പ്രധാനമന്ത്രിയുടെ ഓഫീസ്‌

പങ്കാളിത്ത ഫോറം 2018 പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

Posted On: 11 DEC 2018 12:19PM by PIB Thiruvananthpuram

നാലാമത് പങ്കാളിത്ത ഫോറം  നാളെ (ഡിസംബര്‍ 12, 2018 ) ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വനിതകള്‍, കുട്ടികള്‍, കൗമാര പ്രായക്കാര്‍ എന്നിവരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്താനായി കേന്ദ്ര ഗവണ്‍മെന്റും മാതൃ, നവജാത, ശൈശവ ആരോഗ്യ പങ്കാളിത്തവും (പി.എം.എന്‍.സി.എച്ച്) ചേര്‍ന്നാണ് രണ്ടു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്. 85 രാജ്യങ്ങളില്‍നിന്നായി 1500 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള രാജ്യങ്ങള്‍, വ്യത്യസ്ത വരുമാന തലത്തില്‍ വരുന്ന രാജ്യങ്ങള്‍, ജി 7, ജി 20, ബ്രിക്‌സ് എന്നീ ആഗോള കൂട്ടായ്മകളുടെയും പ്രാദേശിക സംഘടനകളുടെയും തലപ്പത്തുള്ള രാജ്യങ്ങള്‍ മുതലായവയെയാണ് സമ്മേളനത്തിനായി ക്ഷണിച്ചിട്ടുള്ളത്.

വനിതകള്‍, കുട്ടികള്‍, കൗമാരക്കാര്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുസ്ഥിരമായ ആഗോള കുതിപ്പ് ലക്ഷ്യമിട്ട് നടത്തുന്ന രാജ്യാന്തര, ബഹുരാഷ്ട്ര, ഉന്നതതല പരിപാടികളുടെ പരമ്പരയില്‍ നാലാമത്തേതാണിത്. ഇതിനു മുന്നോടിയായി ഇക്കൊല്ലം ഏപ്രില്‍ 11 ന് കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ. ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ മുന്‍ ചിലി പ്രസിഡന്റ് ഡോ. മിഷേല്‍ ബാഷ്‌ലറ്റ്, യൂണിസെഫ് ഗുഡ് വില്‍ അംബാസിഡര്‍ പ്രയങ്ക ചോപ്ര എന്നിവരുള്‍പ്പെടുന്ന പി.എം.എന്‍.സി.എച്ചിന്റെ ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചപ്പോള്‍ പങ്കാളിത്ത ഫോറത്തിന്റെ രക്ഷാധികാരിയാകാമെന്ന് അദ്ദേഹം സമ്മതിച്ചു.
മാതൃ, ശിശു മരണനിരക്ക് കുറയ്ക്കാനും കൗമാരക്കാര്‍, കുട്ടികള്‍, നവജാത ശിശുക്കള്‍, അമ്മമാര്‍ എന്നിവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ട് 2005 സെപ്റ്റംബറില്‍ തുടക്കമിട്ട ആഗോള, ആരോഗ്യ പങ്കാളിത്ത കൂട്ടായ്മയാണ് പങ്കാളിത്ത ഫോറം. 92 രാജ്യങ്ങളിലെ 10 മണ്ഡലങ്ങളില്‍നിന്നുള്ള ആയിരത്തിലധികം അംഗങ്ങളുള്ള ഒരു പങ്കാളിത്ത സഖ്യമാണിത്. അവരില്‍ അക്കാദമിക, ഗവേഷണ, പഠന സ്ഥാപനങ്ങള്‍, ഫൗണ്ടേഷനുകള്‍, ദാതാക്കള്‍, ആരോഗ്യ പരിചരണ പ്രഫഷണലുകള്‍, സന്നദ്ധ സംഘടനകള്‍, ആഗോള സാമ്പത്തിക സംഘടനകള്‍, സ്വകാര്യ മേഖല മുതലായവയില്‍നിന്നുള്ളവരുണ്ട്.

2014 ല്‍ ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗ്, 2010 ല്‍ ന്യൂഡല്‍ഹി, 2007 ല്‍ ടാന്‍സാനിയയിലെ ദാറുസ്സലാം എന്നിവിടങ്ങളിലാണ് മുന്‍ സമ്മേളനങ്ങള്‍ നടന്നത്. ഇന്ത്യ ഇത് രണ്ടാം തവണയാണ് സമ്മേളനത്തിന് ആഥിത്യമരുളുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, പ്രത്യേകിച്ച് വനിതകളും കുട്ടികളുമായി ബന്ധപ്പെട്ടവ വിജയകരമായി കൈവരിക്കുന്നതിന്  ആഗോള ആരോഗ്യ സമൂഹത്തെ സഹായിക്കുകയാണ് പി.എം.എന്‍.സി.എച്ചിന്റെ ദൗത്യം.
'അതിജീവനം, ഉന്നതി പ്രാപിക്കല്‍, പരിവര്‍ത്തനം' എന്ന ആഗോള തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായിട്ടാണ് പങ്കാളിത്തഫോറത്തിലെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. രാഷ്ട്രീയ നേതൃത്വം, ബഹു മേഖലാ ഇടപെടലുകള്‍, ഉത്തരവാദിത്തം, പങ്കാളിത്തത്തിന്റെ ശക്തി എന്നിവയെ അധികരിച്ച് നാല് ഉന്നതതല പ്ലീനറി സമ്മേളനങ്ങള്‍ നടക്കും. ഓരോ പ്ലീനറി സമ്മേളനത്തിന് ശേഷവും ഫോറത്തിന്റെ മുഖ്യ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും.
വനിതകള്‍, കുട്ടികള്‍, കൗമാരക്കാര്‍ എന്നിവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവിധ രാജ്യങ്ങളില്‍നിന്നുള്ള 12 വിജയഗാഥകളും ഫോറത്തില്‍ അവതരിപ്പിക്കപ്പെടും. ബി.എം.ജെ (ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ എന്ന് മുന്‍പറിയപ്പെട്ടിരുന്ന പങ്കാളിത്ത ഫോറത്തിന്റെ പ്രത്യേക പതിപ്പില്‍ ഇവ പ്രസിദ്ധീകരിക്കും.
ആറു വ്യത്യസ്ഥ പ്രമേയങ്ങളിലൂന്നിക്കൊണ്ട് ആറു മേഖലകളില്‍നിന്നുള്ള പഠനങ്ങളും ഫോറത്തില്‍ അവതരിപ്പിക്കപ്പെടും: ആഫ്രിക്ക, കിഴക്കന്‍ മെഡിറ്ററേനിയന്‍, യൂറോപ്പ്, ദക്ഷിണ പൂര്‍വ്വേഷ്യ, പശ്ചിമ പസഫിക്ക്:
1) പ്രാരംഭ ശൈശവ വികസനം (ജര്‍മ്മനി, ചിലി)
2) കൗമാരക്കാരുടെ ആരോഗ്യവും സൗഖ്യവും (അമേരിക്ക, ഇന്തോനേഷ്യ)
3) സേവനങ്ങളിലെ ഗുണനിലവാരം, തുല്യത, അന്തസ്സ് (ക്യു. ഇ.ഡി) (ഇന്ത്യ, കമ്പോഡിയ)

ക്യു. ഇ.ഡി ആശയത്തിനു കീഴില്‍ ഇന്ത്യയില്‍നിന്നും അതിത്രീവ ഇന്ദ്രധനുഷ് ദൗത്യം ഒരു കേസ് സ്റ്റഡിയായി തിരഞ്ഞെടുത്തിട്ടുണ്ട്.

4. ലൈംഗിക, പ്രത്യുല്‍പ്പാദന ആരോഗ്യം (മലാവി, മലേഷ്യ)
5. വനിതകള്‍, പെണ്‍കുട്ടികള്‍, സമുദായങ്ങള്‍ എന്നിവയുടെ ശാക്തീകരണം (ദക്ഷിണാഫ്രിക്ക, ഗ്വാട്ടിമാല)
5. മനുഷ്യത്ത്വപരവും ലോലവുമായ ഇടങ്ങള്‍ (സിയാറാ ലിയോണ്‍, അഫ്ഗാനിസ്ഥാന്‍)
***



(Release ID: 1555603) Visitor Counter : 133