നിതി ആയോഗ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ ഭരണാനുഭവങ്ങൾ: രാജ്യത്തിന് പാഠങ്ങളൊരുക്കാൻ നീതി ആയോഗിൻ്റെ ദേശീയ ശിൽപശാലാ പരമ്പര

പോസ്റ്റഡ് ഓണ്‍: 15 NOV 2026 12:19PM by PIB Thiruvananthpuram

ഭരണത്തലവനെന്ന നിലയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 25 വർഷത്തെ ഭരണപരിചയത്തിൽ നിന്ന് രാജ്യത്തിന് ഉൾക്കൊള്ളാവുന്ന പാഠങ്ങൾ ചർച്ച ചെയ്യുന്നതിനായി നീതി ആയോഗ് അഞ്ച് ദേശീയ ശിൽപശാലകളുടെ പരമ്പരയ്ക്ക് തുടക്കമിടുന്നു. 2026 നവംബർ 17-നാണ് ശിൽപശാലകൾ ആരംഭിക്കുന്നത്. ശ്രീ മോദിയുടെ കാൽനൂറ്റാണ്ട് നീണ്ട പൊതുപ്രവർത്തന നേതൃത്വത്തെക്കുറിച്ച് പഠിക്കുകയും, അതിലെ പാഠങ്ങൾ രാജ്യത്തിൻ്റെ പൊതുവായ അറിവിൻ്റെ ഭാഗമാക്കി മാറ്റുകയുമാണ് ഈ പരമ്പരയിലൂടെ ലക്ഷ്യമിടുന്നത്. ഈ ഭരണയാത്രയിൽ പങ്കാളികളായവരുടെ അനുഭവങ്ങൾ രേഖപ്പെടുത്താനും, അവ എല്ലാവർക്കും പ്രയോജനപ്പെടുന്ന അറിവുകളാക്കി മാറ്റാനും ശിൽപശാലകൾ വഴിയൊരുക്കും.

2001 ഒക്ടോബർ 7-നാണ് ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 12 വർഷത്തിലേറെ ആ പദവിയിൽ സേവനമനുഷ്ഠിച്ച ശേഷം, 2014 മെയ് മാസത്തിൽ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. നിലവിൽ തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിൽ തുടരുന്നത്. 2026 ഒക്ടോബർ 7-ന് 25 വർഷം പൂർത്തിയാക്കിയതോടെ, ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെൻ്റിൻ്റെ തലപ്പത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച വ്യക്തിയെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. ഈ കാലയളവിലുടനീളം, എല്ലാ ഗവണ്മെൻ്റ് ഓഫീസുകളും പൗരന്മാരെ സേവിക്കുന്നതിനായി നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കുന്ന 'പ്രധാന സേവകൻ' എന്ന ആശയത്തിലൂന്നിയായിരുന്നു ഭരണം. സമൂഹത്തിലെ ഏറ്റവും അവസാനത്തെ വ്യക്തിയുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള 'അന്ത്യോദയ' പുരോഗതിയുടെ അളവുകോലായി മാറി. 'ജനപങ്കാളിത്തം' (ജൻ ഭാഗീദാരി) വികസനത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റി. 'സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന തത്വം ഇതിനെ ഒരു പൊതു ദേശീയ ദൗത്യമായി കൂടുതൽ ശക്തിപ്പെടുത്തി. സ്വാതന്ത്ര്യത്തിൻ്റെ ശതാബ്ദിയിലേക്ക് അടുക്കുന്ന ഇന്ത്യയ്ക്കായി ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യാനും പ്രവർത്തിക്കാനും ഓരോ സ്ഥാപനത്തെയും പ്രേരിപ്പിക്കുന്നതോടൊപ്പം 2047-ഓടെ 'വികസിത ഇന്ത്യ' എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാനും ഈ ഭരണസമീപനം വലിയ  ദിശാബോധമാണ് നൽകിയിരിക്കുന്നത്.

ഈ വിപുലമായ തോതിലുള്ള ഭരണനിർവ്വഹണത്തിലൂടെ ഇന്ത്യ ആർജ്ജിച്ചെടുത്ത പാഠങ്ങളിൽ ഭൂരിഭാഗവും, നിർണ്ണായക തീരുമാനങ്ങൾ എടുക്കുകയും അവ നടപ്പിലാക്കുകയും ചെയ്ത ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ, പൗരന്മാർ എന്നിവരുടെ അനുഭവസമ്പത്തിലാണ് അടങ്ങിയിരിക്കുന്നത്. ഇവരുടെ നേരിട്ടുള്ള അനുഭവസാക്ഷ്യങ്ങൾ രേഖപ്പെടുത്തുകയും അവയെ അക്കാദമിക കൃത്യതയോടെ വിശകലനം ചെയ്യുകയുമാണ് ഈ പരമ്പരയിലൂടെ ലക്ഷ്യമിടുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥർ, പരിശീലന സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി കേസ് സ്റ്റഡികൾ, ഗവേഷണ പ്രബന്ധങ്ങൾ, പഠനസാമഗ്രികൾ തുടങ്ങിയവ ഇതിൻ്റെ ഭാഗമായി തയ്യാറാക്കും.

അഞ്ച് ദേശീയ ശില്പശാലകൾ ഇനി പറയുന്ന ഭരണനിർവ്വഹണ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും നടക്കുക: 2026 നവംബറിൽ 'നേതൃത്വം ഒരു ദൗത്യം', 2027 ജനുവരിയിൽ 'സേവനവിതരണമായി ഭരണനിർവ്വഹണം'. 2027 ഏപ്രിലിൽ 'എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം', 2027 ജൂലൈയിൽ 'സാംസ്കാരിക തനിമ', 2027 സെപ്റ്റംബറിൽ 'ഇന്ത്യ ഒരു ആഗോള ശക്തി'.

ഭരണനിർവ്വഹണത്തിലെ കൃത്യമായ തീരുമാനങ്ങളിലൂടെയും ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയും നേതൃത്വപാടവം എങ്ങനെ അടയാളപ്പെടുത്താമെന്ന് വിലയിരുത്തുന്ന പ്രഥമ ദേശീയ ശില്പശാല ‘നേതൃത്വം ഒരു ദൗത്യം’ 2026 നവംബർ 17-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിക്കും. നയപരമായ തീരുമാനങ്ങൾ സാധാരണക്കാരായ പൗരന്മാരുടെ ജീവിതത്തിൽ എപ്രകാരം ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്നതാണ് ശില്പശാലയിലെ പ്രധാന പഠനവിഷയം. നീതി ആയോഗ് സി.ഇ.ഒ അനുരാഗ് ജെയിനിൻ്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ, വൈസ് ചെയർമാൻ അശോക് കുമാർ ലാഹിരി ആമുഖ ഭാഷണം നടത്തും. ശില്പശാലയുടെ ഉദ്ഘാടന മുഖ്യപ്രഭാഷണം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്ര നിർവ്വഹിക്കും. കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കൊട്ടക്കും ചടങ്ങിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കും. ശില്പശാലയുടെ പ്രവർത്തന രൂപരേഖ നീതി ആയോഗ് അംഗം ഡോ. ആർ. ബാലസുബ്രഹ്മണ്യം അവതരിപ്പിക്കും.

നിർണ്ണായകമായ ഭരണതീരുമാനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിയ നാല് പ്രമുഖരുടെ അനുഭവക്കുറിപ്പുകളായിരിക്കും ശില്പശാലയിലെ പ്രധാന ആകർഷണം. 2001-ലെ ഭൂകമ്പത്തിന് ശേഷമുള്ള കച്ചിൻ്റെ പുനർനിർമ്മാണത്തെക്കുറിച്ച് ഗുജറാത്ത് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് ടോപ്നോ സംസാരിക്കും. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറിയും യു.പി.എസ്.സി മുൻ ചെയർപേഴ്സണുമായ പ്രീതി സുദൻ അനുഭവങ്ങൾ പങ്കുവെക്കും. ‘ലാഖ്പതി ദീദി’ പദ്ധതിയെക്കുറിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം മുൻ സെക്രട്ടറി ശൈലേഷ് കുമാർ സിംഗും, ബഹിരാകാശ സമ്പദ്‌ വ്യവസ്ഥ തുറന്നുകൊടുത്തതിനെക്കുറിച്ച് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥും സംസാരിക്കും.

തുടർന്ന് ‘വികസിത ഇന്ത്യക്കായുള്ള നേതൃത്വം’ എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. നീതി ആയോഗ് മുൻ സി.ഇ.ഒ ബി.വി.ആർ. സുബ്രഹ്മണ്യം മോഡറേറ്ററാകുന്ന ചർച്ചയിൽ ഉത്തർപ്രദേശ് നഗരവികസന-ഊർജ്ജ വകുപ്പ് മന്ത്രി അരവിന്ദ് കുമാർ ശർമ്മ, ഐ.ഐ.എം അഹമ്മദാബാദിലെ പ്രൊഫ. വിശാൽ ഗുപ്ത, നീതി ആയോഗ് വിശിഷ്ടാംഗം ദേബ്ജാനി ഘോഷ്, ഹർദോയ് ജോയിൻ്റ് മജിസ്‌ട്രേറ്റ് നാരായണി ഭാട്ടിയ എന്നിവർ പങ്കെടുക്കും.

ക്യാബിനറ്റ് സെക്രട്ടറി ഡോ. ടി.വി. സോമനാഥൻ ശില്പശാലയുടെ സമാപന പ്രസംഗം നടത്തുകയും 'ഐഗോട്ട് കർമ്മയോഗി' പ്ലാറ്റ്‌ഫോമിൽ ‘കർമ്മയോഗി സങ്കൽപ്പ്’ പുറത്തിറക്കുകയും ചെയ്യും. ഇതിലൂടെ രാജ്യത്തുടനീളമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ തങ്ങളുടെ നേതൃത്വ ശൈലിയിൽ വരുത്താൻ ഉദ്ദേശിക്കുന്ന വ്യക്തമായ മാറ്റങ്ങളെക്കുറിച്ച് പ്രതിജ്ഞയെടുക്കും.

 
ഏകദേശം 900 പ്രതിനിധികൾ പങ്കെടുക്കുന്ന ശില്പശാലയിൽ 250 പേർ ചർച്ചകളിൽ നേരിട്ട് ഭാഗമാകും. കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകളിലെ സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും അഭിലാഷ ജില്ലകളിലെ  കളക്ടർമാരും ഉൾപ്പെടെ 150 ഉദ്യോഗസ്ഥർ ഇതിലുണ്ടാകും. കൂടാതെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സർവ്വകലാശാലകളിലെയും 25 വിദ്യാർത്ഥികളും, ദേശീയ മുൻനിര പദ്ധതികളുടെ ഗുണഭോക്താക്കളും സാമൂഹിക പങ്കാളികളുമായ 50 പേരും ചർച്ചകളിൽ പങ്കെടുക്കും.

കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷൻ്റെ ‘അമൃത് ഗ്യാൻ കോശ്’ സംരംഭത്തിന് കീഴിൽ പരിശീലനം നേടിയ 25 പേർ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകും. ശില്പശാലയുടെ നടപടിക്രമങ്ങൾ ഐഗോട്ട് കർമ്മയോഗി പ്ലാറ്റ്‌ഫോമിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.

***


( റിലീസ് ഐ.ഡി: 2336581) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Gujarati , Tamil , Kannada