2026 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI), 'അതിരുകളില്ലാത്ത കഥകൾ' എന്ന പ്രധാന പ്രമേയത്തിൻ കീഴിൽ ഇന്ത്യൻ സിനിമയും 'മിഷൻ ലൈഫ്' വിഭാഗവും ആഗോള ചലച്ചിത്ര സംവാദങ്ങളുടെ മുൻനിരയിൽ ഉണ്ടാകും.ഇന്ത്യയുടെ ഭാഷാ-പ്രാദേശിക കഥപറച്ചിൽ വൈവിധ്യങ്ങളെ ആഘോഷിക്കുന്നതോടൊപ്പം, കേവലം മനുഷ്യകേന്ദ്രീകൃതമായ കാഴ്ചപ്പാടുകൾക്കപ്പുറം പാരിസ്ഥിതിക മാറ്റങ്ങൾ, പ്രകൃതിയുടെ പ്രാധാന്യം, സുസ്ഥിര സഹവർത്തിത്വം എന്നിവ ചർച്ച ചെയ്യുന്നതിനുള്ള ചാലകശക്തിയായി സിനിമയെ മാറ്റുക എന്നതാണ് ഈ രണ്ട് വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം.
ഈ ഒത്തുചേരലിലൂടെ, 'ലോകത്തിനായി ഇന്ത്യയിൽ സൃഷ്ടിക്കുക' (Create in India for the World) എന്ന ദേശീയ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാനും, വളർന്നുവരുന്ന കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും, അതോടൊപ്പം ഭൂമിയേയും മനുഷ്യരാശിയുടെ കൂട്ടായ ഉത്തരവാദിത്തത്തെയും കുറിച്ച് ചിന്തിക്കാൻ പ്രേക്ഷകരെ പ്രചോദിപ്പിക്കാനും മേള ലക്ഷ്യമിടുന്നു.
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജീവനാഡിയായി തുടരുന്ന ഇന്ത്യൻ സിനിമ തന്നെയാണ് പരിപാടികളിൽ ഇത്തവണത്തെയും പ്രധാന ആകർഷണം. രാജ്യത്തെ ചലച്ചിത്ര സൗഹൃദ നയങ്ങളും ഊർജ്ജസ്വലമായ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയും ഉയർത്തിക്കാട്ടി,'ഇന്ത്യൻ പനോരമ' വിഭാഗത്തിൽ 30 ഫീച്ചർ സിനിമകളും 20 നോൺ-ഫീച്ചർ സിനിമകളും മികച്ച വെബ് സീരീസ് (OTT) പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട അഞ്ച് വെബ് സീരീസുകളും മേളയിൽ പ്രദർശിപ്പിക്കും.
അഞ്ച് മുഖ്യധാരാ ചിത്രങ്ങൾ, മികച്ച നവാഗത ഇന്ത്യൻ ഫീച്ചർ ഫിലിം സംവിധായകനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്ന അഞ്ച് ചിത്രങ്ങൾ, കൂടാതെ വേൾഡ്, ഇൻ്റർനാഷണൽ, ഏഷ്യൻ, ഇന്ത്യൻ പ്രീമിയറുകളായി പ്രദർശിപ്പിക്കുന്ന ‘ന്യൂ ഹൊറൈസൺ’ വിഭാഗത്തിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ എന്നിവയാണ് ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
മേളയിലെ പ്രധാന മത്സര വിഭാഗങ്ങളിലും ഇന്ത്യൻ ചിത്രങ്ങൾ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 'കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1' (കന്നഡ), 'പാരോ – ദി അൺടോൾഡ് സ്റ്റോറി ഓഫ് ബ്രൈഡ് സ്ലേവറി' (ഹിന്ദി), 'ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' (ഹിന്ദി) എന്നീ ചിത്രങ്ങൾ മാറ്റുരയ്ക്കും.
കൂടാതെ, മികച്ച നവാഗത ഫീച്ചർ ഫിലിം വിഭാഗത്തിൽ 'ബേർഡ്സ് ഓൺ ഐസ്' (ലഡാക്കി), 'സ്ലെഡ്ജ്' (കശ്മീരി) എന്നീ ചിത്രങ്ങളും, ഐ.സി.എഫ്.ടി. - യുനെസ്കോ ഗാന്ധി മെഡലിനായി 'കബീർ സർ കാ ആഖിരി ലെസ്സൺ' (ഹിന്ദി), 'പ്ലെയർ 5' (തമിഴ്), 'സേവ് മിക്ചർ' (ഹിന്ദി) എന്നീ ചിത്രങ്ങളും മത്സരിക്കും.
ഇതിനുപുറമെ, തുലാഭാരം, സാധി മനസെ, വക്ത്, കാശ്മീർ കി കലി, ചൗരംഗി എന്നീ ക്ലാസിക് ചിത്രങ്ങളുടെ ശതാബ്ദി ആഘോഷങ്ങൾ, ഭക്ത കണ്ണപ്പ, കഭി കഭി എന്നീ ചിത്രങ്ങളുടെ സുവർണ്ണ ജൂബിലി സ്മരണകൾ, മുതിർന്ന ചലച്ചിത്ര പ്രതിഭകളായ ഭാരതിരാജ, കെ. ഭാഗ്യരാജ്, നാനാ പടേക്കർ എന്നിവർക്കുള്ള സവിശേഷ ആദരം എന്നിവയിലൂടെ മേള ഇന്ത്യയുടെ സമ്പന്നമായ ചലച്ചിത്ര പാരമ്പര്യത്തെ അടയാളപ്പെടുത്തും.ഇതോടൊപ്പം 'ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമോറോ' (CMOT) പദ്ധതിയുടെ ആറാം പതിപ്പിലൂടെ 13 ചലച്ചിത്ര മേഖലകളിൽ നിന്നുള്ള 100 യുവ പ്രതിഭകളെ ശാക്തീകരിക്കുന്നതിനുള്ള അവസരവും മേള ഒരുക്കുന്നുണ്ട്.

ദേശീയ കഥപറച്ചിലിൻ്റെ ആഘോഷത്തിന് മാറ്റുകൂട്ടാൻ പ്രത്യേക 'മിഷൻ ലൈഫ്'വിഭാഗവും മേളയിൽ ഒരുക്കിയിട്ടുണ്ട്. പാരിസ്ഥിതിക മാറ്റങ്ങൾ, മനുഷ്യനും ഇതര ജീവജാലങ്ങളും തമ്മിലുള്ള ബന്ധം, സുസ്ഥിര ജീവിതശൈലി പുനരാവിഷ്കരിക്കേണ്ടതിൻ്റെ അടിയന്തര പ്രാധാന്യം എന്നിവ അടയാളപ്പെടുത്തുന്ന അഞ്ച് അന്താരാഷ്ട്ര സിനിമകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നെതർലാൻഡ്‌സ്–സ്പെയിൻ സംയുക്ത നിർമ്മാണത്തിൽ മരിയ മൊളീന പെയ്‌റോ സംവിധാനം ചെയ്ത ‘ലൈക്ക് എനി അദർ മോർട്ടൽ’ (Como Todo Mortal) ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രങ്ങളിലൊന്ന്. ഏഷ്യൻ പ്രീമിയറായി പ്രദർശിപ്പിക്കുന്ന ഈ ചിത്രം, ആൻഡലൂസിയയിലെ പുരാതന ഖനന അവശിഷ്ടങ്ങളും ചൊവ്വയിലെ റോബോട്ടിക് പര്യവേക്ഷണങ്ങളും തമ്മിലുള്ള സമാനതകൾ വരച്ചുകാട്ടുന്നതിനായി ഡോക്യുമെൻ്ററി, ഫ്ലെമെൻകോ സംഗീതം, സയൻസ് ഫിക്ഷൻ എന്നിവയെ സമന്വയിപ്പിക്കുന്നു.
ഇക്വഡോർ, ചിലി, ജർമ്മനി എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ വെറനീസ് ബെനിറ്റെസ് സംവിധാനം ചെയ്ത ‘നുങ്കുയ്’ (Nunkui) എന്ന ചിത്രവും ഇവിടെ ഏഷ്യൻ പ്രീമിയറായി എത്തുന്നുണ്ട്. ആമസോണിയൻ ഷുവാർ ഗോത്രവർഗ്ഗത്തിലെ ഒരു പെൺകുട്ടിയുടെ കഥയാണിത്. ഖനന കമ്പനികൾ തങ്ങളുടെ ജന്മഭൂമി കയ്യേറുമ്പോൾ, പൂർവ്വികരുടെ പാട്ടുകളിലൂടെയും വനദേവതകളിലൂടെയും പ്രകൃതിയുമായുള്ള ആത്മബന്ധത്തിലൂടെയും അവൾ കരുത്താർജ്ജിക്കുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം.
നെതർലാൻഡ്‌സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സബൈൻ ഗ്രോനെവെഗൻ്റെ ‘ദി ക്ലിയറിങ്’ (The Clearing) എന്ന ചിത്രവും ഇന്ത്യൻ പ്രീമിയറായി മേളയിൽ പ്രദർശിപ്പിക്കും. സുമാത്രയിലെ മഴക്കാടുകളെ റബ്ബർ തോട്ടങ്ങളാക്കി മാറ്റിയ കൊളോണിയൽ ഇടപെടലുകളെയും തുടർന്നുണ്ടായ ചൂഷണത്തിൻ്റെയും ചെറുത്തുനിൽപ്പിൻ്റെയും ബാക്കിപത്രങ്ങളെയും ആർക്കൈവ് ദൃശ്യങ്ങളും സമകാലിക ദൃശ്യങ്ങളും സംയോജിപ്പിച്ചുകൊണ്ട് ചിത്രം തുറന്നുകാട്ടുന്നു.

പോർച്ചുഗൽ–ബ്രസീൽ സംയുക്ത നിർമ്മാണത്തിൽ ലിയോനാർഡോ പിറോണ്ടി സംവിധാനം ചെയ്ത പരീക്ഷണാത്മക സയൻസ് ഫിക്ഷൻ ചിത്രമായ ‘ട്രോപ്പിക്കൽ ഫ്രാക്റ്റൽസ്’ (Fractais Tropicais) ഇന്ത്യൻ പ്രീമിയറായി എത്തുന്നതോടെ 'മിഷൻ ലൈഫ്' നിര കൂടുതൽ സമ്പന്നമാകും. തകർന്നടിഞ്ഞതും എന്നാൽ വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ തുടങ്ങുന്നതുമായ ഭൂമിയിലൂടെയുള്ള ഏകാകിയായ സഞ്ചാരിയുടെ യാത്രയാണ് ചിത്രം പങ്കു വയ്ക്കുന്നത്. ഭൂമിയുടെ അവസാനത്തെ ശേഷിപ്പുകളെക്കുറിച്ച് പഠിക്കുന്ന ബഹിരാകാശ ശാസ്ത്രജ്ഞരുടെയും നിർമ്മിത ബുദ്ധി സംവിധാനത്തിൻ്റെയും കഥകൂടിയാണ് ഈ ചിത്രം.
പ്രശസ്ത കംബോഡിയൻ-ഫ്രഞ്ച് ചലച്ചിത്രകാരൻ റിതി പാൻ സംവിധാനം ചെയ്ത ‘വീ ആർ ദി ഫ്രൂട്ട്സ് ഓഫ് ദി ഫോറസ്റ്റ്’ (Nous Sommes les Fruits de la Forêt) എന്ന ഡോക്യുമെൻ്ററിയോടെയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങൾ പൂർണ്ണമാകുന്നത്. ഇന്ത്യൻ പ്രീമിയറായി പ്രദർശിപ്പിക്കുന്ന ഈ ചിത്രം, കോർപ്പറേറ്റ് കടന്നുകയറ്റത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കാർഷിക പ്രതിസന്ധികളിൽ നിന്നും തങ്ങളുടെ പൂർവ്വിക പാരമ്പര്യങ്ങളും ഫലഭൂയിഷ്ഠമായ ഭൂമിയും സംരക്ഷിക്കാൻ പോരാടുന്ന കംബോഡിയയിലെ വിദൂര മലനിരകളിലുള്ള തദ്ദേശീയ ബുനോങ് (Bunong) സമൂഹത്തിൻ്റെ ജീവിതം ഹൃദയസ്പർശിയായി വരച്ചുകാട്ടുന്നു.
ഇന്ത്യയുടെ കാലാതീതമായ കഥപറച്ചിൽ പാരമ്പര്യങ്ങളെയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അടിയന്തര ആഗോള ചർച്ചകളെയും ഒരുമിപ്പിക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള അതിരുകൾക്കപ്പുറം സംസ്കാരങ്ങളെ ഒന്നിപ്പിക്കാനുള്ള സിനിമയുടെ ശക്തി ഒരിക്കൽ കൂടി അടിവരയിടുന്നു.
***