രാഷ്ട്രപതിയുടെ കാര്യാലയം

ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാള്‍ (2019 ഓഗസ്റ്റ് 14)രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് രാഷ്ട്രത്തോടായി നടത്തിയഅഭിസംബോധനയുടെ പൂര്‍ണ്ണരൂപം

Posted On: 14 AUG 2019 7:39PM by PIB Thiruvananthpuram

പ്രിയപ്പെട്ട സഹപൗരന്മാരെ,
 73-ാം സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് ഞാന്‍ എന്റെ ആശംസകള്‍ നിങ്ങള്‍ക്ക് നേരുന്നു. രാജ്യത്തിന് അകത്തും വിദേശത്തും വസിക്കുന്ന ഭാരതമാതാവിന്റെ എല്ലാ മക്കള്‍ക്കും സന്തോഷകരവും, വികാരപരവുമായ ഒരു ദിനമാണിത്. കോളനി ഭരണത്തില്‍ നിന്ന് നമുക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ കഠിന പോരാട്ടം നടത്തിയ, വീരോചിതമായ ത്യാഗങ്ങള്‍ അനുഷ്ഠിച്ച എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളെയും, വിപ്ലവകാരികളെയും നാം കൃതജ്ഞതയോടെ സ്മരിക്കുന്നു.
 
 ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയില്‍ നാം 72 വര്‍ഷം പൂര്‍ത്തിയാക്കുന്നത് ഒരു പ്രത്യേക സന്ദര്‍ഭത്തിലാണ്. ഏതാനും ആഴ്ചകള്‍ക്കകം, ഒക്‌ടോബര്‍ 02 ന്, എല്ലാത്തരം അസമത്വങ്ങളില്‍ നിന്നും നമ്മുടെ സമൂഹത്തെ നവീകരിക്കാനുള്ള നമ്മുടെ നിരന്തര പരിശ്രമങ്ങള്‍ക്കും നമ്മുടെ രാജ്യത്തെ സ്വതന്ത്രമാക്കിയതിലെ വിജയകരമായ ഉദ്യമങ്ങള്‍ക്കും വഴിവിളക്കായിരുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം നാം ആഘോഷിക്കും.
 
 മഹാത്മാഗാന്ധി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഇന്ത്യയില്‍ നിന്ന് തികച്ചും ഭിന്നമാണ് സമകാലീന ഇന്ത്യ. അങ്ങനെയാണെങ്കില്‍ പോലും ഗാന്ധിജി ഇപ്പോഴും അങ്ങേയറ്റം പ്രസക്തമാണ്. പ്രകൃതിയുമൊത്ത് സമരസപ്പെട്ട് ജീവിക്കുന്നതിലും, പാരിസ്ഥിതിക സംവേദനക്ഷമതയിലും, ദീര്‍ഘകാല നിലനില്‍പ്പിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദഗതികള്‍ക്ക് നമ്മുടെ കാലഘട്ടത്തില്‍ വെല്ലുവിളികളുടെ സമ്മര്‍ദ്ദം ഉണ്ടാകുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു. അവശത അനുഭവിക്കുന്ന നമ്മുടെ സഹപൗരന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ട ക്ഷേമ പരിപാടികള്‍ക്ക് നാം രൂപം നല്‍കുമ്പോഴും, അവ നടപ്പിലാക്കുമ്പോഴും സൗരോര്‍ജ്ജത്തെ പുനരുപയോഗ ഊര്‍ജ്ജമാക്കി മാറ്റുമ്പോഴും നാം ഗാന്ധിയന്‍ തത്വചിന്തയെ പ്രാവര്‍ത്തികമാക്കുകയാണ്.
 
 എല്ലാ കാലത്തേയും മഹാനായ, ബുദ്ധിമാനായ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഇന്ത്യാക്കാരിലൊരാളായ ഗുരുനാനാക്ക് ദേവ്ജിയുടെ 550-ാം ജന്മ വാര്‍ഷികവും ഇക്കൊല്ലമാണ്. അദ്ദേഹം സിക്ക് മതത്തിന്റെ ഉപജ്ഞാതാവാണെങ്കിലും അദ്ദേഹം നേടുന്നആദരവും ബഹുമാനവും കേവലം സിക്ക് സഹോദരി സഹോദരന്മാരില്‍ നിന്ന് ലഭിക്കുന്നതിലപ്പുറമാണ്. ഇന്ത്യയിലും ലോകത്തെമ്പാടും നിന്നുമുള്ള ദശലക്ഷങ്ങളിലേയ്ക്ക് അത് വ്യാപിച്ച് കിടക്കുന്നു. ഈ പാവന വേളയില്‍ അവര്‍ക്ക് എന്റെ ആശംസകള്‍.
 
 സഹപൗരന്മാരെ,
 
നമ്മെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിച്ച പുകല്‍പെറ്റ തലമുറ രാഷ്ട്രീയ അധികാര കൈമാറ്റത്തിന്റെ അനുശ്രണമായി മാത്രമല്ല സ്വാതന്ത്ര്യത്തെ കണ്ടത്. രാഷ്ട്ര നിര്‍മ്മിതിയുടെയും, രാഷ്ട്ര സംയോജനത്തിന്റെയും ദീര്‍ഘവും, വിപുലവുമായ ഒരു പ്രക്രിയയുടെ ചവിട്ട് പടിയായിട്ടാണ് അവര്‍ അതിനെ കരുതിയത്. ഓരോ വ്യക്തിയുടെയും, ഓരോ കുടുംബത്തിന്റെയും സമൂഹത്തിന്റെ മൊത്തത്തിലുമുള്ള ജീവിതം മെച്ചപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
 
 ഈ പശ്ചാത്തലത്തില്‍ ജമ്മുകാശ്മീരിലും ലഡാക്കിലും അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ ആ മേഖലകള്‍ക്ക് അതിബൃഹത്തായ പ്രയോജനങ്ങള്‍ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നുള്ള തങ്ങളുടെ സഹപൗരന്മാര്‍ അനുഭവിക്കുന്ന അതേ അവകാശങ്ങളും, അതേ അധികാരങ്ങളും, അതേ സൗകര്യങ്ങളും അനുഭവിക്കാന്‍ ജനങ്ങളെ അവ സഹായിക്കും. വിദ്യാഭ്യാസത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട പുരോഗമനപരവും സമത്വാതിധിഷിഠിതവുമായ നിയമങ്ങളും, വ്യവസ്ഥകളും, വിവരാവകാശത്തിലൂടെ പൊതു വിവരങ്ങള്‍ ലഭ്യമാക്കല്‍, പരമ്പരാഗതമായി അവശത അനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും, തൊഴിലിലും മറ്റ് സൗകര്യങ്ങളിലുമുള്ള സംവരണം, മുത്തലാഖ് പോലുള്ള അസമത്വ സമ്പ്രദായങ്ങള്‍ നിരോധിക്കുക വഴി നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കല്‍ മുതലായവ ഇതിലുള്‍പ്പെടും.
 
 മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉദ്യമമായ 17-ാം പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഈ വേനല്‍ക്കാലത്ത് ഭാഗഭാക്കായിരുന്നു. ഇതിന് നമ്മുടെ സമ്മതിദായകര ഞാന്‍ അഭിനന്ദിക്കുന്നു. ഏറെ ആവേശത്തോടെ അവര്‍ പോളിംഗ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ എത്തിച്ചേര്‍ന്നു. തങ്ങളുടെ സമ്മതിദാന അവകാശത്തോടൊപ്പം സമ്മതിദാന ഉത്തരവാദിത്തവും അവര്‍ പ്രകടമാക്കി.
 
 ഓരോ തിരഞ്ഞെടുപ്പും ഒരു പുതിയ തുടക്കം കുറിക്കുന്നു. ഇന്ത്യയുടെ കൂട്ടായ പ്രതീക്ഷകളുടെയും, ശുഭാപ്തി വിശ്വാസത്തിന്റെയും പുതുക്കലാണ് ഓരോ തിരഞ്ഞെടുപ്പും. ഞാന്‍ പറയും, 1947 ആഗസ്റ്റ് 15 ല്‍ നാം അനുഭവിച്ചതുമായി താരതമ്യപ്പെടുത്താവുന്ന പ്രതീക്ഷയും, ശുഭാപ്തി വിശ്വാസവും. ഇനി നാം ഏവരും, ഇന്ത്യയിലെ എല്ലാവരും ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കുകയും നമ്മുടെ അരുമയായ രാഷ്ട്രത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുകയുമാണ് വേണ്ടത്.
 
 ഇത്തരുണത്തില്‍ അടുത്തിടെ സമാപിച്ച പാര്‍ലമെന്റ് സമ്മേളനം ലോകസഭയുടെയും, രാജ്യസഭയുടെയും ദൈര്‍ഘ്യ മേറിയതും, ക്രിയാത്മകവുമായ യോഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ക്രിയാത്മക വാദപ്രതിവാദങ്ങളിലൂടെയും, കക്ഷിരാഷ്ട്രീയത്തിനതീതമായ സഹകരണത്തിലൂടെയും നിരവധി സുപ്രധാന ബില്ലുകള്‍ പാസ്സാക്കപ്പെട്ടു. വരുന്ന അഞ്ച് വര്‍ഷം കാത്ത് വച്ചിരിക്കുന്നതിന്റെ സൂചന മാത്രമാണ് ഇതെന്നതില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ സംസ്‌ക്കാരം നമ്മുടെ എല്ലാ നിയമസഭകളിലേയ്ക്കും ക്രമേണ വ്യാപിപ്പിക്കണമെന്ന് കൂടി ഞാന്‍ ആഹ്വാനം ചെയ്യുന്നു.
 
 എന്തുകൊണ്ടാണ് ഇതിന് പ്രാധാന്യം? സമ്മതിദായകര്‍ അര്‍പ്പിച്ച വിശ്വാസത്തിന് തുല്യമായിരിക്കണം തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്നത് മാത്രം കൊണ്ടല്ല. സ്വാതന്ത്ര്യം ഒരു മുഖ്യ നാഴികക്കല്ലായ രാഷ്ട്ര നിര്‍മ്മാണം എന്ന തുടര്‍ പ്രക്രിയയില്‍ ബന്ധപ്പെട്ട ഓരോരുത്തരും ഐക്യത്തോടും ഒത്തൊരുമയോടും സഹകരണത്തോടും പ്രവര്‍ത്തിക്കണം. രാഷ്ട്ര നിര്‍മ്മിതി എന്നത് ആത്യന്തികമായി സമ്മതിദായകരും തങ്ങളുടെ പ്രതിനിധികളും തമ്മിലും, പൗരന്മാരും തങ്ങളുടെ ഗവണ്‍മെന്റും തമ്മിലും, പൊതു സമൂഹവും രാഷ്ട്രവും തമ്മില്‍ സൃഷ്ടിക്കുന്ന ഏറ്റവും നല്ല കൂട്ടുകെട്ടിന്റെ നിര്‍മ്മാണമാണ്.
 
നിര്‍വ്വഹണത്തിലും, പ്രാപ്തമാക്കലിലും രാഷ്ട്രത്തിനും, ഗവണ്‍മെന്റിനും ഇവിടെ സുപ്രധാനമായൊരു പങ്കുണ്ട്. ജനങ്ങള്‍ നല്‍കുന്ന സന്ദേശം പഠിക്കുകയും വിലമതിക്കുകയും ചെയ്യേണ്ടത് നമ്മുടെ സുപ്രധാന സ്ഥാപനങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമാണ്. ഒപ്പം തന്നെ നമ്മുടെ ജനങ്ങളുടെ ആഗ്രഹങ്ങളോടും, ചിന്തകളോടുംപ്രതികരണാത്മകമാവുക എന്നതിലും. രാഷ്ട്രപതിയെന്ന നിലയില്‍, നമ്മുടെ വ്യത്യസ്ഥമായ സംസ്ഥാനങ്ങളിലും, പ്രദേശങ്ങളുമുള്‍പ്പെടെ,രാജ്യത്തെമ്പാടും സഞ്ചരിക്കുകയും ജീവിതത്തിന്റെ എല്ലാ തുറകളിലുംപെട്ട സഹഇന്ത്യാക്കാരെ കാണുകയും ചെയ്യുകയെന്നത് എന്റെ വിശേഷ ഭാഗ്യമാണ്. തങ്ങളുടെ രുചികളിലും, ശീലങ്ങളിലും ഇന്ത്യാക്കാര്‍ വളരെ വ്യത്യസ്ഥമാണെങ്കിലും, ഒരേ സ്വപ്നങ്ങളാണ് ഇന്ത്യാക്കാര്‍ പങ്കിടുന്നത്. 1947 ന് മുമ്പുള്ള സ്വപ്നങ്ങള്‍ ഒരു സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ളതായിരുന്നു. ത്വരിത വികസനത്തിനും, ഫലപ്രദവും, സുതാര്യവുമായ ഭരണ നിര്‍വ്വഹണത്തിനും, നമ്മുടെ ദൈനംദിന ജീവിതങ്ങളില്‍ ഗവണ്‍മെന്റിന്റെ ചെറിയൊരു പാദമുദ്രയ്ക്കും വേണ്ടിയുള്ളതാണ് ഇന്നത്തെ സ്വപ്നങ്ങള്‍.
 
ഈ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടേണ്ടത് അനിവാര്യതയാണ്. ജനഹിതം ഏതു വിധത്തില്‍ പഠനവിധേയമാക്കിയാലും ഈ പ്രതീക്ഷകള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഗവണ്‍മെന്റിന് ഒഴിച്ചുകൂടാനാവാത്ത പങ്കു വഹിക്കാനുണ്ടെങ്കിലും 130 കോടി ഇന്ത്യക്കാരുടെ നൈപുണ്യം, പ്രതിഭ, നൂതന ആശയം, സൃഷ്ടിപരത, സംരംഭകത്വം എന്നിവയിലാണ് കൂടുതല്‍ അവസരവും ശേഷിയും കുടികൊള്ളുന്നതെന്നാണ് എന്റെ വാദം. ഈ ഘടകങ്ങള്‍ പുതിയതല്ല. ഇവയാണ് ഇന്ത്യയെ മുന്നോട്ടു നടത്തിയിരുന്നത് എന്നു മാത്രമല്ല, നമ്മുടെ സംസ്‌കാരത്തെ ആയിരക്കണക്കിനു വര്‍ഷങ്ങളായി പോഷിപ്പിച്ചുവരുന്നതും ഇവ തന്നെയാണ്. നമ്മുടെ ജനങ്ങള്‍ ബുദ്ധിമുട്ടുകളെയും വെല്ലുവിളികളെയും നേരിടേണ്ടിവന്നിട്ടുള്ള കാലഘട്ടങ്ങള്‍ സുദീര്‍ഘമായ നമ്മുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിലും നമ്മുടെ സമൂഹം ഉത്പതിഷ്ണുത്വം വെച്ചുപുലര്‍ത്തി; സാധാരണ കുടുംബങ്ങള്‍ അസാധാരണമാംവിധം ധൈര്യം കാണിച്ചു; നിശ്ചയദാര്‍ഢ്യം പുലര്‍ത്തിയ എത്രയോ വ്യക്തികള്‍ അതിജീവിക്കാനും നിലനില്‍ക്കാനുമുള്ള കരുത്ത് കണ്ടെത്തി. ഇപ്പോള്‍, സൗകര്യം ഒരുക്കുന്നതും സാധ്യമാക്കുന്നതുമായ സാഹചര്യം ഗവണ്‍മെന്റ് പ്രദാനം ചെയ്യുമ്പോള്‍ എത്രമാത്രം നേട്ടമുണ്ടാക്കാന്‍ നമ്മുടെ ജനങ്ങള്‍ക്കു സാധിക്കുമെന്നു ചിന്തിക്കുക.
 
സുതാര്യതയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബാങ്കിങ് സംവിധാനം, ഓണ്‍ലൈന്‍ സൗഹൃദപരമായ നികുതിസംവിധാനം, നിയമാനുസരണം പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് എളുപ്പത്തില്‍ മൂലധന ലഭ്യത എന്നീ കാര്യങ്ങള്‍ ഒരുക്കുക വഴി സാമ്പത്തിക അടിസ്ഥാനസൗകര്യം സജ്ജമാക്കാന്‍ ഗവണ്‍മെന്റിനു സാധിക്കും. ഏറ്റവും ദരിദ്രര്‍ക്കു വീടുകള്‍, ഊര്‍ജ ലഭ്യത, എല്ലാ വീടുകൡും ശൗചാലയവും വെള്ളവും എന്നിവ ലഭ്യമാക്കുക വഴി ഭൗതിക അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ഗവണ്‍മെന്റിനു സാധിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന വെള്ളപ്പൊക്കവും മറ്റു ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന ജലക്ഷാമവും നേരിടാന്‍ സ്ഥാപനപരമായ അടിസ്ഥാന സൗകര്യം ഒരുക്കാനും ഗവണ്‍മെന്റിനു സാധിക്കും. വീതിയും മേന്‍മയുള്ള കൂടിയ ഹൈവേകളും വേഗമേറിയതും സുരക്ഷിതവുമായ തീവണ്ടികളും രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ വിമാനത്താവളങ്ങളും തീരപ്രദേശങ്ങളില്‍ തുറമുഖങ്ങളും യാഥാര്‍ഥ്യമാക്കുക വഴി കണക്റ്റിവിറ്റിയും, അടിസ്ഥാന സൗകര്യവും, ഗവണ്‍മെന്റിനു സാധ്യമാക്കാം. ഡിജിറ്റല്‍ ഇന്ത്യയുടെ നേട്ടം സാധാരണക്കാരന് ലഭ്യമാക്കുന്ന സാര്‍വത്രിക ഡാറ്റാ പ്രാപ്യതയോടടുത്ത സൗകര്യവും.
 
ഒരു സമഗ്ര ആരോഗ്യസംരക്ഷണ പദ്ധതിയിലൂടെയും ദിവ്യാംഗ സഹ പൗരന്‍മാരെ മുഖ്യധാരയില്‍ എത്തിക്കാന്‍ സൗകര്യവും വ്യവസ്ഥകളും തയ്യാറാക്കുക വഴിയും സാമൂഹിക അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ഗവണ്‍മെന്റിനു സാധിക്കും. ലിംഗനീതി കൂടുതല്‍ ഉറപ്പാക്കുന്ന നിയമങ്ങള്‍ നടപ്പാക്കുക വഴിയും നമ്മുടെ ജനങ്ങളുടെ ജീവിതം എളുപ്പമാര്‍ന്നതാക്കുന്നതിനായി കാലഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കുക വഴിയും നിയമപരമായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ഗവണ്‍മെന്റിനു സാധിക്കും.
 
ഇതിലും പ്രധാനമാണ് തങ്ങളുടെയും തങ്ങളുടെ കുടുംബങ്ങളുടെയും ഒപ്പം സമൂഹത്തിന്റെയും നമ്മുടെ ഓരോരുത്തരുടെയും നേട്ടത്തിനായി സമൂഹവും പൗരന്‍മാരും ഈ അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്യുക എന്നത്.
 
ഉദാഹരണത്തിന്, വന്‍ വിപണികളിലേക്ക് എത്തിച്ചേരുന്നതിനും തങ്ങളുടെ വിളകള്‍ക്കു മെച്ചപ്പെട്ട വില ലഭിക്കാനും ഗ്രാമീണ റോഡുകളും മെച്ചപ്പെട്ട കണക്റ്റിവിറ്റിയും കര്‍ഷകര്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ മാത്രമേ അത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അര്‍ത്ഥമുള്ളൂ. ചെറിയ സ്റ്റാര്‍ട്ടപ്പുകളോ വലിയ വ്യവസായികളോ സത്യസന്ധവും ഭാവനാപൂര്‍ണവുമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സുസ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉപയോഗപ്പെടുത്തുമ്പോള്‍ മാത്രമാണു സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതും ബിസിനസിനായുള്ള നിയന്ത്രണങ്ങള്‍ ലളിതവല്‍ക്കരിക്കുന്നതും അര്‍ഥവത്താകുന്നത്. എല്ലാ വീടുകളിലും ശൗചാലയങ്ങളും  വെള്ളവും ലഭ്യമാക്കുന്നതു ഫലം കാണുന്നത് അത് ഇന്ത്യയില്‍ സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തുന്നതിനും സഹായമാവുകയും സ്ത്രീകള്‍ക്കു ലോകഭൂപടത്തിലേക്കു വളരാന്‍ ഉല്‍പ്രേരകമായിത്തീരുകയും ലക്ഷ്യപ്രാപ്തി നേടാന്‍ ഉപകാരപ്പെടുകയും ചെയ്യുമ്പോഴാണ്. അമ്മമാരെന്ന നിലയിലും വീട്ടമ്മമാരെന്ന നിലയിലും അവര്‍ക്കു സ്വന്തം ഇഷ്ടപ്രകാരം ലക്ഷ്യങ്ങള്‍ തെരഞ്ഞെടുക്കാം; അതോടൊപ്പം തൊഴില്‍വൈദഗ്ധ്യമുള്ളവരെന്ന നിലയിലും സ്വന്തം ഭാവി മുന്നില്‍ക്കാണുന്ന വ്യക്തികളെന്ന നിലയിലും ലക്ഷ്യങ്ങള്‍ തെരഞ്ഞെടുക്കാം.
 
അത്തരം അടിസ്ഥാനസൗകര്യങ്ങള്‍ പരിപോഷിപ്പിക്കുകയും അവ കാത്തുരക്ഷിക്കുകയും ചെയ്യുന്നത്- നാം ഓരോരുത്തരുടെയും, ഇന്ത്യയിലെ ജനങ്ങളുടെയും സ്വന്തമായ അടിസ്ഥാനസൗകര്യങ്ങള്‍- നാം കഷ്ടപ്പെട്ട് നേടിയ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ മറ്റൊരു വശം സംരക്ഷിക്കലാണ്. സംസ്‌കൃതചിത്തരായ ഇന്ത്യക്കാര്‍ അത്തരം സംവിധാനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ആദരിക്കുകയും അവയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും ചെയ്യുന്നു. അവരങ്ങനെ ചെയ്യുമ്പോള്‍, അവര്‍ സായുധ സേനയിലെയും അര്‍ദ്ധസൈനിക വിഭാഗങ്ങളിലെയും പോലീസ് സേനയിലെയും ധീര സ്ത്രീപുരുഷന്മാരുടെ അതേ പ്രസരിപ്പും നിശ്ചയദാര്‍ഢ്യവുമാണ് പ്രകടിപ്പിക്കുന്നത്. നിങ്ങള്‍ അതിര്‍ത്തികളില്‍ രാജ്യത്തെ സംരക്ഷിക്കുമ്പോഴും, ഒരു ട്രെയിനിനോ ഏതെങ്കിലും പൊതു സ്വത്തിനോ കല്ലെറിയുന്ന ആ കരം തടയുമ്പോഴും-ഒരളവില്‍ നിങ്ങള്‍ പങ്കുവയ്ക്കപ്പെട്ട ആ സമ്പത്ത് സംരക്ഷിക്കുകയാണ്. ഇത് നിയമ പാലനത്തിന്റെ കാര്യം മാത്രമല്ല; നമ്മുടെ ആത്മബോധത്തിന് ഉത്തരമേകല്‍ കൂടിയാണ്.
 
സഹപൗരന്മാരേ,
 
എങ്ങനെയാണ് രാജ്യവും സമൂഹവും, ഗവണ്‍മെന്റും പൗരനും, പരസ്പരം കാണേണ്ടതെന്നും പരസ്പരം സഹകരിക്കേണ്ടതെന്നുമാണ് ഞാന്‍ ഇത്ര നേരവും സംസാരിച്ചത്. ഇനി ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് എങ്ങനെയാണ് നാം ഇന്ത്യക്കാര്‍ പരസ്പരം കാണേണ്ടതെന്നും- നമ്മുടെ സഹ പൗരന്മാരില്‍ നിന്ന്  ഏത് തരത്തിലുള്ള ആദരവാണോ നാം പ്രതീക്ഷിക്കുന്നത് അതേ തരത്തിലുള്ള ആദരം നാം തിരിച്ച് നല്‍കണം.സഹസ്രാബ്ദങ്ങളിലൂടെയും, നിരവധി ശതകങ്ങളിലൂടെയും ഇന്ത്യ അപൂര്‍വമായേ ഒരു വിമര്‍ശനാത്മക സമൂഹമായിട്ടുള്ളൂ.മറിച്ച് സൗഖ്യ പ്രിയവും, ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന പ്രമാണമാണ് അതിനുണ്ടായിരുന്നത്. ഏത് മതത്തിലോ, ഭാഷയിലോ, വിശ്വാസത്തിലോ ജനിച്ചവനായിക്കോട്ടെ, ഇനി വിശ്വാസമില്ലാത്തവനാകട്ടെ,  മറ്റൊരുവന്റെ വ്യക്തിത്വത്തെ നാം ബഹുമാനിക്കുന്നു.  ഇന്ത്യയുടെ ചരിത്രവും ഭാഗധേയവും, ഇന്ത്യയുടെ പൈതൃകവും ഭാവിയും,  സഹവര്‍ത്തിത്വത്തിന്റെയും അനുരഞ്ജനത്തിന്റെയും ആഘോഷമാണ്- അത് നമ്മുടെ ഹൃദയങ്ങള്‍ വികസിപ്പിക്കുന്നതും മറ്റുള്ളവരുടെ ആശയങ്ങളെ പുണരുന്നതുമാണ്.
 
നമ്മുടെ അനുഭവപരിചയവും, നമ്മുടെ ശക്തികളും ഓരോ ഭൂഖണ്ഡത്തിലെയും പങ്കാളിത്ത രാജ്യങ്ങളുമായി സന്തോഷപൂര്‍വം പങ്കിടുമ്പോള്‍, ഈ സഹകരണത്തിന്റെ ചൈനതന്യമാണ് നാം നമ്മുടെ നയതന്ത്ര വ്യവഹാരങ്ങളിലേക്കും കൊണ്ടു വരുന്നത്. രാജ്യത്തിനുള്ളിലും വിദേശത്തുമുള്ള ആഭ്യന്തര സംവാദത്തിലും വിദേശ നയത്തിലും, ഇന്ത്യയുടെ മാന്ത്രികസ്പര്‍ശത്തെയും അതുല്യതയെയും കുറിച്ച് നമുക്ക് എപ്പോഴും ബോധവാന്മാരായിരിക്കാം.
 
നാം ഒരു യുവ രാജ്യമാണ് , യുവാക്കളാല്‍ നിര്‍വചിക്കപെട്ട, രൂപം നല്‍കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. കായികം മുതല്‍ ശാസ്ത്രം വരെയും  സ്‌കോളര്‍ഷിപ്പുകള്‍ മുതല്‍ വിവിധ കഴിവുകള്‍ വികസിപ്പിക്കുന്നതിലും നമ്മുടെ യുവാക്കളുടെ ഊര്‍ജ്ജം കൂടുതലായി വിവിധ ദിശകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഇത് ഹൃദയഹാരിയായ ഒരു കാര്യമാണ്. എങ്കിലും, നമ്മുടെ യുവാക്കള്‍ക്കും , വരാന്‍ പോകുന്ന തലമുറയ്ക്കും  നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ഒരു സമ്മാനം അവരില്‍ ജിജ്ഞാസ അല്ലെങ്കില്‍ അറിയാനുള്ള ആഗ്രഹം  വളര്‍ത്തുന്ന സംസ്‌കാരം രൂപപ്പെടുത്തുക എന്നതാണ്- പ്രത്യേകിച്ചും ക്ലാസ് മുറികളില്‍. നമുക്ക്  നമ്മുടെ കുട്ടികള്‍ പറയുന്നതിന്  കാതോര്‍ക്കാം- അവരിലൂടെയാണ്  ഭാവി നമ്മോടു സംവദിക്കുന്നത് .
 
ഏറ്റവും ദുര്‍ബലമായ ശബ്ദങ്ങള്‍ പോലും കേള്‍ക്കാനുള്ള  കഴിവ്  രാജ്യം ഒരിക്കലും നഷ്ടപെടുത്തില്ല എന്നും, രാജ്യത്തിന്റെ പുരാതനമായ മൂല്യങ്ങള്‍  സംബന്ധിച്ച അവബോധം,  ന്യായത്തിനൊപ്പം നില്‍ക്കാനുള്ള ദൃഢനിശ്ചയം , സാഹസികത എന്നിവ രാജ്യം  ഒരിക്കലും കൈവെടിയില്ല  എന്നും ആത്മവിശ്വാസത്തോടെയും കൃത്യമായ ധാരണയോടെയും എനിക്കു  പറയാന്‍ സാധിക്കും. ചന്ദ്രനിലും  ചൊവ്വയിലും വരെ പര്യവേഷണം നടത്താന്‍ ധൈര്യപ്പെടുന്ന ഒരു ജനതയാണ് നാം. ഈ ഭൂമിയിലുള്ള ഓരോ നാലു കടുവകളില്‍ മൂന്നെണ്ണത്തിനു അനുയോജ്യമായ വാസസ്ഥലം ഒരുക്കാന്‍ അശ്രാന്തം പരിശ്രമിക്കുന്ന ഒരു ജനത  കൂടി ആണ് നാം. കാരണം,  പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടും തന്മയീ ഭാവം  കാണിക്കുക എന്നത്  ഇന്ത്യക്കാരുടെ നൈസര്‍ഗികമായ സ്വഭാവ സവിശേഷതയാണ് .
 
ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നമ്മുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനും അതിന്റെ വിശാലമായ ലക്ഷ്യങ്ങള്‍ക്കും  ശബ്ദം നല്‍കികൊണ്ട് കവി സുബ്രഹ്മണ്യ ഭാരതി തമിഴില്‍ ഇങ്ങനെ എഴുതി.
 
നമ്മള്‍ വേദവും ശാസ്ത്രവും പഠിക്കും
നമ്മള്‍ സ്വര്‍ഗ്ഗത്തിലും  സമുദ്രത്തിലും പര്യവേഷണം നടത്തും
നമ്മള്‍ ചന്ദ്രനിലെ നിഗൂഢതകള്‍ പുറത്തു കൊണ്ടുവരും
ഒപ്പം നമ്മള്‍ നമ്മുടെ വീഥികള്‍ വൃത്തിയാക്കുകയും ചെയ്യും
 
സഹ പൗരന്മാരെ ,
 
 ആ മൂല്യങ്ങള്‍, അറിവ് നേടാനുള്ള, കേള്‍ക്കാനുള്ള, കൂടുതല്‍ മെച്ചപ്പെടാനുള്ള  അടങ്ങാത്ത ആഗ്രഹം, ജിജ്ഞാസ, സാഹോദര്യം  എന്നിവ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവട്ടെ. അത് എല്ലായ്‌പ്പോഴും നമ്മെ അനുഗ്രഹിക്കട്ടെ , നമ്മുടെ ഭാരതത്തെ അനുഗ്രഹിക്കട്ടെ .
 
ഇതോടെ, ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും ഈ സ്വാതന്ത്ര്യദിനത്തലേന്ന് എല്ലാ ഭാവുകങ്ങളും നേരുന്നു.
നന്ദി, ജയ് ഹിന്ദ് !
 
***
 
 

(Release ID: 1582043) Visitor Counter : 184