പോസ്റ്റഡ് ഓണ്‍:
23 NOV 2026 1:00PM by PIB Thiruvananthpuram

ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി, യുവജനകാര്യ-കായിക മന്ത്രാലയം 'മേരാ യുവ ഭാരത്' (MY Bharat) പ്ലാറ്റ്ഫോമിലൂടെ 'വികസിത് ഭാരത് യുവ സംവാദ്' സംഘടിപ്പിക്കുന്നു. 2026 നവംബര്‍ 24 മുതല്‍ 26 വരെ, 30-ലധികം സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളിലെ 600-ലധികം ജില്ലകളില്‍ 500-ലേറെ കോളേജുകളില്‍ പരിപാടി അരങ്ങേറും. ഇന്ത്യയുടെ വികസനയാത്ര, കൈവരിച്ച നേട്ടങ്ങള്‍, ഭാവി വികസനലക്ഷ്യങ്ങള്‍ എന്നിവയുമായി 15 മുതല്‍ 29 വരെ പ്രായമുള്ള യുവജനങ്ങളെ ബന്ധിപ്പിക്കുകയാണ് ഈ ദേശീയ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം, 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പ്രക്രിയയില്‍ സജീവ പങ്കാളികളാകാന്‍ യുവാക്കളെ പ്രചോദിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.
ഭരണഘടനാ ദിനത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട്, വിവിധ സ്ഥാപനങ്ങളിലെ പങ്കാളികള്‍ ഒത്തുചേര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കും. ഭരണഘടനാപരമായ മൂല്യങ്ങളോടും ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആദര്‍ശങ്ങളോടുമുള്ള പ്രതിബദ്ധത ഇതിലൂടെ അവര്‍ ഊട്ടിയുറപ്പിക്കും. സംവാദങ്ങളിലൂടെയും ബോധവല്‍ക്കരണ പരിപാടികളിലൂടെയും യുവാക്കളെ ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു ദേശീയ വേദിയായും ഈ പരിപാടി വര്‍ത്തിക്കും. ഇന്ത്യയുടെ പുരോഗതി, ഉയര്‍ന്നുവരുന്ന അവസരങ്ങള്‍, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ തങ്ങള്‍ക്കുള്ള പങ്ക് എന്നിവ സംബന്ധിച്ച് ചിന്തിക്കാന്‍ ഇത് യുവാക്കളെ പ്രേരിപ്പിക്കും.
ഈ കാഴ്ചപ്പാടിനെ അടിസ്ഥാന തലത്തിലുള്ള അര്‍ത്ഥവത്തായ ഇടപെടലുകളാക്കി മാറ്റുന്നതിനായി, പ്രമുഖരായ 'യൂത്ത് ഐക്കണുകള്‍' (Youth Icons) വിവിധ സര്‍വകലാശാലകളിലും കോളേജുകളിലും നടക്കുന്ന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ഇതിന്റെ ഭാഗമായി, ഓരോ യൂത്ത് ഐക്കണും 'വികസിത് ഭാരത് @ 2047' എന്ന വിഷയത്തില്‍ പ്രത്യേകം തയ്യാറാക്കിയ അവതരണം നടത്തും. ഇന്ത്യയുടെ വികസന യാത്ര, സമീപകാല നേട്ടങ്ങള്‍, 2047-ഓടെ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങള്‍ എന്നിവയെക്കുറിച്ച് ഇത് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിലുമുള്ള രാജ്യത്തിന്റെ പുരോഗതി ഈ അവതരണത്തില്‍ ഉയര്‍ത്തിക്കാട്ടും; എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയും കോടിക്കണക്കിന് പൗരന്മാരുടെ ജീവിതനിലവാരവും ഉപജീവന മാര്‍ഗ്ഗങ്ങളും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നക്സലിസം നേരിടുന്നതിലും, സമാധാനം പുനഃസ്ഥാപിക്കുന്നതിലും, മുമ്പ് സംഘര്ഷബാധിതമായിരുന്ന പ്രദേശങ്ങളില്‍ വികസനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിലും ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയും ഇതില്‍ പ്രതിപാദിക്കും. കൂടാതെ, ആരോഗ്യകരവും ശാക്തീകരിക്കപ്പെട്ടതും ലഹരിമുക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യവും ഇത് ഊന്നിപ്പറയും. ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തിഗത നൈപുണ്യങ്ങളെയും, കുടുംബക്ഷേമത്തെയും, സാമൂഹിക പുരോഗതിയെയും, ദേശീയ ഉത്പാദനക്ഷമതയെയും എങ്ങനെ തകര്‍ക്കുന്നുവെന്ന് ഇത് വ്യക്തമാക്കും. 'വികസിത് ഭാരത് @ 2047' എന്ന ദര്‍ശനം സാക്ഷാത്കരിക്കുന്നതിന് 'നശാ മുക്ത് ഭാരത്' (ലഹരിമുക്ത ഭാരതം) അത്യന്താപേക്ഷിതമാണെന്നും, ഈ പരിവര്‍ത്തനത്തിന് നേതൃത്വം നല്കുന്നതില് യുവാക്കള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും ഈ അവതരണം ഓര്‍മ്മിപ്പിക്കും.
ഈ ആശയവിനിമയങ്ങള്‍ക്ക് കൂടുതല്‍ ആഴം പകര്‍ന്നു നല്‍കിക്കൊണ്ട്, പത്മ പുരസ്കാര ജേതാക്കള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും സ്വന്തം ജീവിതയാത്ര, വ്യക്തിപരമായ അനുഭവങ്ങള്‍, ഉള്‍ക്കാഴ്ചകള്‍ എന്നിവ പങ്കുവെക്കുകയും ചെയ്യും. തങ്ങള്‍ തരണം ചെയ്ത വെല്ലുവിളികള്‍, കൈവരിച്ച നാഴികക്കല്ലുകള്‍, ജീവിതയാത്രയില്‍ വഴികാട്ടിയായ മൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് അവര്‍ വിശദീകരിക്കും. അവരുടെ അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനും, രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ സമര്‍പ്പണബോധം, സ്ഥിരോത്സാഹം, പ്രതിബദ്ധത എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാനും യുവ പങ്കാളികള്‍ക്ക് ഇത്തരം സംവാദങ്ങള്‍ അവസരമൊരുക്കും.
2023 ഓഗസ്റ്റ് 15-ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ടുവെച്ച ദീര്ഘവീക്ഷണത്തില് നിന്നാണ് ഈ സംരംഭം പ്രചോദനം ഉള്‍ക്കൊള്ളുന്നത്. 'വികസിത് ഭാരത് @ 2047' എന്ന ദേശീയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹം യുവജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. രാഷ്ട്രനിര്‍മ്മാണത്തിന്റെ കരുത്തുറ്റ ചാലകശക്തിയായി 'അമൃത് പീഢി'യെ (യുവതലമുറയെ) അടയാളപ്പെടുത്തിക്കൊണ്ട്, രാജ്യത്തിന്റെ വികസനയാത്രയില്‍ യുവജനങ്ങളുടെ ഊര്‍ജ്ജം, സര്‍ഗാത്മകത, നൂതന ആശയങ്ങള്‍, നേതൃത്വപാടവം എന്നിവ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
'വികസിത് ഭാരത് @ 2047' എന്ന ദര്‍ശനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി 'മൈ ഭാരത്' പോര്‍ട്ടല്‍ വര്‍ത്തിക്കും. രജിസ്ട്രേഷനുകള്‍ക്കും പരിപാടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഈ പോര്‍ട്ടല്‍ വഴിയൊരുക്കുകയും, അതുവഴി കൂടുതല്‍ യുവാക്കളെ 'മൈ ഭാരത്' സംവിധാനത്തിന്റെ ഭാഗമാക്കാന്‍ സഹായിക്കുകയും ചെയ്യും. സ്ഥാപനതലത്തിലുള്ള ഇടപെടലുകളെയും ഡിജിറ്റല്‍ പങ്കാളിത്തത്തെയും സമന്വയിപ്പിച്ചുകൊണ്ട്, രാജ്യത്തുടനീളമുള്ള യുവാക്കള്‍ക്ക് പങ്കാളിത്തത്തിനുള്ള അവസരങ്ങള്‍ ഒരുക്കാനും, അര്‍ത്ഥവത്തായ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
ഈ പരിപാടിയില്‍ പങ്കാളികളാകുന്ന കോളേജുകളുമായും സര്‍വകലാശാലകളുമായും ശാശ്വതവും സ്ഥാപനപരവുമായ ബന്ധം ഇത് സ്ഥാപിക്കും. യുവാക്കളുടെ നിരന്തര പങ്കാളിത്തം ഉറപ്പാക്കുന്നതിനും, സന്നദ്ധസേവനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, ഭാവിയില്‍ 'മൈ ഭാരത്' സംരംഭങ്ങള്‍ നടപ്പിലാക്കുന്നതിനും സഹായകമാകും വിധം, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 'മൈ ഭാരത് ചാപ്റ്ററുകള്‍' രൂപീകരിക്കാവുന്നതാണ്. ഈ പരിപാടിയിലൂടെ പങ്കാളിത്തം, നേതൃത്വം, സേവനം എന്നീ മൂല്യങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രാവര്‍ത്തികമാക്കുകയും, സാമൂഹിക ഉത്തരവാദിത്തബോധവും രാഷ്ട്രനിര്‍മ്മാണത്തോടുള്ള പ്രതിബദ്ധതയും പുലര്‍ത്തുന്ന പ്രചോദിതരായ യുവ പൗരന്മാരുടെ ശക്തമായൊരു ശൃംഖല രൂപപ്പെടുത്തുകയും ചെയ്യുന്നു.
'വികസിത് ഭാരത് യുവ സംവാദ'ത്തിലൂടെ, 'അമൃത് പീഢി'യുടെ ഊര്‍ജ്ജം, ആശയങ്ങള്‍, വൈദഗ്ധ്യങ്ങള്‍ എന്നിവയെ 'വികസിത് ഭാരത് @ 2047' എന്ന ദേശീയ ലക്ഷ്യത്തിലേക്ക് തിരിച്ചുവിടാന്‍ 'മൈ ഭാരത്' ലക്ഷ്യമിടുന്നു. വികസിത രാഷ്ട്രമായി മാറാനുള്ള ഇന്ത്യയുടെ യാത്ര, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, സാമൂഹിക പരിവര്‍ത്തനം, സമാധാനവും സുരക്ഷയും, പൗരന്മാരുടെ ശാക്തീകരണം എന്നിവയില്‍ അധിഷ്ഠിതമാണ്. ലഹരിമുക്ത ഇന്ത്യ എന്നത് കേവലം ഒരു സാമൂഹിക അഭിലാഷം മാത്രമല്ല; ഓരോ യുവ പൗരന്റെയും സജീവ പങ്കാളിത്തം ആവശ്യപ്പെടുന്ന ഒരു ദേശീയ അനിവാര്യത കൂടിയാണ്. 'വികസിത് ഭാരതിനായി ലഹരിമുക്ത യുവത' എന്ന സന്ദേശത്തിലൂന്നി, അവബോധത്തെ പ്രവര്‍ത്തനമായും, സംവാദത്തെ ദൃഢനിശ്ചയമായും, യുവജന പങ്കാളിത്തത്തെ മാറ്റത്തിനായുള്ള ദേശീയ മുന്നേറ്റമായും പരിവര്‍ത്തനം ചെയ്യാന്‍ ഈ പരിപാടി ലക്ഷ്യമിടുന്നു.
ഈ ഭരണഘടനാ ദിനത്തില്‍, ഭരണഘടനയുടെ ആമുഖം ഒരുമിച്ച് വായിക്കാനും, ഭരണഘടനയില്‍ അടങ്ങിയിരിക്കുന്ന ആദര്‍ശങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധത പുതുക്കാനും, ആരോഗ്യപൂര്‍ണ്ണവും ശക്തവും ലഹരിമുക്തവുമായ ഒരു ഭാരതത്തിനായി ശബ്ദമുയര്‍ത്താനും 'മൈ ഭാരത്' ഇന്ത്യയിലെ യുവജനങ്ങളെ ക്ഷണിക്കുന്നു. യുവജനങ്ങളുടെ അഭിലാഷങ്ങള്‍ മാത്രമല്ല, മറിച്ച് അവര്‍ ഇന്ന് കൈക്കൊള്ളുന്ന ദീര്‍ഘവീക്ഷണമുള്ള തീരുമാനങ്ങളും അതിന്റെ സാക്ഷാത്കാരത്തിനായി നടത്തുന്ന ക്രിയാത്മക ഇടപെടലുകളുമാണ് 'വികസിത് ഭാരത് @ 2047' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് ദിശാബോധം പകര്‍ന്ന് നല്‍കുന്നത്.
രജിസ്ട്രേഷനും, പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും, 'മൈ ഭാരത്' സംരംഭങ്ങളില്‍ പങ്കാളികളാകുന്നതിനുള്ള അവസരങ്ങള്‍ അറിയുന്നതിനും www.mybharat.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
***