പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഫെബ്രുവരി 23ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
(മനസ്സ് പറയുന്നത്)
Posted On:
23 FEB 2020 11:37AM by PIB Thiruvananthpuram
പ്രിയപ്പെട്ട ജനങ്ങളേ,
മന്‍ കീ ബാത് ലൂടെ എനിക്ക് കച്ച് മുതല്‍ കൊഹിമ വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും രാജ്യമെങ്ങുമുള്ള എല്ലാ പൗരന്മാരോടും ഒരിക്കല്‍ കൂടി നമസ്‌കാരം പറയാനുളള അവസരം ലഭിച്ചിരിക്കുന്നത് എന്റെ ഭാഗ്യമെന്നു പറയട്ടെ. നിങ്ങള്‍ക്കേവര്‍ക്കും നമസ്‌കാരം. നമ്മുടെ രാജ്യത്തിന്റെ വിശാലതയെയും വൈവിധ്യത്തെയും കുറിച്ചോര്‍ക്കുകയും, രാജ്യത്തെ നമിക്കുകയും ചെയ്യുന്നത് എല്ലാ ഭാരതീയരെയും അഭിമാനം കൊള്ളിക്കുന്ന കാര്യമാണ്. ഈ വൈവിധ്യത്തിന്റെ അനുഭൂതിയുടെ അവസരം എപ്പോഴും പുളകം കൊള്ളിക്കുന്നതാണ്, ആനന്ദിപ്പിക്കുന്നതാണ്, ഒരു തരത്തില്‍ പ്രേരണാ പുഷ്പമാണത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ ദില്ലിയിലെ 'ഹുനര്‍ ഹാട്ട്' ഒരു എന്ന പ്രദര്‍ശന സ്ഥലത്ത് നമ്മുടെ രാജ്യത്തിന്റെ വിശാലതയും, സംസ്‌കാരവും, പാരമ്പര്യവും, ആഹാരരീതികളും വൈകാരിക വൈവിധ്യങ്ങളും ദര്‍ശിച്ചു. പരമ്പരാഗതമായ വസ്ത്രരീതികള്‍, കരകൗശലശില്പങ്ങള്‍, പരവതാനികള്‍, പാത്രങ്ങള്‍, മുളകൊണ്ടും പിച്ചളകൊണ്ടുമുള്ള ഉത്പന്നങ്ങള്‍, പഞ്ചാബില്‍ നിന്നുള്ള തുണികളിലെ ചിത്രപ്പണികള്‍, ആന്ധ്രപ്രദേശില്‍ നിന്നുള്ള മനോഹരമായ തുകല്‍ ഉത്പന്നങ്ങള്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള മനോഹരമായ ചിത്രവേലകള്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള പിച്ചള ഉത്പന്നങ്ങള്‍, ഭദോഹിയില്‍ നിന്നുള്ള പരവതാനികള്‍, കച്ഛില്‍ നിന്നുള്ള ചെമ്പുത്പന്നങ്ങള്‍, അനേകം സംഗീതവാദ്യോപകരണങ്ങള്‍ തുടങ്ങി അസംഖ്യം കാര്യങ്ങള്‍ മുഴുവന്‍ ഭാരതത്തില്‍നിന്നുമുള്ള കലാ-സാംസ്‌കാരിക ദൃശ്യങ്ങള്‍, തീര്‍ത്തും അതുല്യമായതുതന്നെയായിരുന്നു അവ. ഇവയുടെ പിന്നിലെ കലാനിപുണരുടെ സാധന, സമര്‍പ്പണം, നൈപുണ്യം എന്നിവയുടെ കഥകളും വളരെ പ്രേരണാദായകങ്ങളാണ്. നൈപുണ്യമേളയുടെ സ്ഥലത്ത് ഒരു ദിവ്യാംഗ മഹിളയുടെ കഥ കേട്ട് വളരെ സന്തോഷം തോന്നി. മുമ്പ് അവര്‍ പാതയോരത്താണ് ചിത്രങ്ങള്‍ വിറ്റിരുന്നതെന്നാണ് എന്നോടു പറഞ്ഞത്. എന്നാല്‍ 'ഹുനര്‍ ഹാട്ടു' മായി ബന്ധപ്പെട്ട ശേഷം അവരുടെ ജീവിതംതന്നെ മാറി. ഇന്നവര്‍ സ്വയംപര്യാപ്തത നേടിയെന്നു മാത്രമല്ല, സ്വന്തമായി വീടു വാങ്ങുകയും ചെയ്തിരിക്കുന്നു. 'ഹുനാര്‍ ഹാട്ട്' ല്‍ എനിക്ക് മറ്റു പല കലാകാരന്മാരെയും കാണാനും അവരുമായി സംസാരിക്കാനും അവസരം ലഭിച്ചു. ഹുനര്‍ ഹാട്ടില്‍ പങ്കെടുക്കുന്ന കലാകാരന്മാരില്‍ അമ്പതുശതമാനത്തിലധികം സ്ത്രീകളാണെന്നാണ് എന്നോടു പറഞ്ഞത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഹുനര്‍ ഹാട്ട് എന്ന പരിപാടിയിലൂടെ ഏകദേശം മൂന്നു ലക്ഷം കലാകാരന്മാര്‍ക്കും ശില്പികള്‍ക്കും തൊഴിലവസരങ്ങള്‍ ലഭ്യമായി. ഹുനര്‍ ഹാട്ട് കലാ പ്രദര്‍ശനത്തിനായുള്ള ഒരു വേദിയാണെന്നതിനൊപ്പം ഇത് ആളുകളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ പ്രദാനം ചെയ്യുന്നതും കൂടിയാണ്. ഈ രാജ്യത്തുള്ള വൈവിധ്യത്തെ കണ്ടില്ലെന്നു നടിക്കുക അസാധ്യമാക്കുന്ന ഒരിടവുമാണ് ഇത്. ശില്പകല എന്നതു ശരിതന്നെ അതോടൊപ്പം നമ്മുടെ ആഹാരരീതികളുടെ വൈവിധ്യവുമുണ്ട്. അവിടെ ഒരേ വരിയില്‍ ഇഡലിയും ദോശയും, ഛോലേ ഭട്ടൂരേ, ദാല്‍ ബാട്ടീ, ഖമന്‍-ഖാംഡവീ എന്നുവേണ്ട എന്തെല്ലാം! ഞാന്‍ സ്വയം അവിടെ ബിഹാറിലെ സ്വാദിഷ്ടമായ ലീട്ടേ-ചോഖേ ആസ്വദിച്ചു, മനംനിറയെ ആസ്വദിച്ചു. ഭാരതത്തിന്റെ എല്ലാ ഭാഗത്തും ഇതുപോലുള്ള മേളകളും പ്രദര്‍ശനങ്ങളും നടന്നുപോരുന്നുണ്ട്. ഭാരതത്തെ അറിയുന്നതിന്, ഭാരതത്തെ അനുഭവിക്കുന്നതിന് അവസരം കിട്ടുമ്പോഴെല്ലാം തീര്‍ച്ചയായും പോകണം. ഏക ഭാരതം - ശ്രേഷ്ഠഭാരതം എന്നതിനെ മനം നിറയെ അനുഭവിക്കാന്‍ ഇതൊരു അവസരമായി മാറുന്നു. നിങ്ങള്‍ രാജ്യത്തിന്റെ കലയുമായും സംസ്‌കാരവുമായും ഒത്തുചേരും എന്നുമാത്രമല്ല, നിങ്ങള്‍ക്ക് രാജ്യത്തെ അധ്വാനിക്കുന്ന തൊഴിലാളികളുടെ, വിശേഷിച്ചും സ്ത്രീകളുടെ സമൃദ്ധിയിലും നിങ്ങളുടെ പങ്കുവഹിക്കാനാകും - തീര്‍ച്ചായും ഇതുപോലുള്ള പരിപാടികളില്‍ പങ്കെടുക്കൂ.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ രാജ്യത്തിന് മഹത്തായ പാരമ്പര്യങ്ങളുണ്ട്. നമ്മുടെ പൂര്‍വ്വികരില്‍ നിന്നു നമുക്കു പൈതൃകമായി ലഭിച്ചിട്ടുള്ള വിദ്യാഭ്യാസത്തിലും അറിവിലും ജീവജാലങ്ങളോട് ദയ എന്ന വികാരം, പ്രകൃതിയോട് അളവറ്റ സ്‌നേഹം തുടങ്ങിയ എല്ലാ കാര്യങ്ങളും നമ്മുടെ സാംസ്‌കാരിക പൈതൃകമാണ്. ഭാരതത്തിലെ ഈ ആതിഥ്യത്തിന്റെ അന്തരീക്ഷം അനുഭവിക്കാന്‍ ലോകമെങ്ങും നിന്ന് വിവിധ വര്‍ഗ്ഗങ്ങളില്‍ പെട്ട പക്ഷികള്‍ എല്ലാ വര്‍ഷവും ഭാരതത്തിലേക്കു വരുന്നു. ഭാരതം വര്‍ഷം മുഴുവന്‍ വിവിധ ദേശാടനജന്തുജാലങ്ങളുടെയും ആശ്രയമായി നിലകൊള്ളുന്നു. ഈ പക്ഷികള്‍, അഞ്ഞൂറിലധികം വിവിധ വര്‍ഗ്ഗങ്ങളില്‍ പെട്ടവ, വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്നു. കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ 'COP - 13 convention' നടക്കുകയുണ്ടായി. ആ അവസരത്തില്‍ ഈ വിഷയത്തില്‍ വളരെയധികം ചര്‍ച്ചകള്‍ നടന്നു, വിചിന്തനങ്ങളുണ്ടായി, ആലോചനകള്‍ നടന്നു. ഈ കാര്യത്തില്‍ ഭാരതത്തിന്റെ ശ്രമങ്ങളെ അവിടെ വച്ച് വളരെയധികം അഭിനന്ദിക്കയുമുണ്ടായി. വരുന്ന മൂന്നു വര്‍ഷങ്ങളില്‍ ഭാരതം ദേശാടനജീവിവര്‍ഗ്ഗങ്ങളെക്കുറിച്ചു നടക്കുന്ന 'COP - 13 convention' ന്റെ അധ്യക്ഷത വഹിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഈ അവസരത്തെ എങ്ങനെ പ്രയോജനപ്പെടുത്താം, എന്നതിനെക്കുറിച്ച് നിങ്ങള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കൂ.
'COP - 13 convention' നെക്കുറിച്ചു നടക്കുന്ന ഈ ചര്‍ച്ചയ്ക്കിടയില്‍ എന്റെ ശ്രദ്ധ മേഘാലയവുമായി ബന്ധപ്പെട്ട ഒരു വേറിട്ട അറിവിലേക്ക് തിരിഞ്ഞു. അടുത്ത കാലത്ത് ജൈവശാസ്ത്രകാരന്മാര്‍ മേഘാലയത്തിലെ ഗുഹകളില്‍ മാത്രം കാണുന്ന ഒരു പുതിയ മത്സ്യവര്‍ഗ്ഗത്തെ കണ്ടെത്തുകയുണ്ടായി. ഈ മത്സ്യം ഭൂമിക്കടിയിലെ ഗുഹകളില്‍ കഴിയുന്ന ജലജീവി വര്‍ഗ്ഗങ്ങളില്‍ വച്ച് ഏറ്റവും വലുതാണെന്നു കരുതപ്പെടുന്നു. ഇവ ആഴത്തിലുള്ള, പ്രകാശം കടന്നുചെല്ലാത്ത ഇരുളടഞ്ഞ ഭൂഗര്‍ഭഗുഹകളില്‍ കഴിയുന്നവയാണ്. ഇത്രയും വലിയ മത്സ്യം ഇത്രയും ആഴത്തിലുള്ള ഗുഹകളില്‍ എങ്ങനെ കഴിയുന്നു എന്നതില്‍ ശാസ്ത്രജ്ഞരും അത്ഭുതപ്പെടുന്നു. നമ്മുടെ ഭാരതം, വിശേഷിച്ചും മേഘാലയം ഒരു ദുര്‍ല്ലഭമായ ജീവിവര്‍ഗ്ഗത്തിന്റെ നിവാസസ്ഥാനമാണെന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഇത് ഭാരതത്തിന്റെ ജൈവവവൈവിധ്യത്തിന് ഒരു പുതിയ തലം പ്രദാനം ചെയ്യുന്നു. നമ്മുടെ ചുറ്റുപാടും ഇതുപോലുള്ള ഇപ്പോഴും കണ്ടെത്താത്ത വളരെയധികം അത്ഭുതങ്ങളുണ്ട്. ഇത്തരം അത്ഭുതങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ കൗതുകം ആവശ്യമാണ്.
തമിഴ് കവയത്രി അവ്വൈയാര്‍ എഴുതിയിട്ടുണ്ട് -
കട്ടത കേമാംവു കല്ലാദരു ഉഡഗഡവു, കഡ്ഡത് കയമന്‍ അഡവാ കല്ലാദര്‍ ഓലാആഡൂ
ഇതിന്റെ അര്‍ഥം, നമുക്ക് അറിയാവുന്നത് കേവലം ഒരു കൈപ്പിടിയിലൊതുങ്ങുന്ന മണല്‍ത്തരികളാണ്, നമുക്ക് ഇനിയും അറിയാത്തത്, മുഴുവന്‍ ബ്രഹ്മാണ്ഡത്തിനും സമമാണ്. ഈ രാജ്യത്തിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ്, അറിഞ്ഞത് വളരെ കുറച്ചാണ്. നമ്മുടെ ജൈവവൈവിധ്യംതന്നെയും മുഴുവന്‍ മാനവകുലത്തിനും അതുല്യമായ ഖജനാവാണ്. അത് നമുക്ക് കണ്ടെത്തേണ്ടതുണ്ട്, സംരക്ഷിക്കേണ്ടതുണ്ട്, അന്വേഷിച്ച് കണ്ടെത്തേണ്ടതുമുണ്ട്.
പ്രിയപ്പെട്ട യുവസുഹൃത്തുക്കളേ, ഈ അടുത്ത കാലത്തായി നമ്മുടെ രാജ്യത്തെ കുട്ടികളിലും യുവാക്കളിലും സയന്‍സിനോടും ടെക്‌നോളജിയോടും താത്പര്യം നിരന്തരം കൂടിക്കൂടി വരുകയാണ്. ആകാശത്തേക്ക് റെക്കോഡ് ഭേദിക്കുന്ന എണ്ണത്തില്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണം, പുതിയ പുതിയ റെക്കാഡുകള്‍, പുതിയ പുതിയ മിഷനുകള്‍ എല്ലാ ഭാരതീയരെയും അഭിമാനം കൊള്ളിക്കുന്നവയാണ്. ചന്ദ്രയാന്‍ 2 ന്റെ സമയത്ത് ബംഗളൂരിലായിരുന്നപ്പോള്‍ അവിടെ സന്നിഹിതരായിരുന്ന കുട്ടികളുടെ ഉത്സാഹം കാണേണ്ടതായിരുന്നു. അവര്‍ക്ക് ഉറക്കമേ ഉണ്ടായിരുന്നില്ല. ഒരു തരത്തില്‍ രാത്രിമുഴുവന്‍ അവര്‍ ഉണര്‍ന്നിരുന്നു. അവരില്‍ സയന്‍സ്, ടെക്‌നോളജി, ഇന്നോവേഷന്‍ എന്നിവയുടെ കാര്യത്തില്‍ ഉണ്ടായിരുന്ന ഔത്സുക്യം മറക്കാനാകുന്നതല്ല. കുട്ടികളുടെ, യുവാക്കളുടെ, ഈ ഉത്സാഹം വര്‍ധിപ്പിക്കാനും അവരില്‍ ശാസ്ത്ര കൗതുകം വര്‍ധിപ്പിക്കാനും ഒരു ഏര്‍പ്പാടിനുകൂടി തുടക്കമിട്ടിട്ടുണ്ട്. ഇനി നിങ്ങള്‍ക്ക് ശ്രീഹരിക്കോട്ടയില്‍ നടക്കുന്ന റോക്കറ്റ് വിക്ഷേപണം അടുത്തിരുന്നു കാണാനാകും. ഈ അടുത്തകാലത്ത് ഇത് എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തിരിക്കയാണ്. സന്ദര്‍ശക ഗ്യാലറി ഉണ്ടാക്കിയിരിക്കുന്നു. അവിടെ പതിനായിരം ആളുകള്‍ക്ക് ഇരിക്കാനുള്ള ഏര്‍പ്പാടുണ്ട്. ഐഎസ്ആര്‍ഓ യുടെ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഓണ്‍ലൈന്‍ ബുക്കിംഗും നടത്താം. പല സ്‌കൂളുകളും തങ്ങളുടെ വിദ്യാര്‍ഥികളെ റോക്കറ്റ് വിക്ഷേപണം കാണിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും ടൂര്‍ ഏര്‍പ്പാടു ചെയ്യുകയാണെന്നാണ് പറഞ്ഞു കേട്ടത്. ഈ സൗകര്യം തീര്‍ച്ചയായും പ്രയോജനപ്പെടുത്തണം എന്ന് എല്ലാ സ്‌കൂളുകളിലെയും പ്രിന്‍സിപ്പല്‍മാരോടും അധ്യാപകരോടും അഭ്യര്‍ഥിക്കുന്നു.
രോമാഞ്ചം കൊള്ളിക്കുന്ന മറ്റൊരു വിവരം കൂടി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ താമസിക്കുന്ന പാരസ് ന്റെ കമന്റ് ഞാന്‍ 'നമോ ആപ്' ല്‍ വായിക്കയുണ്ടായി. ഞാന്‍ ഐഎസ്ആര്‍ഓയുടെ 'യുവികാ' പരിപാടിയെക്കുറിച്ച് യുവസുഹൃത്തുകളോടു പറയണമെന്ന് പാരസ് ആഗ്രഹിക്കുന്നു. യുവാക്കളെ സയന്‍സുമായി ബന്ധിപ്പിക്കുന്നതിന് 'യുവികാ' എന്നത് ഐഎസ്ആര്‍ഒ യുടെ ഒരു അഭിനന്ദനാര്‍ഹമായ പരിപാടിയാണ്. 2019 ല്‍ ഈ പരിപാടി സ്‌കൂള്‍കുട്ടികള്‍ക്കായി ആരംഭിച്ചതായിരുന്നു. 'യുവികാ' എന്നാല്‍ 'യുവാ വിജ്ഞാനി കാര്യക്രം' എന്നാണ് ഉദ്ദേശിക്കുന്നത്. ഈ പരിപാടി നമ്മുടെ വിഷനായ 'ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍' എന്നതിന് അനുരൂപമാണ്. ഈ പരിപാടിയുടെ ഭാഗമായി പരീക്ഷയ്ക്കുശേഷം അവധിക്കാലത്ത് കുട്ടികള്‍ക്ക് ഐഎസ്ആര്‍ഒ യുടെ വിവിധ കേന്ദ്രങ്ങളില്‍ പോയി സ്‌പേസ് ടെക്‌നോളജി, സ്‌പെയ്‌സ് സയന്‍സ്, സ്‌പെയ്‌സ് ആപ്ലിക്കേഷന്‍സ് കളെക്കുറിച്ച് പഠിക്കാനാകുന്നു. പരിശീലനം എങ്ങനെയാണ്? ഏതു തരത്തിലുള്ളതാണ്? എത്രത്തോളം രസമുള്ളതാണ്? എന്നെല്ലാം അറിയണമെങ്കില്‍ കഴിഞ്ഞ പ്രാവശ്യം ഇതില്‍ പങ്കെടുത്തിട്ടുള്ളവരുടെ അനുഭവത്തെക്കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും മനസ്സിലാക്കുക. നിങ്ങള്‍ക്ക് സ്വയം പങ്കെടുക്കണമെങ്കില്‍ ഐഎസ്ആര്‍ഒ യുടെ 'യുവികാ' വെബ്‌സൈറ്റില്‍ പോയി രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. എന്റെ യുവ സുഹൃത്തുക്കളേ, വെബ്‌സൈറ്റിന്റെ പേര് എഴുതിയെടുക്കൂ, ഇന്നുതന്നെ വെബ്‌സൈറ്റ് സന്ദര്‍ശിക്കൂ. www.yuvika.isro.gov.in. എഴുതിയെടുത്തല്ലോ, അല്ലേ?
പ്രിയപ്പെട്ട ജനങ്ങളേ, 2020 ജനുവരി 31 ന് ലഡാഖിലെ സുന്ദരമായ താഴ്‌വരകള്‍ ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചു. ലേ യിലെ 'കുശോക് ബാകുലാ റിമ്‌പോചീ' എയര്‍പോര്‍ട്ടില്‍ നിന്ന് ഭാരതീയ വായുസേനയുടെ എഎന്‍ 32 വിമാനം പറന്നുയര്‍ന്നപ്പോള്‍ ഒരു പുതിയ ചരിത്രം കുറിക്കപ്പെടുകയായിരുന്നു. ആ വിമാനത്തില്‍ 10 ശതമാനം ഇന്ത്യന്‍ ബയോജറ്റ് ഫ്യൂവല്‍ മിശ്രിതമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് എഞ്ചിനുകളിലും ഈ മിശ്രിതം ആദ്യമായിട്ടായിരുന്നു ഉപയോഗിക്കുന്നത്. ഇതുമാത്രമല്ല, ലേയിലെ ഈ വിമാനം പറന്നുയര്‍ന്ന വിമാനത്താവളം, ഭാരതത്തിലെ മാത്രമല്ല, ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന ഇടത്തു സ്ഥിതിചെയ്യുന്ന വിമാനത്താവളങ്ങളില്‍ ഒന്നായിരുന്നു. ഈ ബയോജറ്റ് ഫ്യൂവര്‍ non-edible tree borne oil കൊണ്ട് തയ്യാറാക്കിയതായിരുന്നു എന്നതാണ് ഏറ്റവും വിശേഷം. ഇത് ഭാരതത്തിലെ വിവിധ ആദിവാസി ഊരുകളില്‍ നിന്ന് വാങ്ങിക്കുന്നതാണ്. ഈ ശ്രമത്തിലൂടെ കാര്‍ബര്‍ ബഹിര്‍ഗമനത്തിന് കുറവുണ്ടാകുമെന്നു മാത്രമല്ല മറിച്ച് ഭാരതം ക്രൂഡോയിലിന്റെ ഇറക്കുമതിയെ ആശ്രയിക്കുന്നതും കുറഞ്ഞേക്കാം. ഈ വലിയ കാര്യവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ നേരുന്നു. വിശേഷിച്ചും ബയോ ഫ്യൂവല്‍ കൊണ്ട് വിമാനം പറപ്പിക്കുന്ന സാങ്കേതികവിദ്യ സാധ്യമാക്കിയ സിഎസ്‌ഐആര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പെട്രോളിയം, ഡെറാഡൂണിലെ ലെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. അവരുടെ ശ്രമങ്ങള്‍ മേക് ഇന്‍ ഇന്ത്യയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ പുതിയ ഭാരതം ഇപ്പോള്‍ പഴയ വീക്ഷണവുമായി മുന്നോട്ടു പോകാന്‍ തയ്യാറല്ല. വിശേഷിച്ചും നവഭാരതത്തിലെ നമ്മുടെ സഹോദിമാരും അമ്മമാരും മുന്നോട്ടു വന്ന് പുതിയ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാകുമ്പോള്‍. അവരിലൂടെ മുഴുവന്‍ സമൂഹത്തിലും ഒരു സകാരാത്മകമായ മാറ്റം കാണാന്‍ ലഭിക്കുകയാണ്. ബിഹാറിലെ പൂര്‍ണിയയുടെ കഥ രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് പ്രേരണയേകുന്നതാണ്. ദശകങ്ങളായി വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിച്ചിരുന്ന പ്രദേശമാണിത്. അങ്ങനെയിരിക്കെ ഇവിടെ കൃഷിയും മറ്റു വരുമാനസ്രോതസ്സുകളും കണ്ടെത്തുക വളരെ പ്രയാസമായിരുന്നു. എന്നാല്‍ ഇതേ പരിതഃസ്ഥിതികളില്‍ പൂര്‍ണ്ണിയായിലെ കുറെ സ്ത്രീകള്‍ ഒരു വേറിട്ട പാത തിരഞ്ഞെടുത്തു. സുഹൃത്തുക്കളേ, ആദ്യം ഈ പ്രദേശത്തെ സ്ത്രീകള്‍, മള്‍ബറി ചെടികളില്‍ പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തിയിരുന്നു, അതിനവര്‍ക്ക് നിസ്സാരമായ വിലയാണ് കിട്ടിക്കൊണ്ടിരുന്നത്. അത് വാങ്ങിയിരുന്ന ആളുകള്‍ അതേ കൊക്കൂണില്‍ നിന്ന് പട്ടുനൂലുകള്‍ ഉണ്ടാക്കി വലിയ നേട്ടമാണ് ഉണ്ടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് പൂര്‍ണ്ണിയായിലെ സ്ത്രീകള്‍ ഒരു പുതിയ തുടക്കം കുറിക്കയും ചിത്രമാകെ മാറ്റി മറിക്കുകയും ചെയ്തു. ഈ സ്ത്രീകള്‍ സര്‍ക്കാര്‍ സഹകരണത്തോടെ മള്‍ബറി- ഉത്പാദനക്കൂട്ടുകെട്ട് ഉണ്ടാക്കി. പിന്നെ അവര്‍ കൊക്കൂണില്‍ നിന്ന് പട്ടുനൂലുകള്‍ ഉണ്ടാക്കി, ആ പട്ടുനൂല്‍കൊണ്ട് സ്വയം സാരികളുണ്ടാക്കാന്‍ തുടങ്ങി. നേരത്തെ കൊക്കൂണ്‍ വിറ്റ് നിസ്സാരമായ തുക കിട്ടിക്കൊണ്ടിരുന്നിടത്ത് ഇപ്പോള്‍ അതുകൊണ്ടുണ്ടാക്കിയ സാരികള്‍ ആയിരങ്ങള്‍ വിലയിട്ടാണ് വില്‍ക്കപ്പെടുന്നത്. 'ആദര്‍ശ് ജീവികാ മഹിളാ മള്‍ബറി ഉദ്പാതനസമൂഹ' ത്തിലെ സഹോദരിമാര്‍ കാട്ടിയ ആത്ഭുതത്തിന്റെ സ്വാധീനം ഇപ്പോള്‍ ഗ്രാമത്തിലെങ്ങും കാണാനാകുന്നുണ്ട്. പൂര്‍ണ്ണിയായിലെ പല ഗ്രാമങ്ങളിലെയും കര്‍ഷകരായ സഹോദരിമാര്‍ ഇപ്പോള്‍ സാരികളുണ്ടാക്കിക്കുക മാത്രമല്ല, മറിച്ച് വലിയ മേളകളില്‍ തങ്ങളുടെ സ്റ്റാളുകള്‍ വച്ച് അവ വില്ക്കുകയും ചെയ്യുന്നു. ഇന്നത്തെ സ്ത്രീശക്തി, പുതിയ ചിന്താഗതിക്കൊപ്പം ഏതു തരത്തിലാണ് പുതിയ ലക്ഷ്യങ്ങള്‍ നേടുന്നു എന്നതിന്റെ ഒരു ഉദാഹരണമാണിത്.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അധ്വാനശീലവും, അവരുടെ ധൈര്യവും എല്ലാവര്‍ക്കും അഭിമാനിക്കത്തക്കതാണ്. നമുക്കു ചുറ്റും അതുപോലുള്ള അനേകം ഉദാഹരണങ്ങള്‍ നമുക്കു കാണാനാകും. നമ്മുടെ പെണ്‍കുട്ടികള്‍ പഴയ ബന്ധനങ്ങളെ എങ്ങനെ തകര്‍ക്കുന്നുവെന്നും പുതിയ ഉയരങ്ങളെ എങ്ങനെ കീഴടക്കുന്നുവെന്നും നമുക്ക് അറിയാനാകുന്നു. പന്ത്രണ്ടുവയസ്സുകാരി കാമ്യാ കാര്‍ത്തികേയന്റെ കാര്യം നിങ്ങളോടു ചര്‍ച്ച ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു. കാമ്യ കേവലം പന്ത്രണ്ടാമത്തെ വയസ്സില്‍ അകോന്‍കാഗ്വാ പര്‍വ്വതം കീഴടക്കുകയെന്ന മഹാകൃത്യം നിര്‍വ്വഹിച്ചു. ഇത് ദക്ഷിണ അമേരിക്കയിലെ ആന്‍ഡസ് പര്‍വ്വതത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ്. ഏകദേശം 7000 മീറ്റര്‍ ഉയരമുള്ളത്. ഈ മാസത്തിന്റെ തുടക്കത്തില്‍ കാമ്യാ ഈ കൊടുമുടി കീഴടക്കി. ആദ്യമായി അവിടെ നമ്മുടെ ത്രിവര്‍ണ്ണപതാക പാറിച്ചു എന്നറിയുമ്പോള്‍ നാം ഭാരതീയരേവര്‍ക്കും ആ വാര്‍ത്ത മനസ്സില്‍ സ്പര്‍ശിക്കും അഭിമാനം കൊള്ളുകയും ചെയ്യും. രാജ്യത്തെ അഭിമാനം കൊള്ളിക്കുന്ന കാമ്യാ 'മിഷന്‍ സാഹസ്' എന്ന പേരിലുള്ള ഒരു ധീരകൃത്യം ചെയ്യാനുള്ള പുറപ്പാടിലാണെന്നും ഞാനറിയുന്നു. അതനുസരിച്ച് കാമ്യാ ലോകമെങ്ങുമുള്ള എല്ലാ വന്‍കരകളിലെയും എല്ലാ ഉയര്‍ന്ന പര്‍വ്വതങ്ങളും കീഴടക്കാന്‍ പോവുകയാണ്. ഈ സംരംഭത്തില്‍ കാമ്യക്ക് ഉത്തരദക്ഷിണധ്രുവങ്ങളില്‍ സ്‌കീ (ski) ചെയ്യേണ്ടി വരും. ഞാന്‍ കാമ്യയ്ക്ക് 'മിഷന്‍ സാഹസ്' ന്റെ വിജയത്തിന് ശുഭാശംസകള്‍ നേരുന്നു. കാമ്യയുടെ നേട്ടം എല്ലാവരെയും ഫിറ്റ് ആയിരിക്കാന്‍ പേരിപ്പിക്കുന്നതാണ്. ഇത്രയും ചെറു പ്രായത്തില്‍, കാമ്യ എത്തിയിരിക്കുന്ന ഉയരത്തിന് ഫിറ്റ്‌നസിനും വലിയ പങ്കു വഹിക്കാനുണ്ട്. A Nation that is fit, will be a nation that is hit അതായത് 'ഫിറ്റ് ആയിരിക്കുന്ന രാഷ്ട്രം എന്നും ഹിറ്റ് ആയിരിക്കയും ചെയ്യും.' വരുന്ന മാസം സാഹസ സ്‌പോര്‍ട്‌സ്‌ന് വളരെ നല്ല സമയമാണ്. ഭാരതത്തിന്റെ ഭൂപ്രകൃതി പ്രകാരം ഇവിടെ സാഹസ സ്‌പോര്‍ട്‌സ് ന് വളരെയധികം അവസരങ്ങള്‍ ലഭ്യമാണ്. ഒരു വശത്ത് ഉയര്‍ന്നുയര്‍ന്ന പര്‍വ്വതങ്ങളാണെങ്കില്‍ മറുവശത്ത് ദൂരെ ദൂരെ പരന്നുകിടക്കുന്ന മരുഭൂമിയാണ്. ഒരു വശത്ത് കൊടും കാടാണെങ്കില്‍ മറുവശത്ത് വിശാലമായ സമുദ്രമാണ്. അതുകൊണ്ട് എനിക്ക് നിങ്ങളേവരോടും വിശേഷാല്‍ അഭ്യര്‍ഥിക്കാനുള്ളത് നിങ്ങളും നിങ്ങള്‍ക്കിഷ്ടമുള്ള ഇടത്ത്, നിങ്ങള്‍ക്കു താത്പര്യമുള്ള കാര്യം കണ്ടെത്തുക, ജീവിതത്തെ സാഹസപൂര്‍ണ്ണമാക്കുക എന്നാണ് എനിക്കു പറയാനുള്ളത്. ജീവിതത്തില്‍ ഒരു സാഹസം തീര്‍ച്ചയായും ഉണ്ടാകേണ്ടതാണ്.
സുഹൃത്തുക്കളേ, പന്ത്രണ്ടുവയസ്സുകാരിയായ കാമ്യായുടെ വിജയകഥ കേട്ടശേഷം ഇനി 105 വയസ്സുകാരി ഭാഗീരഥി അമ്മയുടെ വിജയത്തിന്റെ കഥകേട്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടുപോകും. സുഹൃത്തുക്കളേ, നിങ്ങള്‍ ജീവിതത്തില്‍ പുരോഗതി ആഗ്രഹിക്കുന്നെങ്കില്‍, വളര്‍ച്ച ആഗ്രഹിക്കുന്നെങ്കില്‍, എന്തെങ്കിലും വലിയ കാര്യം ചെയ്യാനാഗ്രഹിക്കുന്നെങ്കില്‍, നമ്മുടെ ഉള്ളിലെ വിദ്യാര്‍ഥി ഒരിക്കലും മരിക്കരുത് എന്നതാണ് ആദ്യത്തെ നിബന്ധന. നമ്മുടെ 105 വയസ്സുകാരി ഭാഗീരഥിയമ്മ നമുക്ക് ആ പ്രേരണയാണേകുന്നത്. ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കയായിരിക്കും ആരാണീ ഭാഗീരഥിയമ്മ എന്ന്? ഭാഗീരഥിയമ്മ കേരളത്തിലെ കൊല്ലം എന്ന സ്ഥലത്താണുള്ളത്. കുട്ടിക്കാലത്തുതന്നെ അമ്മയെ നഷ്ടപ്പെട്ടു. ചെറു പ്രായത്തില്‍ത്തന്നെ വിവാഹം കഴിഞ്ഞശേഷം ഭര്‍ത്താവിനെയും നഷ്ടപ്പെട്ടു. എന്നാല്‍ ഭാഗീരഥിയമ്മ സ്വന്തം ഉത്സാഹം കൈവിട്ടില്ല, സ്വന്തം താത്പര്യം കൈവവെടിഞ്ഞില്ല. 10 വയസ്സില്‍ത്തന്നെ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ നൂറ്റിയഞ്ചാം വയസ്സില്‍ വീണ്ടും സ്‌കൂളില്‍ ചേര്‍ന്നു, പഠിച്ചു. ഈ പ്രായത്തിലും നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയിട്ട് അക്ഷമയോടെ റിസല്‍ട്ടിനായി കാത്തിരുന്നു. 75 ശതമാനം മാര്‍ക്കോടെ പരീക്ഷ പാസായി. അത്രമാത്രമല്ല, കണക്കിന് നൂറു ശതമാനം മാര്‍ക്കും നേടി. ആ അമ്മ ഇനിയും പഠിക്കാനാഗ്രഹിക്കുന്നു. തുടര്‍ന്നുള്ള പരീക്ഷകളും എഴുതാനാഗ്രഹിക്കുന്നു. ഭാഗീരഥിയമ്മയെപ്പോലുള്ള ആളുകള്‍ ഈ നാടിന്റെ ശക്തിയാണ്. ഒരു വലിയ പ്രേരണാസ്രോതസ്സാണ്. ഞാന്‍ ഭാഗീരഥിയമ്മയെ വിശേഷാല്‍ പ്രണമിക്കുന്നു.
സുഹൃത്തുക്കളേ, ജീവിതത്തിലെ പ്രതികൂല സന്ദര്‍ഭങ്ങളില്‍ നമ്മുടെ ഉത്സാഹം, നമ്മുടെ ഇച്ഛാശക്തി ഏതൊരു പരിസ്ഥിതിയെയും മാറ്റിമറിക്കാന്‍ പര്യാപ്തമാണ്. അടുത്ത കാലത്ത് മാധ്യമങ്ങളില്‍ കണ്ട ഒരു കഥ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. മൊറാദാബാദിലെ ഹമീര്‍പൂര്‍ ഗ്രാമത്തില്‍ ജീവിക്കുന്ന സല്‍മാന്റെ കഥയാണിത്. സല്‍മാന്‍ ജന്മനാ ദിവ്യാംഗനാണ്. അദ്ദേഹത്തിന്റെ കാലിന് സ്വാധീനമില്ല. ഈ വിഷമമുണ്ടായിട്ടും അദ്ദേഹം പരാജയം സമ്മതിച്ചില്ല, സ്വന്തം ജോലികള്‍ ചെയ്യാന്‍ നിശ്ചയിച്ചു. അതോടൊപ്പം തന്നെപ്പോലെയുള്ള ദിവ്യാംഗരെ സഹായിക്കണമെന്നും നിശ്ചയിച്ചു. പിന്നെന്താ, സല്‍മാന്‍ സ്വന്തം ഗ്രാമത്തില്‍ത്തന്നെ ചപ്പലുകളും ഡിറ്റര്‍ജന്റും ഉണ്ടാക്കാന്‍ തീരുമാനിച്ചു. ക്രമേണ അദ്ദേഹത്തോടൊപ്പം മറ്റു ദിവ്യാംഗരും കൂടി. ഇവിടെ നിങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം സല്‍മാന് സ്വയം നടക്കാന്‍ കഴിയില്ലായിരുന്നു എന്നാല്‍ അദ്ദേഹം മറ്റുള്ളവരുടെ നടപ്പ് എളുപ്പമാക്കുന്ന ചപ്പല്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു എന്നതാണ്. കുട്ടുകാരായ ദിവ്യാംഗര്‍ക്ക് സല്‍മാന്‍ സ്വയം പരിശീലനം നല്‍കി എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇപ്പോള്‍ ഇവരെല്ലാം ചേര്‍ന്ന് ചപ്പല്‍ നിര്‍മ്മാണവും നടത്തുന്നു, വിപണനവും നടത്തുന്നു. സ്വന്തം അധ്വാനം കൊണ്ട് ഈ ആളുകള്‍ തങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കി എന്നുമാത്രമല്ല, സ്വന്തം കമ്പനിയെ ലാഭത്തിലേക്കു നയിക്കുകയും ചെയ്തു. ഇപ്പോല്‍ ഇവരെല്ലാം ചേര്‍ന്ന് ഒരു ദിവസം കൊണ്ട് 150 ജോഡി ചെരുപ്പുകളുണ്ടാക്കുന്നു. ഇത്രമാത്രമല്ല, സല്‍മാന്‍ ഈ വര്‍ഷം 100 ദിവ്യാംഗര്‍ക്കുകൂടി തൊഴില്‍ നല്കാന്‍ തീരുമാനിച്ചിരിക്കയുമാണ്. ഞാന്‍ അവരുടെയെല്ലാം ഉത്സാഹത്തെ, അവരുടെ അധ്വാനശീലത്തെ സല്യൂട്ട് ചെയ്യുന്നു.
ഇതുപോലുള്ള ദൃഢനിശ്ചയം, ഗുജറാത്തിലെ കച്ച് പ്രദേശത്ത് അജരക് ഗ്രാമത്തിലെ ആളുകളും കാട്ടിയിട്ടുണ്ട്. 2001 ല്‍ ഉണ്ടായ വിനാശംവിതച്ച ഭൂകമ്പത്തിനുശേഷം എല്ലാ ജനങ്ങളും ഗ്രാമം ഉപേക്ഷിച്ചു പോയപ്പോള്‍ ഇസ്മായില്‍ ഖത്രി എന്നയാള്‍ ഗ്രാമത്തില്‍ത്തന്നെ കഴിഞ്ഞുകൊണ്ട് അജരക് മുദ്രണത്തമെന്ന തങ്ങളുടെ പരമ്പരാഗതമായ കലാചാതുരിയെ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. പിന്നെന്താ, വളരെ പെട്ടെന്നുതന്നെ പ്രകൃതിയുടെ നിറങ്ങള്‍ കൊണ്ടുണ്ടാക്കിയ അജരക് എന്നറിയപ്പെടുന്ന ഷാള്‍ പ്രിന്റിംഗ് കല എല്ലാവരെയും ആകര്‍ഷിക്കാന്‍ തുടങ്ങി. ഗ്രാമമൊന്നാകെ ഈ പരമ്പരാഗത കരകൗശല വിദ്യയുമായി ബന്ധപ്പെട്ടു. ഗ്രാമീണര്‍ നൂറ്റാണ്ടുകള്‍ പഴയ തങ്ങളുടെ കലയെ കാത്തുവെന്നു മാത്രമല്ല, അതിനെ ആധുനിക ഫാഷനുമായി ബന്ധപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ വലിയ വലിയ ഡിസൈനര്‍മാര്‍, വലിയ വലിയ ഡിസൈന്‍ സ്ഥാപനങ്ങള്‍, അജരക് പ്രിന്റ് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗ്രാമത്തിലെ അധ്വാനശീലരായ ജനങ്ങള്‍ കാരണം ഇന്ന് അജരക് പ്രിന്റ് ഒരു വലിയ ബ്രാന്റായി മാറിയിരിക്കുന്നു. ലോകമെങ്ങും നിന്നുള്ള വലിയ വലിയ കച്ചവടക്കാര്‍ ഈ പ്രിന്റിലേക്ക് ആകര്‍ഷിക്കപ്പെട്ടിരിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, രാജ്യമെങ്ങും ഇപ്പോള്‍ മഹാശിവരാത്രി ആഘോഷിച്ചതേയുള്ളൂ. ഭഗവാന്‍ ശിവന്റെയും ദേവി പാര്‍വ്വതിയുടെയും അനുഗ്രഹം രാജ്യത്തിന്റെ ചൈതന്യത്തെ ഉണര്‍ത്തിയിരിക്കുന്നു. മഹാശിവരാത്രിയുടെ അവസരത്തില്‍ ഭോലേ ബാബായുടെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടായിരിക്കട്ടെ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ശിവഭഗവാന്‍ പൂര്‍ത്തീകരിക്കട്ടെ, നിങ്ങള്‍ ഊര്‍ജ്ജസ്വലരായിരിക്കട്ടെ, ആരോഗ്യത്തോടെയിരിക്കട്ടെ, സുഖമായി കഴിയട്ടെ, അതൊടൊപ്പം രാജ്യത്തോടുള്ള സ്വന്തം കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുമിരിക്കട്ടെ.
സുഹൃത്തുക്കളേ മഹാശിവരാത്രിക്കൊപ്പം വസന്തഋതുവിന്റെ ആദ്യ ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിച്ചുകൊണ്ടിരിക്കും. വരും ദിനങ്ങളില്‍ ഹോളി ഉത്സവം വരുകയായി, വേഗം തന്നെ ഗുഡീ പഡ്‌വായും വന്നുചേരും. നവരാത്രി ആഘോഷവും വൈകാതെ വന്നണയും, രാമനവമി ആഘോഷവും വരുകയായി. ഉത്സവങ്ങളും ആഘോഷങ്ങളും നമ്മുടെ രാജ്യത്ത് സാമൂഹിക ജീവിതത്തിന്റെ വേറിടാത്ത ഭാഗമായിരുന്നു. എല്ലാ ഉത്സവങ്ങള്‍ക്കും പിന്നില്‍ സമൂഹത്തെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍, ഐക്യത്തിന്റെ ചരടില്‍ കോര്‍ക്കുന്ന ഒരു സാമൂഹിക സന്ദേശം ഒളിഞ്ഞിരിക്കുന്നുണ്ട്. ഹോളിക്കുശേഷം ചൈത്ര ശുക്ല പ്രതിപദയോടു കൂടി ഭാരതീയ വിക്രമ നവവര്‍ഷം ആരംഭിക്കും. അങ്ങനെ ഭാരതീയ നവവര്‍ഷത്തിന്റെയും ശുഭാശംസകള്‍ ഞാന്‍ മുന്‍കൂട്ടി നിങ്ങള്‍ക്കേവര്‍ക്കും നേരുകയാണ്.
പ്രിയപ്പെട്ട ജനങ്ങളേ, അടുത്ത മന്‍ കീ ബാത് വരെ വിദ്യാര്‍ഥികള്‍ തിരക്കിലായിരിക്കുമെന്നു ഞാന്‍ വിചാരിക്കുന്നു. പരീക്ഷകള്‍ കഴിഞ്ഞവര്‍ ആഘോഷത്തിമര്‍പ്പിലായിരിക്കും. തിരക്കിലായവര്‍ക്കും ആഘോഷത്തിലായവര്‍ക്കും അനേകമനേകം ശുഭാശംകള്‍ നേര്‍ന്നുകൊണ്ട്, അടുത്ത മന്‍ കീബാത്തില്‍ അനേകം കാര്യങ്ങളുമായി വീണ്ടും വരാം എന്ന് പറഞ്ഞുകൊണ്ട് വിട പറയുന്നു.
വളരെ വളരെ നന്ദി, നമസ്‌കാരം.
***
(Release ID: 1604119)
Visitor Counter : 176
Read this release in:
Urdu
,
Assamese
,
Telugu
,
Gujarati
,
English
,
Marathi
,
Hindi
,
Bengali
,
Punjabi
,
Tamil
,
Kannada