പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചുവപ്പ് കോട്ടയിലെ സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

യാദ് -ഇ ജാലിയാന്‍ മ്യൂസിയം, 1857 നെ കുറിച്ചുള്ള മ്യൂസിയം ദൃശ്യകലാ മ്യൂസിയം എന്നിവയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു

നാല് മ്യൂസിയങ്ങളും ക്രാന്തി മന്ദിര്‍ എന്ന പേരിലറിയപ്പെടും

Posted On: 23 JAN 2019 1:46PM by PIB Thiruvananthpuram

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലെ നായകരെ അനുസ്മരിച്ച് കൊണ്ട്, സുഭാഷ് ചന്ദ്ര ബോസിന്റെ 122-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയില്‍ പുഷ്പാര്‍ച്ചന നടത്തുകയും സുഭാഷ് ചന്ദ്രബോസ് മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.

നേതാജി സുഭാഷ് ചന്ദ്ര ബോസിനെയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെയും കുറിച്ചുള്ള മ്യൂസിയം അദ്ദേഹം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി പറഞ്ഞു ' നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയന്തി ദിനത്തില്‍ ഞാന്‍ അദ്ദേഹത്തെ പ്രണമിക്കുന്നു. ഇന്ത്യ സ്വതന്ത്രയായി അന്തസുറ്റ ജീവിതം നയിക്കുമെന്ന് ഉറപ്പ് വരുത്തുന്നതില്‍ സ്വയം സമര്‍പ്പിച്ച അതികായരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിലും, കരുത്തുറ്റ ഒരു ഇന്ത്യയെ സൃഷ്ടിക്കുന്നതിലും ഞങ്ങള്‍ പ്രതിബദ്ധരാണ്'. ഈ ചുമരുകളില്‍ ചരിത്രം പ്രതിധ്വനിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഇതേ കെട്ടിടത്തിലാണ് കോളനി ഭരണകര്‍ത്താക്കള്‍ ഇന്ത്യയുടെ വീരപുത്രന്മാരായ കേണല്‍ പ്രേം സഹ്ഗള്‍, കേണല്‍ ഗുര്‍ബക്ഷ് സിംഗ് ധില്ലണ്‍, മേജര്‍ ജനറല്‍ ഷാനവാസ് ഖാന്‍ എന്നിവരെ വിചാരണ ചെയ്തത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തെയും, ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ചരിത്രത്തെയും വിശദമായി പകര്‍ത്തിയ ചിത്രങ്ങള്‍ അദ്ദേഹം നോക്കിക്കണ്ടു. നേതാജി ഉപയോഗിച്ചിരുന്ന മര കസേര, വാള്‍, ഐ.എന്‍.എ. യുടെ മെഡലുകള്‍, ബാള്‍ജുകള്‍, യൂണിഫോമുകള്‍ തുടങ്ങിയുമായി നേതാജിയുമായും, ഐ.എന്‍.ഐ. യുമായി ബന്ധപ്പെട്ട ചില വസ്തുക്കളും പ്രധാനമന്ത്രി വീക്ഷിച്ചു.

യാദ് എ ജാലിയാന്‍ മ്യൂസിയത്തില്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ആധികാരിക വിവരങ്ങളടങ്ങിയ പത്ര നുറുങ്ങുകള്‍, ചിത്രങ്ങള്‍, പെയിന്റിംഗുകള്‍ മുതലായവ പ്രധാനമന്ത്രി ബ്രൗസ് ചെയ്ത് കണ്ടു. 1991 ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ചരിത്രത്തെയും, ഒന്നാം ലോകമഹായുദ്ധ്തതില്‍ ഇന്ത്യന്‍ സൈനികര്‍ നടത്തിയ ത്യാഗങ്ങളെയും സന്ദര്‍ശകര്‍ക്ക് വരച്ച് കാട്ടുകയാണ് മ്യൂസിയത്തിന്റെ ലക്ഷ്യം.

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ  ചരിത്രപരമായ ആഖ്യാനം ചിത്രീകരിക്കുന്ന മ്യൂസിയവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഈ കാലഘട്ടത്തില്‍ ഇന്ത്യാക്കാര്‍ അനുഷ്ടിച്ച ത്യാഗങ്ങളും അവരുടെ ശൗര്യവും മ്യൂസിയം വരച്ച് കാട്ടുന്നു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങള്‍ എടുത്ത് കാട്ടുന്നവയാണ് ഈ നാല് മ്യൂസിയങ്ങളും.

അതേ വേദിയിലൊരുക്കിയ ദൃശ്യകലാ മ്യൂസിയത്തിന്റെ ഇന്ത്യന്‍ കലയെ കുറിച്ചുള്ള പ്രദര്‍ശനവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

അദ്ദേഹം പറഞ്ഞു, 'ദൃശ്യകലയിലെ ഗുരുദേവ് ടാഗോറിന്റെ കൃതികള്‍ കലാപ്രേമികള്‍ക്ക് ഒരു വിരുന്നാണ്. പ്രഗത്ഭ എഴുത്തുകാരനായ ഗുരുദേവ് ടാഗോറിനെ നാം എല്ലാവരും അറിയും. ചിത്ര രചനയുടെ ലോകവുമായി അദ്ദേഹത്തിന് ശക്തമായ ബന്ധമുണ്ടായിരുന്നു. ബഹുവിധ ആശയങ്ങള്‍ ചിത്രീകരിക്കുന്ന നിരവധി ചിത്രങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗുരുദേവിന്റെ കൃതികള്‍ അന്താരാഷ്ട്രതലത്തിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്'.

'ഇന്ത്യന്‍ കലയുടെയും സംസ്‌ക്കാരത്തിന്റെയും സുന്ദരമായ ഭാഗങ്ങളിലേയ്ക്ക് നിങ്ങളെ കൂട്ടിക്കൊണ്ട് പോകുന്ന ദൃശ്യകല സന്ദര്‍ശിക്കാന്‍ ചിത്രകലാ പ്രേമികളെ ഞാന്‍ പ്രത്യേകമായി ആഹ്വാനം ചെയ്യുന്നു. വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്മാരായ രാജ രവി വര്‍മ്മ, ഗുരുദേവ് ടാഗോര്‍, അമൃത ഷെര്‍ -ഗില്‍, അബനീന്ദ്ര നാഥ ടാഗോര്‍, നന്ദലാല്‍ ബോസ്, ഗജേന്ദ്ര നാഥ ടാഗോര്‍, സൈലോസ് മുഖര്‍ജി, ജാമിലി റോയ് മുതലായവരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മ്യൂസിയങ്ങള്‍ ഉദ്ഘാടനം ചെയ്യവെ ഇന്ത്യയുടെ സമ്പന്നമായ സംസ്‌ക്കരത്തെയും, കുറിച്ചുള്ള നാല് മ്യൂസിയങ്ങള്‍ ഉദ്ഘാടനം ചെയ്യുകയെന്നത് അങ്ങേയറ്റം വിനയത്തോടെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാല് മ്യൂസിയങ്ങള്‍ക്കും കൂടി ക്രാന്തി മന്ദിര്‍ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഈ സമുച്ചയത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെയും, ഇന്ത്യന്‍ ആര്‍മിയെയും കുറിച്ചുള്ള മ്യൂസിയം, ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള യാദ് ഇ ജാലിയാന്‍ മ്യൂസിയം, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം സംബന്ധിച്ച 1857 നെ കുറിച്ചുള്ള മ്യൂസിയം, മൂന്ന് നൂറ്റാണ്ട് പരന്ന് കിടക്കുന്ന 450 ലധികം ചിത്രങ്ങളുള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ചിത്രകലയെ കുറിച്ചുള്ള ദൃശ്യകലാ മ്യൂസിയം എന്നിവ ഉള്‍പ്പെടും.

നമ്മുടെ മഹാന്മാരായ സ്വാതന്ത്ര്യ സമര സേനാനികളുടെ വിപദിധൈര്യത്തിനും, വിപ്ലവാവേശത്തിനുമുള്ള ശ്രദ്ധാഞ്ജലിയാണ് ക്രാന്തി മന്ദിര്‍. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നമ്മുടെ മഹത്തായ ഭൂതകാലവും, നമ്മുടെ യുവതയുമായുള്ള ബന്ധം ആഴത്തിലാക്കുന്നതിനും, പൗരന്മാരില്‍ ദേശ സ്‌നേഹത്തിന്റെ അത്യുല്‍സാഹം വര്‍ദ്ധിപ്പിക്കുന്നതിനും ഇവ വഴിയൊരുക്കും.
ND   MRD - 48
***



(Release ID: 1561227) Visitor Counter : 780