പ്രധാനമന്ത്രിയുടെ ഓഫീസ്‌

യുവ സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായി പ്രധാനമന്ത്രി  ആശയവിനിമയം നടത്തി

Posted On: 06 JUN 2018 1:00PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള യുവ നവീനാശയക്കാരുമായും സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായും വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് സംവദിച്ചു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി വീഡിയോ ബ്രിഡ്ജ് വഴിയുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരമ്പരയില്‍ നാലാമത്തേതാണിത്. 

രാജ്യത്തെ യുവജനങ്ങള്‍ തൊഴില്‍ദായകരാകുന്നതില്‍ സന്തുഷ്ടി പ്രകടിപ്പിച്ച പ്രധാനമന്ത്രി ജനസംഖ്യാപരമായ ഈ ലാഭം പരമാവധി പ്രയോജനപ്പെടുത്താന്‍ ഗവണ്‍മെന്റ് പ്രതിബദ്ധമാണെന്ന് പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ മികവ് പുലര്‍ത്താന്‍ മതിയായ മൂലധനം, സാഹസികത, ജനങ്ങളുമായുള്ള ബന്ധം മുതലായ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്റ്റാര്‍ട്ട് അപ്പുകളെന്നാല്‍ കേവലം ഡിജിറ്റല്‍, സാങ്കേതിവിദ്യാ നവീനാശയങ്ങള്‍ എന്ന കാലത്ത് നിന്ന് കാര്യങ്ങള്‍ ഏറെ മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് നിരവധി രംഗങ്ങളില്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 28 സംസ്ഥാനങ്ങള്‍, 6 കേന്ദ്ര ഭരണ പ്രദേശങ്ങള്‍, 419 ജില്ലകള്‍ എന്നിവിടങ്ങളില്‍ ഇന്ന് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുണ്ട്. ഇവയില്‍ 44 ശതമാനം സ്റ്റാര്‍ട്ട് അപ്പുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മൂന്നാം തരം, നാലാം തരം നഗരങ്ങളിലാണ്. ഈ മേഖലകളിലെ പ്രാദേശിക നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ ഊന്നല്‍ നല്‍കിയിട്ടുള്ളത് ഇതിന് പുറമേ 45% സ്റ്റാര്‍ട്ട് അപ്പുകളും ആരംഭിച്ചിരിക്കുന്നത് വനിതകളാണ്.പേറ്റന്റുകള്‍ക്കും ട്രേഡ്മാര്‍ക്കുകള്‍ക്കും വേണ്ടി അപേക്ഷിക്കുന്നത് ഈ ഗവണ്‍മെന്റിന് കീഴില്‍ എളുപ്പത്തിലാക്കിയത് എങ്ങനെയെന്ന് ശ്രീ. നരേന്ദ്ര മോദി വിശദീകരിച്ചു. ട്രേഡ്മാര്‍ക്കിന് അപേക്ഷിക്കാനുള്ള ഫോറങ്ങളുടെ എണ്ണം 74 ല്‍ നിന്ന് 8 ആക്കി ഗവണ്‍മെന്റ് കുറച്ചു. ഇതിന്റെ ഫലമായി ട്രേഡ്മാര്‍ക്കുകളുടെ രജിസ്‌ട്രേഷനില്‍ മൂന്ന് മാസം കൊണ്ട് മൂന്ന് മടങ്ങ് വര്‍ദ്ധനയുണ്ടായി. മുന്‍ ഗവണ്‍മെന്റുമായി താരതമ്യപ്പെടുത്തിയാല്‍ രജിസ്റ്റര്‍ ചെയ്ത പേറ്റന്റുകളുടെ എണ്ണത്തിലും മൂന്ന് മടങ്ങ് വര്‍ദ്ധനയുണ്ടായി.

തങ്ങളുടെ സംരംഭങ്ങള്‍ക്ക് പണത്തിന്റെ കുറവ് പ്രശ്‌നമാകില്ലെന്ന് ഉറപ്പ് വരുത്താന്‍ യുവസംരംഭകര്‍ക്കായി 10,000 കോടി രൂപയുടെ നിധി ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവഴി 1,285 കോടി രൂപയുടെ ധനസഹായം ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വെഞ്ച്വര്‍ ഫണ്ട് വഴി 6,980 കോടി രൂപ ഇതുവരെ ഉപയോഗപ്പെടുത്തി. 

ഇന്ത്യയുടെ സ്റ്റാര്‍ട്ട് അപ്പ് മേഖല കരുത്തുറ്റതാക്കാന്‍ ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കവെ, ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസ് (ജി.ഇ.എം) സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പോര്‍ട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഗവണ്‍മെന്റിന് വില്‍ക്കാന്‍ കഴിയും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മൂന്ന് വര്‍ഷത്തേയ്ക്ക് ആദായ നികുതി ഒഴിവും നല്‍കിയിട്ടുണ്ട്. യുവ സംരംഭകര്‍ സ്വയം സാക്ഷ്യപ്പെടുത്തല്‍ മാത്രം നല്‍കത്തക്ക തരത്തില്‍ ആറ് തൊഴില്‍ നിയമങ്ങളിലും, മൂന്ന് പരിസ്ഥിതി നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സംരംഭകര്‍ക്ക് ലഭ്യമാക്കാനായി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ ഹബ് എന്ന പേരില്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്.

യുവജനങ്ങള്‍ക്കിടയില്‍ നവീനാശയങ്ങളും, മത്സരവും പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് അടല്‍ ന്യൂ ഇന്ത്യ ചലഞ്ച്, സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍, അഗ്രിക്കള്‍ച്ചറല്‍ ഗ്രാന്റ് ചലഞ്ച്, തുടങ്ങി നിരവധി മത്സരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെയും, സിംഗപ്പൂരിലെയും നവീനാശയക്കാര്‍ തമ്മില്‍ ഒരു സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായി താന്‍ ചര്‍ച്ച നടത്തിയ കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു.

രാജ്യത്ത് നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. യുവജനങ്ങളില്‍ ഗവേഷണ, നവീനാശയ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തൊട്ടാകെ എട്ട് ഗവേഷണ പാര്‍ക്കുകളും 2,500 അടല്‍ ടിങ്കറിംഗ് ലാബുകളും സ്ഥാപിച്ച് വരികയാണ്.

കാര്‍ഷിക മേഖലയെ എങ്ങനെ പരിവര്‍ത്തിപ്പിക്കാം എന്നത് സംബന്ധിച്ച് ശ്രീ. നരേന്ദ്ര മോദി യുവജനങ്ങളില്‍ നിന്ന് ആശയങ്ങള്‍ ക്ഷണിച്ചു. 'ഇന്ത്യയില്‍ നിര്‍മ്മിക്കൂ'വിനോടൊപ്പം 'ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്യൂ' എന്നതും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. നവീനാശയങ്ങള്‍ തുടരാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി 'നവീകരണം അല്ലെങ്കില്‍ സ്തംഭനം' എന്ന മന്ത്രവും ഉപദേശിച്ചു.

പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തവെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സംരംഭത്തിന് കീഴിലുള്ള വിവിധ ഗവണ്‍മെന്റ് പദ്ധതികള്‍ തങ്ങളുടെ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ സ്ഥാപിക്കാന്‍ എങ്ങനെ സഹായിച്ചുവെന്ന് യുവ സംരംഭകര്‍ക്ക് വിശദീകരിച്ചു. കാര്‍ഷിക മേഖല മുതല്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ വരെ വ്യത്യസ്ത രംഗങ്ങളിലെ തങ്ങളുടെ നവീനാശയങ്ങള്‍ സംരംഭകര്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. വിവിധ അടല്‍ ടിങ്കറിംഗ് ലാബുകളില്‍ നിന്നുള്ള സ്‌കൂള്‍ കുട്ടികള്‍ തങ്ങളുടെ നവീനാശയങ്ങള്‍ പ്രധാനമന്ത്രിയുമായി പങ്കുവച്ചു. സ്‌കൂള്‍ കുട്ടികളുടെ ശാസ്ത്രീയ പാടവത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി ഇത്തരം നവീനാശയങ്ങളുമായി മുന്നോട്ട് വരാന്‍ അവരെ പ്രോത്സാഹിപ്പിച്ചു.

'ഇന്ത്യയെ നവീകരിക്കുക' എന്നത് ആവേശകരമായൊരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാന്‍ പ്രധാനമന്ത്രി രാഷ്ട്രത്തെ ആഹ്വാനം ചെയ്തു. പൊതുജനങ്ങള്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങളും, നവീനാശയങ്ങള്‍  #InnovateIndia ലൂടെ പങ്ക് വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ND/MRD 



(Release ID: 1534719) Visitor Counter : 55