57th International Film Festival of India 2026
20 – 28 Nov 2026

​അവളുടെ കാഴ്ചപ്പാട്, അവളുടെ പൈതൃകം, അവളുടെ സ്വാതന്ത്ര്യം: 57-ാം ഐഎഫ്എഫ്ഐയിൽ ലോകസിനിമാഖ്യാനങ്ങളെ പുനർനിർവചിച്ച് വനിതാ ചലച്ചിത്രപ്രവർത്തകർ

പോസ്റ്റഡ് ഓണ്‍: 24 NOV 2026 4:55PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2340870Views: 9

ഗോവ, 2026 നവംബർ 24

ഗോവയിൽ നടക്കുന്ന 57-ാം ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) ഭാഗമായി സംഘടിപ്പിച്ച ‘അവളുടെ കാഴ്ചപ്പാട്, അവളുടെ പൈതൃകം, അവളുടെ സ്വാതന്ത്ര്യം: ലോകസിനിമയെ രൂപപ്പെടുത്തുന്ന വനിതകൾ’ പാനൽ ചർച്ചയിൽ വിവിധ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വനിതാ ചലച്ചിത്രപ്രവർത്തകർ വ്യക്തിത്വം, സാംസ്കാരിക പൈതൃകം, സർഗാത്മക സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചു. കിർഗിസ്ഥാൻ എഴുത്തുകാരിയും സംവിധായികയുമായ നർഗിസ ഡോട്ടിയേവ, റൊമാനിയൻ-റോമ വിഭാഗത്തിൽപ്പെട്ട അഭിനേത്രിയും ചലച്ചിത്രപ്രവർത്തകയുമായ അലീന ഷെർബാൻ, മെക്സിക്കൻ-അമേരിക്കൻ എഴുത്തുകാരിയും സംവിധായികയുമായ സൂസൻ ആൻഡ്രൂസ് കൊറിയ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇന്ത്യൻ ചലച്ചിത്രപ്രവർത്തകൻ അഭിഷേക് ജെയിൻ ചർച്ച നിയന്ത്രിച്ചു.

p style="text-align:center">

 

സ്വന്തം ജീവിതയാത്രകളെക്കുറിച്ചും സിനിമകളുടെ ആവിഷ്കാരശൈലിയെ രൂപപ്പെടുത്തിയ സാംസ്കാരിക സ്വാധീനങ്ങളെക്കുറിച്ചും സംസാരിക്കാൻ പാനലിസ്റ്റുകളെ ക്ഷണിച്ചാണ് ജെയിൻ ചർച്ചയ്ക്ക് തുടക്കമിട്ടത്. കിർഗിസ്ഥാനിൽ ജനിച്ച് തടാകക്കരയിലെ ചെറിയ മത്സ്യബന്ധന ഗ്രാമത്തിൽ വളർന്ന നർഗിസ ഡോട്ടിയേവ, കഥപറച്ചിലിനോടുള്ള ഇഷ്ടത്തിന് പ്രചോദനമായത് മുത്തച്ഛൻ പരമ്പരാഗത കിർഗിസ് വാമൊഴിക്കവിതകൾ ചൊല്ലിക്കൊടുത്തതാണെന്ന് അനുസ്മരിച്ചു. പരസ്യരംഗത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം സ്വന്തം പണം മുടക്കിയാണ് അവർ ആദ്യകാല സിനിമാസംരംഭങ്ങൾ ആരംഭിച്ചത്. കിർഗിസ്ഥാന്റെ സാഹിത്യ-സാംസ്കാരിക പൈതൃകവും ഇതിഹാസകാവ്യമായ ‘മനാസ്’ ഉൾപ്പെടെയുള്ള കൃതികളും അവരുടെ സൃഷ്ടികൾക്കു പ്രചോദനമായി. അതിർത്തിപ്രദേശങ്ങളുടെ ചരിത്രവും സാർവത്രികമായ മാനുഷിക വികാരങ്ങളും പ്രമേയമാക്കുന്നതാണ് അവരുടെ ആദ്യ ഫീച്ചർ ചിത്രം ‘സ്കൈലാർക്ക്’.

റൊമാനിയയിലെ ബുക്കാറെസ്റ്റിൽ റോമ കുടുംബത്തിൽ ജനിച്ച അലീന ഷെർബാൻ, ഐഎഫ്എഫ്ഐയിലെ പങ്കാളിത്തം പൂർവികരുടെ മാതൃഭൂമിയിലേക്കുള്ള വൈകാരികമായ തിരിച്ചുവരവായാണു വിശേഷിപ്പിച്ചത്. റോമ സമൂഹവും രാജസ്ഥാനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും റോമ ഭാഷയിൽ ഇന്ത്യൻ വംശജരിൽനിന്നുള്ള പദങ്ങൾ നിലനിൽക്കുന്നതിനെക്കുറിച്ചും അവർ ചൂണ്ടിക്കാട്ടി. ബുക്കാറെസ്റ്റിൽ വളർന്ന കാലത്ത് മുൻവിധികളും സാമൂഹ്യ അവഗണനയും നേരിടേണ്ടിവന്നതിനെത്തുടർന്ന്, ഇത്തരം മുൻവിധികളെ ചോദ്യം ചെയ്യുന്നതിനായി അവർ നാടകത്തെയും സിനിമയെയും ആശ്രയിച്ചു. ‘ഐ മാറ്റർ’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ റോമ സമൂഹത്തിന്റെ കഥകൾ സ്വയം അവതരിപ്പിക്കാനുള്ള അവകാശം വീണ്ടെടുക്കാനും അതിജീവനത്തിന്റെയും അന്തസ്സിന്റെയും കഥകൾക്ക് പ്രാധാന്യം നൽകാനുമാണ് അവർ ശ്രമിക്കുന്നത്.

മെക്സിക്കൻ-അമേരിക്കൻ ചലച്ചിത്രപ്രവർത്തകയായ സൂസൻ ആൻഡ്രൂസ് കൊറിയ, മെക്സിക്കോയിലെ സിയുഡാഡ് ജുവാരസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ആദ്യ സംവിധാന സംരംഭമായ ‘ലാ കാസഡോറ’ (ദി ഹണ്ട്രസ്) എന്ന ചിത്രത്തിന് പിന്നിലെ ഒരു ദശാബ്ദം നീണ്ട സൃഷ്ടിപരമായ യാത്രയെക്കുറിച്ച് സംസാരിച്ചു. സ്ത്രീഹത്യകളുടെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. തുടക്കത്തിൽ രോഷത്തിന്റെയും അടിയന്തര പ്രതികരണത്തിന്റെയും ആവിഷ്കാരമായിരുന്ന ചിത്രം പിന്നീട് നിരാശ, അതിജീവനം, സ്ത്രീകളുടെ സ്വയംനിർണയാവകാശം എന്നിവയെ സഹാനുഭൂതിയോടെ അവതരിപ്പിക്കുന്ന സൃഷ്ടിയായി പരിണമിച്ചുവെന്നും അവർ പറഞ്ഞു.

സ്വതന്ത്ര ചലച്ചിത്രപ്രവർത്തകർ നേരിടുന്ന ഘടനാപരമായ വെല്ലുവിളികളും പാനലിസ്റ്റുകൾ ചർച്ച ചെയ്തു. സാമ്പത്തിക പരിമിതികൾ, ലിംഗപരമായ വിവേചനം, മുൻവിധികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വാണിജ്യപരമായി സുരക്ഷിതമെന്ന് കരുതുന്ന പ്രമേയങ്ങൾക്കാണ് പലപ്പോഴും നിർമ്മാതാക്കൾ മുൻഗണന നൽകുന്നതെന്നും സങ്കീർണവും അസ്വസ്ഥതയുളവാക്കുന്നതുമായ വിഷയങ്ങളെ പിന്തുണയ്ക്കാൻ അവർ മടിക്കുന്നതായും കൊറിയ നിരീക്ഷിച്ചു. ഗൗരവമായി പരിഗണിക്കപ്പെടുന്നതിനായി വനിതാ സംവിധായകർക്ക് പലപ്പോഴും കഴിവ് തെളിയിക്കേണ്ടിവരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. റോമ സമൂഹത്തെക്കുറിച്ചുള്ള മുൻവിധിപരമായ ചിത്രീകരണങ്ങളുമായി തിരക്കഥകൾ പൊരുത്തപ്പെടാത്തതിനാൽ പലതവണ സാമ്പത്തിക സഹായം നിഷേധിക്കപ്പെട്ട അനുഭവം ഷെർബാൻ പങ്കുവച്ചു. കേവലം പ്രാതിനിധ്യത്തിനുവേണ്ടിയുള്ള സാന്നിധ്യമായല്ല, മറിച്ച് കലാപരമായ മികവിന്റെ അടിസ്ഥാനത്തിലാണ് ചലച്ചിത്രപ്രവർത്തകർ അംഗീകരിക്കപ്പെടേണ്ടതെന്ന് ഇരുവരും വ്യക്തമാക്കി. വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാത്ത പ്രദേശങ്ങളിൽനിന്നുള്ള വൈവിധ്യമാർന്നതും സാംസ്കാരിക വേരുകളുള്ളതുമായ കഥകളെ പിന്തുണയ്ക്കുന്നതിൽ പ്രേക്ഷകർക്കും ചലച്ചിത്രമേളകൾക്കും നിർണായക പങ്കുണ്ടെന്ന് ഡോട്ടിയേവ കൂട്ടിച്ചേർത്തു.

സ്വന്തം സർഗാത്മക യാത്രകളുടെ അനുഭവങ്ങൾ പങ്കുവച്ച പാനലിസ്റ്റുകൾ, പുതുതായി സിനിമാരംഗത്തേക്ക് കടന്നുവരുന്നവരോട് വൈകാരികവും സാംസ്കാരികവുമായ വേരുകളോട് സത്യസന്ധത പുലർത്താൻ ആഹ്വാനം ചെയ്തു. ആഴത്തിൽ വേരൂന്നിയ പ്രാദേശിക കഥകൾക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് എത്താൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടു.

വാർത്താസമ്മേളനം പൂർണ്ണമായി ഇവിടെ കാണാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

****

 ​

SK


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2340870
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026