57th International Film Festival of India 2026
20 – 28 Nov 2026

പൂർവിക പൈതൃകം മുതൽ മനുഷ്യബന്ധങ്ങൾ വരെ; 57-ാമത് ഐഎഫ്എഫ്ഐയിൽ പ്രാദേശിക കഥകൾ ആഗോള വേദിയിലെത്തിച്ച് 12 ഗോവൻ സിനിമകൾ

പോസ്റ്റഡ് ഓണ്‍: 20 NOV 2026 7:54PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2339396Views: 5
തീരദേശ സൗന്ദര്യം, സമ്പന്നമായ പൈതൃകം, സമാനതകളില്ലാത്ത ആതിഥ്യമര്യാദ എന്നിവയിലൂടെ ലോകമെമ്പാടും പ്രശസ്തമാണ് ഗോവ. എന്നാൽ അത്രതന്നെ ശ്രദ്ധ അർഹിക്കുന്ന മറ്റൊരു വശം കൂടി ഗോവയ്ക്കുണ്ട്; അവിടുത്തെ കഥകളും ആ കഥകൾക്ക് പിന്നിലുള്ള മനുഷ്യരും. 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) പ്രത്യേകം തിരഞ്ഞെടുത്ത സിനിമകളുടെ ഒരു വിഭാഗം ഗോവയുടെ ഈ വശമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. പ്രാദേശിക ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടു നിൽക്കുന്നതും അതേസമയം സാർവത്രികമായി പ്രസക്തവുമായ ജീവിതങ്ങൾ, ബന്ധങ്ങൾ, ഓർമകൾ, അനുഭവങ്ങൾ എന്നിവയാണ് ഈ ചിത്രങ്ങൾ അവതരിപ്പിക്കുന്നത്.
 
നവംബർ 21 മുതൽ 28 വരെ പനാജിയിലെ ഐനോക്സ് തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന ഈ സിനിമകൾ സമ്പന്നമായ വൈകാരിക അനുഭവങ്ങളുടെ ലോകത്തേക്കാണ് പ്രേക്ഷകരെ നയിക്കുന്നത്. സ്വന്തം മനഃസാക്ഷിയോട് ഏറ്റുമുട്ടുന്ന പ്രായമായ സ്ത്രീ, വിസ്മൃതിയിലായ പ്രാദേശിക നായകൻ്റെ   തിരിച്ചുവരുന്ന ഭൂതകാലം, കുടുംബവുമായി വീണ്ടും അടുക്കാൻ ശ്രമിക്കുന്ന മകൾ, പൂർവികരുടെ വീട് സംരക്ഷിക്കാൻ പോരാടുന്ന വയോധികനായ ഗ്രാമീണൻ തുടങ്ങിയ കഥകൾ മനുഷ്യജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളാണ് വരച്ചുകാട്ടുന്നത്.
 
കൊങ്കണി, മറാഠി ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ഈ ചലച്ചിത്രവിഭാഗത്തിൽ ഫീച്ചർ സിനിമകളും ഹ്രസ്വചിത്രങ്ങളും ഉൾപ്പെടുന്നു. കുടുംബബന്ധങ്ങൾ, സാമൂഹ്യ യാഥാർഥ്യങ്ങൾ, വ്യക്തിപരമായ പോരാട്ടങ്ങൾ, സ്വത്വം, ബാല്യം, ഏകാന്തത, ആത്മാന്വേഷണം തുടങ്ങി വിവിധ വിഷയങ്ങളാണ് ചിത്രങ്ങൾ കൈകാര്യം ചെയ്യുന്നത്. ആഴത്തിലുള്ള വ്യക്തിഗത അനുഭവങ്ങൾ പറയുന്ന കഥകൾ മുതൽ രസകരമായ ഹാസ്യചിത്രങ്ങളും ചിന്തിപ്പിക്കുന്ന നാടകീയ ചിത്രങ്ങളും വരെ ഉൾപ്പെടുന്ന ഈ ശേഖരം ഗോവയിലെ ചലച്ചിത്രനിർമാണ രംഗത്തിൻ്റെ   മാറിക്കൊണ്ടിരിക്കുന്ന മുഖം പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു.
 
ഗോവൻ ചലച്ചിത്രവിഭാഗത്തിലേക്ക് കണ്ണോടിക്കുമ്പോൾ
അൻസെസാവോ (ANCESSAO)
 
സംവിധാനം: മംഗുരിഷ് ജെ. ബന്ദോദ്കർ
ഭാഷ: കൊങ്കണി
ദൈർഘ്യം: 30 മിനിറ്റ്
 
ഗോവയിലെ ശാന്തമായ ഒരു ഗ്രാമത്തിൻ്റെ   പശ്ചാത്തലത്തിലാണ് അൻസെസാവോ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ സ്ത്രീയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മറ്റുള്ളവരെക്കുറിച്ചുള്ള സംഭാഷണങ്ങളിലൂടെയാണ് അവർ ജീവിതത്തിലെ നിശബ്ദതയ്ക്ക് അർത്ഥം കണ്ടെത്തുന്നത്. സ്വന്തം ദുഃഖത്തെ നേരിടാൻ കഴിയാത്ത അവർ, ഉള്ളിൽ ഉണങ്ങാത്ത മുറിവിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള മാർഗമാണ് പരദൂഷണമെന്ന് ഒടുവിൽ തിരിച്ചറിയുന്നു. മനഃസാക്ഷിയുടെ പ്രേരണയാൽ സ്വയം മാറാൻ അവർ തീരുമാനിക്കുന്നുണ്ടെങ്കിലും ആ മാറ്റം അധികകാലം നീണ്ടുനിൽക്കുന്നില്ല.
 
ഉമേഷ് (UMESH)
സംവിധാനം: വർധൻ വിജയ്കുമാർ കാമത്ത്
ഭാഷ: കൊങ്കണി
ദൈർഘ്യം: 1 മണിക്കൂർ 39 മിനിറ്റ്
 
ഒരുകാലത്ത് ഏറെ പ്രശസ്തനായിരുന്ന പ്രാദേശിക നായകനായ ഉമേഷ് ഇപ്പോൾ ഗോവയിലെ ഒരു ഗ്രാമത്തിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ്. ചെറിയ ജോലികളിലൂടെ ഉപജീവനം കണ്ടെത്തുന്ന അദ്ദേഹത്തെ പരിഹരിക്കപ്പെടാത്ത ഭൂതകാലത്തിൻ്റെ   ഓർമകൾ വേട്ടയാടുന്നു. ഉമേഷിനെക്കുറിച്ച് ഡോക്യുമെൻ്ററി തയ്യാറാക്കാനായി ചലച്ചിത്ര പ്രവർത്തകരായ ആൻ്റണും രോഹനും എത്തുന്നതോടെ അദ്ദേഹത്തിൻ്റെ   ജീവിതം അപ്രതീക്ഷിതമായ വഴിത്തിരിവിലെത്തുന്നു. പ്രാദേശിക കിംവദന്തികളിലൂടെയും അർധസത്യങ്ങളിലൂടെയും അവർ സഞ്ചരിക്കുമ്പോൾ വിസ്മൃതിയിലായ പ്രതിഭയെയും ഉമേഷിൻ്റെ   ഏകാന്തജീവിതത്തിന് പിന്നിലെ വേദനാജനകമായ സാഹചര്യങ്ങളും കണ്ടെത്തുന്നു. ഇരുവർക്കുമിടയിൽ വിശ്വാസം ക്രമേണ വളരുന്നതിനിടെ ക്യാമറയെക്കുറിച്ച് ഉമേഷിന് കൂടുതൽ ആശങ്കകൾ ഉണ്ടാകുന്നു. സ്വത്വം, വിശ്വാസം, വിസ്മൃതിയിലായ പൈതൃകത്തിൻ്റെ   വില എന്നിവയാണ് ഉമേഷ് എന്ന ചിത്രം പ്രമേയമാക്കുന്നത്.
 
ശകുന്തള (SHAKUNTALA)
 
സംവിധാനം: പ്രസാദ് എം. നായിക്
ഭാഷ: കൊങ്കണി
ദൈർഘ്യം: 11 മിനിറ്റ്
 
സ്നേഹം, സ്വത്വം, പാരമ്പര്യം എന്നിവ പ്രമേയമാക്കുന്ന വൈകാരിക കുടുംബചിത്രമാണ് ശകുന്തള. അയൽവാസിയായ ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ചതിനെത്തുടർന്ന് യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് അകന്നുപോകേണ്ടിവന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. വർഷങ്ങൾക്കുശേഷം പിതാവിൻ്റെ   മരണത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ   ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള അവസരം പോലും ശകുന്തളയ്ക്ക് നിഷേധിക്കപ്പെടുന്നു. മരണാനന്തരം പന്ത്രണ്ടാം ദിവസത്തെ ചടങ്ങുകൾ അടുത്തെത്തുമ്പോൾ, ബാല്യകാലം ചെലവഴിച്ച വീട്ടിലേക്ക് മടങ്ങാൻ ശകുന്തള ധൈര്യം സംഭരിക്കുന്നു. അവിടെ അടിച്ചമർത്തപ്പെട്ട കുടുംബസംഘർഷങ്ങളെയും സാമൂഹിക വിധിന്യായങ്ങളെയും അവൾക്ക് നേരിടേണ്ടിവരുന്നു. ഒരു ആചാരം നിറവേറ്റുക എന്നതിലുപരി, മകൾ എന്ന നിലയിലുള്ള സ്ഥാനം വീണ്ടെടുക്കാനും സ്നേഹത്തിന് പാരമ്പര്യത്തിൻ്റെ   അതിർവരമ്പുകൾ മറികടക്കാനാകുമോ എന്ന് ചോദ്യം ചെയ്യാനുമുള്ള യാത്രയാണ് ശകുന്തളയുടേത്.
 
PURNATA (പൂർണത)
 
സംവിധാനം: ശ്രാവൺ കങ്കോങ്കർ
ഭാഷ: കൊങ്കണി
ദൈർഘ്യം: 25 മിനിറ്റ്
 
സായോ എന്ന മുല്ലപ്പൂമാലയുടെ യാത്രയിലൂടെ, അത് സ്പർശിക്കുന്ന നിരവധി ജീവിതങ്ങളെയാണ് പൂർണത എന്ന ചിത്രം അവതരിപ്പിക്കുന്നത്. സന്തോഷത്തിൻ്റെയും ദുഃഖത്തിൻ്റെയും നിമിഷങ്ങളിലൂടെ ആശ്വാസവും പ്രതീക്ഷയും സന്തോഷവും പകരുന്ന പൂക്കളുടെ കഥയാണിത്. പൂക്കൾ ക്രമേണ വാടിപ്പോകുമ്പോഴും അവ ജീവിതങ്ങളെ മനോഹരമാക്കിക്കൊണ്ടിരിക്കുന്നു. ജീവിതത്തിൻ്റെയും ലക്ഷ്യത്തിൻ്റെയും തുടർച്ചയെക്കുറിച്ചാണ് ചിത്രം ചിന്തിപ്പിക്കുന്നത്. ഒരു ജീവിതം അവസാനിക്കുമ്പോഴും മറ്റൊന്ന് ആ യാത്ര മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന ആശയവും ചിത്രം മുന്നോട്ടുവയ്ക്കുന്നു.
 
NOISE (നോയ്സ്)
സംവിധാനം: സുവിധ ടോർഗൽ ബഖ്‌ലെ
ഭാഷ: കൊങ്കണി
ദൈർഘ്യം: 16 മിനിറ്റ്
 
മനുഷ്യൻ്റെ   പെരുമാറ്റത്തെയും ബന്ധങ്ങളെയും അടുത്തറിയുന്ന ചിത്രമാണ് നോയ്സ്. വിഷമങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നഭരിതമായ ബന്ധത്തിൽനിന്നും ആവർത്തിച്ചുവരുന്ന പെരുമാറ്റരീതികളിൽനിന്നും മോചനം നേടാൻ ശ്രമിക്കുന്ന താരയുടെ ജീവിതമാണ് ചിത്രം പിന്തുടരുന്നത്. സുഖം പ്രാപിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചിട്ടും അവൾ വീണ്ടും പരിചിതമായ സാഹചര്യങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു. പഴയൊരു ഫാനിൻ്റെ   ആവർത്തിച്ചുള്ള സാന്നിധ്യം ഇത്തരം പെരുമാറ്റചക്രങ്ങളുടെ പ്രതീകമായി മാറുന്നു. മാറ്റം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞിട്ടും അതിന് കഴിയാത്ത മനുഷ്യൻ്റെ   അവസ്ഥയെക്കുറിച്ചുള്ള ചിന്തയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
 
DARYAA (ദര്യാ)
സംവിധാനം: കിഷോർ അർജുൻ
ഭാഷ: മറാഠി
ദൈർഘ്യം: 25 മിനിറ്റ്
 
സെറിബ്രൽ പാൾസി ബാധിച്ച കാഴ്ചപരിമിതിയുള്ള ആകാശ് എന്ന ബാലൻ്റെ   കഥയാണ് ദര്യാ. ഒരിക്കലും കടൽ കണ്ടിട്ടില്ലാത്ത ആകാശിന് കഥകളിലൂടെയും ശബ്ദങ്ങളിലൂടെയും ഭാവനയിലൂടെയും മാത്രമാണ് കടലിനെക്കുറിച്ച് അറിയാവുന്നത്. മുത്തച്ഛൻ അപ്രതീക്ഷിതമായി അവനെ കടൽത്തീരത്തേക്ക് ഒരു യാത്രയ്ക്ക് കൊണ്ടുപോകുന്നതോടെ, ഏറെക്കാലമായി സ്വപ്നം കണ്ടിരുന്ന ലോകത്തെ ആകാശ് അടുത്തറിയുന്നു. കടലിനെ കണ്ടെത്തുന്നതിൻ്റെ   ആഴത്തിലുള്ള അനുഭവമാണ് ചിത്രം അവതരിപ്പിക്കുന്നത്. കാഴ്ചയെന്നത് കണ്ണുകൊണ്ട് കാണുന്നതുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ലെന്ന് ചിത്രം ഓർമിപ്പിക്കുന്നു.
 
PERFECT SHOT (പെർഫെക്റ്റ് ഷോട്ട്)
സംവിധാനം: സങ്കൽപ് സായിനാഥ് പരബ്
ഭാഷ: കൊങ്കണി
ദൈർഘ്യം: 14 മിനിറ്റ്
 
ചലച്ചിത്രപഠന വിദ്യാർഥിനിയായ വസുധയ്ക്ക് ഏറ്റവും മികച്ച സിനിമാറ്റിക് ഫ്രെയിം കണ്ടെത്താനുള്ള ശ്രമം ഒരു അഭിനിവേശമായി മാറുന്നു. സുവർണ അനുപാതം, സമമിതി, റൂൾ ഓഫ് തേർഡ്സ് തുടങ്ങിയ സങ്കേതങ്ങളാണ് അവളുടെ അന്വേഷണത്തിന് അടിസ്ഥാനം. അതേസമയം, അന്തരിച്ച പിതാവിനോടുള്ള പരിഹരിക്കപ്പെടാത്ത വൈകാരിക പ്രശ്നങ്ങളും അവൾ നേരിടുന്നു. വിലപ്പെട്ടതായി ഒന്നും ബാക്കിവയ്ക്കാതെയാണ് പിതാവ് തന്നെ വിട്ടുപോയതെന്ന് അവൾ വിശ്വസിക്കുന്നു. ഓർമകൾ വീണ്ടും മനസ്സിലേക്ക് എത്തുന്നതോടെ, ദൃശ്യപരമായ പൂർണതയ്ക്കുവേണ്ടിയുള്ള അവളുടെ അന്വേഷണം വ്യക്തിപരമായ ആത്മാന്വേഷണമായി മാറുന്നു. ബന്ധങ്ങൾ നമ്മുടെ കാഴ്ചപ്പാടിനെയും സർഗാത്മകതയെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ചിത്രം പരിശോധിക്കുന്നു. സിനിമയിലെ സാങ്കേതിക നിയമങ്ങൾക്കപ്പുറത്താണ് അർഥവത്തായ കഥപറച്ചിൽ നിലകൊള്ളുന്നതെന്നും ചിത്രം വ്യക്തമാക്കുന്നു.
 
BAPO KALE (ബാപ്പോ കാലെ)
സംവിധാനം: കൃഷ്ണ റൗൾ
ഭാഷ: കൊങ്കണി
ദൈർഘ്യം: 24 മിനിറ്റ്
 
മൗക്സി ഗ്രാമത്തിൻ്റെ   പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ബാപ്പോ കാലെ എന്ന ചിത്രം, അടിയന്തര ഒഴിപ്പിക്കൽ ജോലി വീട്ടുപടിക്കൽ എത്തിയിട്ടും പൂർവികരുടെ മൺവീട് വിട്ടുപോകാൻ വിസമ്മതിക്കുന്ന വയോധികൻ്റെ   കഥയാണ് പറയുന്നത്. പതിവ് ജോലിയായി ആരംഭിക്കുന്ന സംഭവം, കുടിയൊഴിപ്പിക്കലിൻ്റെയും നഷ്ടപ്പെട്ട വീടുകളുടെയും മാറിക്കൊണ്ടിരിക്കുന്ന ഗ്രാമത്തിൻ്റെയും ഓർമകൾക്ക് വീണ്ടും ജീവൻ നൽകുന്നു. സംഘർഷഭരിതമായ ഒരു രാത്രിയിൽ ബാപ്പോയും ഭാര്യ ഭാഗിയും അധികൃതരെ നേരിടുമ്പോൾ, അവരുടെ വീട് സ്വത്വത്തിൻ്റെയും അന്തസ്സിൻ്റെയും ഓർമകളുടെയും മണ്ണുമായുള്ള അഭേദ്യമായ ബന്ധത്തിൻ്റെയും ശക്തമായ പ്രതീകമായി മാറുന്നു.
 
WOODWORM (ROTO) (വുഡ്‌വേം – റോട്ടോ)
സംവിധാനം: അഖിൽ ലോട്ട്ലിക്കർ
ഭാഷ: കൊങ്കണി
ദൈർഘ്യം: 22 മിനിറ്റ്
 
സഹോദരിയെ സ്കൂൾ മത്സരത്തിൽ വിജയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സങ്കീർണമായ കുടുംബസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ദൃഢനിശ്ചയമുള്ള ക്ലിനിക് റിസപ്ഷനിസ്റ്റിൻ്റെ   കഥയാണ് വുഡ്‌വേം (റോട്ടോ). കുടുംബത്തിൻ്റെ   ഉത്തരവാദിത്വങ്ങളും സഹോദരിയുടെ ആഗ്രഹങ്ങളും ഒരുപോലെ നിറവേറ്റാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായ ഒരു അപകടം അവളെ തേടിയെത്തുന്നു.
 
CHEERS! (ചിയേഴ്‌സ്!)
 
സംവിധാനം: അനുരാഗ് വെർഡേക്കർ
ഭാഷ: കൊങ്കണി
ദൈർഘ്യം: 19 മിനിറ്റ്
 
ദൈനംദിന ജീവിതത്തിലെ വിരസതയിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്ന രണ്ട് ആൺകുട്ടികൾ യാദൃച്ഛികമായി ഒരു ബസിൽ കയറുകയും മുതിർന്നവരുടെ അപരിചിതമായ ലോകത്തേക്ക് ലക്ഷ്യമില്ലാത്തൊരു യാത്ര ആരംഭിക്കുകയും ചെയ്യുന്നു. പഴയൊരു കോട്ടയിലേക്കും നദിയിലെ കടത്തുവള്ളത്തിലൂടെയും ഒടുവിൽ വിജനമായൊരു വെള്ളച്ചാട്ടത്തിലേക്കും അവരുടെ യാത്ര നീളുന്നു. അവിടെവച്ച് ആദ്യമായി മദ്യം വാങ്ങാൻ അവർ പെട്ടെന്ന് തീരുമാനിക്കുന്നു. പ്രായം മറച്ചുവയ്ക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെടുന്നതോടെ അവരുടെ നിസ്സഹായാവസ്ഥ പുറത്തുവരുന്നു. സങ്കൽപ്പിച്ചതിനേക്കാൾ സങ്കീർണമാണ് മുതിർന്നവരുടെ ലോകമെന്ന തിരിച്ചറിവും അവർക്കുണ്ടാകുന്നു. വളർന്നുവരുന്ന പ്രായത്തിലെ കൗതുകവും നിഷ്കളങ്കതയും അനിശ്ചിതത്വങ്ങളുമാണ് ചിയേഴ്‌സ്! എന്ന ചിത്രം അവതരിപ്പിക്കുന്നത്. ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ചെറിയൊരു മാറ്റവുമായാണ് ആൺകുട്ടികൾ ഒടുവിൽ വീട്ടിലേക്ക് മടങ്ങുന്നത്.
 
MEDIUM PIECE (മീഡിയം പീസ്)
സംവിധാനം: ജയ് അമോങ്കർ
ഭാഷ: മറാത്തി
ദൈർഘ്യം: 23 മിനിറ്റ്
 
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഹാസ്യ-നാടകീയ ചിത്രത്തിൽ, ഇറച്ചിക്കടയിൽ നിന്ന് ഒരു കോഴി രക്ഷപ്പെടുന്നതോടെയാണ് അസാധാരണമായ സംഭവങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. കോഴികൾ തുടർച്ചയായി നഷ്ടപ്പെടുന്നതിന് കുറ്റപ്പെടുത്തപ്പെടുന്ന ഇറച്ചിവെട്ടുകാരൻ, അവയെ വിനോദിപ്പിക്കാൻ ഒരു ടെലിവിഷൻ സ്ഥാപിക്കുക എന്ന വ്യത്യസ്തമായ പരിഹാരം കണ്ടെത്തുന്നു. എന്നാൽ വൈകാതെ അയാൾ തന്നെ ടെലിവിഷന് അടിമപ്പെടുന്നു. ഇത് അയാളുടെ പെരുമാറ്റത്തെയും ഉത്തരവാദിത്വങ്ങളെയും ഭാര്യയുമായുള്ള ബന്ധത്തെയും ബാധിക്കുന്നു. ടെലിവിഷൻ തകരാറിലാകുകയും എല്ലാ കോഴികളും രക്ഷപ്പെടുകയും ചെയ്യുന്നതോടെ തൊഴിലുടമയിൽ നിന്ന് ശിക്ഷയും വീട്ടിൽ നിന്ന് അവഗണനയും അയാൾക്ക് നേരിടേണ്ടിവരുന്നു. അടിമത്തത്തിനും സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹത്തിനുമിടയിൽ കുടുങ്ങിപ്പോകുന്ന ഒരാളുടെ രസകരവും അതേസമയം ചിന്തിപ്പിക്കുന്നതുമായ കഥയിലൂടെ ഏകാന്തത, ആധുനികകാലത്തെ ശ്രദ്ധതിരിക്കുന്ന വിനോദങ്ങൾ, ദൈനംദിന ജീവിതത്തിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ സൃഷ്ടിക്കുന്ന അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ എന്നിവയാണ് മീഡിയം പീസ് ചർച്ച ചെയ്യുന്നത്.
 
HEALTH CENTRE (ഹെൽത്ത് സെൻ്റർ)
സംവിധാനം: അനൂപ് സർദേശായി
ഭാഷ: കൊങ്കണി
ദൈർഘ്യം: 2 മണിക്കൂർ 7 മിനിറ്റ്
 
അരാജകത്വം നിറഞ്ഞ ഗവണ്മെൻ്റ്  ആരോഗ്യകേന്ദ്രത്തിൻ്റെ   പശ്ചാത്തലത്തിലാണ് ഹെൽത്ത് സെൻ്റർ ഒരുക്കിയിരിക്കുന്നത്. കേന്ദ്രത്തിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. ശ്രീധർ കാമത്ത് നേരിടുന്ന ധാർമിക പ്രതിസന്ധിയാണ് ചിത്രത്തിൻ്റെ   പ്രമേയം. സ്വാധീനമുള്ള പ്രതിയായ അജയ്‌ക്കെതിരായ പരാതി പിൻവലിക്കാൻ അഴിമതിക്കാരായ രാഷ്ട്രീയക്കാരും പോലീസും ചേർന്ന് സമ്മർദം ചെലുത്തുന്ന, ബലാത്സംഗത്തിനിരയായ യുവതി സുരഭിയുടെ വിഷയമാണ് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കുന്നത്. ഇതിനിടെ ജീവനക്കാരുടെ സമരവും നേരിടേണ്ടിവരുന്നു. ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങളെ ആശ്രയിച്ച് കഴിയുന്ന കോമാവസ്ഥയിലുള്ള രോഗിക്ക് ചികിത്സ ഉറപ്പാക്കാനും അദ്ദേഹത്തിന് ശ്രമിക്കേണ്ടിവരുന്നു. രോഗിയുടെ മകൾ മനീഷയും ആശുപത്രിയുടെ പരിമിതമായ വിഭവങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്. ഒടുവിൽ ഭീഷണികൾക്ക് വഴങ്ങി സുരഭി പരാതി പിൻവലിക്കുന്നു. ഇതോടെ സ്വന്തം നിലയിൽ നീതി നടപ്പാക്കാൻ തീരുമാനിക്കുന്ന ഡോ. കാമത്ത്, അജയ്‌ക്ക് രഹസ്യമായി മാരകമായ കുത്തിവയ്പ്പ് നൽകി അയാളെ കൊല്ലുന്നു. തുടർന്ന് പ്രതിഷേധസൂചകമായി രാജിവയ്ക്കുകയും കോമാവസ്ഥയിലുള്ള രോഗിയുടെ ജീവൻ നിലനിർത്തുന്നതിനുള്ള ചികിത്സ തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. പത്ത് വർഷങ്ങൾക്കുശേഷം അദ്ദേഹത്തിൻ്റെ   പൈതൃകം വീണ്ടും ചർച്ചയാകുന്നു. പുതിയൊരു ആരോഗ്യകേന്ദ്രത്തിൽ ജോലിയിൽ പ്രവേശിക്കുന്ന മകൻ രാജ്, അവിടെ മുതിർന്ന ഡോക്ടറായി ജോലി ചെയ്യുന്ന ഒരാളെ പരിചയപ്പെടുന്നു. ആ ഡോക്ടർ സുരഭിയാണെന്ന് പിന്നീട് വെളിപ്പെടുന്നു.
 
 
 
 
 
2004 മുതൽ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയാണ് ഗോവ. എല്ലാ നവംബറിലും ലോകത്തിൻ്റെ   വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെയും സിനിമാപ്രേമികളെയും സർഗാത്മക പ്രതിഭകളെയും ഗോവ സ്വാഗതം ചെയ്യുന്നു. 2026 നവംബർ 20 മുതൽ 28 വരെ നടക്കുന്ന 57-ാമത് ചലച്ചിത്രമേളയുടെ പ്രമേയം ‘സീമാതീതമായ കഥകൾ’ എന്നതാണ്. ഭൂമിശാസ്ത്രപരവും ഭാഷാപരവും സാംസ്കാരികവുമായ അതിരുകൾ മറികടന്ന്, പങ്കുവയ്ക്കപ്പെടുന്ന മാനുഷിക അനുഭവങ്ങളിലൂടെ പ്രേക്ഷകരെ ബന്ധിപ്പിക്കാനുള്ള സിനിമയുടെ കഴിവിനെയാണ് ഈ മേള ആഘോഷിക്കുന്നത്.
 
ഈ ആശയത്തിൻ്റെ   മികച്ച പ്രതിഫലനമാണ് ഗോവൻ സിനിമകളുടെ പ്രത്യേക വിഭാഗം. ഗോവയിലെ സാധാരണ ജനജീവിതം, സാംസ്കാരിക പാരമ്പര്യങ്ങൾ, സാമൂഹിക യാഥാർഥ്യങ്ങൾ എന്നിവയിൽ വേരൂന്നിയ ഈ 12 ചിത്രങ്ങൾ, ഒരു പ്രത്യേക പ്രദേശത്തുനിന്ന് ഉയർന്നുവരുന്ന കഥകൾക്ക് അതിനപ്പുറമുള്ള പ്രേക്ഷകരുടെ മനസ്സുകളിലും ഇടം നേടാനാകുമെന്ന് തെളിയിക്കുന്നു.
 
കുടുംബബന്ധങ്ങൾ, സ്വത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ, ബാല്യം, ഏകാന്തത, സാമൂഹിക ജീവിതത്തിലെ സങ്കീർണതകൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രങ്ങൾ പ്രാദേശിക അനുഭവങ്ങളിൽ നിന്ന് രൂപംകൊണ്ടതാണെങ്കിലും സാർവത്രികമായ വികാരങ്ങളുമായി ബന്ധപ്പെട്ടുനിൽക്കുന്നു.
 
കൊങ്കണി, മറാഠി സിനിമകൾക്ക് അന്താരാഷ്ട്ര വേദിയിൽ ഇടം നൽകുന്നതിലൂടെ, 57-ാമത് ഐഎഫ്എഫ്ഐ ഈ ചലച്ചിത്രപ്രവർത്തകരുടെ ശബ്ദങ്ങൾക്ക് പ്രാദേശിക സാംസ്കാരിക-ഭാഷാ അതിരുകൾക്കപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഗോവയെ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാത്രം കാണാതെ, അവിടത്തെ ജനങ്ങളുടെ ജീവിതങ്ങളിലൂടെയും ഓർമകളിലൂടെയും കഥകളിലൂടെയും അടുത്തറിയാൻ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഇതിലൂടെ സാധിക്കും.
 
ഈ വർഷത്തെ ചലച്ചിത്രമേളയുടെ ‘സീമാതീതമായ കഥകൾ’ എന്ന പ്രമേയത്തിൻ്റെ   അന്തഃസത്ത ഉൾക്കൊള്ളുന്ന ഈ സിനിമകൾ ഒരു കാര്യം ഓർമിപ്പിക്കുന്നു: കഥകൾ ഒരു പ്രാദേശിക പശ്ചാത്തലത്തിൽ ആരംഭിച്ചേക്കാം, എന്നാൽ അവയ്ക്ക് മനുഷ്യഹൃദയങ്ങളെ സ്പർശിക്കാനും കൂട്ടിയിണക്കാനും സ്വാധീനിക്കാനുമുള്ള കഴിവിന് അതിരുകളില്ല.
 
 
****

Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2339396
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026