പ്രധാനമന്ത്രിയുടെ ഓഫീസ്‌

സെക്രട്ടറിമാരുമായി പ്രധാനമന്ത്രി സംവദിച്ചു

Posted On: 10 JUN 2019 8:52PM by PIB Thiruvananthpuram

ലോക് കല്യാണ്‍ മാര്‍ഗില്‍ പ്രധാനമന്ത്രി എല്ലാ കേന്ദ്ര ഗവണ്‍മെന്റ്സെക്രട്ടറിമാരുമായും സംവദിച്ചു.

കേന്ദ്ര മന്ത്രിമാരായ ശ്രീ. രാജ്‌നാഥ് സിങ്, ശ്രീ. അമിത് ഷാ, ശ്രീമതി നിര്‍മല സീതാരാമന്‍, ഡോ. ജിതേന്ദ്ര സിങ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ചര്‍ച്ചകള്‍ക്കു തുടക്കമിട്ട ക്യാബിനറ്റ് സെക്രട്ടറി ശ്രീ. പി.കെ.സിന്‍ഹ, മുന്‍ ഗവണ്‍മെന്റിന്റെ കാലത്തു പ്രധാനമന്ത്രി എങ്ങനെയായിരുന്നു ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി തലങ്ങള്‍ വരെയുള്ള ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെട്ടിരുന്നതെന്ന് ഓര്‍മിപ്പിച്ചു.

മുന്‍പോട്ടുള്ള പ്രവര്‍ത്തനത്തെക്കുറിച്ചു സൂചിപ്പിച്ച ക്യാബിനറ്റ് സെക്രട്ടറി, സെക്രട്ടറിമാരുടെ മേഖല തിരിച്ചുള്ള സംഘങ്ങള്‍ക്കുമുന്നില്‍ വെക്കേണ്ട പ്രധാന ദൗത്യങ്ങള്‍ എന്തൊക്കെയാണെന്നു വിശദീകരിച്ചു: (എ) ലക്ഷ്യങ്ങളും നാഴികക്കല്ലുകളും വ്യക്തമായി നിര്‍വചിച്ചുകൊണ്ട് ഓരോ മന്ത്രാലയത്തിനും പഞ്ചവല്‍സര പദ്ധതി. (ബി) ഓരോ മന്ത്രാലയത്തിലും നൂറു ദിവസത്തിനകം അംഗീകാരം ലഭിക്കുന്ന ശ്രദ്ധേയമായതും ഫലപ്രദവുമായ തീരുമാനം.

കൂടിക്കാഴ്ചയ്ക്കിടെ വിവിധ സെക്രട്ടറിമാര്‍ ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളല്‍, കൃഷി, ഗ്രാമവികസനവും പഞ്ചായത്തീരാജും, ഐ.ടി.മുന്നേറ്റങ്ങള്‍, വിദ്യാഭ്യാസ പരിഷ്‌കരണം, ആരോഗ്യസംരക്ഷണം, വ്യവസായ നയം, സാമ്പത്തിക വളര്‍ച്ച, നൈപുണ്യ വികസനം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെച്ചു.

2014 ജൂണില്‍ സെക്രട്ടറിമാരുമായി താന്‍ നടത്തിയ കൂടിക്കാഴ്ച പ്രധാനമന്ത്രി അനുസ്മരിച്ചു. ഈയടുത്തു നടന്ന പൊതു തെരഞ്ഞെടുപ്പു ഭരണാനുകൂല തരംഗത്താല്‍ അടയാളപ്പെടുത്തപ്പെട്ടതാണ് എന്നും അതു കഴിഞ്ഞ അഞ്ചു വര്‍ഷം കഠിനാധ്വാനം ചെയ്യുകയും പദ്ധതികള്‍ രൂപപ്പെടുത്തുകയും ഫലപ്രദമായി നടപ്പാക്കുകയും ചെയ്ത ഉദ്യോഗസ്ഥ സംഘത്തിന്റെ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ നിത്യജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളുടെ വെൡച്ചത്തില്‍ സാധാരണക്കാരന്‍ അര്‍പ്പിച്ച വിശ്വാസത്തില്‍നിന്നു രേഖപ്പെടുത്തപ്പെട്ട അനുകൂലമായ വോട്ടുകളാല്‍ അടയാളപ്പെടുത്തപ്പെട്ടതാണ് ഈ തെരഞ്ഞെടുപ്പെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ സമ്മതിദായകന്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വീക്ഷണം രൂപപ്പെടുത്തിക്കഴിഞ്ഞു എന്നും ഇതു നമുക്ക് ഒരു അവസരമായി മാറിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഉയര്‍ന്ന പ്രതീക്ഷകളെ വെല്ലുവിളിയായല്ല, അവസരമായാണു കാണേണ്ടതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. നിലവിലുള്ള സ്ഥിതിയും അവരുടെ ജീവിതവും മെച്ചമാര്‍ന്നതാക്കി മാറ്റാനുമുള്ള ജനങ്ങളുടെ ആശകളും പ്രതീക്ഷകളും പ്രതിഫലിപ്പിക്കുന്നതാണു ജനവിധിയെന്നു ശ്രീ. മോദി വ്യക്തമാക്കി.

ജനസംഖ്യയെക്കുറിച്ചു പരാമര്‍ശിക്കവേ, ജനാധിപത്യശാസ്ത്രത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതു പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഓരോ മന്ത്രാലയത്തിനും ഓരോ സംസ്ഥാനത്തെയും ഓരോ ജില്ലയ്ക്കും പങ്കു വഹിക്കാനുണ്ടെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. 'മെയ്ക്ക് ഇന്‍ ഇന്ത്യ' മുന്നേറ്റത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ലക്ഷ്യപ്രാപ്തിക്കായി ഈ രംഗത്ത് ഉണ്ടാവേണ്ട പുരോഗതിയെക്കുറിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചു.

ബിസിനസ് സുഗമമാക്കുന്നതിലുള്ള ഇന്ത്യയുടെ പുരോഗതി ചെറുകിട ബിസിനസുകള്‍ക്കും സംരംഭങ്ങള്‍ക്കും കൂടുതല്‍ സൗകര്യം ഒരുക്കുന്നതില്‍ പ്രതിഫലിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റിന്റെ എല്ലാ മന്ത്രാലയങ്ങളും ജീവിതം സുഗമമാക്കുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ജലം, മല്‍സ്യക്കൃഷി, മൃഗസംരക്ഷണം എന്നിവയും ഗവണ്‍മെന്റിന്റെ പ്രധാന പ്രവര്‍ത്തന മേഖലകളായിരിക്കുമെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.
രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള വീക്ഷണവും പ്രതിബദ്ധതയും ഊര്‍ജവും സെക്രട്ടറിമാര്‍ക്ക് ഉണ്ടെന്ന് ഇന്നത്തെ കൂടിക്കാഴ്ചയിലൂടെ തനിക്കു ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. തന്റെ സംഘത്തെക്കുറിച്ചു തനിക്ക് അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഓരോ വകുപ്പിലെയും പ്രവര്‍ത്തനഫലവും പ്രവര്‍ത്തനശേഷിയും മെച്ചപ്പെടുത്താനായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഓരോരുത്തരോടും ആഹ്വാനം ചെയ്തു.

വരാനിരിക്കുന്ന, സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷം എന്ന നാഴികക്കല്ലു പരമാവധി ഉപയോഗപ്പെടുത്താന്‍ എല്ലാ വകുപ്പുകള്‍ക്കും സാധിക്കണമെന്നും ഇതു രാജ്യത്തിന്റെ നന്മയ്ക്കായി സംഭാവനകള്‍ അര്‍പ്പിക്കുന്നതിനു ജനങ്ങളെ പ്രേരിപ്പിക്കുമെന്നും ശ്രീ. മോദി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആശകള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ആവേശപൂര്‍വം പ്രവര്‍ത്തിക്കണമെന്ന് എല്ലാവരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.



(Release ID: 1574309) Visitor Counter : 68