പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക ജൈവ ഇന്ധനദിനത്തോടനുബന്ധിച്ചുള്ള പരിപാടി പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 10 AUG 2018 12:42PM by PIB Thiruvananthpuram

ലോക ജൈവ ഇന്ധനദിനത്തോടനുബന്ധിച്ചുള്ള ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്തു. കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന വൈവിദ്ധ്യമാര്‍ന്ന സംഘത്തെയാണ് അദ്ദേഹം അഭിസംബോധനചെയ്തത്.

21-ാം നൂറ്റാണ്ടില്‍ ഇന്ത്യയ്ക്ക് പുതിയ ചലനാത്മകത നല്‍കാന്‍ ജൈവ ഇന്ധനങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിളകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഇന്ധനങ്ങള്‍ക്ക് ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ജനങ്ങളുടെ ജീവിതം മാറ്റിമറിയ്ക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടല്‍ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ജൈവ ഇന്ധനങ്ങളില്‍ നിന്ന് എത്തനോള്‍ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എത്തനോള്‍ സംയോജിത പദ്ധതിക്കായി 2014ന് ശേഷം ഒരു മാര്‍ഗ്ഗരേഖ തയാറാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഗുണമുണ്ടാക്കുന്നതിന് പുറമെ ഈ നീക്കത്തിലൂടെ 4000 കോടിയുടെ വിദേശ നാണ്യം ലാഭിക്കാനായിയെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, അടുത്ത നാലുവര്‍ഷം കൊണ്ട് ഇത് 12,000 കോടിയാക്കാനാണ് ലക്ഷ്യമിടുതെന്നും അറിയിച്ചു.

ജൈവപിണ്ഡത്തെ(ബയോമാസ്) ജൈവ ഇന്ധനമാക്കി പരിവര്‍ത്തനപ്പെടുത്തുതിനായി കേന്ദ്ര ഗവണ്‍മെന്റ് വലിയതോതില്‍ നിക്ഷേപം നടത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 12 ആധുനിക റിഫൈനറികള്‍ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതിയുമുണ്ട്. ഈ പ്രക്രിയയിലൂടെ വലിയതോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

ജന്‍ധന്‍, വന്ദന്‍, ഗോവര്‍ദ്ധന്‍ തുടങ്ങിയ പദ്ധതികള്‍ പാവപ്പെട്ടവര്‍, ഗോത്ര ജനവിഭാഗങ്ങള്‍, കര്‍ഷകര്‍ എന്നിവരുടെ ജീവിതം പരിവര്‍ത്തനപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ശാസ്ത്രജ്ഞര്‍, സംരംഭകര്‍ ജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ മാത്രമേ ജൈവ ഇന്ധനങ്ങളുടെ പരിവര്‍ത്തനശേഷിയെക്കുറിച്ച് തിരിച്ചറിയാനാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജൈവ ഇന്ധനങ്ങളുടെ ഗുണങ്ങള്‍ ഗ്രാമീണമേഖലയില്‍ എത്തിക്കാനും അവിടെ സന്നിഹിതരായവരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

''ദേശീയ ജൈവ ഇന്ധന നയം-2018'' ന്റെ ചെറുപുസ്‌കവും അദ്ദേഹം പ്രകാശനം ചെയ്തു. '' പ്രോ ആക്ടീവ് ആന്റ് റെസ്‌പോണ്‍സീവ് ഫെസിലിറ്റേഷന്‍ ബൈ ഇന്ററാക്ടീവ് ആന്റ് വെര്‍ച്യൂസ് എന്‍വയോണ്‍മെന്റ് സിംഗിള്‍-വിന്‍ഡോ ഹബ്ബ്'' ( പി.എ.ആര്‍.ഐ.വി.ഇ.എസ്.എച്ച്) ഉം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ND MRD - 650
***

 



(Release ID: 1542865) Visitor Counter : 116