സിനിമ പഠിപ്പിക്കാൻ കഴിയുമോ? അതോ സ്വയം കണ്ടെത്തേണ്ടതാണോ? ഗോവയിൽ നടക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) ചലച്ചിത്ര പ്രദർശനങ്ങൾക്കൊപ്പം ഇന്ന് സംഘടിപ്പിച്ച 'ദി അൺടീച്ചബിൾ ഫ്രെയിം: കാൻ സിനിമ ബി ടോട്ട് ഓർ മസ്റ്റ് ഇറ്റ് ബി ഡിസ്കവേർഡ്?' എന്ന പാനൽ ചർച്ചയ്ക്ക് ഈ ചോദ്യം തുടക്കമിട്ടു. സർഗ്ഗാത്മക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും സാങ്കേതിക വൈദഗ്ധ്യം പകർന്നുനൽകുന്നതിലും ചലച്ചിത്ര വ്യവസായത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകരെ സജ്ജരാക്കുന്നതിലും ഫിലിം സ്കൂളുകളുടെ പങ്ക് ചർച്ചയിൽ പരിശോധിച്ചു.
നടിയും അന്നപൂർണ്ണ കോളേജ് ഓഫ് ഫിലിം ആൻഡ് മീഡിയയുടെ ഡയറക്ടറുമായ അമല അക്കിനേനി, നടനും ആക്ടർ പ്രിപ്പയേഴ്‌സിന്റെ സ്ഥാപകനുമായ അനുപം ഖേർ, സാംസ്കാരിക പത്രപ്രവർത്തകനും വാഴ്സോ ഫിലിം സ്കൂളിലെ അന്താരാഷ്ട്ര സഹകരണത്തിനായുള്ള വൈസ്-റെക്ടറും സമ്മർ ഫിലിം അക്കാദമിയുടെ പ്രോഗ്രാം ഡയറക്ടറും ടോഫിഫെസ്റ്റ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രോഗ്രാമറും FIPRESCI അംഗവുമായ ആർതർ ഡബോർസ്കി, ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (FTII) മുൻ ഡയറക്ടർ ഭൂപേന്ദ്ര കൈന്തോള, തമിഴ്, തെലുങ്ക്, മലയാളം ചലച്ചിത്ര വ്യവസായങ്ങളിലെ ഛായാഗ്രാഹകനും സിനിമ ഫാക്ടറി അക്കാദമി ഉപദേഷ്ടാവും സ്ഥാപകനുമായ മനോജ് പരമഹംസ എന്നിവർ പാനലിൽ പങ്കെടുത്തു. സോണി പിക്ചേഴ്സ് ഇന്ത്യയിലും നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിലും (NFDC) നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വിക്രംജിത് റോയ് സെഷനിൽ മോഡറേറ്ററായി.

ചലച്ചിത്ര നിർമ്മാണത്തിന്റെ കൂട്ടായ സ്വഭാവം എടുത്തുപറഞ്ഞ അമല അക്കിനേനി, വിദ്യാർത്ഥികൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ പഠിക്കാനും വ്യത്യസ്ത ചലച്ചിത്ര നിർമ്മാണ ശാഖകളുടെ പരസ്പരാശ്രിതത്വം മനസ്സിലാക്കാനും കഴിയുന്ന ഒരു അന്തരീക്ഷം ഫിലിം സ്കൂളുകൾ നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. നിലവിലുള്ള വാർപ്പുമാതൃകകളെ വെല്ലുവിളിക്കാനും കൂടുതൽ സ്ത്രീകളെ ചലച്ചിത്ര നിർമ്മാണത്തിൽ പ്രൊഫഷണൽ പരിശീലനം നേടുന്നതിന് പ്രോത്സാഹിപ്പിക്കാനും അവർ ചലച്ചിത്ര അധ്യാപകരോട് ആഹ്വാനം ചെയ്തു. അർപ്പണബോധത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അവർ, കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധത വളർത്തിയെടുക്കണമെന്ന് വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകരോട് ആവശ്യപ്പെട്ടു.
ഒരു നടന്റെ കഴിവുകൾ രൂപപ്പെടുത്തുന്നതിൽ ഔപചാരിക പരിശീലനത്തിന്റെ പ്രാധാന്യം അനുപം ഖേർ തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചുകൊണ്ട് അടിവരയിട്ടു. “നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പോയിരുന്നില്ലെങ്കിൽ ഞാൻ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നു” നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (NSD) യിൽ പഠിച്ച വർഷങ്ങൾ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു,
28-ാം വയസ്സിൽ 65 വയസ്സുള്ള ഒരാളായി വേഷമിട്ട തന്റെ ആദ്യ ചിത്രമായ 'സാരാംശ്' പരാമർശിച്ച ഖേർ, വെല്ലുവിളി നിറഞ്ഞ ആ വേഷം ഏറ്റെടുക്കാൻ തന്നെ പ്രാപ്തനാക്കിയതിനുള്ള കടപ്പാട് തന്റെ NSD പരിശീലനത്തിനുള്ളതാണെന്ന് പറഞ്ഞു. നിരീക്ഷണം, ഭാവന, വൈകാരിക ഓർമ്മ എന്നിവ ഒരു നടന്റെ മൂന്ന് അനിവാര്യ ഗുണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ അനുഭവങ്ങൾ ഓർമ്മയിൽ സൂക്ഷിക്കപ്പെടുകയും കഥാപാത്രങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഉറവിടമായി മാറുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

അഭിനയത്തെ ഒമ്പത് വികാരങ്ങളുമായോ അഥവാ നവരസങ്ങളുമായോ ഉള്ള ഇടപെടലായി വിശേഷിപ്പിച്ച അദ്ദേഹം, ഒരു രംഗത്തിന്റെയോ ക്രമത്തിന്റെയോ കഥയുടെയോ ആവശ്യങ്ങൾക്കനുസരിച്ച് അവ ഓർത്തെടുക്കാനും പ്രകടിപ്പിക്കാനും ഒരു നടന് കഴിയണമെന്ന് പറഞ്ഞു. ഈ വികാരങ്ങൾ ഫലപ്രദമായി മനസ്സിലാക്കാനും പരിശീലിക്കാനും ആശയവിനിമയം നടത്താനും ഫിലിം സ്കൂളുകൾ വളർന്നുവരുന്ന അഭിനേതാക്കളെ സഹായിക്കുന്നു. “ഓരോ അനുഭവവും നിങ്ങളെ എന്തെങ്കിലും പഠിപ്പിക്കുന്നു. ഒരു മനുഷ്യനെന്ന നിലയിൽ നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ അഭിനയത്തിൽ നിങ്ങളെ സഹായിക്കും” നിത്യജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ യുവ അഭിനേതാക്കളെ ഉപദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
അമിത ആത്മവിശ്വാസത്തിനെതിരെ യുവ അഭിനേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയ ഖേർ, കേവലമായ പ്രാവീണ്യം ചിലപ്പോൾ മികവിലേക്കുള്ള ഒരു തടസ്സമായി മാറിയേക്കാമെന്ന് നിരീക്ഷിച്ചു. കലാകാരന്മാർ തങ്ങളുടെ കഴിവുകളും കലയും മെച്ചപ്പെടുത്താൻ നിരന്തരം പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര നിർമ്മാണത്തിന് നിരന്തരമായ പരിശീലനവും അനുഭവപരിചയവും ലോകമെമ്പാടുമുള്ള സിനിമകളുമായുള്ള സമ്പർക്കവും ആവശ്യമാണെന്ന് ആർതർ ഡബോർസ്കി ഊന്നിപ്പറഞ്ഞു. യുവ ചലച്ചിത്ര പ്രവർത്തകരെ വൈവിധ്യമാർന്ന സിനിമാ പാരമ്പര്യങ്ങളിലേക്ക് പരിചയപ്പെടുത്തുന്നതിലും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള സിനിമകളുമായും പ്രൊഫഷണലുകളുമായും ഇടപഴകാൻ അവരെ പ്രാപ്തരാക്കുന്നതിലും ചലച്ചിത്രമേളകളുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. മൗലികമായ എന്തെങ്കിലും സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ചലച്ചിത്ര പ്രവർത്തകർക്ക് ലോക സിനിമയിലെ മാറ്റങ്ങൾ മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
വാഴ്സോ ഫിലിം സ്കൂളിൽ പിന്തുടരുന്ന സമീപനം പങ്കുവെച്ച ഡബോർസ്കി, പരീക്ഷണങ്ങൾ നടത്താനും സ്വന്തം തെറ്റുകളിൽ നിന്ന് പഠിക്കാനും അനുവദിക്കുന്ന പിന്തുണയുള്ള ഒരു സ്ഥാപന അന്തരീക്ഷത്തിൽ സിനിമകൾ നിർമ്മിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞു. പ്രൊഫഷണൽ സിനിമാ സെറ്റുകളിലെ തെറ്റുകൾക്ക് വലിയ സാമ്പത്തികവും പ്രായോഗികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നതിനാൽ ഇത്തരം അവസരങ്ങൾ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർമ്മാതാക്കൾക്ക് മുന്നിൽ പ്രോജക്ടുകൾ അവതരിപ്പിക്കുക, സാമ്പത്തിക സഹായം ഉറപ്പാക്കുക, പ്രൊഫഷണൽ മേഖലയെക്കുറിച്ച് മനസ്സിലാക്കുക എന്നിവയുൾപ്പെടെ ചലച്ചിത്ര നിർമ്മാണത്തിന്റെ ബിസിനസ്സ് വശങ്ങൾക്കായി വിദ്യാർത്ഥികളെ സജ്ജരാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ചലച്ചിത്രമേളകളുമായുള്ള സമ്പർക്കം ഈ തയ്യാറെടുപ്പിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളെ അലട്ടുന്ന വിഷയങ്ങളോ അംഗീകരിക്കാൻ പ്രയാസമുള്ള കാര്യങ്ങളോ കണ്ടെത്താൻ യൂറോപ്യൻ ചലച്ചിത്രമേളകൾ തേടുന്ന തരത്തിലുള്ള സിനിമകളെക്കുറിച്ച് സംസാരിക്കവെ ഡബോർസ്കി യുവ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിച്ചു. സാമൂഹികവും മാനുഷികവുമായി പ്രാധാന്യമുള്ള ആശങ്കകളുമായി അർത്ഥവത്തായി ഇടപഴകുന്ന സിനിമകളെയാണ് ചലച്ചിത്രമേളകൾ വിലമതിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കലാപരമായ ആവിഷ്കാരവും സ്ഥാപനപരമായ പരിശീലനവും തമ്മിലുള്ള ബന്ധം ഭൂപേന്ദ്ര കൈന്തോള എടുത്തുപറഞ്ഞു. "കല സ്വയം കണ്ടെത്താൻ കഴിയും, എന്നാൽ വൈദഗ്ധ്യം പഠിപ്പിക്കേണ്ടതുണ്ട്," വളർന്നുവരുന്ന ചലച്ചിത്ര പ്രൊഫഷണലുകൾക്ക് ഔപചാരിക വിദ്യാഭ്യാസത്തിന്റെ മൂല്യം ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.
ചലച്ചിത്രനിർമ്മാണത്തിൽ വിജയിക്കണമെങ്കിൽ സർഗ്ഗാത്മകതയ്ക്ക് അച്ചടക്കം, ചിട്ടയായ പഠനം, പ്രൊഫഷണൽ പ്രക്രിയകൾ പാലിക്കൽ എന്നിവയുടെ പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കുടുംബങ്ങളിലെ പരമ്പരാഗത തൊഴിൽ പ്രതീക്ഷകൾക്കിടയിലും നിരവധി വിദ്യാർത്ഥികൾ ചലച്ചിത്ര വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നുണ്ടെന്ന് എഫ്.ടി.ഐ.ഐയിലെ തന്റെ അനുഭവത്തെ അടിസ്ഥാനമാക്കി കൈന്തോള ചൂണ്ടിക്കാട്ടി. എഫ്.ടി.ഐ.ഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവരുടെ സർഗ്ഗാത്മക അഭിലാഷങ്ങളെ പരിപോഷിപ്പിക്കാൻ കഴിയുന്ന അനുകൂല അന്തരീക്ഷം ഒരുക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രൊഫഷണൽ സിനിമാ സെറ്റുകൾ ഒന്നിലധികം പ്രായോഗിക പരിമിതികൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നതെന്നും തുടക്കക്കാർക്ക് പരീക്ഷണങ്ങൾ നടത്താനും തെറ്റുകളിലൂടെ പഠിക്കാനും പരിമിതമായ അവസരമേ അവിടെ ലഭിക്കുന്നുള്ളൂവെന്നും മനോജ് പരമഹംസ ഊന്നിപ്പറഞ്ഞു.
അതിനാൽ ചിട്ടയായ അന്തരീക്ഷത്തിൽ ചലച്ചിത്ര നിർമ്മാണത്തിന്റെ അടിസ്ഥാന കാര്യങ്ങൾ പഠിപ്പിച്ചുകൊണ്ട് ഫിലിം സ്കൂളുകൾ ഒരു പ്രധാന അടിത്തറ നൽകുന്നു. സാങ്കേതിക വൈദഗ്ധ്യത്തിനപ്പുറം മാനവവിഭവശേഷി കൈകാര്യം ചെയ്യാനും ടീമുകളെ ഏകോപിപ്പിക്കാനും കൂട്ടായി പ്രവർത്തിക്കാനും അവ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു, ഇവയെല്ലാം ഒരു ചലച്ചിത്ര പദ്ധതിയുടെ വിജയകരമായ നിർവ്വഹണത്തിന് നിർണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര വിദ്യാഭ്യാസത്തിലും ചലച്ചിത്ര നിർമ്മാണത്തിലും നിർമിത ബുദ്ധിയുടെ വർധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും പാനൽ ചർച്ച ചെയ്തു.
ആവർത്തിച്ചുള്ള ജോലികൾ ലഘൂകരിക്കാനും പ്രാഥമിക സ്റ്റോറിബോർഡുകൾ തയ്യാറാക്കാനും നിർമ്മാണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും എഐ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് മനോജ് പരമഹംസ നിരീക്ഷിച്ചു. സാങ്കേതിക മുന്നേറ്റങ്ങൾ ദൃശ്യനിർമ്മാണത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ചിത്രീകരണത്തിന് ശേഷവും പശ്ചാത്തലങ്ങൾ പരിഷ്കരിക്കാനും സങ്കീർണ്ണമായ ദൃശ്യ ഭൂമിക സൃഷ്ടിക്കാനും ഇത് ചലച്ചിത്ര പ്രവർത്തകരെ പ്രാപ്തരാക്കുന്നു.
സാങ്കേതിക മുന്നേറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുമ്പോൾ തന്നെ സർഗ്ഗാത്മകമായ ആവിഷ്കാരത്തിന്റെ കേന്ദ്രബിന്ദു മാനുഷിക വികാരങ്ങൾ തന്നെയാണെന്ന് അനുപം ഖേർ ഊന്നിപ്പറഞ്ഞു. സാങ്കേതികവിദ്യയ്ക്ക് ദൃശ്യങ്ങളും പ്രകടനങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞേക്കാമെങ്കിലും അഭിനയത്തിലേക്ക് മനുഷ്യർ കൊണ്ടുവരുന്ന ഹൃദയവും ആത്മാവും പകർത്താൻ അതിന് കഴിയില്ലെന്ന് എഐ നിർമ്മിത വെർച്വൽ അവതാറുകളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സ്ഥാപനപരമായ പരിശീലനം, പ്രായോഗിക പരിജ്ഞാനം, പരീക്ഷണങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിൽ ഫിലിം സ്കൂളുകളുടെ തുടർച്ചയായ പ്രസക്തി ഈ ചർച്ച അടിവരയിട്ടു. വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകർ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നവരും സാങ്കേതിക അവബോധമുള്ളവരും നിരന്തരമായ പഠനത്തിനും സ്വയം നവീകരണത്തിനും പ്രതിജ്ഞാബദ്ധരുമായി തുടരേണ്ടതിന്റെ ആവശ്യകതയും ഇത് എടുത്തുപറഞ്ഞു.
2026 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ത്യയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ചലച്ചിത്ര പ്രവർത്തകരെയും വ്യവസായ പ്രൊഫഷണലുകളെയും സിനിമാ പ്രേമികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു. ചലച്ചിത്ര പ്രദർശനങ്ങൾ, മാസ്റ്റർക്ലാസുകൾ, ചർച്ചകൾ എന്നിവയിലൂടെ സിനിമാറ്റിക് കൈമാറ്റത്തിനും പഠനത്തിനും സഹകരണത്തിനുമുള്ള ഒരു വേദി ഈ മേള ഒരുക്കുന്നു.
വാർത്താസമ്മേളനം പൂർണ്ണമായി ഇവിടെ കാണാം : https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***