വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ആവിഷ്കാര സ്വാതന്ത്ര്യവും ഉത്തരവാദിത്തവും തമ്മിലെ സന്തുലിതാവസ്ഥ മാധ്യമപ്രവര്‍ത്തനത്തില്‍ നിലനിർത്തണം; ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളോട് മാധ്യമങ്ങൾ പൊരുത്തപ്പെടണം: കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്

“ബഹളം കുറയ്ക്കുകയും വാർത്തകൾ കൂട്ടുകയും ചെയ്യുക; അതിശയോക്തി കുറയ്ക്കുകയും ഉത്തരവാദിത്തം കൂട്ടുകയും ചെയ്യുക”: ശ്രീ രജത് ശർമ്മ

ധാർമ്മികവും കൃത്യവും ഉത്തരവാദിത്തപൂര്‍ണവുമായ മാധ്യമപ്രവർത്തനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ് പി.സി.ഐ അധ്യക്ഷ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി

നിർമ്മിത ബുദ്ധിക്ക് മാധ്യമപ്രവർത്തനത്തെ സഹായിക്കാനാകുമെങ്കിലും എഡിറ്റോറിയൽ വിവേചനബുദ്ധിയും ഉത്തരവാദിത്തവും മനുഷ്യരിൽ തന്നെ തുടരണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി

'മാധ്യമ പെരുമാറ്റച്ചട്ടങ്ങള്‍' 2026 പതിപ്പ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പുറത്തിറക്കി

പോസ്റ്റഡ് ഓണ്‍: 16 NOV 2026 5:00PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ആകാശവാണി ഭവൻ രംഗ്ഭവൻ ഓഡിറ്റോറിയത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ  സംഘടിപ്പിച്ച ദേശീയ മാധ്യമ ദിനാഘോഷങ്ങളെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, റെയിൽവേ, ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് അഭിസംബോധന ചെയ്തു.

ജനാധിപത്യത്തിന് കരുത്തേകുന്നതില്‍  മാധ്യമങ്ങൾ വഹിക്കുന്ന നിർണായക പങ്ക് എടുത്തുപറഞ്ഞ അദ്ദേഹം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മാധ്യമ സാഹചര്യങ്ങളോടും സാങ്കേതിക മുന്നേറ്റങ്ങളോടും പൊരുത്തപ്പെടാൻ മാധ്യമപ്രവർത്തകരോട് ആഹ്വാനം ചെയ്തു. ഉത്തരവാദിത്തപൂര്‍ണമായ മാധ്യമപ്രവർത്തനം ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യവും സമൂഹത്തോടുള്ള മാധ്യമങ്ങളുടെ കടമയും അദ്ദേഹം എടുത്തുപറഞ്ഞു

.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷ ജസ്റ്റിസ് (റിട്ട.) രഞ്ജന പ്രകാശ് ദേശായി, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ മാധ്യമപ്രവർത്തകൻ ശ്രീ രജത് ശർമ്മ, പ്രസ് കൗണ്‍സില്‍ അംഗം ഡോ. സുധാൻഷു ത്രിവേദി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

‘മാധ്യമപ്രവർത്തനം: ജനപ്രിയമോ  ഉത്തരവാദിത്തപൂര്‍ണമോ?’ എന്ന ഈ വർഷത്തെ പ്രമേയം അതിവേഗ വിവരവിനിമയത്തിന്റെയും വർദ്ധിച്ചുവരുന്ന ഡിജിറ്റൽ സ്വാധീനത്തിന്റെയും  കാലഘട്ടത്തിൽ മാധ്യമപ്രവർത്തനത്തിന്റെ മാറുന്ന പങ്കിനെ ഉയർത്തിക്കാട്ടി. 

പൗര ശാക്തീകരണത്തിനും സമൂഹത്തെ  ശക്തിപ്പെടുത്താനും കൂട്ടായ പരിശ്രമം വേണമെന്ന് ശ്രീ അശ്വിനി വൈഷ്ണവ്

അഭൂതപൂർവമായ വേഗത്തില്‍ നടക്കുന്ന സാങ്കേതിക പരിവർത്തനത്തെക്കുറിച്ച് സദസ്സിനെ അഭിസംബോധന ചെയ്ത ശ്രീ അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.  കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലുണ്ടായതിനേക്കാൾ വലിയ മാറ്റങ്ങൾ അടുത്ത അഞ്ച് വർഷത്തിനകം സംഭവിക്കാമെന്ന് അദ്ദേഹം നിരീക്ഷിച്ചു. മാറ്റങ്ങളെ ഉൾക്കൊള്ളാനും  നൈപുണ്യം നിരന്തരം നവീകരിക്കാനും അദ്ദേഹം യുവ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു.  

 

ഡിജിറ്റൽ മാധ്യമങ്ങളുടെ ഉത്തരവാദിത്തം എടുത്തുപറഞ്ഞ  അദ്ദേഹം വർദ്ധിച്ചുവരുന്ന വ്യാജവാർത്തകൾ, ഡീപ്ഫേക്കുകൾ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, ഡിജിറ്റൽ അറസ്റ്റുകൾ, കുട്ടികളെ ബാധിക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾ എന്നിവയെ നേരിടാൻ 'സാമൂഹ്യ മാര്‍ഗനിര്‍ദേശങ്ങള്‍' മാത്രം മതിയാകുമോ എന്ന സുപ്രധാന ചോദ്യം ഉന്നയിച്ചു. പൗരന്മാരെ ശാക്തീകരിക്കാനും ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനും മാറിക്കൊണ്ടിരിക്കുന്ന  മാധ്യമ മേഖലയെ എങ്ങനെ നിയന്ത്രിക്കണമെന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനകൾ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

അതിശയോക്തിപരമായ മാധ്യമപ്രവര്‍ത്തനവും ഉത്തരവാദിത്തവും തമ്മിലെ നേര്‍ത്ത അതിര്‍വരമ്പിനെക്കുറിച്ച് വിശദീകരിച്ച് ശ്രീ രജത് ശർമ്മ

അതിശയോക്തിപരമായ മാധ്യമപ്രവര്‍ത്തനവും  ഉത്തരവാദിത്തവും തമ്മിലുള്ളത് വളരെ നേർത്ത അതിർവരമ്പാണെന്ന്  മുഖ്യപ്രഭാഷണം നടത്തിയ ശ്രീ രജത് ശർമ്മ വ്യക്തമാക്കി.  എഡിറ്റോറിയൽ വിവേചനബുദ്ധിയുടെയും ഉത്തരവാദിത്തപൂര്‍ണമായ റിപ്പോർട്ടിംഗിന്റെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.  അടിയന്തരാവസ്ഥക്കാലം, 26/11 മുംബൈ ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയുടെ അനുഭവങ്ങൾ അനുസ്മരിച്ച അദ്ദേഹം പ്രത്യേകിച്ച് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ സംയമനവും വസ്തുതാ പരിശോധനയും സംവേദനക്ഷമതയും പാലിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി. ഡിജിറ്റൽ മാധ്യമ രംഗത്ത് കൂടുതൽ ഉത്തരവാദിത്തം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അതിശയോക്തി കലര്‍ന്ന മാധ്യമപ്രവര്‍ത്തനത്തെക്കാള്‍ കൃത്യതയ്ക്ക് മുൻഗണന നൽകാൻ മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു. "ബഹളം കുറയ്ക്കുക, വാർത്തകൾ കൂട്ടുക; അതിശയോക്തി കുറയ്ക്കുക, ഉത്തരവാദിത്തം കൂട്ടുക" എന്ന സന്ദേശത്തോടെയാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.

 

മാധ്യമസ്വാതന്ത്ര്യത്തോടും മാധ്യമ നിലവാരത്തോടുമുള്ള പ്രതിബദ്ധത ആവർത്തിച്ച് പ്രസ് കൗണ്‍സില്‍ അധ്യക്ഷ

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനും മാധ്യമപ്രവർത്തനത്തിന്റെ നിലവാരം ഉയർത്താനുമുള്ള പ്രസ് കൗൺസിലിന്റെ പ്രതിബദ്ധത പി.സി.ഐ അധ്യക്ഷ ജസ്റ്റിസ് (റിട്ട.) രഞ്ജന പ്രകാശ് ദേശായി ആവർത്തിച്ച് വ്യക്തമാക്കി. മാധ്യമ രംഗത്തെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ എടുത്തുപറഞ്ഞ അവർ സാങ്കേതിക മുന്നേറ്റങ്ങൾ നിമിഷങ്ങൾക്കകം ദശലക്ഷക്കണക്കിന് പേരിലേക്ക് വിവരങ്ങളെത്തിക്കാന്‍  സഹായിക്കുന്നതായി നിരീക്ഷിച്ചു. ഫോണും ഇന്റർനെറ്റ് കണക്ഷനുമുള്ള ആർക്കും ഇന്ന് വാർത്താ പ്രചാരകരാകാൻ കഴിയുമെന്നും, എന്നാൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന എല്ലാവരും മാധ്യമ ധാർമ്മികതയിൽ പരിശീലനം ലഭിച്ചവരോ അതിന് വിധേയരോ അല്ലെന്നും അവർ വ്യക്തമാക്കി.  

 

നിർമ്മിത ബുദ്ധിയുടെ കാലത്തെ കൃത്യതയും  എഡിറ്റോറിയൽ വിവേചനബുദ്ധിയും മാനുഷിക ഉത്തരവാദിത്തവും എടുത്തുപറഞ്ഞ് ശ്രീ ചഞ്ചൽ കുമാർ

മാധ്യമപ്രവർത്തനത്തില്‍  ജനപങ്കാളിത്തവും വിശ്വാസ്യതയും തമ്മിലെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കണമെന്ന്  വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ പറഞ്ഞു. ജനപ്രീതിക്ക് സത്യത്തേക്കാൾ പ്രാധാന്യം നൽകരുതെന്നും വൈറലാകുന്നതിനേക്കാൾ വസ്തുതാ പരിശോധനയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം നിരീക്ഷിച്ചു. ടി.ആർ.പി, ക്ലിക്കുകൾ, ഡിജിറ്റൽ ഇടപെടലുകൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം എടുത്തുപറഞ്ഞ അദ്ദേഹം എഡിറ്റോറിയൽ വിവേചനം, വസ്തുതാ പരിശോധന, വാർത്തയും അഭിപ്രായവും വേർതിരിച്ചറിയൽ എന്നിവയുടെ പ്രാധാന്യം വിശദീകരിച്ചു. നിർമ്മിത ബുദ്ധിക്ക്  മാധ്യമപ്രവർത്തനത്തെ സഹായിക്കാനാവുമെന്നും എന്നാൽ ഒരു മാധ്യമപ്രവർത്തകന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അതിന് സാധിക്കില്ലെന്നും  അദ്ദേഹം വ്യക്തമാക്കി.  

 

 

അന്താരാഷ്ട്ര സൂചികകളെ വിമർശനാത്മകമായി പരിശോധിക്കണമെന്ന് പ്രസ് കൗണ്‍സില്‍ അംഗവും രാജ്യസഭാ എം.പിയുമായ ഡോ. സുധാൻഷു ത്രിവേദി ആവശ്യപ്പെട്ടു. ഇന്ത്യ വികസനത്തിന്റെ പുതുദിശയിലേക്ക് മുന്നേറുമ്പോൾ സത്യസന്ധതയും ഉത്തരവാദിത്തപൂര്‍ണമായ വിവരവിനിമയം  അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'മാധ്യമ പെരുമാറ്റച്ചട്ടങ്ങള്‍' 2026 പതിപ്പ് പ്രകാശനം ചെയ്തു

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ 'മാധ്യമ പെരുമാറ്റച്ചട്ടങ്ങള്‍'  2026 പതിപ്പിന്റെ പ്രകാശനമായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. താഴെ നല്‍കിയിരിക്കുന്ന വിഷയങ്ങളിലെ പുതുക്കിയ മാർഗനിർദേശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:

  • പ്രകൃതിദുരന്തങ്ങളിലും സംഘർഷ സാഹചര്യങ്ങളിലും പാലിക്കേണ്ട റിപ്പോർട്ടിംഗ് രീതികൾ.

  • പ്രതിഷേധങ്ങളും പ്രകടനങ്ങളും റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച നിർദേശങ്ങൾ.

  • ലൈംഗികത്തൊഴിലാളികളെയും ഭിന്നശേഷിക്കാരെയും സംബന്ധിച്ച വാർത്താ റിപ്പോർട്ടിംഗ്.

  • കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കൽ.

  • 'ഓൺലൈൻ ഗെയിമിങ് പ്രോത്സാഹന നിയന്ത്രണ നിയമം, 2025'-ന് അനുസൃതമായി ഓൺലൈൻ പണമിടപാട് ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങളെ സംബന്ധിച്ച മാനദണ്ഡങ്ങൾ. 

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയെക്കുറിച്ച്

സ്വതന്ത്രവും ഉത്തരവാദിത്തപൂര്‍ണവുമായ റിപ്പോർട്ടിംഗ് ഉറപ്പാക്കുന്നതിന് അച്ചടി മാധ്യമങ്ങൾക്ക്  ആഭ്യന്തര സ്വയം നിയന്ത്രണ സംവിധാനം നൽകുകയെന്ന ലക്ഷ്യത്തോടെ 1966-ൽ പാർലമെന്റ് നിയമപ്രകാരം രൂപീകരിച്ച അർധ-ജുഡീഷ്യൽ അതോറിറ്റിയാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. പിന്നീട് 1979-ൽ ഇത് പുനഃസ്ഥാപിക്കപ്പെട്ടു.  രൂപീകൃതമായത്  മുതൽ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനും നിലനിർത്താനും രാജ്യത്തെ പത്രങ്ങളുടെയും വാർത്താ ഏജൻസികളുടെയും നിലവാരം ഉയർത്താനും പ്രസ് കൗൺസിൽ നിരന്തരം പരിശ്രമിച്ചുവരുന്നു.

*****

 


( റിലീസ് ഐ.ഡി: 2337129) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Nepali , Assamese , Gujarati , Kannada