ധനകാര്യ മന്ത്രാലയം

പോഷണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് 2020-21ല്‍ 35,600 കോടി രൂപ വകയിരുത്തും

Posted On: 01 FEB 2020 2:27PM by PIB Thiruvananthpuram

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്ക് 28,600 കോടി രൂപ
പട്ടികജാതി വിഭാഗങ്ങളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിന് 85,000 കോടി രൂപ
പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് 53,700 കോടി രൂപ
മുതിര്‍ന്ന പൗരന്മാരുടെയും ദിവ്യാംഗരുടെയും ക്ഷേമത്തിന് 9500 കോടി രൂപ പെണ്‍കുട്ടി മാതൃത്വത്തിലേക്ക് പ്രവേശിക്കേണ്ട പ്രായം പരിഗണിക്കുന്നതിന് ദൗത്യ സംഘം


കരുതല്‍ നല്‍കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ അടിവരയിട്ടു കൊണ്ട് കേന്ദ്ര ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, സാമൂഹിക ക്ഷേമത്തിനും ഊന്നല്‍ നല്‍കിയുള്ള നിരവധി പ്രധാന ശുപാര്‍ശകള്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2020-21ലേക്കുള്ള കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചു. 
സ്ത്രീകളും കുട്ടികളും
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ബൃഹത്തായ ഗുണഫലങ്ങള്‍ ഉളവാക്കിയെന്നും വിദ്യാഭ്യാസത്തില്‍ എല്ലാ തലത്തിലും പെണ്‍കുട്ടികളുടെ ഗ്രോസ് എന്റോള്‍മെന്റ് നിരക്ക് ആണ്‍കുട്ടികളേക്കാല്‍ ഉയരത്തിലെത്തിയെന്നും കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പ്രാഥമിക തലത്തില്‍ പെണ്‍കുട്ടികളുടെ എന്റോള്‍മെന്റ് നിരക്ക് 94.32 ശതമാനവും ആണ്‍കുട്ടികളുടേത് 89.28 ശതമാനവുമാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലും സമാനമായ ട്രെന്‍ഡ് നിരീക്ഷിക്കാനാകും. 
ആരോഗ്യത്തില്‍ പോഷണത്തിനുള്ള പ്രധാന്യം വ്യക്തമാക്കി കൊണ്ട്, 2020-21 വര്‍ഷത്തില്‍ പോഷണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് 35,600 കോടി രൂപ വകയിരുത്താന്‍ ശ്രീമതി സീതാരാമന്‍ ശുപാര്‍ശ ചെയ്തു. ആറ് വയസ്സ് വരെയുള്ള കുട്ടികളുടെയും, കൗമാരക്കാരായ പെണ്‍കുട്ടികളുടെയും ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം മെച്ചപ്പെടുത്തുന്നതിന് 2017-18ല്‍ ആരംഭിച്ച പോഷണ്‍ അഭിയാന്‍ പദ്ധതിയിലേക്കും മന്ത്രി ശ്രദ്ധ ആകര്‍ഷിച്ചു. 10 കോടിയിലധികം കുടുംബങ്ങളുടെ പോഷണ നിലവാരം അപ്‌ലോഡ് ചെയ്യുന്നതിന് ആറ് ലക്ഷം അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ഇതാദ്യമായി നല്‍കിയെന്നും മന്ത്രി പറഞ്ഞു. 
ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസവും കരിയറുകളും തേടാനുള്ള നിരവധി അവസരങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ടെന്നും അതിനാല്‍ ഒരു പെണ്‍കുട്ടി മാതൃത്വത്തിലേക്ക് കടക്കുന്ന പ്രായം പുതിയ വെളിച്ചത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്നും ശ്രീ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഈ വിഷയം പരിഗണിക്കുന്നതിന് ഒരു ദൗത്യ സംഘത്തെ നിയോഗിക്കുമെന്നും, സംഘം ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്ക് 28,600 കോടി രൂപയുടെ വിഹിതവും ധനമന്ത്രി ശുപാര്‍ശ ചെയ്തു.
സാമൂഹിക ക്ഷേമം
കൈകൊണ്ടുള്ള തോട്ടിവേല അവസാനിപ്പിക്കുന്നതിന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലം ആവശ്യമായ സാങ്കേതിക വിദ്യകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അവ സ്വീകരിക്കാന്‍ മന്ത്രാലയം തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നിയമപരവും സ്ഥാപനവത്കൃതവുമായ മാറ്റങ്ങളിലൂടെയും സാങ്കേതിക വിദ്യകള്‍ക്കുള്ള സാമ്പത്തിക സഹായത്തിലൂടെയും ഇത്തരം പരിശ്രമങ്ങള്‍ യുക്തിസഹമായ പരിസമാപ്തിയിലേക്ക് എത്തിക്കണമെന്നും മന്ത്രി ശുപാര്‍ശ ചെയ്തു. 
പട്ടികജാതി വിഭാഗങ്ങളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിന് 2020-21ല്‍ 85,000 കോടി രൂപ വകയിരുത്താനും ധനമന്ത്രി ബജറ്റില്‍ ശുപാര്‍ശ ചെയ്തു. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് 53,700 കോടി രൂപയാണ് ബജറ്റ് ശുപാര്‍ശ. മുതിര്‍ന്ന പൗരന്മാരുടെയും ദിവ്യാംഗരുടെയും ക്ഷേമത്തിന് 9500 കോടി രൂപയും ബജറ്റില്‍ വകയിരുത്താന്‍ ശുപാര്‍ശ ചെയ്തു. 
NS  MRD



(Release ID: 1601535) Visitor Counter : 74