Farmer's Welfare

പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന (PMDDKY)

प्रविष्टि तिथि: 10 OCT 2026 16:29 PM

“100 ജില്ലകളിലെ ലക്ഷ്യാധിഷ്ഠിത കാർഷിക വികസനത്തിൻ്റെ ഒരു വർഷം"

ജില്ലാതല പ്രവർത്തനങ്ങളിലൂടെ കാർഷിക മേഖലയുടെ പരിവർത്തനം

 

വിവിധ പ്രദേശങ്ങളിലും കർഷക സമൂഹങ്ങളിലും വലിയ സാധ്യതകളുള്ള മേഖലയാണ് ഇന്ത്യയുടെ കാർഷിക മേഖല. എന്നാൽ, സാധ്യതകൾ ഏറെയുണ്ടെങ്കിലും കുറഞ്ഞ ഉൽപ്പാദനക്ഷമത, അപര്യാപ്തമായ ജലസേചന സൗകര്യങ്ങൾ, വായ്പാ ലഭ്യതയിലെ പരിമിതികൾ, വിളവെടുപ്പാനന്തര അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം തുടങ്ങിയ വെല്ലുവിളികൾ മിക്ക പ്രദേശങ്ങളും നേരിടുന്നുണ്ട്. തൽഫലമായി, ഈ പ്രദേശങ്ങൾക്ക് കാർഷിക മേഖലയുടെ പൂർണ്ണമായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് മാത്രമല്ല, സാമ്പത്തിക വികസനത്തിലും അവ പിന്നാക്കം നിൽക്കുന്നു.

 

ലക്ഷ്യാധിഷ്ഠിത ഇടപെടലുകളിലൂടെ 100 കാർഷിക അഭിലാഷ ജില്ലകൾ വികസിപ്പിച്ചുകൊണ്ട് ഈ വിടവുകൾ നികത്താനാണ് പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന (PMDDKY) ലക്ഷ്യമിടുന്നത്. ജില്ലകളുടെ സവിശേഷമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിലൂടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, വായ്പാ ലഭ്യത വർദ്ധിപ്പിക്കുന്നതിനും, വിളവെടുപ്പാനന്തര അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ തുറക്കാൻ ഈ പദ്ധതിക്ക് സാധിക്കും. 2025 ജൂലൈ 16-ന് കേന്ദ്ര മന്ത്രിസഭ ആറ് വർഷത്തെ കാലയളവിലേക്ക് അംഗീകാരം നൽകിയ പി.എം.ഡി.ഡി.കെ.വൈ. പദ്ധതി, 2025 ഒക്ടോബർ 11-ന് പ്രധാനമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഈ വർഷം ഒക്ടോബർ 11-ന് പദ്ധതിയുടെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ്.

 

2025-26 മുതൽ ആരംഭിച്ച ഈ ആറുവർഷ പദ്ധതി, തെരഞ്ഞെടുക്കപ്പെട്ട 100 കാർഷിക അഭിലാഷ ജില്ലകളിലെ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും പരിവർത്തനം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുറഞ്ഞ ഉൽപ്പാദനക്ഷമത, കുറഞ്ഞ വിളതീവ്രത, കുറഞ്ഞ കാർഷിക വായ്പാ വിതരണം എന്നീ മൂന്ന് പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ജില്ലകൾ തിരിച്ചറിഞ്ഞത്. ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശത്തെയും ആകെയുള്ള കൃഷിഭൂമിയുടെയും കൃഷിക്കായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളുടെയും വിഹിതം ജില്ലകളെ തെരഞ്ഞെടുക്കുന്നതിൽ പരിഗണിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞത് ഒരു ജില്ലയെങ്കിലും പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

11 കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും കീഴിലുള്ള 36 കേന്ദ്ര പദ്ധതികൾ, സംസ്ഥാന പദ്ധതികൾ, സ്വകാര്യ മേഖലയുടെ പങ്കാളിത്തം എന്നിവ ഏകോപിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ പ്രാദേശിക കാർഷിക മുൻഗണനകൾക്ക് അനുയോജ്യമായ ഇടപെടലുകൾ ഉറപ്പാക്കാൻ സാധിക്കുന്നു.

 

 

പദ്ധതി നിർവഹണത്തിനായുള്ള ഭരണസംവിധാനം

പി.എം.ഡി.ഡി.കെ.വൈ പദ്ധതി മൂന്ന് തലങ്ങളിലുള്ള നിർവഹണ സംവിധാനമാണ് പിന്തുടരുന്നത്:

 

• ജില്ലാ തലം: ജില്ലാ കളക്ടർ/ജില്ലാ മജിസ്‌ട്രേറ്റ് അധ്യക്ഷനായ ജില്ലാ ധൻ-ധാന്യ കൃഷി യോജന സമിതിയാണ് ജില്ലാ കർമ്മപദ്ധതി തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്നത്.

• സംസ്ഥാന തലം: സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന ധൻ-ധാന്യ കൃഷി യോജന സമിതി ജില്ലാ പദ്ധതികൾ അവലോകനം ചെയ്യുകയും അവയുടെ പുരോഗതി നിരീക്ഷിക്കുകയും ചെയ്യുന്നു.

• ദേശീയ തലം: രണ്ട് സമിതികളാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. കേന്ദ്ര കൃഷി, കർഷകക്ഷേമ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലാണ് ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവർത്തിക്കുന്നത്. കൃഷി, കർഷകക്ഷേമ വകുപ്പ് സെക്രട്ടറി അധ്യക്ഷനായാണ് ദേശീയ നിരീക്ഷണ സമിതി പ്രവർത്തിക്കുന്നത്.

 

ജില്ലാ കർമ്മപദ്ധതികൾ

• അടിസ്ഥാന വിവരങ്ങളുടെയും സ്ഥിതിഗതികളുടെ വിശദമായ വിലയിരുത്തലിൻ്റെയും അടിസ്ഥാനത്തിലാണ് ജില്ലാ കർമ്മപദ്ധതികൾ (DAPs) തയ്യാറാക്കുന്നത്. പ്രാദേശിക കാർഷിക ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, പ്രസക്തമായ കേന്ദ്ര-സംസ്ഥാന പദ്ധതികൾ സംയോജിപ്പിച്ചുകൊണ്ട് അവ പരിഹരിക്കുന്നതിനുള്ള നടപടികൾ ഈ പദ്ധതികളിൽ ഉൾപ്പെടുത്തുന്നു. ഫലപ്രാപ്തി അടിസ്ഥാനമാക്കിയുള്ള ലക്ഷ്യങ്ങൾ, വാർഷിക നാഴികക്കല്ലുകൾ, ബന്ധപ്പെട്ട പദ്ധതികളുമായി ബന്ധിപ്പിച്ചുള്ള ഇടപെടലുകൾ എന്നിവയും ജില്ലാ കർമ്മപദ്ധതികളിൽ ഉൾപ്പെടുന്നു.

 

• ആവശ്യമായ അംഗീകാരങ്ങളും ഫണ്ട് വിതരണവും സാധ്യമാക്കുന്നതിനായി, ജില്ലാ കർമ്മപദ്ധതികൾ അതത് സംസ്ഥാനങ്ങളുടെ വാർഷിക കർമ്മപദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട സംസ്ഥാന വകുപ്പുകൾക്ക് സമർപ്പിക്കുന്നു.

• 36 പദ്ധതികളിലായി 121 സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് പുരോഗതി വിലയിരുത്തുന്നത്. ഇതിൽ 74 എണ്ണം പ്രവർത്തനഫല സൂചകങ്ങളും 47 എണ്ണം ഫലസൂചകങ്ങളുമാണ്. പി.എം-ഡി.ഡി.കെ.വൈ ഡാഷ്‌ബോർഡ് - https://pmddky.niti.gov.in/ വഴി പ്രവർത്തനഫല സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പ്രകടനം പ്രതിമാസം റാങ്ക് ചെയ്യുന്നു.

 

പദ്ധതി നടപ്പാക്കലിൻ്റെയും പുരോഗതിയുടെയും ഒരു വർഷം

2025 ഒക്ടോബർ അവസാന വാരത്തിലാണ് പി.എം.ഡി.ഡി.കെ.വൈ ഡാഷ്‌ബോർഡ് പ്രവർത്തനക്ഷമമായത്. തുടർന്ന്, 100 ജില്ലകളിലെയും പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനമെന്ന നിലയിൽ പ്രവർത്തനഫല സൂചകങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രതിമാസ റാങ്കിംഗ് 2025 നവംബറിൽ ആരംഭിച്ചു.

• 100 ഡി.ഡി.കെ.വൈ ജില്ലകളും ജില്ലാ കർമ്മപദ്ധതികൾ (DAPs) തയ്യാറാക്കി നടപ്പാക്കിവരുന്നു.

• അവലോകനത്തിനും പുരോഗതി നിരീക്ഷണത്തിനുമായി സംസ്ഥാന, ജില്ലാ, ദേശീയ തലങ്ങളിൽ സമിതികൾ രൂപീകരിച്ചു.

• 100 ജില്ലകളും 2026 ഓഗസ്റ്റ് വരെയുള്ള പ്രവർത്തനഫല സൂചകങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിച്ചു. കൂടാതെ, 2025-26 സാമ്പത്തിക വർഷത്തെ ഫലസൂചകങ്ങൾ സംബന്ധിച്ച വിവരങ്ങളും എല്ലാ ജില്ലകളും സമർപ്പിച്ചിട്ടുണ്ട്.

• കേന്ദ്ര നോഡൽ ഓഫീസർമാർ പതിവായി പുരോഗതി വിലയിരുത്തുകയും ജില്ലകൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.

• 2026-27, 2027-28 സാമ്പത്തിക വർഷങ്ങളിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ (CPSEs) അവയുടെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (CSR) പ്രവർത്തനങ്ങളുടെ ഭാഗമായി ഡി.ഡി.കെ.വൈ ജില്ലകളെ ദത്തെടുക്കുന്നതിനുള്ള വ്യവസ്ഥ പൊതുമേഖലാ സംരംഭ വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.

• ആറ് ലക്ഷ്യങ്ങളിലുമായി 100 ജില്ലകളുടെ ശരാശരി സ്കോർ 2026 ഏപ്രിലിലെ 18.85-ൽ നിന്ന് 2026 ഓഗസ്റ്റിൽ 46.89 ആയി ഉയർന്നു; 28.04 പോയിൻ്റിൻ്റെ പുരോഗതിയാണ് ഇതിൽ രേഖപ്പെടുത്തിയത്.

• ഇതേ കാലയളവിൽ ലക്ഷ്യം തിരിച്ചുള്ള ശരാശരി സ്കോറുകളിലും പുരോഗതി രേഖപ്പെടുത്തി:

◦ കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ: 1.50-ൽ നിന്ന് 8.08 ആയി

◦ വിള വൈവിധ്യവൽക്കരണവും സുസ്ഥിര കാർഷിക രീതികളും പ്രോത്സാഹിപ്പിക്കൽ: 4.08-ൽ നിന്ന് 10.18 ആയി

◦ വിളവെടുപ്പാനന്തര സംഭരണ ശേഷി വർദ്ധിപ്പിക്കൽ: 2.14-ൽ നിന്ന് 5.19 ആയി

◦ ജലസേചന അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ: 1.38-ൽ നിന്ന് 4.91 ആയി

◦ ഹ്രസ്വകാല, ദീർഘകാല കാർഷിക വായ്പകളുടെ ലഭ്യത വർദ്ധിപ്പിക്കൽ: 2.40-ൽ നിന്ന് 6.53 ആയി

◦ ഭരണസംവിധാനവും സേവനവിതരണവും മെച്ചപ്പെടുത്തൽ: 7.41-ൽ നിന്ന് 12.05 ആയി

 

കർഷകർക്കും കർഷക ഉൽപ്പാദക സംഘടനകൾക്കും (FPOs) അനുഭവങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനും പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനുമുള്ള വേദികളും ആദ്യ വർഷത്തിൽ ഒരുക്കി. 2025 ഡിസംബറിൽ സംഘടിപ്പിച്ച 'പി.എം-ഡി.ഡി.കെ.വൈ എഫ്.പി.ഒ സംഗമം', 15 സംസ്ഥാനങ്ങളിലെ 33 പി.എം-ഡി.ഡി.കെ.വൈ ജില്ലകളിൽ നിന്നുമായി 72-ലധികം കർഷക ഉൽപ്പാദക സംഘടനകളെ ഒരുമിച്ചുകൊണ്ടുവന്നു. കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ, വിപണികളിലേക്കുള്ള പ്രവേശനം, വരുമാന വർദ്ധനവ് എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ഈ പരിപാടിയിൽ പങ്കുവെക്കപ്പെട്ടു. കൂടാതെ പ്രകൃതികൃഷി, എണ്ണക്കുരു കൃഷി, തേനീച്ച വളർത്തൽ, സംരക്ഷിത കൃഷിരീതികൾ, സൂക്ഷ്മ ജലസേചനം, സ്ഥാപനപരമായ വായ്പാസഹായം, ഡിജിറ്റൽ കൃഷി തുടങ്ങിയ വിഷയങ്ങളും പരിപാടിയുടെ ഭാഗമായി ചർച്ച ചെയ്തു.

 

 

ധൻ-ധാന്യ ജില്ലകളിൽ നിന്നുള്ള മികച്ച മാതൃകകൾ

പ്രാദേശിക സംസ്കരണം, ഉൽപ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കൽ

 

പി.എം.ഡി.ഡി.കെ.വൈ ജില്ലയായ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പ്രവർത്തിക്കുന്ന ദേശായിഗഞ്ച് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (FPO) എന്ന സംഘടനയിൽ 800 കർഷക അംഗങ്ങളുണ്ട്. മണിക്കൂറിൽ 3 ടൺ സംസ്കരണശേഷിയുള്ള അരി സംസ്കരണ യൂണിറ്റും 900 മെട്രിക് ടൺ സംഭരണശേഷിയുള്ള ഒരു വെയർഹൗസും ഈ സംഘടന സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ പ്രശസ്തമായ 'ജയ് ശ്രീറാം' നെല്ലിനത്തിൻ്റെ വിളവെടുപ്പാനന്തര അടിസ്ഥാനസൗകര്യങ്ങൾ പ്രാദേശികതലത്തിൽ മൂല്യവർദ്ധനവിനും ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നതിനും വഴിയൊരുക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ഈ എഫ്.പി.ഒ 1.24 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി.

 

മികച്ച വിപണികൾ, മെച്ചപ്പെട്ട വരുമാനം

 

 

പി.എം - ഡി.ഡി.കെ.വൈ ജില്ലയായ കർണാടകയിലെ തുമക്കൂരുവിൽ പ്രവർത്തിക്കുന്ന തിപ്തൂർ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (FPO) എന്ന സംഘടനയിൽ 750 കർഷക അംഗങ്ങളാണുള്ളത്. ഈ സംഘടന ഫ്രാൻസിലെ ഒരു ബഹുരാഷ്ട്ര കമ്പനിക്ക് ബോൾ കൊപ്ര വിതരണം ചെയ്യുന്നു. ഇതിലൂടെ എഫ്.പി.ഒ.യിലെ കർഷകർക്ക് മികച്ച വില ലഭിക്കുന്നതിനും വിപണികളിലേക്ക് കൂടുതൽ പ്രവേശനം നേടുന്നതിനും സാധിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ 1.60 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിയ ഈ എഫ്.പി.ഒ, 2026 സെപ്റ്റംബർ 12 വരെയുള്ള കണക്കനുസരിച്ച് 1.9 കോടിയിലധികം രൂപ മൂല്യമുള്ള 138 ടണ്ണിലധികം കൊപ്ര സമാഹരിച്ചു.

 

സ്മാർട്ട് ജലസേചനം, മെച്ചപ്പെട്ട കാർഷിക ഉൽപ്പാദനക്ഷമത

 

പി.എം - ഡി.ഡി.കെ.വൈ ജില്ലയായ രാജസ്ഥാനിലെ ജയ്‌സാൽമേറിൽ പ്രവർത്തിക്കുന്ന ജയ്‌സാൽമേർ കൃഷി ഫെഡ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ 1,236 കർഷക അംഗങ്ങളുണ്ട്. ഈ എഫ്.പി.ഒ 2,000 ഏക്കറിലധികം വിസ്തൃതിയിൽ സംയോജിത കീടനിയന്ത്രണ (IPM) രീതികൾ അവലംബിച്ചുള്ള ജീരകകൃഷി നടത്തുന്നു. കൂടാതെ, 500 ഏക്കറിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്പ്രിംഗ്ളർ ജലസേചന സംവിധാനവും ഇവർ ഉപയോഗിക്കുന്നു. ജലത്തിൻ്റെ കാര്യക്ഷമമായ വിനിയോഗം, പുനരുപയോഗ ഊർജ്ജത്തിൻ്റെ പ്രയോജനം, കാർഷിക ഉൽപ്പാദനക്ഷമതയിലെ വർദ്ധനവ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സംരംഭം.

 

ജില്ലകളിലുടനീളം കാർഷിക മുന്നേറ്റത്തിന് കരുത്തേകുന്നു

ജില്ലാതലത്തിൽ ലക്ഷ്യാധിഷ്ഠിത പ്രവർത്തനങ്ങളുടെ ഒരു വർഷം പൂർത്തിയാക്കിക്കൊണ്ട് പി.എം-ഡി.ഡി.കെ.വൈ 2026 ഒക്ടോബർ 11-ന് ഒന്നാം വാർഷികം ആഘോഷിക്കുന്നു. 100 ജില്ലകളിലും ജില്ലാ കർമ്മപദ്ധതികൾ തയ്യാറാക്കുകയും സൂചകാധിഷ്ഠിത നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓരോ ജില്ലയുടെയും പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ചുള്ള ഇടപെടലുകൾ പ്രാദേശികതലത്തിൽ കാർഷിക വികസനത്തിന് പിന്തുണ നൽകുന്നു. ഇതുവരെ കൈവരിച്ച പുരോഗതി, വരും വർഷങ്ങളിൽ വിവിധ പദ്ധതികൾ തമ്മിലുള്ള കൂടുതൽ ഫലപ്രദമായ ഏകോപനത്തിനും സുസ്ഥിര കാർഷിക വികസനത്തിനും അടിത്തറയൊരുക്കുന്നു.

 

അവലംബം 

 

Prime Minister's Office

https://www.pib.gov.in/PressReleasePage.aspx?PRID=2177454

 

Ministry of Agriculture and Farmers Welfare

https://pmddky.niti.gov.in/aboutTheScheme

https://pmddky.niti.gov.in/

https://agriwelfare.gov.in/Documents/Guidelines/Guidelines_PM_DDKY_19092025_Final[1]_0.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2244624

https://www.pib.gov.in/PressReleasePage.aspx?PRID=2201150

 

PIB Backgrounders

https://www.pib.gov.in/PressNoteDetails.aspx?id=154909&NoteId=154909&ModuleId=3&reg=48&lang=2

Click here to see pdf 

****

(तथ्य सामग्री आईडी: 151115) आगंतुक पटल : 16


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Bengali