മന്ത്രിസഭ

ജമ്മു കശ്മീരില്‍ 2019 ജൂലൈ മൂന്നു മുതല്‍ ആറുമാസത്തേ്ക്കുകൂടി രാഷ്ട്രപതി ഭരണം ദീര്‍ഘിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 12 JUN 2019 7:44PM by PIB Thiruvananthpuram

ജമ്മുകശ്മീരിലെ ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നപ്രകാരം സംസ്ഥാനത്തിലെ നിലവിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഭരണഘടനാ അനുചേ്ഛദം 356(4) അടിസ്ഥാനപ്പെടുത്തി അവിടുത്തെ രാഷ്ട്രപതി ഭരണം 2019 ജൂലൈ മൂന്നുമുതല്‍ ആറുമാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രത്യാഘാതങ്ങള്‍

ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണം 2019 ജൂലൈ മൂന്നു മുതല്‍ ആറുമാസത്തേക്കുകൂടി നീട്ടുമെന്നാണ് തീരുമാനം വ്യക്തമാക്കുന്നത്.
നിലവിലെ രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി 2019 ജൂലൈ 2ന് അവസാനിക്കും. സംസ്ഥാനത്തെ രാഷ്ട്രപതിഭരണം 2019 ജൂലൈ 3 മുതല്‍ ആറുമാസത്തേ്ക്കുകുടി നീട്ടണമെന്ന് ഗവര്‍ണര്‍ ശിപാര്‍ശ ചെയ്തിട്ടുമുണ്ട്.

നടപ്പാക്കല്‍:

ഇതിന് അംഗീകാരം തേടിക്കൊണ്ട് ഒരു പ്രമേയം, ആരംഭിക്കാനിരിക്കുന്ന സമ്മേളനത്തില്‍ തന്നെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിക്കും.

പശ്ചാത്തലം:

രാഷ്ട്രപതിയുടെ സമ്മതത്തോടെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ഭരണഘടനയിലെ ജമ്മുകശ്മീരിന്റെ വകുപ്പ് 92 പ്രകാരം 2018 ജൂണ്‍ 20ന് ഗവണ്‍മെന്റിന്റെയും നിയമസഭയുടെയും അധികാരം തമ്മില്‍ നിക്ഷിപ്തമാക്കിക്കൊണ്ടും ചില സാന്ദര്‍ഭികമായതും തജ്ജന്യവുമായ വ്യവസ്ഥകള്‍ സൃഷ്ടിച്ചുകൊണ്ടും ഒരു പ്രഖ്യാപനം പുറത്തിറക്കിയിരുന്നു. ആദ്യം സസ്‌പെന്‍ഡ് ചെയ്തിരുന്ന സംസ്ഥാന നിയമസഭ 2018 നവംബര്‍ 21ന് ഗവര്‍ണ്ണര്‍ പിരിച്ചുവിട്ടു.

2018 ജൂണ്‍ 20ന് ഗവര്‍ണര്‍ ഇറക്കിയ പ്രഖ്യാപനത്തിന്റെ കാലാവധി ആറു മാസത്തിന് ശേഷം 2018 ഡിസംബര്‍ 19ന് അവസാനിച്ചു. ഭരണഘടനയിലെ ജമ്മു കശ്മീരിനുള്ള 92-ാം വകുപ്പ് പ്രകാരം ആറു മാസത്തിന് ശേഷം അത്തരം ഒരു പ്രഖ്യാപനം തുടരാനുള്ള ഒരു വ്യവസ്ഥയുമില്ല. അതുകൊണ്ട് ഗവര്‍ണറുടെ ശിപാര്‍ശയുടെയും സംസ്ഥാനത്തിലെ നിലവിലെ അവസ്ഥയുടെയും അടിസ്ഥാനത്തില്‍ ഭരണഘടനയുടെ 356-ാം അനുച്ഛേദപ്രകാരം ജമ്മുകശ്മീരില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. അതേത്തുടര്‍ന്നു ലോക്‌സഭ 2018 ഡിസംബര്‍ 28നും രാജ്യസഭ 2019 ജനുവവരി മൂന്നിനും രാഷ്ട്രപതിയുടെ പ്രഖ്യാപനം അംഗീകരിച്ച് പാസാക്കി.
നിലവിലെ രാഷ്ട്രപതിഭരണം ജൂലൈ 2ന് അവസാനിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രപതിഭരണം 2019 ജൂലൈ 3 മുതല്‍ ആറുമാസത്തേയ്ക്കുകൂടി നീട്ടാന്‍ ഗവര്‍ണര്‍ ശിപാര്‍ശ ചെയ്തിരുന്നു.



(Release ID: 1574304) Visitor Counter : 199