ഘാന, ഫ്രാന്‍സ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത നിര്‍മ്മാണ സംരംഭമായ 'ഈഗോ വി റീച്ച് ഓള്‍ (നമ്മുടെ സമയം വരും)' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍, ഗോവയിലെ പനജിയില്‍ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.ഐ)യോടനുബന്ധിച്ച് ഇന്ന് പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമങ്ങളുമായി സംവദിച്ചു. അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 104 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചലച്ചിത്രം, അതിന്റെ ഏഷ്യയിലെ പ്രഥമ പ്രദര്‍ശനം ഈ ചലച്ചിത്രമേളയില്‍ വെച്ച് നടത്തുകയാണ്.

സംവിധായകന്‍ അമര്‍തെയ് അര്‍മാറും നിര്‍മാതാവ് യെമോ ഐക്കും ചിത്രത്തിന്റെ സര്‍ഗ്ഗാത്മക പ്രയാണത്തെക്കുറിച്ചും, ഘാനയിലെ തെരുവുകളില്‍ കുട്ടിക്കാലവും അതിജീവനവും എങ്ങനെ ചിത്രീകരിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചും, പ്രാദേശികമായി വേരൂന്നിയ കഥകളെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ അന്താരാഷ്ട്ര സഹകരണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചുമുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കുവെച്ചു.

ചിത്രത്തിന്റെ പ്രമേയപരമായ പ്രചോദനത്തെക്കുറിച്ച് സംസാരിക്കവെ, ഘാനയിലെ തെരുവുബാല്യങ്ങളിലും, പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതത്തിലൂടെ കടന്നുപോവുന്ന യുവാക്കളുടെ കഥകളിലും താന്‍ പണ്ടേ ആകൃഷ്ടനായിരുന്നതായി സംവിധായകന്‍ അമര്‍തെയ് അര്‍മര്‍ പറഞ്ഞു. സമൂഹത്തില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നവരുടെ കഥകളെ, വിശാലമായ ദേശീയ, ചലച്ചിത്ര സംവാദ പരിസരങ്ങളിലേക്ക് എങ്ങനെ കൊണ്ടുവരാം എന്ന് പരിശോധിക്കാനാണ് ഈ ചിത്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളില്‍ നിന്നുള്ള യുവാക്കള്‍ രാജ്യത്തിന്റെയും അതിന്റെ ഭാവിയുടെയും തുല്യ പങ്കാളികളാണെന്ന് ഈ ആഖ്യാനത്തിലൂടെ ഉറപ്പിച്ചുപറയാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രമിക്കുന്നു.

തന്റെ ചലച്ചിത്ര നിര്‍മിതി പ്രയാണത്തെക്കുറിച്ചും ഘാനയുമായുള്ള തന്റെ നിരന്തര ബന്ധത്തെക്കുറിച്ചും പ്രതിപാദിച്ചുകൊണ്ട്, ചലച്ചിത്രപ്രവര്‍ത്തകര്‍ തങ്ങളുടെ കഥകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, തങ്ങളുടെ ശബ്ദം കേള്‍പ്പിക്കണമെന്നും അര്‍മര്‍ ഊന്നിപ്പറഞ്ഞു. സ്വതന്ത്ര ചലച്ചിത്ര നിര്‍മാതാക്കള്‍ പലപ്പോഴും സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ചലച്ചിത്ര മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി ചലച്ചിത്രപരമായ മികച്ച ഗുണനിലവാരവും കഥാഖ്യാന ശേഷിയും പ്രകടമാക്കുന്ന ചലച്ചിത്രങ്ങള്‍ നിര്‍മിക്കേണ്ടത് അനിവാര്യമാണ്.
ഇന്ത്യയും ഘാനയും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിനുള്ള സാധ്യതകള്‍ എടുത്തുപറഞ്ഞുകൊണ്ട്, ഇരുരാജ്യങ്ങളിലെയും ചലച്ചിത്ര സംസ്‌കാരങ്ങള്‍ തമ്മിലുള്ള സമാനതകള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ 'ബോളിവുഡിന്' സമാനമായി ഘാനയിലെ 'ഘാലിവുഡ്' നെ അവര്‍ ഉദാഹരണമായി എടുത്തുപറഞ്ഞു. ചില സാംസ്‌കാരിക അനുഭവങ്ങളിലും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലും സമാനതകള്‍ ഉള്ളതിനാല്‍, ഇരുരാജ്യങ്ങളിലെയും പ്രേക്ഷകര്‍ക്ക് ഓരോരുത്തരുടെയും കഥാഖ്യാന പാരമ്പര്യങ്ങളില്‍ സാംസ്‌കാരികമായ ഒത്തുചേരലുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ഘാനയിലെയും ചലച്ചിത്രപ്രവര്‍ത്തകര്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതില്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചു. ഘാനയില്‍ നിന്നുള്ള സര്‍ഗ്ഗാത്മക പ്രതിഭകളെയും കഥകളെയും ചലച്ചിത്രപരമായ അനുഭവങ്ങളെയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതും, തിരിച്ചും അത്തരം അവസരങ്ങള്‍ ഒരുക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തിലുള്ള പങ്കാളിത്തങ്ങള്‍ക്ക് സാംസ്‌കാരിക ധാരണ വളര്‍ത്താനും, ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും, അന്താരാഷ്ട്ര വേദികളില്‍ ആഫ്രിക്കന്‍ ചലച്ചിത്രങ്ങളുടെ ദൃശ്യപരത ശക്തിപ്പെടുത്താനും കഴിയുമെന്ന് അവര്‍ നിരീക്ഷിച്ചു.
പത്രസമ്മേളനത്തില്‍ ശ്രീ. മാനന്‍ സിങ് മോഡറേറ്ററായി.
പത്രസമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം:
ഐ.എഫ്.എഫ്.ഐ ലോയ്ഡ് ഇവിടെ വായിക്കാം:
https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***