57th International Film Festival of India 2026
20 – 28 Nov 2026

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല ഉയർന്നു;ഉദ്ഘാടന ചിത്രമായി പാവെൽ പവ്ലിക്കോവ്സ്കിയുടെ വിഭജിത ജർമ്മനിയുടെ കഥപറയുന്ന ‘ഫാദർലാൻഡ്'

പോസ്റ്റഡ് ഓണ്‍: 20 NOV 2026 4:44PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2339254Views: 19

യുദ്ധത്തിൻ്റെ   മുറിവുകളും ആശയപരമായ വിഭജനങ്ങളും ഭൂതകാലത്തിൻ്റെ   ഭാരവും പേറുന്ന ഒരു രാജ്യത്തിലൂടെയുള്ള യാത്രയോടെ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (IFFI) ഗോവയിൽ തുടക്കമായി. പ്രശസ്ത സംവിധായകൻ പാവെൽ പവ്ലിക്കോവ്സ്കി (Paweł Pawlikowski) ഒരുക്കിയ ‘ഫാദർലാൻഡ്’  എന്ന ചിത്രത്തിൻ്റെ   ഇന്ത്യൻ പ്രീമിയറോടെയാണ് ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന മേളയ്ക്ക് തിരശ്ശീല ഉയർന്നത്. ശീതയുദ്ധത്തിൻ്റെ   തുടക്കകാലത്തെ യുദ്ധാനന്തര ജർമ്മനിയുടെ ഹൃദയസ്പർശിയായ ചിത്രീകരണമാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ഓസ്കാർ ജേതാവായ സംവിധായകൻ്റെ   ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രാമ, നോബൽ സമ്മാന ജേതാവായ ജർമ്മൻ എഴുത്തുകാരൻ തോമസ് മന്നിൻ്റെയും  മകൾ എറിക്കയുടെയും കഥയിലൂടെ ചരിത്രവും കുടുംബബന്ധങ്ങളും വിഭജിത മാതൃരാജ്യത്തിൻ്റെ   സങ്കീർണ്ണതകളും ഇഴചേർക്കുന്നു. പനാജിയിലെ ഐനോക്സിലെ എല്ലാ സ്ക്രീനിംഗ് ഹാളുകളിലും ഹൗസ്ഫുൾ പ്രദർശനത്തോടെയാണ് ചിത്രം ശ്രദ്ധ നേടിയത്. ഇത് ഒമ്പത് ദിവസത്തെ ചലച്ചിത്ര മേളയ്ക്ക് മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത്.



 

പ്രദർശനത്തിന് മുന്നോടിയായി പനാജി ഐനോക്സിലെ റെഡ് കാർപെറ്റിൽ പ്രമുഖരുടെ നിര തന്നെ ഒത്തുചേർന്നു.. ‘ഫാദർലാൻഡ്’ നിർമ്മാതാവ് ഇവാ പുഷ്ചിൻസ്ക, ന്യൂഡൽഹിയിലെ പോളണ്ട് എംബസി ഹെഡ് ഓഫ് മിഷൻ പ്യോത്ര അൻ്റോണി ശ്വിറ്റാൽസ്കി, പോളിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മൗഗോർസാറ്റ വെയ്സിസ്-ഗൊലെംബിയാക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചിത്രത്തെക്കുറിച്ച് സംസാരിക്കവെ, ഇഫിയുടെ (IFFI) പ്രമേയത്തിൻ്റെ   അന്തസ്സത്ത ഉൾക്കൊള്ളുന്നതാണ് ഈ സിനിമയുടെ നിർമ്മാണമെന്ന് ഇവാ പുഷ്ചിൻസ്ക എടുത്തുപറഞ്ഞു. ജർമ്മൻ ഭാഷയിൽ ഒരു ജർമ്മൻ എഴുത്തുകാരൻ്റെയും ജർമ്മൻ ജനതയുടെയും കഥയാണ് 'ഫാദർലാൻഡ്' പറയുന്നതെങ്കിലും, ഇത് പൂർണ്ണമായും പോളിഷ് ഹൃദയങ്ങളും കൈകളും ചേർന്നാണ് നിർമ്മിച്ചതെന്ന് അവർ വ്യക്തമാക്കി. 'അതിരുകളില്ലാത്ത കഥകൾ' (Stories Without Borders) എന്ന മേളയുടെ മുദ്രാവാക്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയും പോളണ്ടും തമ്മിലുള്ള സൗഹൃദം വിവിധ മേഖലകളിൽ വളരുകയാണെങ്കിലും സംസ്കാരമാണ് അതിൻ്റെ   ഏറ്റവും ശക്തമായ അടിത്തറയെന്ന് പ്യോത്ര അൻ്റോണി ശ്വിറ്റാൽസ്കി പറഞ്ഞു. പരമ്പരാഗത പോളിഷ് ചലച്ചിത്ര നിർമ്മാണ ശൈലിക്ക് പാവെൽ പവ്ലിക്കോവ്സ്കി പുതിയൊരു ദിശാബോധവും കാഴ്ചപ്പാടും നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 



 

അതിഥികളെ ആദരിച്ചുകൊണ്ട് സംസാരിച്ച വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ, പോളണ്ടും ഇന്ത്യയും തമ്മിലുള്ള സർഗ്ഗാത്മക ബന്ധം ആഘോഷിക്കാനുള്ള സവിശേഷ അവസരമാണ് 'ഫാദർലാൻഡ്' നൽകുന്നതെന്ന് പറഞ്ഞു. ഇഫി ഫെസ്റ്റിവൽ ഡയറക്ടർ അശുതോഷ് ഗോവാരിക്കർ, നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ്  കോർപ്പറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ജി. കൃഷ്ണകുമാർ, ഇഫി ആർട്ടിസ്റ്റിക് ഡയറക്ടർ പങ്കജ് സക്സേന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വിഭജിത ജർമ്മനിയിലൂടെ ഒരു അച്ഛനും മകളും നടത്തിയ യാത്ര

ശീതയുദ്ധത്തിൻ്റെ   തുടക്കകാലമായ 1949-ലെ വേനൽക്കാലത്ത് നടക്കുന്ന കഥയാണ് ‘ഫാദർലാൻഡ്’ പറയുന്നത്. അമേരിക്കയിലെ 16 വർഷത്തെ പ്രവാസത്തിന് ശേഷം ജർമ്മനിയിലേക്ക് മടങ്ങുന്ന തോമസ് മന്നിൻ്റെയും  മകൾ എറിക്കയുടെയും  യാത്രയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൻ്റെ   തകർച്ചയിൽ നിന്നും മുക്തമാകാത്ത രാജ്യത്തിലൂടെ കറുത്ത ബ്യൂക്ക്  കാറിൽ സഞ്ചരിക്കുന്ന ഇവർ, അമേരിക്കൻ നിയന്ത്രണത്തിലുള്ള ഫ്രാങ്ക്ഫർട്ടിൽ നിന്ന് സോവിയറ്റ് നിയന്ത്രണത്തിലുള്ള വെയ്മറിലേക്കാണ് യാത്ര തിരിക്കുന്നത്.

മന്നിനെ സംബന്ധിച്ചിടത്തോളം ഈ മടക്കം കേവലം ജന്മനാട്ടിലേക്കുള്ള തിരിച്ചുവരവ് മാത്രമല്ല. യുദ്ധത്താൽ മാറിമറിഞ്ഞതും വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളാൽ വിഭജിക്കപ്പെട്ട  മാതൃരാജ്യവുമായുള്ള അഭിമുഖീകരണമാണത്. യാത്ര മുന്നോട്ട് പോകുന്നതിനനുസരിച്ച്, രാജ്യത്തെ വിഭജനങ്ങൾ മൻ കുടുംബത്തിലെ സങ്കീർണ്ണതകളിലും പ്രതിഫലിക്കുന്നു; ഇത് സ്വത്വം, ഓർമ്മ, ഒത്തുതീർപ്പ് തുടങ്ങിയ ചോദ്യങ്ങളെ കൂടുതൽ വ്യക്തമാക്കുന്നു.

സാന്ദ്ര ഹുള്ളർ , ഹാൻസ് സിഷ്ലർ  എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ 82 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പോളണ്ട്, ജർമ്മനി, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത നിർമ്മാണമാണ്. ഈ വർഷം കാൻ, സാൻ സെബാസ്റ്റ്യൻ, ടെല്ലുറൈഡ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഈ ചിത്രത്തിലൂടെ പാവെൽ പവ്ലിക്കോവ്സ്കിക്ക്  കാൻ ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു .

****


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2339254
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026