പോസ്റ്റഡ് ഓണ്‍:
17 NOV 2026 11:38AM by PIB Thiruvananthpuram
2026 നവംബർ 18 മുതൽ 19 വരെ ഔദ്യോഗിക ജപ്പാൻ സന്ദർശനത്തിന്റെ ഭാഗമായി രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിങ് നാലാമത് ഇന്ത്യ-ജപ്പാൻ വിദേശകാര്യ-പ്രതിരോധ മന്ത്രിതല സംഭാഷണത്തിൽ (2+2) പങ്കെടുക്കുകയും ജാപ്പനീസ് പ്രതിരോധ മന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും. ടോക്കിയോയിൽ നടക്കുന്ന 2+2 മന്ത്രിതല സംഭാഷണത്തിൽ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ എന്നിവർക്കൊപ്പം ജപ്പാൻ പ്രതിരോധ മന്ത്രി ശ്രീ ഷിൻജിറോ കൊയ്സുമി, വിദേശകാര്യ മന്ത്രി ശ്രീ തോഷിമിത്സു മൊട്ടേഗി എന്നിവരും സംയുക്ത അധ്യക്ഷത വഹിക്കും. ഉഭയകക്ഷി തന്ത്രപരവും പ്രതിരോധപരവുമായ സഹകരണത്തിന്റെ സമഗ്ര മേഖലകളും അവലോകനം ചെയ്യുന്ന സംഭാഷണത്തിൽ പ്രാദേശിക - ആഗോള സംഭവവികാസങ്ങളെക്കുറിച്ച് ഇരുപക്ഷവും കാഴ്ചപ്പാടുകൾ പങ്കുവെക്കും. സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും നിയമവ്യവസ്ഥയിൽ അധിഷ്ഠിതവുമായ ഇൻഡോ-പസഫിക് മേഖലയോട് ഇരുരാജ്യങ്ങളും പുലര്‍ത്തുന്ന പൊതുവായ പ്രതിബദ്ധത യോഗം ആവർത്തിച്ച് വ്യക്തമാക്കും.
രാജ്യരക്ഷാ മന്ത്രിയും ജപ്പാൻ പ്രതിരോധ മന്ത്രിയും തമ്മിൽ ഈ വർഷം നടത്തുന്ന മൂന്നാമത് കൂടിക്കാഴ്ചയാണിത്. 2026 ഓഗസ്റ്റിൽ ന്യൂഡൽഹിയിലും, ഒക്ടോബറിൽ സെബുവിലെ ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ വിപുലീകൃത യോഗത്തിനിടയിലും നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് കൂടിക്കാഴ്ച. പ്രതിരോധ ഉപകരണ-സാങ്കേതിക സഹകരണം മുന്നോട്ട് കൊണ്ടുപോകൽ, സമുദ്രസുരക്ഷ, മൂന്ന് സേനാവിഭാഗങ്ങളും പങ്കെടുക്കുന്ന സംയുക്ത സൈനികാഭ്യാസങ്ങളുടെ വ്യാപ്തിയും സങ്കീർണതയും വർദ്ധിപ്പിക്കൽ, വ്യാവസായിക പങ്കാളിത്തം ശക്തിപ്പെടുത്തൽ എന്നീ വിഷയങ്ങൾ ഇരുമന്ത്രിമാരും ചർച്ച ചെയ്യും.
പൊതു ജനാധിപത്യ മൂല്യങ്ങൾ, പരസ്പര വിശ്വാസം, സമാന തന്ത്രപരമായ താല്പര്യങ്ങൾ എന്നിവയിലധിഷ്ഠിതമായ സവിശേഷ തന്ത്രപ്രധാന-ആഗോള പങ്കാളിത്തമാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ളത്. ഉഭയകക്ഷി പ്രതിരോധ ബന്ധം കൂടുതൽ ആഴത്തിലാക്കാനും, ഇരുരാജ്യങ്ങളും തമ്മിലെ പ്രവർത്തനപരവും വ്യാവസായികവുമായ ഏകോപനം ശക്തിപ്പെടുത്തുന്നതിന് ഭാവി രൂപരേഖ തയ്യാറാക്കാനും സന്ദർശനം ലക്ഷ്യമിടുന്നു.
***