മന്ത്രിസഭ

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി (ഭേദഗതി) ബില്‍ 2020-ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 29 JAN 2020 1:57PM by PIB Thiruvananthpuram

    1971 -ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി നിയമം ഭേദഗതി ചെയ്യാനുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി (ഭേദഗതി) ബില്‍ 2020ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും.


നിര്‍ദ്ദിഷ്ട ഭേദഗതിയുടെ പ്രധാനപ്പെട്ട സവിശേഷതകള്‍:


- 20 ആഴ്ചവരെയുള്ള ഗര്‍ഭം ഇല്ലാതാക്കുന്നതിന് ഒരു ഡോക്ടറുടെ അഭിപ്രായവും അതേസമയം 20 മുതല്‍ 24 ആഴ്ചവരെയുള്ള ഗര്‍ഭാവസ്ഥയില്ലാതാക്കുന്നതിന് രണ്ടു ഡോക്ടര്‍മാരുടെ അഭിപ്രായവും ആവശ്യമാണ്.
-എം.ടി.പി നിയമങ്ങള്‍ നിര്‍വ്വചിക്കുന്ന പ്രത്യേക വിഭാഗത്തില്‍ പെട്ട വനിതകളുടെ ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള കാലാവധി 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയായി വര്‍ദ്ധിപ്പിക്കും. ലൈംഗികാതിക്രമണത്തിലെ ഇരകള്‍, ദുര്‍ബലരായ വനിതകള്‍ (അതായത് ഭിന്നശേഷിക്കാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍) എന്നിവരെല്ലാം ഇതില്‍പ്പെടും.
-ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ വലിയതോതിലുള്ള ഭ്രൂണ വൈകല്യങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് ഉയര്‍ന്ന അനുവദനീയ കാലാവധി ബാധകമാവില്ല. മെഡിക്കല്‍ ബോര്‍ഡിന്റെ ഘടന, പ്രവര്‍ത്തനം, മറ്റ് വിശദാംശങ്ങള്‍ എന്നിവ നിയമത്തിന്റെ കീഴില്‍ വിശദീകരിക്കും.


-നിയമം അധികാരപ്പെടുന്ന ഒരാള്‍ക്ക് മുന്നിലല്ലാതെ ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീയുടെ പേരും മറ്റ് വിശദാംശങ്ങളും പറയാന്‍ പാടുള്ളതല്ല.
സ്ത്രീകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിനുള്ള സാദ്ധ്യതകള്‍ വിപുലമാക്കുന്നതിനാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി (ഭേദഗതി) ബില്‍ 2020 അവതരിപ്പിക്കുന്നത്. നിലവിലുള്ള 1971 - ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമത്തിലെ ചില ഉപവകുപ്പുകള്‍ ഭേദഗതി ചെയ്തും പുതിയ വ്യവസ്ഥകള്‍ ചേര്‍ത്തുമാണ് നിര്‍ദ്ദിഷ്ട ഭേദഗതി. സേവനത്തിലും ഗുണനിലവാരത്തിലൂം ഒരു വിട്ടുവീഴ്ചയും ചെയ്യാതെ 24 ആഴ്ച വരെ പ്രായമെത്തിയ ഗര്‍ഭാവസ്ഥ വളരെ കര്‍ശനമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സുരക്ഷിതമായി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുക എന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണിത്.


ഇത് സ്ത്രീകളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള ഒരു ചുവടുവയ്പാണ്. ഭ്രൂണാവസ്ഥയിലുള്ള വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടിയും, ലൈംഗീക അതിക്രമം മൂലമുണ്ടാകുന്ന ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി തേടിയും നിരവധി പരാതികള്‍ കോടതികളില്‍ വന്നിരുന്നു. ഗര്‍ഭഛിദ്രത്തിനുള്ള സമയം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട നിര്‍ദ്ദേശം ഗര്‍ഭഛിദ്രം ആവശ്യമായ വനിതകള്‍ക്ക് മാന്യത, സ്വാശ്രയത്വം, ആത്മവിശ്വാസം, നീതി എന്നിവ ഉറപ്പാക്കും.


മെഡിക്കല്‍ സാങ്കേതികവിദ്യയിലുണ്ടായിട്ടുള്ള പുരോഗതി കണക്കിലെടുത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഗര്‍ഭഛിദ്ര സേവനം ലഭ്യമാക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിവിധ ഗുണഭോക്താക്കളുമായും, നിരവധി മന്ത്രാലയങ്ങളുമായും നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് ഭേദഗതികള്‍ നിര്‍ദ്ദേശിച്ചത്.
AJ/AM   MRD



(Release ID: 1600998) Visitor Counter : 415