മന്ത്രിസഭ

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പുരോഗതി  കേന്ദ്ര മന്ത്രിസഭ വിലയിരുത്തി

Posted On: 09 OCT 2019 2:44PM by PIB Thiruvananthpuram

 

ദേശീയആരോഗ്യ ദൗത്യത്തിന്റെ പുരോഗതിയും, (എന്‍.എച്ച്.എം.), ദൗത്യത്തിന്റെ ഉന്നതാധികാര സമിതിയുടെയും സ്റ്റിയറിംഗ് ഗ്രൂപ്പിന്റെയും തീരുമാനങ്ങളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. 
മുഖ്യഘടകങ്ങള്‍
·    പ്രസവത്തെ തുടര്‍ന്നുള്ള മരണ നിരക്ക്, അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക്, നവജാത ശിശുക്കളുടെ മരണ നിരക്ക് എന്നിവയുടെ ഇടിവില്‍ ഗതിവേഗമുണ്ടായി. നിലവിലെ നിരക്ക് പ്രകാരം സുസ്ഥിര വികസന ലക്ഷ്യം നിര്‍ദ്ദിഷ്ഠ കാലാവധിയായ 2030 ന് വളരെ മുമ്പേ തന്നെ ഇന്ത്യ കൈവരിക്കും. (പ്രസവത്തെ തുടര്‍ന്നുള്ള മരണ നിരക്ക് -70), അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക് -25).
·    ലോകത്തെ മലമ്പനി ബാധിത രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ വിജയ ഗാഥയാണ് ഇന്ത്യയുടെത്. 2013 നെ അപേക്ഷിച്ച് 2017 ല്‍ രാജ്യത്തെ മലേറിയ കേസുകളുടെ എണ്ണത്തില്‍ 49.09 ശതമാനവും, മലേറിയ മരണങ്ങളുടെ നിരക്കില്‍ 50.52 ശതമാനത്തിന്റെയും ഇടിവ് ഉണ്ടായി.
·    പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി (ആര്‍.എന്‍.പി.സി.പി) ഗണ്യമായി ശക്തിപ്പെടുത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്തു. ക്ഷയരോഗം കൃത്യമായി നിര്‍ണ്ണയിക്കുന്നതിനുള്ള 1,180 സി.ബി.എന്‍.എ.എ.ടി. യന്ത്രങ്ങള്‍ എല്ലാ ജില്ലകളിലുമായി സ്ഥാപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ യന്ത്രങ്ങളുടെ ഉപയോഗത്തില്‍ മൂന്ന് മടങ്ങ് വര്‍ദ്ധനയുണ്ടായി. ഇതിന്റെ ഫലമായി പ്രതിവര്‍ഷം പുതിയ കേസുകളുടെ രോഗ നിര്‍ണ്ണയത്തില്‍ 16 ശതമാനത്തിന്റെ കുതിപ്പ് ഉണ്ടായി. സാര്‍വ്വത്രിക ഔഷധ സംവേദന കേസുകളുടെ എണ്ണത്തിലും 54 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. പുതിയ മരുന്നുകളായ ബെഡാക്വുലൈന്‍, ഡെലാമിനിനൈഡ് എന്നിവയും ചികിത്സാ കാലയളവില്‍ ക്ഷയരോഗ ബാധിതരായ എല്ലാ രോഗികള്‍ക്കും പോഷകാഹാര സഹായവും നല്‍കുന്ന പദ്ധതി രാജ്യത്തുടനീളം നടപ്പാക്കി. 
·    2018-19 ല്‍ 52744 ആയുഷ്മാന്‍ ഭാരത് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കിയതില്‍ 17149 എണ്ണം പ്രവര്‍ത്തനക്ഷമമായി. 15,000 എണ്ണം പ്രവര്‍ത്തന ക്ഷമമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ആശാവര്‍ക്കര്‍മാര്‍, വിവിധോദ്ദേശ്യ ആരോഗ്യ പ്രവര്‍ത്തകര്‍ (എം.പി.എച്ച്.ഡബ്യു), സ്റ്റാഫ് നേഴ്‌സുമാര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ മുതലായവര്‍ ഉള്‍പ്പെടെ 1,81,267 പേര്‍ക്ക് 2018-19 ല്‍ പരിശീലനം നല്‍കി. ആരോഗ്യ സ്വാസ്ത്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.
·    മുതിര്‍ന്നവരില്‍ ഡിഫ്തീരിയ പ്രതിരോധം ഉറപ്പ് വരുത്തുന്നതിന് 2018 ല്‍ സാര്‍വ്വത്രിക പ്രതിരോധ പരിപാടിക്ക് കീഴില്‍ ടെറ്റനനസ്സ് ടോക്‌സോയിഡിന് പകരം ടെറ്റനനസ്സ്, ആന്റ് അഡള്‍ട്ട് ഡിഫ്തീരിയ (റ്റി.ഡി.) വാക്‌സിന്‍ കൊണ്ടുവന്നു. 
·    2018 ല്‍ 17 സംസ്ഥാനങ്ങള്‍ കൂടി മീസെല്‍സ്- റൂബെല്ല (എം.ആര്‍.) പ്രതിരോധ കുത്തിവയ്പ് യജ്ഞം നടപ്പാക്കി. ഇതുവഴി 2019 മാര്‍ച്ച് വരെ 30.50 കോടി കുട്ടികളെ ഇതിന്റെ കീഴില്‍ കൊണ്ടു വന്നു. 
·    2018-19 ല്‍ രണ്ട് സംസ്ഥാനങ്ങളില്‍ കൂടി റോട്ടാ വൈറസ് വാക്‌സിന്‍ (ആര്‍.വി.വി) ആരംഭിച്ചു. നാളിതുവരെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ആര്‍.വി.വി. യുടെ പരിധിയിലാണ്. 
·    2018-19 ല്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റഡ് വാക്‌സിന്‍ (പി.സി.വി) മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേയ്ക്കും, ബീഹാര്‍, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ അവശേഷിക്കുന്ന ജില്ലകളിലേയ്ക്കും കൂടി വ്യാപിപ്പിച്ചു.
·    ആശാവര്‍ക്കര്‍മാരുടെയും, സഹായികളുടെയും ആനുകൂല്യങ്ങള്‍ പ്രതിമാസം 1000 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ദ്ധിപ്പിച്ചു. അവരെ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമയിലും (330 രൂപയുടെ പ്രീമിയം കേന്ദ്ര ഗവണ്‍മെന്റ് അടയ്ക്കും), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയിലും (12 രൂപയുടെ പ്രിമിയം ഗവണ്‍മെന്റ് അടയ്ക്കും) ഉള്‍പ്പെടുത്തി.
·    2018 ഏപ്രിലില്‍ ദേശീയ പോഷന്‍ യജ്ഞത്തിന് കീഴില്‍ വിളര്‍ച്ച മുക്ത ഭാരത യജ്ഞത്തിന് (എ.എം.ബി) തുടക്കമിട്ടു. ആരോഗ്യ സ്വാസ്ത്യ കേന്ദ്രങ്ങളായി മാറിയ സബ് ഹെല്‍ത്ത് സെന്ററുകള്‍ക്കുള്ള ഉപാധികള്‍ ഇല്ലാത്ത ധനസഹായ തുക 20,000 രൂപയില്‍ നിന്ന് 50,000 രൂപയായി വര്‍ദ്ധിപ്പിച്ചു.
·    പോഷണ്‍ അഭിയാന് കീഴില്‍ കൊച്ചുകുട്ടികള്‍ക്ക് വീട്ടില്‍ തന്നെ ആരോഗ്യ പരിചരണം ലഭ്യമാക്കുന്ന എച്ച്.ബി.വൈ.സി പദ്ധതി ആരംഭിച്ചു. 
·    ക്ഷയരോഗം, കുഷ്ഠരോഗം, മലമ്പനി, കാലാ അസര്‍, മന്ത്, തിമിരം എന്നീ രോഗങ്ങള്‍ ഇല്ലാത്ത സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, ജില്ലകള്‍ എന്ന പദവി നല്‍കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. വെളിയിട വിസര്‍ജ്ജ്യ മുക്ത ജില്ലകളും, സംസ്ഥാനങ്ങളും പ്രഖ്യാപിച്ച അതേ മാതൃകയില്‍, ദേശീയ സര്‍ട്ടിഫിക്കേഷന് മുന്നോടിയായി രോഗ വിമുക്ത സംസ്ഥാനങ്ങളായും, ജില്ലകളായും പ്രഖ്യാപിക്കുന്നതിന് അവയ്ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കും.
·    ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ തടയാനും അവയുടെ ചികിത്സയ്ക്കുമായുള്ള ദേശീയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിക്ക് തുടക്കമിട്ടു. ഏകദേശം 5 കോടിയോളം ഹെപ്പറ്റൈറ്റിസ് രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
    1990-2013    2013-2016    
ഒരു ലക്ഷം പ്രസവങ്ങളില്‍ മാതാവിന്റെ മരണ നിരക്ക്    5.3%    8%    
ഒരു ലക്ഷം പ്രസവങ്ങളില്‍ നവജാത ശിശുമരണ നിരക്ക്    2.8%    4.7%    
5 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക്    3.9%    6.6%    

1000 പേരില്‍ പ്രതിവര്‍ഷ മലേറിയ ബാധ    2017 ല്‍ 0.64    2018 ല്‍ 0.30     
ND 



(Release ID: 1587673) Visitor Counter : 134