മന്ത്രിസഭ

ഔഷധ നിര്‍മാണ മേഖലയില്‍ സഹകരിക്കുന്നതിനായുള്ള ഇന്ത്യ-ഉസ്‌ബെക്കിസ്ഥാന്‍ കരാറിനു മന്ത്രിസഭയുടെ അംഗീകാരം

Posted On: 26 SEP 2018 4:12PM by PIB Thiruvananthpuram

 

ഔഷധ വ്യാപാരം, ഔഷധ നിര്‍മാണം, ഈ മേഖലയിലെ ഗവേഷണവും വികസനവും എന്നീ കാര്യങ്ങളിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 2018 ഒക്ടോബര്‍ ഒന്നിന് ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ ധാരണാപത്രം ഒപ്പുവെക്കപ്പെടും. 
ഇരു രാജ്യങ്ങളിലും ഔഷധനിര്‍മാണ വ്യവസായം വളര്‍ച്ച നേടുന്നതിന്റെയും വ്യാപാരത്തിലും ഉല്‍പാദനത്തിലും ഗവേഷണത്തിലും വികസനത്തിലും പരസ്പരം സഹകരിക്കുന്നതിന്റെയും പ്രാധാന്യത്തിന്റെ വെളിച്ചത്തില്‍, ഉഭയകക്ഷി സഹകരണത്തിനായുള്ള വ്യവസ്ഥാപിത സംവിധാനം ഒരുക്കുന്നതിനായി ഇരു ഗവണ്‍മെന്റുകളും ശ്രമിച്ചുവരികയായിരുന്നു. ഇരു രാജ്യങ്ങൡും വിവിധ ചികില്‍സാവിഭാഗങ്ങളിലുള്ള ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്‌സ് (എ.പി.ഐകള്‍) ഉള്‍പ്പെടെ ഔഷധ ഉല്‍പാദനത്തിനുള്ള സാധ്യതകള്‍ തേടാന്‍ ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്. വ്യാപാര-റജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍, എ.പി.ഐകള്‍ ഉള്‍പ്പെടെ ഔഷധ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കും ഇറക്കുമതിക്കും ആവശ്യമായ നിയമപരവും നിയന്ത്രണ സംവിധാന സംബന്ധിയുമായ കാര്യങ്ങള്‍ എന്നിവയെ സംബന്ധിച്ച അറിവുകള്‍ കൈമാറാന്‍ ഇതു സഹായകമാകും. ഉസ്‌ബെക്കിസ്ഥാനുമായി ഔഷധ മേഖലയിലെ ഉല്‍പന്നങ്ങളുടെ വ്യാപാരവും ഈ വ്യവസായവും ഈ മേഖലയിലെ ഗവേഷണവും വികസനവും സംബന്ധിച്ച സഹകരണം മെച്ചപ്പെടാന്‍ ധാരണാപത്രം വഴിവെക്കും.  



(Release ID: 1547648) Visitor Counter : 102