മന്ത്രിസഭ

അമൃത്‌സര്‍, ബോധ്ഗയ, നാഗ്പൂര്‍, സംബാല്‍പൂര്‍, സിര്‍മോര്‍, വിശാഖപട്ടണം, ജമ്മു എന്നിവിടങ്ങളിലായുള്ള ഏഴ് ഐ.ഐ.എമ്മുകള്‍ക്കു സ്ഥിരം ക്യാംപസ് നിര്‍മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി

Posted On: 05 SEP 2018 9:08PM by PIB Thiruvananthpuram

 

അമൃത്‌സര്‍, ബോധ്ഗയ, നാഗ്പൂര്‍, സംബാല്‍പൂര്‍, സിര്‍മോര്‍, വിശാഖപട്ടണം, ജമ്മു എന്നിവിടങ്ങളിലായുള്ള ഏഴ് ഐ.ഐ.എമ്മുകള്‍ക്കു സ്ഥിരം ക്യാംപസ് നിര്‍മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതിനുള്ള ആകെ ചെലവ് 3775.42 കോടി രൂപയായിരിക്കും. ഇതില്‍ 775.46 കോടി രൂപ ആവര്‍ത്തനച്ചെലവും 2999.96 കോടി രൂപ ആവര്‍ത്തന സ്വഭാവമില്ലാത്ത ചെലവും ആയിരിക്കും. 2015-16ലും 2016-17ലും ആരംഭിച്ചതാണ് ഈ ഐ.ഐ.എമ്മുകള്‍. താല്‍ക്കാലിക ക്യാംപസുകളിലാണ് ഇവ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
ആകെ പ്രതീക്ഷിത ചെലവായ 3775.42 കോടി രൂപയില്‍ 2804.08 കോടി രൂപ സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിനാണ് ഉപയോഗപ്പെടുത്തുക. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഐ.ഐ.എമ്മിന്റെ പേര്, പ്രതീക്ഷിത ചെലവ് എത്ര കോടി എന്ന ക്രമത്തില്‍:
ഐ.ഐ.എം. അമൃത്‌സര്‍- 348.31, ഐ.ഐ.എം. ബോധ്ഗയ- 411.72, ഐ.ഐ.എം. നാഗ്പൂര്‍- 379.68, ഐ.ഐ.എം.സംബല്‍പൂര്‍- 401.94, ഐ.ഐ.എം. സിര്‍മോര്‍- 392.51, ഐ.ഐ.എം. വിശാഖപട്ടണം- 445.00, ഐ.ഐ.എം. ജമ്മു- 424.93. ആകെ: 2804.09. 
അറുന്നൂറു വീതം വിദ്യാര്‍ഥികള്‍ക്കുള്ള സമ്പൂര്‍ണ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ 60,384 ചതുരശ്ര മീറ്റര്‍ വരുന്ന കെട്ടിടമാണ് ഓരോ ഐ.ഐ.എമ്മിനുംവേണ്ടി നിര്‍മിക്കുക. അഞ്ചു വര്‍ഷത്തേക്ക് ഒരു വിദ്യാര്‍ഥിക്ക് അഞ്ചു ലക്ഷം രൂപ എന്ന നിരക്കില്‍ ആവര്‍ത്തന ഗ്രാന്റും ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനുശേഷം നടത്തിപ്പിനുള്ള പണം സ്ഥാപനങ്ങള്‍ സ്വയം കണ്ടെത്തണം.
2021 ജൂണ്‍ ആകുമ്പോഴേക്കും സ്ഥിരം ക്യാംപസുകളിലെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാകും. ഇതോടെ ആകെയുള്ള 20 ഐ.ഐ.എമ്മുകള്‍ക്കും സ്ഥിരം ക്യാംപസ് യാഥാര്‍ഥ്യമാകും. പ്രഫഷണല്‍ മാനേജര്‍മാരെ സൃഷ്ടിക്കുന്നതിനുള്ള വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന സ്ഥാപനങ്ങളാണ് ഐ.ഐ.എമ്മുകള്‍. ഏഴ് ഐ.ഐ.എമ്മുകള്‍ക്കു സ്ഥിരം ക്യാംപസ് ഒരുക്കുന്നതിനു മന്ത്രിസഭ നല്‍കിയ അംഗീകാരം രാജ്യത്തിന്റെ സാമ്പത്തിക, വ്യാവസായിക വികസനത്തിനു പ്രോല്‍സാഹനം പകരും. 



(Release ID: 1545110) Visitor Counter : 160