2026-ലെ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള(ഐ.എഫ്.എഫ്.ഐ)യിൽ 'ബ്രിക്സിൽ നിന്നുള്ള ചലച്ചിത്രങ്ങൾ' എന്ന വിഭാഗത്തിൽ ജനാധിപത്യം, സ്വാതന്ത്ര്യം, സ്വത്വം, ചരിത്രം, സമകാലിക ആഗോള പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന ബ്രിക്സ് രാജ്യങ്ങളിലെ ചലച്ചിത്രങ്ങളുടെ പ്രത്യേക പ്രദർശനം സംഘടിപ്പിക്കും. ചരിത്രപശ്ചാത്തലങ്ങൾ, സാമൂഹിക യാഥാർത്ഥ്യങ്ങൾ, വ്യക്തിഗത ജീവിതയാത്രകൾ എന്നിവയെ ആധാരമാക്കുന്ന ഈ ചിത്രങ്ങൾ, അവ ഉരുത്തിരിഞ്ഞുവന്ന സമൂഹങ്ങളിൽ നിന്നുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും ആഖ്യാനവിഭാഗങ്ങളിൽ നിന്നുമുള്ള 21 ചലച്ചിത്രങ്ങൾ ഉൾപ്പെടുന്ന ഈ ശേഖരം, സ്വാതന്ത്ര്യം, സ്വത്വം, സാമൂഹിക അസമത്വം, കുടുംബം, സംഘർഷം, പലായനം, ഉൾച്ചേരൽ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അഭിസംബോധന ചെയ്യുന്ന ആഖ്യാനങ്ങളാണ് ഇവയിലൂടെ അവതരിപ്പിക്കുന്നത്. ജനാധിപത്യ അനുകൂല മുന്നേറ്റങ്ങൾ മുതൽ അടിമത്തത്തിനും കൊളോണിയൽ ഭരണത്തിനുമെതിരായ പോരാട്ടങ്ങൾ വരെ-സമരത്തിന്റെയും മാറ്റത്തിന്റെയും നിർണായക ഘട്ടങ്ങളിലേക്ക് ഇവയിൽ പല ചലച്ചിത്രങ്ങളും തിരിഞ്ഞുനോക്കുന്നു.

ബ്രസീലിലെ 'അമാഡിയോ ആൻഡ് ദി ഹൈപ്പോതെറ്റിക്കൽ ന്യൂ വേൾഡ്' (അമാഡിയോയും സാങ്കൽപ്പിക പുതുലോകവും) 1830-കളിലെ ബ്രസീലിലെ ഒരു ആഫ്രിക്കൻ കണ്ടുപിടുത്തക്കാരനെ വിഭാവനം ചെയ്യുന്നു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം അടിമകളായ ആളുകളെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി മാറുന്നു. 1998-ലെ രാജ്യത്തെ ജനാധിപത്യ അനുകൂല മുന്നേറ്റത്തിനിടെയുണ്ടായ ഒരു വിദ്യാർത്ഥി ആക്ടിവിസ്റ്റിന്റെ തിരോധാനത്തെയും ഉത്തരങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അന്വേഷണത്തെയും 'ദി സീ സ്പീക്സ് ഹിസ് നെയിം' (കടൽ അവന്റെ പേര് പറയുന്നു) എന്ന ഇന്തോനേഷ്യൻ ചലച്ചിത്രം പ്രതിപാദിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ മധ്യകാലയളവിൽ കോളനിവത്കരണകാലത്തെ ക്രൂരതയെ അഭിമുഖീകരിക്കുന്ന ദക്ഷിണാഫ്രിക്കൻ ചലച്ചിത്രം 'ദി ട്രെക്ക്' പ്രേക്ഷകരെ കലഹാരി മരുഭൂമിയിലൂടെ കൊണ്ടുപോകുന്നു.
സമകാലിക വിഷയങ്ങളും ഈ തിരഞ്ഞെടുപ്പിൽ ഇടംപിടിക്കുന്നു. ഉഗാണ്ട-യു.കെ ഡോക്യുമെന്ററിയായ 'ഡ്രീമിങ് ഓഫ് സെറെനാഡ' (സ്‌നേഹഗീതത്തെ സ്വപ്നം കാണുന്നു), ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിലൂടെയും, മഴക്കാടുകളിൽ വെള്ളപ്പൊക്കം ഏൽപ്പിക്കുന്ന ആഘാതങ്ങളിലൂടെയും കാലാവസ്ഥാ വ്യതിയാനത്തെ പരിശോധിക്കുന്നു. എത്യോപ്യയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള 'ഫായ ദായി' (ആരോഗ്യത്തിന് ജന്മം നൽകുക) 'ഖാട്ട്' കൃഷിയുമായും അതിന്റെ ഉപയോഗവുമായും ബന്ധപ്പെട്ട സമൂഹങ്ങളെ പരിചയപ്പെടുത്തുകയും അവരുടെ ഉപജീവനമാർഗങ്ങൾ, സാമൂഹിക യാഥാർത്ഥ്യങ്ങൾ, യുവാക്കളുടെ അഭിലാഷങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഇറാനിൽ നിന്നുള്ള 'പൗൾട്രി ഫാം'(കോഴിവളർത്തൽ കേന്ദ്രം), കാണാതായ സുഹൃത്തിനെ കണ്ടെത്താൻ സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കി ഇറാഖിൽ നിന്നെത്തിയ രേഖകളൊന്നുമില്ലാത്ത ഒരു ബാലന്റെ കഥ പറയുന്നു.
കുടുംബം, സ്വത്വം, വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ എന്നിവ മറ്റൊരു ശക്തമായ പ്രമേയമാണ്. സൗദി അറേബ്യയിൽ നിന്നുള്ള 'ഹിജ്‌റ' എന്ന ചിത്രം, ഒരു യുവതിയെയും അവളുടെ മുത്തശ്ശിയെയും, കാണാതായ സഹോദരിയെയും അനുധാവനം ചെയ്യുന്നു. കുടുംബരഹസ്യങ്ങളും തലമുറ വ്യത്യാസങ്ങളും വെളിപ്പെടുത്തുന്ന ഒരു പ്രയാണമാണിത്. ചൈനയിൽ നിന്നുള്ള 'എംബേഴ്സ്' (കനലുകൾ) എന്ന ചിത്രം, മൃതദേഹം ദഹിപ്പിച്ച ശേഷമുള്ള ഭസ്മം മാറിപ്പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങളെയും ആവിഷ്‌കരിക്കുന്നു; ഇത് രണ്ട് സ്ത്രീകളെ നഷ്ടത്തിന്റെയും മരണത്തിന്റെയും യാഥാർത്ഥ്യത്തിന് അഭിമുഖമായി കൊണ്ടെത്തിക്കുന്നു. ബൊളീവിയ-പെറു സംയുക്ത നിർമിതിയായ 'ദി കോണ്ടർ ഡോട്ടർ' (കോണ്ടർ പക്ഷിയുടെ മകൾ), ആൻഡിയൻ തദ്ദേശീയ സമൂഹത്തിൽ നിന്നുള്ള ഒരു യുവതിയുടെ കഥ പറയുന്നു. തനിക്ക് പൈതൃകമായി ലഭിച്ച സംഗീത പാരമ്പര്യങ്ങളും, ഒരു കലാകാരിയാകണമെന്ന അവളുടെ സ്വപ്നവും തമ്മിലുള്ള സംഘർഷമാണ് ഇതിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. നൈജീരിയ-യു.കെ സംയുക്ത നിർമ്മാണത്തിലുള്ള 'ലേഡി' (സ്ത്രീ), ലാഗോസിലെ ഒരു യുവ വനിതാ ടാക്സി ഡ്രൈവറുടെ ജീവിതമാണ് പ്രമേയമാക്കുന്നത്. ലൈംഗിക തൊഴിലാളികളായ ഒരു കൂട്ടം സ്ത്രീകളുമായുള്ള അവളുടെ കൂടിക്കാഴ്ച, അവളിൽ ഐക്യബോധവും സ്വയം തിരിച്ചറിയാനുള്ള തിരിച്ചറിവും ഉണർത്തുന്നു.
ആദിത്യ ധർ സംവിധാനം ചെയ്ത 'ആർട്ടിക്കിൾ 370' എന്ന ഇന്ത്യൻ ചലച്ചിത്രം, 2016-ലെ കാശ്മീർ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനുള്ള ഒരു ദൗത്യത്തെ ആസ്പദമാക്കിയുള്ളതാണ്. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച ചിത്രം, മികച്ച നടി, മികച്ച സംഗീതം എന്നീ വിഭാഗങ്ങളിലായി ഈ ചലച്ചിത്രം മൂന്ന് പുരസ്‌കാരങ്ങൾ നേടി.
ചലച്ചിത്രങ്ങളുടെ പൂർണ പട്ടികയിൽ 'കിൻഡിക് (ദി കോർഡ്)' (കസാക്കിസ്ഥാൻ), 'ബരാക്കോവ' (ക്യൂബ, ഇറ്റലി), 'ബോ ബോ' (റഷ്യൻ ഫെഡറേഷൻ), 'സേഫ് എക്സിറ്റ്' (ഈജിപ്ത്, ജർമ്മനി, ലിബിയ, ഖത്തർ, ടുണീഷ്യ), 'നയൻ ടെമ്പിൾസ് ടു ഹെവൻ' (തായ്‌ലൻഡ്, സിംഗപ്പൂർ, ഫ്രാൻസ്, നോർവേ, ചൈന, ഹോങ്കോംഗ്, ഇന്തോനേഷ്യ, ഖത്തർ), 'കോട്ടൺ' (ഉസ്ബെക്കിസ്ഥാൻ), 'ബാഗ: ടുമാറോ ബിലോങ്സ് ടു നോ വൺ' (മലേഷ്യ), '1982' (വിയറ്റ്‌നാം), 'ആൻഡ് ദി സ്നോ വാസ് ഫോളിങ്' (ബെലാറസ്), 'ബാബ്' (യു.എ.ഇ) എന്നിവയും ഉൾപ്പെടുന്നു.
ഈ 21 ചലച്ചിത്രങ്ങളും ചേർന്ന്, ദേശതല അതിരുകൾക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന കഥകളിലൂടെയും; സ്വാതന്ത്ര്യം, ഉൾച്ചേരൽ, ഓർമ്മ, അതിജീവനശേഷി, മാറ്റം തുടങ്ങിയ പൊതുവായ വിഷയങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടും, വൈവിധ്യമാർന്ന സിനിമാ കാഴ്ചപ്പാടുകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
2026 നവംബർ 20 മുതൽ 28 വരെ ഗോവയിലെ വിവിധ വേദികളിലായി നടക്കാനിരിക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള(ഐ.എഫ്.എഫ്.ഐ)യിൽ, 86 രാജ്യങ്ങളിൽ നിന്നുള്ള നൂറ്റമ്പതിലധികം അന്താരാഷ്ട്ര ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സര വിഭാഗങ്ങൾ, മത്സരേതര വിഭാഗങ്ങൾ, പ്രത്യേകമായി തിരഞ്ഞെടുത്ത പാക്കേജുകൾ, പൂർവ്വകാലാവലോകനങ്ങൾ (റെട്രോസ്‌പെക്റ്റീവ്‌സ്), ആദരാഞ്ജലികൾ, പ്രമേയാധിഷ്ഠിത പ്രദർശനങ്ങൾ എന്നിവയിലൂടെ വിവിധ വിഭാഗങ്ങളിൽ നിന്നും, രാജ്യങ്ങളിൽ നിന്നും ഭാഷകളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ചലച്ചിത്രങ്ങളെ ഈ മേള ഒന്നിപ്പിക്കുന്നു. അതുവഴി സാംസ്‌കാരിക വിനിമയത്തിനും ചലച്ചിത്ര മികവിനുമുള്ള ഒരു വേദിയൊരുക്കുന്നു.
***