പോസ്റ്റഡ് ഓണ്:
12 NOV 2026 10:09PM by PIB Thiruvananthpuram
ഈ പുണ്യ ദീപാവലി ഉത്സവ വേളയിൽ നിങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. കൂടാതെ ഛഠി മയ്യയുടെ (Chhathi Maiya) ആഘോഷങ്ങളും അടുത്തുവരുന്നതിനാൽ അതിനും എന്റെ എല്ലാവിധ ആശംസകളും . നിങ്ങൾക്കെല്ലാവർക്കും എന്റെ നമസ്കാരം.
ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ചെയർമാനും എഡിറ്റർ-ഇൻ-ചീഫുമായ ശ്രീ അരുൺ പുരി ജി, ഈ പരിപാടിക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന കാർഷിക ശാസ്ത്രജ്ഞർ, കാർഷിക സംരംഭകർ, കർഷക സുഹൃത്തുക്കൾ, വിശിഷ്ടാതിഥികൾ, മഹതികളേ, മാന്യരേ.
ആദ്യമായി, ഈ നൂതന സംരംഭത്തിന് ഇന്ത്യാ ടുഡേ ഗ്രൂപ്പിനെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. രാജ്യം ശുചിത്വ യജ്ഞം (സ്വച്ഛതാ അഭിയാൻ) ആരംഭിച്ചപ്പോൾ ഇന്ത്യാ ടുഡേ ഗ്രൂപ്പ് അതിൽ വളരെ ആവേശത്തോടെ പങ്കാളികളായി. ഇപ്പോൾ നിങ്ങൾ ഈ കിസാൻ മേള(കർഷക മേള) സംഘടിപ്പിക്കുകയും അതിനായി രണ്ട് ദിവസങ്ങൾ മാറ്റിവെക്കുകയും ചെയ്തിരിക്കുന്നു. ഇത് വളരെ നല്ലൊരു തുടക്കമാണ്. നിങ്ങൾക്കെല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. കൂടാതെ അരുൺ ജി വളരെ മനോഹരമായി ഹിന്ദി സംസാരിക്കുന്നു, അതിനാൽ അതിന് ഇരട്ടി അഭിനന്ദനങ്ങൾ.
സുഹൃത്തുക്കളേ,
രാജ്യം ഉത്സവലഹരിയിലായിരിക്കുന്ന സമയത്താണ് ഈ പരിപാടി നടക്കുന്നത്. രണ്ടുമൂന്ന് ദിവസം മുമ്പ് നമ്മൾ ദീപാവലി ആഘോഷിച്ചു, ഇപ്പോൾ ഛഠ് മഹാപർവ്വിൻറെ(Chhath Mahaparva) ആവേശം നമുക്ക് ചുറ്റുമുണ്ട്. ഛഠ് ഉത്സവം കാർഷിക ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു, നമ്മുടെ രാജ്യത്തെ മിക്ക ഉത്സവങ്ങളും കൃഷിയുമായും കാർഷികവൃത്തിയുമായും ബന്ധപ്പെട്ടവയാണ്. ബിഹു, പൊങ്കൽ, ഓണം, ബൈശാഖി, സർഹുൽ, പോള തുടങ്ങി നിരവധി ഉത്സവങ്ങൾ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കൃഷി നമ്മുടെ സംസ്കാരവും പാരമ്പര്യവും സാമൂഹിക ജീവിതത്തിന്റെ അടിത്തറയുമാണ്.
സുഹൃത്തുക്കളേ,
ചുവപ്പ് കോട്ടയിൽ നിന്ന്, വികസിത ഭാരതത്തിന്റെ ഏഴ് ശക്തിപ്രവാഹങ്ങളെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു, അവയിൽ കൃഷി ഒരു പ്രധാന പ്രവാഹമാണ്. കൃഷി വികസിപ്പിക്കാതെ, കൃഷിരീതികൾ കൂടുതൽ മികച്ചതാക്കാതെ, കർഷകരെ ശാക്തീകരിക്കാതെ വികസിത ഭാരതം കെട്ടിപ്പടുക്കുക എന്നത് ഒട്ടും സാധ്യമല്ല. അതുകൊണ്ടാണ് ഇത്തരം കർഷക സമ്മേളനങ്ങളുടെ പ്രാധാന്യം കൂടുതൽ വർദ്ധിക്കുന്നത്.
സുഹൃത്തുക്കളേ,
രണ്ട് പ്രധാന വസ്തുതകളിലൂടെ കൃഷിയും രാജ്യത്തിന്റെ പുരോഗതിയും തമ്മിലുള്ള ബന്ധം നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. അടുത്തിടെ, ദാരിദ്ര്യത്തെക്കുറിച്ചുള്ള ലോകബാങ്കിന്റെ ഒരു പഠനം പുറത്തുവരികയും അത് ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. വെറും 12–13 വർഷത്തിനുള്ളിൽ ഇന്ത്യയിലെ 50 കോടി പാവപ്പെട്ടവർ ദാരിദ്ര്യത്തെ പരാജയപ്പെടുത്തി എന്ന് അതിൽ പറയുന്നു. ഗ്രാമങ്ങളിൽ ദാരിദ്ര്യം വളരെ വേഗത്തിൽ കുറഞ്ഞുവെന്നും അത് വ്യക്തമാക്കുന്നു. ഇതിനർത്ഥം ധാരാളം ചെറുകിട കർഷകരും കർഷകത്തൊഴിലാളികളും ദാരിദ്ര്യത്തെ അതിജീവിച്ചു എന്നാണ്. ഇനി ആ യാദൃച്ഛികത നോക്കൂ. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ കാർഷിക വളർച്ചാ നിരക്ക് 4 ശതമാനത്തിന് മുകളിൽ തുടർന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി രാജ്യത്തെ കാർഷിക മേഖല 4 ശതമാനത്തിലധികം ശരാശരി വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ദശകമാണിത്. ഇതേ കാലയളവിൽ തന്നെയാണ് ഗ്രാമങ്ങളിലെ വലിയൊരു വിഭാഗം പാവപ്പെട്ടവർ ദാരിദ്ര്യത്തെ പരാജയപ്പെടുത്തിയതും. എന്നാൽ നിർഭാഗ്യവശാൽ, വാർത്താ റിപ്പോർട്ടിംഗിന്റെ പ്രത്യേക കോണുകളിലും അജണ്ടകളിലും കുടുങ്ങിക്കിടക്കുന്ന ആളുകൾ രാജ്യത്തിന്റെ ഈ നേട്ടം ശ്രദ്ധിക്കാതെ പോകുന്നു.
സുഹൃത്തുക്കളെ,
കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവർക്കും കൃഷിയുമായി ബന്ധപ്പെട്ട വിദഗ്ധർക്കും കാർഷിക നയങ്ങളിലും രീതികളിലും നിരന്തരമായ മാറ്റം എത്രത്തോളം അനിവാര്യമാണെന്ന് അറിയാം. പതിറ്റാണ്ടുകളോളം ഭരിച്ചവർ, രാജ്യത്തെ കർഷകർ നാടിന്റെ ധാന്യപ്പുരകൾ നിറച്ചു എന്നതിൽ മാത്രം തൃപ്തരായി. എന്നാൽ അതിനുശേഷം കർഷകർക്ക് എന്ത് ലഭിച്ചു? ധാന്യപ്പുരകൾ നിറച്ചതുകൊണ്ട് മാത്രമായില്ല. കാലക്രമേണ ലോകം മാറി, വിപണികൾ മാറി, ജനങ്ങളുടെ ആവശ്യങ്ങൾ മാറി, ഭക്ഷണശീലങ്ങൾ മാറി, കാലാവസ്ഥ മാറി, സാങ്കേതികവിദ്യയും മാറി. ഈ മാറ്റങ്ങൾക്കൊപ്പം നമ്മുടെ കർഷകരെ പുതിയൊരു രീതിയിൽ ശാക്തീകരിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ മുൻകാലങ്ങളിൽ ഇതിനുപോലും ശ്രദ്ധ നൽകിയിരുന്നില്ല.
സുഹൃത്തുക്കളെ,
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ, ഈ വേഗതയ്ക്കൊപ്പം എത്താൻ രാജ്യം നടപടികൾ സ്വീകരിച്ചു, അതിന്റെ ഫലങ്ങൾ നമ്മുടെയെല്ലാം മുന്നിലുണ്ട്. ഇന്ന്, ഇന്ത്യ ഓരോ വർഷവും നാല് ലക്ഷം കോടിയിലധികം രൂപയുടെ കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു, ഈ പണം നമ്മുടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയാണ്. ഇന്ന്, പാൽ ഉൽപ്പാദനത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. പയറുവർഗ്ഗങ്ങളുടെ ഉൽപ്പാദനത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ചണം ഉൽപ്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ് . അരി ഉൽപ്പാദനത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ഗോതമ്പ് ഉൽപ്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. പരുത്തി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉൽപ്പാദനത്തിലും രണ്ടാം സ്ഥാനമുണ്ട്. മത്സ്യ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ചെറുധാന്യ (മില്ലറ്റ്) ഉൽപ്പാദക രാജ്യവും കൂടിയാണ് . ഇവ വെറും കണക്കുകളല്ല. ഇന്ത്യയിലെ കർഷകരുടെ കഴിവ് എത്രത്തോളം വളർന്നുവെന്ന് ഇവ കാണിച്ചുതരുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയിലെ കർഷകരുടെ അഭിവൃദ്ധിക്ക് ഒരു കാര്യം കൂടി അനിവാര്യമാണ്. ഗോതമ്പ്, അരി, കരിമ്പ് തുടങ്ങിയ പരമ്പരാഗത വിളകളെ മാത്രം ആശ്രയിച്ച് അവർ മുന്നോട്ട് പോകരുത് എന്നത് അനിവാര്യമാണ്. ഞാൻ ആവർത്തിക്കുന്നു, കർഷക സഹോദരങ്ങൾ ഗോതമ്പ്, അരി, കരിമ്പ് എന്നിവയെ മാത്രം ആശ്രയിച്ചു നിൽക്കരുത്. അതിനാൽ, മറ്റ് വിളകൾക്കും കൃഷിയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾക്കും സർക്കാർ പ്രാധാന്യം നൽകുന്നുണ്ട്. ഇന്ത്യാ ടുഡേ ഗ്രൂപ്പിനെ ഞാൻ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. “വിപ്ലവം” അഥവാ 'ക്രാന്തി' എന്ന വാക്ക് ഇന്ത്യാ ടുഡേ ഗ്രൂപ്പിന് ഏറെ പ്രിയപ്പെട്ട ഒന്നാണ്. അതുകൊണ്ട്, ഞാൻ ഇപ്പോൾ ചില വിപ്ലവങ്ങളെക്കുറിച്ച് സംസാരിക്കാൻ പോവുകയാണ്.
സുഹൃത്തുക്കളെ,
ഹരിതവിപ്ലവത്തിലൂടെ ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിലേക്ക് രാജ്യം ചരിത്രപരമായ ഒരു ചുവടുവെപ്പ് നടത്തിയ ഒരു കാലമുണ്ടായിരുന്നു. അതിനുശേഷം, ധവളവിപ്ലവം ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമാക്കി മാറ്റി. ഇന്ന്, ഈ യാത്ര എത്രത്തോളം ശ്രദ്ധേയമായ വേഗതയിലാണ് മുന്നോട്ട് പോകുന്നതെന്ന് കാണിക്കുന്ന ചില കണക്കുകൾ കൂടി ഞാൻ നിങ്ങൾക്ക് നൽകാം. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയുടെ പാൽ ഉൽപ്പാദനം ഏകദേശം 70 ശതമാനം വർദ്ധിച്ചു, 70 ശതമാനം. മുട്ട ഉൽപ്പാദനവും ഏകദേശം 90 ശതമാനം വർദ്ധിച്ചു, 90 ശതമാനം. ഇനി നീലവിപ്ലവത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യയുടെ മത്സ്യ ഉൽപ്പാദനം ഇരട്ടിയിലധികമായി വർദ്ധിച്ചു. മധുരവിപ്ലവത്തിലൂടെ തേനീച്ച വളർത്തൽ മേഖലയിൽ പുതിയ അവസരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. തേൻ ഉൽപ്പാദനം ഏകദേശം 80 ആയിരം ടണ്ണിൽ നിന്ന് 150 ആയിരം ടണ്ണായി വർദ്ധിച്ചു. ഹോർട്ടികൾച്ചർ (ഉദ്യാനകൃഷി) മേഖലയിലും ഇന്ത്യയുടെ ഉൽപ്പാദനം 280 ദശലക്ഷം ടണ്ണിൽ നിന്ന് 350 ദശലക്ഷം ടണ്ണിലധികമായി വർദ്ധിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഈ വിപ്ലവങ്ങളെല്ലാം ഒരു വിശാലമായ കാഴ്ചപ്പാടോടെ നമ്മൾ ബന്ധിപ്പിക്കുമ്പോൾ, രാജ്യത്തെ കർഷകർക്ക് ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു, കൃഷിയുടെ ഭാവിക്ക് ഇത് അത്യന്താപേക്ഷിതമാണ്. ഞാൻ നിങ്ങൾക്ക് മറ്റൊരു ഉദാഹരണം നൽകാം. മറ്റൊരു വിപ്ലവം, സൗരോർജ്ജ വിപ്ലവം. ഈ വിപ്ലവം അന്നദാതാവിനെ ഊർജ്ജദാതാവാക്കി മാറ്റിയിരിക്കുന്നു. പിഎം-കുസും (PM-KUSUM) പദ്ധതിക്ക് കീഴിൽ, ഇതിനോടകം ഏകദേശം 12 ലക്ഷം സോളാർ പമ്പുകൾ വിതരണം ചെയ്തു കഴിഞ്ഞു. ഇത് കർഷകരുടെ വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നു, കൂടാതെ കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ച് വരുമാനം നേടാനും തുടങ്ങിയിരിക്കുന്നു. ഉൽപ്പാദനത്തോടൊപ്പം, ഉൽപ്പാദനക്ഷമതയിലും കർഷകരുടെ ലാഭത്തിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
അടുത്തിടെ, ഭരണത്തലവനെന്ന നിലയിൽ ഞാൻ 25 വർഷം പൂർത്തിയാക്കി. ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും കൃഷിയെ ആധുനികവൽക്കരിക്കാൻ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു. അന്ന് ഞാൻ വലിയ കാർഷികോത്സവങ്ങൾക്ക് തുടക്കമിട്ടു. മെയ്, ജൂൺ മാസങ്ങളിൽ 40–45 ഡിഗ്രി സെൽഷ്യസ് ചൂടിൽ നൂറുകണക്കിന് കാർഷിക ശാസ്ത്രജ്ഞരും, കാർഷിക വിദഗ്ധരും, പുരോഗമന കർഷകരും ഒത്തുചേരുമായിരുന്നത് ഞാൻ ഓർക്കുന്നു. ഞങ്ങൾ കിസാൻ രഥങ്ങൾ(കർഷക രഥങ്ങൾ) തയ്യാറാക്കി അവയിൽ യാത്ര ചെയ്യുമായിരുന്നു. ഗ്രാമങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഞങ്ങൾ പോകുമായിരുന്നു. കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച് അവരുമായി നേരിട്ട് സംവദിക്കുമായിരുന്നു. ആ പ്രദേശത്തെ മണ്ണിന്റെ സ്വഭാവം എന്താണ്, ജലലഭ്യത എത്രത്തോളമുണ്ട്, അവിടെ ഏതൊക്കെ വിളകൾ നന്നായി വളരും, ഏതുതരം കൃഷിരീതിയാണ് ആവശ്യം തുടങ്ങിയ ഓരോ വിഷയവും കർഷകരുമായി നേരിട്ട് ചർച്ച ചെയ്യുമായിരുന്നു. ശാസ്ത്രജ്ഞരുടെ പരീക്ഷണശാലകളിലുള്ള അറിവ് കർഷകരുടെ കൃഷിയിടങ്ങളിലേക്ക് നേരിട്ട് എത്തണമെന്നതായിരുന്നു ഞങ്ങളുടെ ശ്രമം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 'ലാബ് ടു ലാൻഡ്' (പരീക്ഷണശാലയിൽ നിന്ന് കൃഷിയിടത്തിലേക്ക്) എന്ന ആശയവുമായാണ് ഞങ്ങൾ മുന്നോട്ട് പോയത്, ഗുജറാത്തിലെ കർഷകർക്ക് ഇതിൽ നിന്ന് വലിയ പ്രയോജനം ലഭിക്കുകയും ചെയ്തു.
സുഹൃത്തുക്കളെ,
എന്റെ ഗുജറാത്ത് കാലഘട്ടത്തിലെ അനുഭവങ്ങൾ കേന്ദ്രസർക്കാരിൽ വന്നതിനുശേഷം വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട്. 2014-ൽ രാജ്യത്ത് ഏതാനും നൂറ് മണ്ണുപരിശോധനാ ലാബുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവയുടെ എണ്ണം 8,400-ലധികമായി വർദ്ധിച്ചു. വൈദ്യശാസ്ത്ര മേഖലയിൽ പാത്തോളജി ലാബുകൾ വ്യാപിക്കുന്നതുപോലെ, ഇന്ന് മണ്ണുപരിശോധനാ ലാബുകളും വ്യാപിക്കുകയാണ്. ഇന്ന് രാജ്യത്തുടനീളം 750-ലധികം കൃഷി വിജ്ഞാന കേന്ദ്രങ്ങളുണ്ട്. രോഗങ്ങളിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുന്നതിനും ഞങ്ങൾ മുൻഗണന നൽകുന്നു. കന്നുകാലികളെ കുളമ്പുരോഗത്തിൽ (ഫുട്ട് ആൻഡ് മൗത്ത് ഡിസീസ്) നിന്ന് സംരക്ഷിക്കുന്നതിനായി എട്ട് കോടിയിലധികം കർഷകരുടെ മൃഗങ്ങൾക്ക് സൗജന്യ വാക്സിനേഷൻ നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് ഞങ്ങൾ സൗജന്യ വാക്സിനുകൾ നൽകി, അത് എല്ലാവർക്കും ഓർമ്മയുണ്ട്. എന്നാൽ ഇത് മോദിയാണ്; മൃഗങ്ങൾക്ക് പോലും അദ്ദേഹം സൗജന്യ വാക്സിൻ നൽകുന്നു.
സുഹൃത്തുക്കളെ,
പഴഞ്ചൻ ചിന്താഗതിയുള്ള ചിലർ പലപ്പോഴും വിശ്വസിക്കുന്നത് നമ്മുടെ ഗ്രാമങ്ങളിൽ വലിയ തോതിലുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം സാധ്യമല്ല എന്നാണ്. നമോ ഡ്രോൺ ദീദിമാർ അത്തരക്കാരെ തെറ്റാണെന്ന് തെളിയിച്ചിരിക്കുന്നു. ഒരിക്കൽ, വീഡിയോ കോൺഫറൻസിംഗിലൂടെ എല്ലാ ഡ്രോൺ ദീദിമാരുമായും സംസാരിക്കുമ്പോൾ, ഒരുപക്ഷേ ജാർഖണ്ഡിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരു മകളുമായി ഞാൻ സംസാരിക്കുകയായിരുന്നു. അവർ എന്നോട് പറഞ്ഞു, “ഇപ്പോൾ എന്റെ നിലവാരം മാറി.” ഞാൻ ചോദിച്ചു, “അതെന്തുകൊണ്ടാണ്?” അവർ പറഞ്ഞു, “ഗ്രാമം മുഴുവൻ എന്നെ പൈലറ്റ് എന്നാണ് വിളിക്കുന്നത്, എന്റെ ഭർത്താവിന്റെ അനിയന്മാർ പോലും എന്നെ ‘പൈലറ്റ് ഭാഭി’ എന്നാണ് വിളിക്കുന്നത്.” ആത്മാഭിമാനം എത്രത്തോളം വർദ്ധിക്കുന്നുവെന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. നിലവിൽ, നമോ ഡ്രോൺ ദീദിമാർ വളങ്ങളും കീടനാശിനികളും തളിക്കുന്നതിനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നത്. ഇപ്പോൾ അവയുടെ ഉപയോഗത്തിന്റെ വ്യാപ്തിയും
വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളെ,
ഇന്നത്തെ ഇന്ത്യ കൃഷിയിൽ എഞ്ചിനീയറിംഗിന്റെ പങ്കും വിപുലീകരിക്കുകയാണ്. കൃഷിച്ചെലവ് കുറയ്ക്കുന്ന തരത്തിലുള്ള ഉപകരണങ്ങളും യന്ത്രങ്ങളും നമ്മുടെ കാർഷിക ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും യുവാക്കളും ചേർന്ന് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളിൽ, വിതയ്ക്കലും കൊയ്ത്തും എളുപ്പമാക്കുന്ന യന്ത്രങ്ങൾ വികസിപ്പിച്ചെടുക്കുന്നുണ്ട്. ഇവിടെ സന്നിഹിതരായിട്ടുള്ള വ്യവസായ മേഖലയിലുള്ളവരോടും, കർഷകർക്കായി ഉപകരണങ്ങൾ നിർമ്മിക്കുന്നവരോടും, അതുപോലെതന്നെ നമ്മുടെ സ്റ്റാർട്ടപ്പ് സ്ഥാപകരോടും ഞാൻ പ്രത്യേകമായി അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നത്, ഇനി മുതൽ നിങ്ങൾ നിർമ്മിക്കുന്ന ഏതൊരു ഉപകരണവും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതായിരിക്കണം എന്നാണ്, കാരണം നമ്മൾ എല്ലാ കൃഷിയിടങ്ങളിലേക്കും സൗരോർജ്ജം എത്തിച്ചുകൊണ്ടിരിക്കുകയാണ്. ലോകം മുഴുവൻ ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കുതിക്കുന്നതുപോലെ, എല്ലാത്തരം കാർഷിക ഉപകരണങ്ങളും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതാക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നു. ആ ദിശയിൽ ഞാൻ ഗണ്യമായ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാൽ എല്ലാ എംഎസ്എംഇ (MSME) കളോടും ചെറുകിട വ്യവസായങ്ങളോടും ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഇതൊരു വലിയ വിപ്ലവ മേഖലയായി മാറാൻ പോവുകയാണ്. അതുമാത്രമല്ല, കർഷകർക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ കഴിയുന്നതും, ഏറ്റവും ചെറുകിട കർഷകർക്ക് പോലും താങ്ങാനാവുന്നതുമായ എഐ (AI) സാങ്കേതികവിദ്യയോട് കൂടിയ സെൻസർ അധിഷ്ഠിത ഉപകരണങ്ങൾ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൊബൈൽ ഫോണിലൂടെ മണ്ണുപരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങളും ഇപ്പോൾ വികസിപ്പിച്ചുവരികയാണ്. നിങ്ങൾ മൊബൈൽ അധിഷ്ഠിത ഉപകരണത്തിൽ അല്പം മണ്ണ് വയ്ക്കുക മാത്രം ചെയ്താൽ മതി, നിങ്ങളുടെ മണ്ണ് ഏത് വിളയ്ക്ക് അനുയോജ്യമാണ്, എത്രത്തോളം വളം ആവശ്യമാണ്, ഏതുതരം വളമാണ് വേണ്ടത് എന്നിവ തിരിച്ചറിയുന്ന ഒരു റിപ്പോർട്ട് നിങ്ങളുടെ ഫോൺ ഉടൻ തന്നെ നൽകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എത്ര വേഗത്തിലാണ് മാറ്റങ്ങൾ സംഭവിക്കുന്നതെന്ന് നോക്കൂ. ഇന്ന്, കാർഷിക എഞ്ചിനീയറിംഗ് മുതൽ അഗ്രി-സ്റ്റാർട്ടപ്പുകൾ വരെ, ഇന്ത്യ അവസരങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. നമ്മുടെ അന്നദാതാക്കളെ കാർഷിക സംരംഭകരായി മാറ്റണം. ഉൽപ്പാദനം നടക്കുന്നിടത്തുതന്നെ എങ്ങനെ മൂല്യവർദ്ധനവ് (വാല്യൂ അഡിഷൻ) നടത്താം എന്നതിനെക്കുറിച്ചുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ രാജ്യത്തുടനീളം അതിവേഗം പുരോഗമിക്കുകയാണ്.
സുഹൃത്തുക്കളെ,
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ, ചെറുകിട കർഷകർ സർക്കാരുമായി കൈകോർത്ത് പ്രവർത്തിച്ചുകൊണ്ട് 10,000 എഫ്പിഒ (FPO) കളുടെ, അതായത് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ ഒരു വലിയ ശൃംഖല നിർമ്മിച്ചിരിക്കുന്നു. ഇവ ചെറുകിട കർഷകരുടെ കൂട്ടായ്മകളെ മൂല്യസൃഷ്ടാക്കളാക്കി മാറ്റുകയും അവരെ ഭക്ഷ്യസംസ്കരണ വ്യവസായവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. എന്റെ ഗുജറാത്ത് കാലഘട്ടത്തിലെ ഒരു സംഭവം എനിക്ക് വ്യക്തമായി ഓർമ്മയുണ്ട്. ഗുജറാത്തിൽ ഞങ്ങൾ ജ്യോതിഗ്രാം യോജന നടപ്പിലാക്കി. കാർഷിക ഫീഡറുകളെയും ഗാർഹിക ഫീഡറുകളെയും വേർതിരിക്കുകയും കർഷകർക്ക് കഴിയുന്നത്ര വൈദ്യുതി നൽകാൻ തുടങ്ങുകയും ചെയ്തു. ഇത് കർഷകർക്ക് വളരെയധികം പ്രയോജനം ചെയ്തു. ഗാന്ധിനഗറിനടുത്തുള്ള ചില ഗ്രാമങ്ങളിൽ ഭൂരിഭാഗം ആളുകളും മുളക് കൃഷി ചെയ്യുന്നവരാണ്. എന്നാൽ അവിടുത്തെ കർഷകർ ഒരു പ്രശ്നം നേരിട്ടിരുന്നു. ഉൽപ്പാദനം കൂടിയാൽ വില കുറയും, ഉൽപ്പാദനം കുറഞ്ഞാൽ വരുമാനവും കുറയും. രണ്ട് സാഹചര്യങ്ങളിലും അവർക്ക് നഷ്ടം സംഭവിച്ചു. മുളക് അമിതമായി ഉൽപ്പാദിപ്പിച്ചാൽ അവയ്ക്ക് വിൽപ്പനയുണ്ടായിരുന്നില്ല. എന്നാൽ ജ്യോതിഗ്രാം യോജനയിലൂടെ വൈദ്യുതി എത്തിയതിനുശേഷം, അവർ മുളക് പൊടിച്ച് മുളകുപൊടിയാക്കി മാറ്റാൻ തുടങ്ങി. അവർ ആ പൊടി പായ്ക്ക് ചെയ്യുകയും, പരസ്യങ്ങൾ നിർമ്മിക്കുകയും, പാക്കേജിംഗിൽ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ അച്ചടിക്കുകയും, വലിയ തോതിൽ മുളകുപൊടി വിൽക്കാൻ തുടങ്ങുകയും ചെയ്തു. ഈ മൂല്യവർദ്ധനവിലൂടെ അവർ വലിയ വിജയം നേടിയ വരുമാനക്കാരായി മാറി. മുൻപ് അവരുടെ മുളകിന് ശരിയായ വില പോലും ലഭിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ അവരുടെ ഉൽപ്പന്നങ്ങൾ ബ്രാൻഡുകളായി മാറി. ഓരോ ചെറിയ കാര്യത്തിലും ശ്രദ്ധ നൽകുമ്പോൾ എന്തെല്ലാം സാധ്യമാകുമെന്ന് ഇത് കാണിച്ചുതരുന്നു. ചെറുകിട കർഷകരെ കയറ്റുമതി വിപണികളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.
സുഹൃത്തുക്കളെ,
ഞങ്ങളുടെ നയവും ഉദ്ദേശ്യശുദ്ധിയും തികച്ചും വ്യക്തമാണ്. കൃഷി കർഷകർക്ക് ഒരു ഭാരമായി മാറരുത് എന്നതാണ് ഞങ്ങളുടെ മുൻഗണന. കർഷകർക്ക് മിതമായ നിരക്കിൽ വളം ലഭ്യമാക്കുന്നതിനായി കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യം 16 ലക്ഷം കോടി രൂപ ചെലവഴിച്ചു. സുഹൃത്തുക്കളെ, ഇതൊരു ഭീമമായ തുകയാണ്. പതിനാറ് ലക്ഷം കോടി രൂപ എന്നത് പല രാജ്യങ്ങളുടെയും വാർഷിക ബജറ്റിനേക്കാൾ കൂടുതലാണ്. ഇറാനും ഗൾഫ് രാജ്യങ്ങൾക്കും ചുറ്റും നിലവിൽ നടക്കുന്ന യുദ്ധസാഹചര്യങ്ങൾക്കിടയിലും, 5,000 രൂപ വിലവരുന്ന ഒരു ചാക്ക് ഡിഎപി (DAP) വളം ഇന്ത്യൻ കർഷകർക്ക് വെറും 1,300 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ 3,000 രൂപ വിലവരുന്ന ഒരു ചാക്ക് യൂറിയ ഇന്ത്യൻ കർഷകർക്ക് 300 രൂപയിൽ താഴെ വിലയ്ക്കാണ് നൽകുന്നത്.
സുഹൃത്തുക്കളെ,
ഞാൻ ഒരു വിഷയം കൂടി പരാമർശിക്കാൻ ആഗ്രഹിക്കുന്നു, ഇതിനെക്കുറിച്ച് ഞാൻ മുൻപും സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ നെറ്റ്വർക്കിനെ സംബന്ധിച്ചിടത്തോളം, ഞാൻ ഇന്ന് പറയാൻ പോകുന്നത് തികച്ചും എക്സ്ക്ലൂസീവ് (പ്രത്യേക വാർത്ത) ആണ്.
സുഹൃത്തുക്കളെ,
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായിക്കൊണ്ടിരുന്നപ്പോൾ, ഏതാനും ആഴ്ചകൾക്കുള്ളിൽ അസംസ്കൃത എണ്ണയുടെ (ക്രൂഡ് ഓയിൽ) വില ബാരലിന് 70 ഡോളറിൽ നിന്ന് 122 ഡോളറായി ഉയർന്നു. ആ സമയത്ത് ഇന്ത്യയും വലിയൊരു വെല്ലുവിളി നേരിട്ടു. ഡീസൽ വില ലിറ്ററിന് കുറഞ്ഞത് 50 രൂപയെങ്കിലും വർദ്ധിപ്പിക്കേണ്ട ഒരു സാഹചര്യത്തിലായിരുന്നു ഇന്ത്യ. ലിറ്ററിന് 50 രൂപയുടെ വർദ്ധനവ് അനിവാര്യമായി വന്നിരുന്നു. ആ സമയത്ത്, കർഷകരുടെ താൽപ്പര്യാർത്ഥം ഗവൺമെൻറ് ഒരു തീരുമാനമെടുത്തു. അന്താരാഷ്ട്ര വിപണിയിലുണ്ടായ ആഘാതത്തിന്റെ പൂർണ്ണഭാരം പൗരന്മാരിലേക്കും കർഷകരിലേക്കും അടിച്ചേൽപ്പിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. 50 രൂപയുടെ വർദ്ധനവ് ആവശ്യമായിരുന്നിടത്ത്, ഗവൺമെൻറ് ഡീസൽ വില ലിറ്ററിന് 7 രൂപ മാത്രമാണ് വർദ്ധിപ്പിച്ചത്. ലിറ്ററിന് 43 രൂപയുടെ ഭാരം ഗവൺമെൻറ് സ്വയം ഏറ്റെടുത്തു. അയൽരാജ്യങ്ങളിലും ഡീസൽ വില 40 മുതൽ 50 ശതമാനം വരെ വർദ്ധിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ അത് സംഭവിച്ചില്ല. അന്നുമുതൽ ഇന്നുവരെ, ഗവൺമെൻറ് ഓരോ മാസവും 14,000 കോടി രൂപയുടെ നഷ്ടം സഹിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മാസവും. എന്നിട്ടും രാജ്യത്തെ കർഷകർക്ക് യാതൊരു ദോഷവും സംഭവിക്കാൻ ഞങ്ങൾ അനുവദിച്ചില്ല. കർഷകരുടെ ക്ഷേമത്തിന് ഏറ്റവും ഉയർന്ന മുൻഗണന നൽകുമ്പോൾ, 'നാഗരിക് ദേവോ ഭവ' (പൗരനാണ് ദൈവം) എന്ന മനോഭാവം ഉണ്ടാകുമ്പോൾ, ഇത്തരം സംവേദനക്ഷമമായ തീരുമാനങ്ങൾ എടുക്കപ്പെടുന്നു.
സുഹൃത്തുക്കളെ,
രാജ്യതാൽപ്പര്യത്തെക്കുറിച്ചുള്ള ഇത്രയധികം ചർച്ചകൾക്കിടയിൽ, ഇതുവരെ ഒരു നെഗറ്റീവ് തലക്കെട്ടും (ഹെഡ്ലൈൻ) വന്നില്ലല്ലോ എന്ന് ആജ് തക്കിലുള്ളവർ ചിന്തിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് ഒരുപക്ഷേ ഇനി നമുക്ക് ഒരു തലക്കെട്ടാകാൻ കഴിയുന്ന എന്തെങ്കിലും ചർച്ച ചെയ്യാം. ഇതുവരെ ഞാൻ രാജ്യത്തെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്, ഒരുപക്ഷേ അത് മാധ്യമങ്ങളുടെ അത്രയധികം ശ്രദ്ധ ആകർഷിച്ചിട്ടുണ്ടാകില്ല. അതിനാൽ ഇനി ഞാൻ വിവാദത്തെക്കുറിച്ച് സംസാരിക്കാം.
സുഹൃത്തുക്കളെ,
ഇക്കാലത്ത് ചിലർ തങ്ങളുടെ പോക്കറ്റിൽ നിന്ന് ഭരണഘടന പുറത്തെടുക്കുന്നു. അവർ എന്താണ് ചെയ്യുന്നതെന്ന് രാജ്യം നന്നായി മനസ്സിലാക്കുന്നുണ്ട്. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും തങ്ങളുടെ പോക്കറ്റിലാണെന്നാണ് അവർ കരുതുന്നതെന്ന് തോന്നുന്നു. അധികാരത്തിലില്ലാത്തപ്പോൾ പോലും അധികാരത്തിന്റെ ലഹരിയിലുള്ള മാനസികാവസ്ഥയിലാണ് അവർ തുടരുന്നത്. എന്നാൽ ഇതേ ആളുകൾ അധികാരത്തിലിരുന്നപ്പോൾ അവരുടെ പ്രവൃത്തികൾ എങ്ങനെയായിരുന്നു? ഞാൻ ഒരു ചെറിയ സംഭവം വിവരിക്കാം.
സുഹൃത്തുക്കളെ,
മാധ്യമപ്രവർത്തകർ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളുടെ റാങ്കിംഗ് തയ്യാറാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നത് നിങ്ങൾ ഓർക്കുന്നുണ്ടാകും. സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട അത്തരമൊരു റാങ്കിംഗിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തിയിരുന്നു, അന്ന് ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തിന് ഒന്നാം റാങ്ക് നൽകിയ ആ സ്ഥാപനത്തിന് ഇന്ത്യയുടെ ഒരു മുൻ പ്രധാനമന്ത്രിയുടെ പേരായിരുന്നു നൽകിയിരുന്നത്. ആ സൂചന മതി; ആ പേര് നിങ്ങൾക്ക് സ്വയം കണ്ടെത്താവുന്നതേയുള്ളൂ. രാജ്യത്തെ ഏറ്റവും ആദരണീയരായ ചില സാമ്പത്തിക വിദഗ്ധർ നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ റാങ്കിംഗ്. എന്നാൽ ഗുജറാത്തിന് ആ അംഗീകാരം ലഭിക്കുന്നത് ഡൽഹിയിൽ അധികാരത്തിലിരുന്നവർക്ക് ഇഷ്ടപ്പെട്ടില്ല. ഇത്തരത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അവർ ഗവേഷണം നടത്തുന്നവർക്ക് ഔദ്യോഗികമായി നിർദ്ദേശം നൽകി. അന്നുമുതൽ, തങ്ങളുടെ മുൻകൂർ അനുമതിയില്ലാതെ ഒരു റിപ്പോർട്ടും പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് അവർ പറഞ്ഞു.
സുഹൃത്തുക്കളെ,
അതായിരുന്നു അന്നത്തെ അവസ്ഥ, ഇന്ന് അതേ ആളുകൾ തന്നെ സഹിഷ്ണുതയെയും ജനാധിപത്യത്തെയും കുറിച്ച് പ്രഭാഷണങ്ങൾ നടത്തി നടക്കുന്നു. കൃത്യമായി എപ്പോഴാണ് ഇത് സംഭവിച്ചത്? അതിനുശേഷം എന്താണ് സംഭവിച്ചത്? ആ വിശദാംശങ്ങൾ നിങ്ങൾക്ക് സ്വയം ഗവേഷണം ചെയ്ത് കണ്ടെത്താവുന്നതേയുള്ളൂ. ഇനി ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കുന്നതിലേക്ക് കടക്കട്ടെ.
സുഹൃത്തുക്കളെ,
കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ കർഷകരുടെ നേട്ടങ്ങൾ നിസ്സംശയമായും ശ്രദ്ധേയമാണ്. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി, നാം ഇപ്പോൾ നമ്മുടെ ശ്രമങ്ങൾ കൂടുതൽ വിപുലീകരിക്കേണ്ടതുണ്ട്. കർഷകർ അഭിവൃദ്ധി പ്രാപിക്കുന്നതും, ഗ്രാമങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നതും, കൃഷി ആധുനികവും ലാഭകരവുമായി മാറുന്നതുമായ ഒരു ഭാവി നാം സൃഷ്ടിക്കണം. ഇവിടെ നടക്കുന്ന ചർച്ചകൾ രാജ്യത്തിന് പ്രയോജനപ്പെടുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഇവിടെ നിന്ന് ഉയർന്നുവരുന്ന മികച്ച നിർദ്ദേശങ്ങളിലും പരിഹാരങ്ങളിലും ഗവൺമെന്റും പ്രവർത്തിക്കും. ഇന്ന് ഞാൻ നിങ്ങൾക്കിടയിലേക്ക് വന്നതുകൊണ്ട്, തീർച്ചയായും ഒരു അഭ്യർത്ഥന നടത്താൻ ആഗ്രഹിക്കുന്നു. തുടക്കത്തിൽ, അഞ്ജന ജി തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു, കർഷകർ രണ്ട് കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: അന്നദാതാവും ഭൂമിമാതാവും. എന്റെ കർഷക സഹോദരീസഹോദരന്മാരോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു: നമ്മൾ നമ്മുടെ ഈ ഭൂമിമാതാവിനെ ശരിക്കും സംരക്ഷിക്കുന്നുണ്ടോ? നിങ്ങൾ സ്വയം സത്യസന്ധമായി ചോദിക്കൂ. രാസവസ്തുക്കളുടെ അമിതമായ ഉപയോഗത്തിലൂടെ നാം ഭൂമിമാതാവിനെ നശിപ്പിക്കുന്ന രീതി... നമ്മൾ ആ അമ്മയുടെ മക്കളാണ്. നമ്മുടെ സ്വന്തം കണ്മുന്നിൽ വച്ച് നാം ഈ അമ്മയെ കൊല്ലുകയാണ്. നാം സമയത്തിന് ഉണർന്നില്ലെങ്കിൽ, ഭൂമിമാതാവിനെ രക്ഷിക്കാൻ ശ്രമിച്ചില്ലെങ്കിൽ, ഇന്ന് നമ്മെ പോറ്റുന്ന ആ അമ്മ ഒരുനാൾ നമ്മുടെ കൈകളിൽ നിന്ന് നഷ്ടപ്പെട്ടേക്കാം. അത്തരമൊരു സാഹചര്യം ഉണ്ടായേക്കാം. അതുകൊണ്ടാണ് ഗവൺമെൻറ് പ്രകൃതിദത്ത കൃഷിക്ക് ഊന്നൽ നൽകിയിരിക്കുന്നത്. പ്രകൃതിദത്ത കൃഷി പരീക്ഷിച്ചവർ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. ഒരൊറ്റ പശുവിന് 30 ഏക്കർ ഭൂമിയിൽ പ്രകൃതിദത്ത കൃഷി നടത്താൻ ആവശ്യമായ വളം നൽകാൻ കഴിയും. രാസവസ്തുക്കളുടെ യാതൊരു ആവശ്യവുമില്ല. ഇന്നത്തെ നിങ്ങളുടെ ചർച്ചകളിൽ ഇത്തരം നിരവധി വിഷയങ്ങൾ ഉയർന്നുവന്നിട്ടുണ്ടാകണം. അതിനാൽ, രാസവസ്തുക്കൾ ഇല്ലാത്ത കൃഷിയിലേക്ക് നാം നീങ്ങണമെന്ന് ഞാൻ എല്ലാ കർഷകരോടും അഭ്യർത്ഥിക്കുന്നു. ഞാൻ ജൈവകൃഷിയെക്കുറിച്ചല്ല (ഓർഗാനിക് ഫാമിംഗ്) സംസാരിക്കുന്നത്; ഞാൻ പ്രകൃതിദത്ത കൃഷിയെക്കുറിച്ചാണ് (നാച്ചുറൽ ഫാമിംഗ്) സംസാരിക്കുന്നത്, എല്ലാ കർഷകർക്കും അത് എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയും. രാസവസ്തുക്കളിൽ നിന്ന് മുക്തരാകുന്നതിലൂടെ നമുക്ക് നമ്മുടെ മണ്ണിനെ രക്ഷിക്കാനുള്ള ചുവടുകൾ വയ്ക്കാൻ കഴിയും. നമ്മുടെ കർഷക സഹോദരീസഹോദരന്മാരുമായി ബന്ധപ്പെട്ട ഒരു വെല്ലുവിളി, അവർ സ്വന്തം കണ്ണുകൊണ്ട് എന്തെങ്കിലും കാണുന്നതുവരെ അത് അംഗീകരിക്കില്ല എന്നതാണ്. എത്ര നീണ്ട പ്രസംഗങ്ങൾ നടത്തിയാലും കർഷകർ ഒരു കാര്യം വെറുതെ അംഗീകരിക്കില്ല. അവർ കണ്ടതിനുശേഷം മാത്രമേ വിശ്വസിക്കുകയുള്ളൂ. അല്ലെങ്കിൽ, അവരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതെല്ലാം മഞ്ഞപ്പൊടി ഇടണം, പച്ച കുപ്പി ഉപയോഗിക്കണം, പച്ച പാത്രം ഉപയോഗിക്കണം, ചുവന്ന പാത്രം കൊണ്ടുവരണം, അയൽക്കാരൻ രണ്ട് ചാക്ക് ഉപയോഗിച്ചാൽ താനും രണ്ട് ചാക്ക് ഉപയോഗിക്കും; അയൽക്കാരൻ നാല് ചാക്ക് ഉപയോഗിച്ചാൽ താനും നാല് ചാക്ക് ഉപയോഗിക്കും എന്നതൊക്കെയാണ്. ഈ ചിന്താഗതിയിൽ നിന്ന് അവരെ മോചിപ്പിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും, പ്രത്യേകിച്ച് പുരോഗമന കർഷകരുടെ ഉത്തരവാദിത്തമാണ്. രാസവസ്തുക്കൾ ഇല്ലാത്ത പ്രകൃതിദത്ത കൃഷിയിലേക്ക് നീങ്ങാൻ നാം അവരെ സഹായിക്കണം. നമ്മുടെ ഭൂമിമാതാവിനെ രക്ഷിക്കുക എന്നതാണ് ആദ്യത്തെ കടമ. നമുക്ക് ആവശ്യമുള്ളതെല്ലാം നൽകാൻ ഈ അമ്മയ്ക്ക് കഴിവുണ്ട്. നാം ആ അമ്മയെ സംരക്ഷിക്കുന്നിടത്തോളം കാലം അമ്മ നമുക്ക് ഒരു കുറവും വരുത്തില്ല. നാം ഭൂമിമാതാവിന്റെ മക്കളാണ്. അമ്മയുടെ പുത്രന്മാരും പുത്രിമാരുമെന്ന നിലയിൽ, ഭൂമിമാതാവിന്റെ മക്കളെന്ന നിലയിൽ ഈ ഉത്തരവാദിത്തം നിറവേറ്റുക എന്നത് നമ്മുടെ കടമയാണ്. ഈ ആത്മവിശ്വാസത്തോടെ, ഞാൻ നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു. ഇന്ത്യാ ടുഡേ ഗ്രൂപ്പിനെയും ഞാൻ അഭിനന്ദിക്കുന്നു. വരും വർഷങ്ങളിൽ രാജ്യത്തെ വളരെയധികം സഹായിക്കുന്ന ഒരു ദൗത്യമാണ് നിങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
വളരെ നന്ദി.
നിരാകരണവ്യവസ്ഥ: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
-SK-