പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗ്രാമീണ വൈദ്യുതീകരണ, സൗഭാഗ്യ പദ്ധതികളുടെ രാജ്യത്തെമ്പാടുമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തി

Posted On: 19 JUL 2018 11:53AM by PIB Thiruvananthpuram

2014 ന് ശേഷം വൈദ്യുതീകരിച്ച രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലെ ജനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഖര്‍ യോജന - സൗഭാഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളുമായാണ് പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ ആശയവിനിമയം നടത്തിയത്. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നടത്തുന്ന ആശയ വിനിമയ പരമ്പരയിലെ പത്താമത്തേത് ആയിരുന്നു ഇത്.

അടുത്തിടെ വൈദ്യുതീകരിച്ച ഗ്രാമങ്ങളില്‍ നിന്നുള്ള ഗ്രാമീണരുമായി ആശയവിനിമയം നടത്തുന്നതിന് ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട്, 'അന്ധകാരത്തെ കാണാത്തവര്‍ക്ക് ദീപക്കാഴ്ചയുടെ അര്‍ത്ഥം മനസിലാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരുട്ടില്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് വെളിച്ചത്തിന്റെ വില മനസിലാകില്ല'.
എന്‍.ഡി.എ. ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം ആയിരക്കണക്കിന് ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചിട്ടുണ്ട്. മുന്‍ ഗവണ്‍മെന്റ് നല്‍കിയ വ്യാജ വാഗ്ദാനങ്ങള്‍ക്ക് പകരം ഇന്നത്തെ ഗവണ്‍മെന്റ് എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ച് കൊണ്ട് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്. വൈദ്യുതീകരണത്തിന് മാത്രമല്ല ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചത്, മറിച്ച് രാജ്യത്തൊട്ടാകെയുള്ള വിതരണ സംവിധാനം പരിഷ്‌ക്കരിക്കുകയും ചെയ്തു, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള 70 വര്‍ഷക്കാലം വൈദ്യുതീകരിക്കാത്ത 18,000 ഗ്രാമങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ വൈദ്യുതി എത്തിച്ചു. ഏറ്റവും ഒടുവില്‍ വൈദ്യുതീകരിച്ചത് 2018 ഏപ്രില്‍ 28 ന് വടക്ക് കിഴക്കന്‍ മേഖലയില്‍ മണിപ്പൂരിലെ ലെയ്‌സാംഗ് ഗ്രാമമാണ്. അവസാനത്തെ 18,000 ഗ്രാമങ്ങളില്‍ മിക്കവയും വിദൂരസ്ഥ കുന്നിന്‍ പ്രദേശങ്ങളില്‍ ആയതിനാലും, മോശം കണക്ടിവിറ്റി ആയതിനാലും ഇവിടത്തെ വൈദ്യുതീകരണം ബുദ്ധിമുട്ടേറിയതായിരുന്നു. എന്തെല്ലാം തടസ്സങ്ങള്‍ ഉണ്ടായിരുന്നിട്ടും പ്രത്യേകമായി രൂപീകരിച്ച ഒരു സംഘം എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കണമെന്ന ലക്ഷ്യം ഉറപ്പാക്കാന്‍ കഠിനാധ്വാനം ചെയ്തു.
കിഴക്കന്‍ ഇന്ത്യയിലെ സ്ഥിതിഗതികളില്‍ ഗവണ്‍മെന്റ് മാറ്റം വരുത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതീകരിക്കാത്ത 14,582 ഗ്രാമങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. വൈദ്യുതി എത്താത്ത 18,000 ത്തോളം ഗ്രാമങ്ങളില്‍ 5790 ഗ്രാമങ്ങളും വടക്ക് കിഴക്കന്‍ മേഖലയിലാണ്. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ കിഴക്കന്‍ ഇന്ത്യയുടെ വികസനത്തിന് ഗവണ്‍മെന്റ് മുന്തിയ പരിഗണന നല്‍കിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയുടെ വികസന യാത്രയില്‍ കിഴക്കന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ വലിയ പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഓരോ വീടും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഖര്‍ യോജന തുടങ്ങിയത്. ഈ പദ്ധതിയിലൂടെ ഇതുവരെ 86 ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി എത്തിച്ചു. ഇപ്പോള്‍ ദൗത്യ രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതി നാല് കോടി കുടുംബങ്ങള്‍ക്ക് കൂടി വൈദ്യുതി ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തും.
പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തില്‍ വിദൂരസ്ഥ ഗ്രാമങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍, വൈദ്യുതി തങ്ങളുടെ ജീവിതങ്ങളെ എല്ലാക്കാലത്തേയ്ക്കുമായി പരിവര്‍ത്തിച്ചു എന്ന് വിശദീകരിച്ചു. സൂര്യാസ്തമയത്തിന് മുമ്പ് ജോലി പൂര്‍ത്തിയാക്കുന്നത് മുതല്‍ മണ്ണെണ്ണ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നത് വരെ വൈദ്യുതീകരണം ജീവിതത്തെ വളരെ സുഗമമാക്കി. തങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരം മൊത്തത്തില്‍ മെച്ചപ്പെട്ടതായി മിക്ക ഗുണഭോക്താക്കളും പറഞ്ഞു. തങ്ങളുടെ വീടുകളില്‍ വെളിച്ചമെത്തിച്ചതിന് ഗുണഭോക്താക്കള്‍ പ്രധാനമന്ത്രിയെ നന്ദി അറിയിക്കുകയും ചെയ്തു.
ND  MRD – 600
***

 



(Release ID: 1539412) Visitor Counter : 88