അന്താരാഷ്ട്ര ചലച്ചിത്ര നിര്‍മാണ രംഗത്ത് ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് നയരൂപീകരണ വിദഗ്ധരും ചലച്ചിത്ര മേഖലയിലെ പ്രമുഖരും ചര്‍ച്ച ചെയ്തതോടെ, ആഗോളതലത്തില്‍ സിനിമ ചിത്രീകരണത്തിനും നിര്‍മാണത്തിനുമുള്ള ഒരു പ്രധാന കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന സാധ്യതകള്‍ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.ഐ) ശ്രദ്ധാകേന്ദ്രമായി.
'സിനിമ ചിത്രീകരണം എളുപ്പമാക്കി ആഗോള ചലച്ചിത്ര ചിത്രീകരണ -നിര്‍മാണ കേന്ദ്രമായി ഇന്ത്യയുടെ ഉയര്‍ച്ച' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ശ്രീ പൃഥുല്‍ കുമാര്‍, 'സ്‌ക്രീന്‍ ഓസ്ട്രേലിയ' ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീമതി ഗ്രെയ്ന്‍ ബ്രണ്‍ഡ്സണ്‍, മുതിര്‍ന്ന നടനും സംവിധായകനും നിര്‍മാതാവുമായ ശ്രീ അനുപം ഖേര്‍ എന്നിവര്‍ പങ്കെടുത്തു.
_20261122164754_cb1b73.jpeg)
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ നേതൃത്വത്തില്‍, ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (എന്‍.എഫ്.ഡി.സി) വഴി പ്രവര്‍ത്തിക്കുന്ന 'ഇന്ത്യ സിനി ഹബ്' (ഐ.സി.എച്ച്) എന്ന ഏകജാലക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ഇന്ത്യയില്‍ ചലച്ചിത്ര നിര്‍മാണത്തെ എങ്ങനെ സഹായിക്കുന്നുവെന്നത് ചര്‍ച്ചയില്‍ വിശകലനം ചെയ്തു. ചലച്ചിത്ര നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ രാജീവ് മസന്ദ് ആയിരുന്നു ഈ സെഷൻ മോഡറേറ്റര്‍.
ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട്, 'ഇന്ത്യ സിനി ഹബ്' പോര്‍ട്ടലില്‍ സംസ്ഥാന ഗവണ്മെൻ്റുകളെ കൂടി ഉള്‍പ്പെടുത്തിയത് സിനിമ ചിത്രീകരണ അനുമതികള്‍ ലളിതമാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് ശ്രീ കുമാര്‍ പറഞ്ഞു. ഇനിമുതല്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഏക ഡിജിറ്റല്‍ സമ്പര്‍ക്കതലത്തിലൂടെ തദ്ദേശ സ്ഥാപന അധികൃതര്‍, ട്രാഫിക് വകുപ്പുകള്‍, ഇന്ത്യന്‍ റെയില്‍വേ, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) തുടങ്ങി വിവിധ ഏജന്‍സികളില്‍ നിന്നുള്ള അനുമതികള്‍ക്കായി ഒരു പൊതു അപേക്ഷാ ഫോം ഉപയോഗിക്കാവുന്നതാണ്.
ഏകദേശം 32 സേവനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപേക്ഷകര്‍ക്ക് ഒരു ഡാഷ്ബോര്‍ഡ് വഴി തങ്ങളുടെ അപേക്ഷകളുടെ പുരോഗതി നിരീക്ഷിക്കാനാകും. ആവശ്യമുള്ള ഘട്ടങ്ങളില്‍, സുരക്ഷിതമായ പണവിനിമയ ലിങ്കുകള്‍ വഴി പണമടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 'ഡിജിറ്റല്‍ സ്‌കൈ' പ്ലാറ്റ്‌ഫോം വഴി ലഭ്യമാകുന്ന, ഡ്രോണ്‍ ഉപയോഗ സംബന്ധമായ അനുമതികളും ഇതില്‍ സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
ഇന്ത്യയില്‍ സിനിമ ചിത്രീകരണം കൂടുതല്‍ എളുപ്പമായി വരുന്നതിനെ എടുത്തുപറഞ്ഞുകൊണ്ട്, അന്താരാഷ്ട്ര ചലച്ചിത്ര ചിത്രീകരണത്തിനുള്ള അനുമതികള്‍ ലഭിക്കാന്‍ നിശ്ചയിച്ചിട്ടുള്ള 28 ദിവസത്തെ സമയപരിധിക്ക് പകരം, 2015 മുതല്‍ ശരാശരി 18 ദിവസം മാത്രമേ ആവശ്യമായി വരുന്നുള്ളൂവെന്ന് ശ്രീ കുമാര്‍ ചൂണ്ടിക്കാട്ടി. മധ്യപ്രദേശിലെ സ്വാഭാവിക അംഗീകാര വ്യവസ്ഥയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു; ഇതനുസരിച്ച്, അപേക്ഷ സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ തീരുമാനമൊന്നും അറിയിച്ചില്ലെങ്കില്‍, ആ അപേക്ഷ അംഗീകരിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

സിനിമ ചിത്രീകരണത്തിനും സഹനിര്‍മാണത്തിനുമുള്ള ഒരു കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആകര്‍ഷണീയത എടുത്തുപറഞ്ഞുകൊണ്ട്, ഇത്തരം അവസരങ്ങള്‍ക്കായി ഇന്ത്യയെ സമീപിക്കുന്ന അന്താരാഷ്ട്ര നിര്‍മാണ സംരംഭങ്ങളുടെ എണ്ണം പ്രതിവര്‍ഷം 25 മുതല്‍ 30-ല്‍ നിന്ന് 100 മുതല്‍ 200 ആയി ഉയര്‍ന്നതായി ശ്രീ. കുമാര്‍ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയിലെ ചലച്ചിത്ര നിര്‍മാണ വിഭവങ്ങള്‍ കണ്ടെത്താനും അവ പ്രയോജനപ്പെടുത്താനും സാധിക്കുന്ന തരത്തില്‍, നിര്‍മാണ രംഗത്തെ പ്രൊഫഷണലുകളും സേവന ദാതാക്കളും ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ചിത്രീകരണ കേന്ദ്രങ്ങളും, ചലച്ചിത്ര നിര്‍മാണ രംഗത്തെ പ്രതിഭകളും, പ്രേക്ഷകരുമായുള്ള ശക്തമായ വൈകാരിക ബന്ധവും ഇന്ത്യയെ അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ക്ക് അനുയോജ്യമായ ഒരിടമാക്കി മാറ്റുന്നുവെന്ന് ശ്രീമതി ബ്രണ്‍ഡ്സണ്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയെക്കുറിച്ച് പരാമര്‍ശിച്ച അവര്‍, കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ ഓസ്ട്രേലിയന്‍ സിനിമകളേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇന്ത്യന്‍ സിനിമകള്‍ കണ്ടുവെന്ന് ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ വംശജരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും, ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാംസ്‌കാരിക, വിദ്യാഭ്യാസ, കായിക, വാണിജ്യ ബന്ധങ്ങളും ചേര്‍ന്ന്, സംയുക്ത സഹകരണത്തോടെയുളള കഥാവിഷ്‌കാരത്തിന് ഗണ്യമായ അവസരങ്ങളാണ് ഒരുക്കിയതെന്ന് അവര്‍ പറഞ്ഞു.
''ഓരോ ചലച്ചിത്രവും ഒരു സ്റ്റാര്‍ട്ടപ്പും ഒരു അത്ഭുതവുമാണ്. അതൊരു സ്വപ്‌നത്തില്‍ നിന്നോ ആശയത്തില്‍ നിന്നോ ആരംഭിച്ച്, അര്‍പ്പണബോധവും അഭിനിവേശവും മറ്റുള്ളവരുടെ പിന്തുണയും കൊണ്ട് ജീവന്‍ നല്‍കുകയും ചെയ്യുന്നു."- ചലച്ചിത്ര നിര്‍മാണത്തിന് ഗവണ്മെൻ്റ് പിന്തുണയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് അവർ പറഞ്ഞു,
വിജയകരമായ സഹനിര്‍മാണങ്ങള്‍ സാമ്പത്തിക സഹകരണത്തിനും വെല്ലുവിളി പങ്കിടലിനും അപ്പുറത്തേക്ക് കടന്ന്, സര്‍ഗ്ഗാത്മകമായ ആശയവിനിമയത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍, ഓസ്ട്രേലിയന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് പരസ്പരം കഥാഖ്യാന പൈതൃകങ്ങളില്‍ നിന്ന് പഠിക്കാനും, പ്രവാസജീവിതം ഉള്‍പ്പെടെയുള്ള പൊതുവായ അനുഭവങ്ങള്‍ പങ്കുവെക്കാനും സാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലെയും പ്രേക്ഷകരെ ഒരുപോലെ ആകര്‍ഷിക്കുന്ന കഥകള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും.

'ഇന്ത്യ സിനി ഹബ്' പ്ലാറ്റ്‌ഫോം സ്ഥാപിക്കാന്‍ കേന്ദ്ര ഗവണ്മെൻ്റ് മുന്‍കൈ എടുത്തതിനെ അഭിനന്ദിച്ചുകൊണ്ട്, സിനിമാ ചിത്രീകരണത്തിനുള്ള അനുമതികള്‍ നേടുന്ന പ്രക്രിയയില്‍ ഗണ്യമായ പുരോഗതിയുണ്ടായെന്ന് ശ്രീ അനുപം ഖേര്‍ പറഞ്ഞു. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി, ഭക്ഷണം, വസ്ത്രധാരണം, സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ എന്നിവ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സര്‍ഗ്ഗാത്മകമായ സാധ്യതകളുടെ അസാധാരണ തലങ്ങള്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമ ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്ക് അതീതമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു -"വികാരങ്ങള്‍ക്ക് ഒരു വ്യത്യസ്ത ദേശീയതകളുമില്ല. സിനിമ ചിത്രീകരണങ്ങള്‍ക്കുള്ള സാധ്യതകള്‍ മാത്രമാണ് ആകെ ആവശ്യമായുള്ളത്".
ഏക ജാലക സംവിധാനം നിലവിലുള്ള നിര്‍മാതാക്കള്‍ക്ക് മാത്രമല്ല, പുതുമുഖങ്ങള്‍, എഴുത്തുകാര്‍, നിര്‍മാണ രംഗത്തെ വിദഗ്ധര്‍, സംവിധായകരാകാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്കും പ്രയോജനകരമാണെന്നും ശ്രീ ഖേര്‍ ചൂണ്ടിക്കാട്ടി. അനുമതികള്‍ ലഭ്യമാക്കുന്നതില്‍ സഹായിക്കാമെന്ന പേരില്‍ ചലച്ചിത്ര പ്രവര്‍ത്തകരെ ചൂഷണം ചെയ്യാന്‍ ഇടയുള്ള ഇടനിലക്കാര്‍ കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ശ്രീ ഖേര്‍ മുന്നറിയിപ്പ് നല്‍കി.
ലളിതമാക്കിയ അനുമതി നടപടിക്രമങ്ങള്‍, വൈവിധ്യമാര്‍ന്ന സിനിമ ചിത്രീകരണ കേന്ദ്രങ്ങള്‍, സര്‍ഗ്ഗാത്മക സഹകരണത്തിനുള്ള സാധ്യതകള്‍ എന്നിവയുടെ പിന്തുണയോടെ അന്താരാഷ്ട്ര ചലച്ചിത്ര നിര്‍മാണങ്ങള്‍ക്ക് ഒരു താല്പര്യ കേന്ദ്രമായി ഉയര്‍ന്നു വരുന്നതിനുള്ള ഇന്ത്യയുടെ വളര്‍ന്നു വരുന്ന സാധ്യതകളില്‍ ഈ സെഷന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആഗോള ചലച്ചിത്ര വിനിമയത്തിനുള്ള ഒരു വേദിയെന്ന നിലയില്‍ ഐ.എഫ്.എഫ്.ഐയുടെ പങ്കിന് അനുസൃതമായി, ശക്തമായ വ്യവസായ പങ്കാളിത്തങ്ങളും ചലച്ചിത്ര നിര്‍മാണത്തിന് അനുകൂലമായ സാഹചര്യങ്ങളും എങ്ങനെ ഇന്ത്യന്‍ സിനിമയ്ക്ക് ആഗോളതലത്തില്‍ പുതു പാതകള്‍ തുറന്നുനല്‍കുമെന്ന് ഈ സെഷന്‍ എടുത്തു പറഞ്ഞു.

IFFILOID ഇവിടെ വായിക്കുക https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
***