രീമതി പ്രീതി സുദൻ, വിദേശകാര്യ സെക്രട്ടറി ശ്രീ ഹര്‍ഷ് വര്‍ധന്‍ ,ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ, ടെക്‌സ്‌റ്റൈല്‍സ് സെക്രട്ടറി ശ്രീ രവി കപൂര്‍, ആരോഗ്യ സ്‌പെഷല്‍ സെക്രട്ടറി ശ്രീ സഞ്ജീവ് കുമാര്‍, ഷിപ്പിംഗ് അഡീഷണല്‍ സെക്രട്ടറി ശ്രീ സഞ്ജയ് ബന്ദോപാധ്യായ, വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ശ്രീ ദമ്മു രവി, ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ശ്രീ അനില്‍ മാലിക്, ഡിജിഎച്ച്എസും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ജോയിന്റെ സെക്രട്ടറിയുമായ ശ്രീ രാജീവ് ഗാര്‍ഗ്, ആര്‍മി, ഐടിബിപി, ഫാര്‍മ, ഡിജിസിഎ, ടെക്‌സ്റ്റൈല്‍സ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
കൊവിഡ് 19 നേരിടുന്നതിനു നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധ, മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ മന്ത്രിതല സമിതി വിശദമായി അവലോകനം ചെയ്തു. ഇതുവരെ സ്വീകരിച്ച നടപടികള്‍, നിലവിലെ സ്ഥിതി, പ്രതിരോധ നടപടി എന്ന നിലയിലുള്ള സാമൂഹിക അകലം പാലിക്കല്‍ പ്രവര്‍ത്തനങ്ങള്‍, കൊവിഡ് പടരുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമിതി വിലയിരുത്തി. കൊവിഡ് 19 രോഗികളെ ഐസോലേഷനില്‍ ചികില്‍സിക്കാനുള്ള ആശുപത്രികള്‍, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ സജ്ജീകരിച്ച് സംസ്ഥാനങ്ങളുടെ പ്രതിരോധ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിനേക്കുറിച്ചു ചര്‍ച്ച ചെയ്തു. അവശ്യ സാധനങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനങ്ങളും മേഖലകളും പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന ഗവണ്‍മെന്റുകളോടു നിര്‍ദേശിച്ചു. ആശുപത്രികള്‍, മരുന്നു കടകള്‍, മരുന്നും വാക്‌സിനുകളും സാനിറ്റൈസറും മാസ്‌കുകളും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ അവശ്യ സര്‍വീസുകളില്‍ പ്രധാനമാണ്. കൊവിഡ് 19 നേരിടുന്നതിന് ഗുജറാത്ത്, അസം,ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഗോവ, കര്‍ണാടക, മധ്യപ്രദേശ്, ജമ്മു, കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രത്യേക ആശുപത്രികള്‍ സജ്ജീകരിച്ചതായി യോഗത്തില്‍ റിപ്പോര്‍ട്ടു ചെയ്തു. കൊവിഡ് 19 പരിശോധിക്കുന്നതിനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ശൃംഖലയില്‍ 118 ലാബുകള്‍ ഉള്‍പ്പെടുത്തി. ലോക്ഡൗണ്‍ നടപടികള്‍ കർശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിമാര്‍, ആരോഗ്യ സെക്രട്ടറിമാര്‍, പൊലീസ് മേധാവികള്‍ എന്നിവര്‍ക്ക് ക്യാബിനറ്റ് സെക്രട്ടറി കത്തെഴുതുകയും അവരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയും ചെയ്തകാര്യം ധരിപ്പിച്ചു.
കൊവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിനും രോഗം പടരുന്നത് നിയന്ത്രിക്കാനുമുള്ള തന്ത്രപരമായ നടപടി എന്ന നിലയില്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ ഡോ. ഹര്‍ഷ് വര്‍ധന്‍, ഭവന നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. '' ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയതു പോലെ രാജ്യത്ത് ലോക് ഡൗണ്‍ നടപ്പാക്കിയിരിക്കുകയാണ്. ഈ ലോക് ഡൗണിന്റെ ഭാഗമായി നമ്മുടെ വീടുകളിലും നാം സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം''. അദ്ദേഹം പറഞ്ഞു. 2020 മാര്‍ച്ച് 21നു ശേഷം ഏകദേശം 64000 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നതായി അദ്ദേഹം അറിയിച്ചു. ഇവരില്‍ 8000 പേരെ വിവിധ സ്ഥലങ്ങളില്‍ ക്വാറന്റൈയിനിലാക്കുകയും 56000 പേരെ ഭവന ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയുമാണ്. '' നാം പൊരുതുന്നത് ഒരു പകര്‍ച്ചവ്യാധിയോടാണ്. നമ്മെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിന് എല്ലാ നടപടിക്രമങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും ഗവണ്മെന്റ് ഉത്തരവുകളും പാലിക്കേണ്ടത് വളരെ പ്രധാനമാണ്. അതില്‍ വീഴ്ച വരുത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പു പ്രകാരമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും''.
ഈ ആരോഗ്യ അടിയന്തരാവസ്ഥയുടെ മുൻനിരയിൽ പ്രവര്‍ത്തിക്കുകയും കൊവിഡ് 19ല്‍ നിന്നു നമ്മെ രക്ഷിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാരോടും മെഡിക്കല്‍ ജീവനക്കാരോടും മോശമായി പെരുമാറരുതെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍ എല്ലാവരോടും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. ഊഹാപോഹങ്ങളും ആധികാരികമല്ലാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(Release ID: 1608226)
Visitor Counter : 177