ഗോവ, 2026 നവംബർ 21
തെക്കേ അറ്റം മുതൽ വടക്കുകിഴക്കൻ മേഖല വരെ കഥകളുടെയും സംസ്കാരങ്ങളുടെയും സർഗാത്മക ആവിഷ്കാരങ്ങളുടെയും അസാധാരണ വൈവിധ്യത്തിൽ നിന്നാണ് ഇന്ത്യൻ സിനിമ കരുത്താർജിക്കുന്നത്. എങ്കിലും പ്രാദേശിക സ്വത്വങ്ങൾക്കും ചലച്ചിത്ര ശൈലികൾക്കുമപ്പുറം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രേക്ഷകരുമായി ഈ കഥകളെ ബന്ധിപ്പിക്കുന്നത് പങ്കിട്ട മാനുഷിക വികാരങ്ങളാണ്. ഈ വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ പനോരമ 2026 ഫീച്ചർ ഫിലിം ജൂറി 404 അപേക്ഷകളില്‍നിന്ന് 25 ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഗോവയിലെ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിൽ ജൂറി അധ്യക്ഷനായ ചലച്ചിത്ര സംവിധായകൻ മധുർ ഭണ്ഡാർക്കർ തിരഞ്ഞെടുപ്പിന്റെ അനുഭവങ്ങൾ പങ്കുവെച്ചു.

വിവിധ വിഭാഗങ്ങളിൽപ്പെട്ട ചിത്രങ്ങൾ ജൂറിക്ക് മുന്നിലെത്തിയിരുന്നതായും കൂട്ടായ തീരുമാനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് സംസാരിച്ച മധുർ ഭണ്ഡാർക്കർ പറഞ്ഞു. ചലച്ചിത്രമേളകൾ പുതിയ കാര്യങ്ങൾ പഠിക്കാനും പുതിയ കാഴ്ചപ്പാടുകൾ നേടാനും അവസരമൊരുക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അനുഭവം ഏറെ സമ്പന്നമായിരുന്നുവെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അന്തിമ തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീ മധുര്‍ ഭണ്ഡാര്‍ക്കര്‍, തിരഞ്ഞെടുത്ത ചിത്രങ്ങളിൽ ജൂറി പൂർണ സംതൃപ്തരാണെന്നും അറിയിച്ചു. ജൂറിയെ ഏറെ ആകർഷിച്ച ചില മറാഠി, ലഡാക്കി, മലയാളം ചിത്രങ്ങളെ അദ്ദേഹം പ്രത്യേകം അനുസ്മരിക്കുകയും അവയെ വിസ്മയകരമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാഴ്ചപ്പാടുകൾ ഒരുമിപ്പിക്കുമ്പോഴും സ്വന്തം ആശയങ്ങളിൽ മൗലികത നിലനിർത്തുന്ന ചിത്രങ്ങൾക്കാണ് ജൂറി മുൻഗണന നൽകിയതെന്ന് മൗലികതയുടെയും പ്രാതിനിധ്യത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞ മുതിർന്ന കോളമിസ്റ്റും ജൂറി അംഗവുമായ ഭാരതി പ്രധാൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ അഖിലേന്ത്യാ പ്രാതിനിധ്യം കൈവരിക്കാൻ കഴിഞ്ഞതിൽ അവർ സംതൃപ്തി രേഖപ്പെടുത്തി. മുഖ്യധാരാ സിനിമ വിഭാഗത്തിലേക്ക് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങൾ ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിൽ നിന്ന് വ്യത്യസ്തമായിരുന്നുവെന്നും അവർ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ കാണുന്നത് അന്താരാഷ്ട്ര സിനിമ അനുഭവിക്കുന്നതിന് തുല്യമായിരുന്നുവെന്ന് നടിയും ജൂറി അംഗവുമായ ബിന്ദു ചന്ദ്രമൗലി പറഞ്ഞു. ഭാഷകളിലും ശൈലികളിലും വിഭാഗങ്ങളിലും വ്യത്യാസങ്ങളുണ്ടെങ്കിലും ചിത്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അന്തർലീനമായ വികാരങ്ങളുടെ പൊതുസ്വഭാവം നിരീക്ഷിച്ചതായി അവർ പറഞ്ഞു. സ്വന്തം ഭാഷാ താല്പര്യങ്ങൾക്കപ്പുറം സിനിമകളെ തേടാൻ പ്രേക്ഷകരെ പ്രോത്സാഹിപ്പിച്ച അവർ വിവിധ ഭാഷകളിലെ ചിത്രങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനും വൈവിധ്യമാർന്ന കഥാഖ്യാന ശൈലികളെ അഭിനന്ദിക്കാനും തെലുങ്ക് പ്രേക്ഷകരോട് അഭ്യർത്ഥിച്ചു.

രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വം പ്രതിഫലിപ്പിക്കുന്ന വെർച്വൽ ഭാരത പര്യടനമായിരുന്നു ഈ അനുഭവമെന്ന് ഛായാഗ്രാഹകനും ജൂറി അംഗവുമായ എം.എസ്. പ്രഭു വിശേഷിപ്പിച്ചു. വിവിധ മേഖലകളിലെ ചിത്രങ്ങൾ ജൂറി കണ്ടപ്പോൾ അവയുടെ കഥകളും വികാരങ്ങളും തമ്മിലെ ബന്ധം കൂടുതൽ വ്യക്തമായി. തിരഞ്ഞെടുപ്പ് പ്രക്രിയ വിലപ്പെട്ട പഠനാനുഭവമായിരുന്നുവെന്ന് നിരീക്ഷിച്ച അദ്ദേഹം, നവാഗത സംവിധായകരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

തിരഞ്ഞെടുത്ത ചിത്രങ്ങളോടുള്ള പ്രതികരണം പങ്കുവെച്ച ഛായാഗ്രാഹകനും ജൂറി അംഗവുമായ കെ.എസ്. ശിവരാമൻ, ചില കഥകൾ പകർന്നുനൽകിയ വികാരങ്ങൾ അത്രമേൽ ഹൃദയസ്പർശിയായിരുന്നതിനാൽ അത്തരം ചിത്രങ്ങൾ ദക്ഷിണേന്ത്യൻ പ്രേക്ഷകർക്കായി പുനരാവിഷ്കരിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചതായി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സിനിമ നൽകുന്ന സന്ദേശം പ്രധാന ഘടകമായിരുന്നുവെന്ന് ജൂറി അംഗം സോഹം പി. ഷാ എടുത്തുപറഞ്ഞു.

മുഖ്യധാരാ സിനിമ വിഭാഗത്തിലെ അഞ്ച് ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും ജൂറി ചർച്ച ചെയ്തു. ചിത്രങ്ങൾ മുന്നോട്ടുവെക്കുന്ന സാധ്യതകൾ, ആശയങ്ങൾ, സങ്കല്പങ്ങൾ എന്നിവയുടെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട കൂട്ടായ തീരുമാനമായിരുന്നു ഇതെന്ന് ഭണ്ഡാർക്കർ വ്യക്തമാക്കി. ശ്രീ രജിത് ചന്ദ്രൻ വാര്‍ത്താസമ്മേളനം നിയന്ത്രിച്ചു.
തിരഞ്ഞെടുത്ത ഫീച്ചർ ഫിലിം പാക്കേജിൽ ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിലെ 20 ചിത്രങ്ങളും മുഖ്യധാരാ സിനിമ വിഭാഗത്തിലെ അഞ്ച് ചിത്രങ്ങളും ഉൾപ്പെടുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ഹിന്ദി ചിത്രമാണ് ഇന്ത്യൻ പനോരമ 2026-ന്റെ ഉദ്ഘാടന ഫീച്ചർ ചിത്രമായി തിരഞ്ഞെടുത്തത്. 20 നോൺ-ഫീച്ചർ ചിത്രങ്ങളും വിപുലമായ ഇന്ത്യൻ പനോരമ വിഭാഗത്തില്‍ ഉൾപ്പെടുന്നു.
വ്യത്യസ്ത പ്രാദേശിക സ്വത്വങ്ങളും ചലച്ചിത്ര ശൈലികളും പ്രേക്ഷകരുടെ മനസ്സിൽ പ്രതിധ്വനിക്കുന്ന കഥകളിലൂടെ ഒരുമിക്കുന്ന ഇന്ത്യൻ ചലച്ചിത്രനിർമാണത്തിന്റെ വ്യാപ്തിയാണ് ജൂറിയുടെ നിരീക്ഷണങ്ങൾ എടുത്തുകാട്ടുന്നത്. ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ വൈവിധ്യത്തെ തുടർന്നും ശ്രദ്ധാകേന്ദ്രമാക്കുന്ന ഇന്ത്യൻ പനോരമ സമകാലിക ഇന്ത്യൻ സിനിമയെ ഭാഷകൾക്കും സംസ്കാരങ്ങൾക്കുമപ്പുറം അനുഭവിക്കാനും ആസ്വദിക്കാനും വേദിയൊരുക്കുകയും ചെയ്യുന്നു.
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക വാര്‍ത്താപത്രിക IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1®=48
********