ചില യാത്രകൾ ഭൂപ്രദേശങ്ങളിലൂടെയാണെങ്കിൽ, മറ്റു ചിലത് ഓർമ്മകളുടെയും സ്വത്വബോധത്തിൻ്റെയും സ്വന്തമെന്ന തോന്നലിൻ്റെയും സങ്കീർണ്ണതകളിലൂടെയാണ് കടന്നുപോകുന്നത്. ചരിത്രത്തെയും ആഴത്തിലുള്ള വ്യക്തിബന്ധങ്ങളെയും കോർത്തിണക്കിക്കൊണ്ട്, പ്രശസ്ത പോളിഷ് ചലച്ചിത്രകാരൻ പാവെൽ പാവ്‌ലിക്കോവ്‌സ്കി സംവിധാനം ചെയ്ത ‘ഫാദർലാൻഡ്’ (Ojczyzna), 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI 2026) ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിൻ്റെ പ്രദർശനത്തോടെ ഗോവയിൽ ഒൻപത് ദിവസം നീളുന്ന ചലച്ചിത്രാഘോഷങ്ങൾക്ക് തുടക്കമാകും.
ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 1949-ലെ വേനൽക്കാലമാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. നൊബേൽ സമ്മാന ജേതാവായ ജർമ്മൻ എഴുത്തുകാരൻ തോമസ് മാനും, നടിയും എഴുത്തുകാരിയും റാലി കാർ ഡ്രൈവറുമായ അദ്ദേഹത്തിൻ്റെ മകൾ എറിക്കയും തമ്മിലുള്ള ആത്മബന്ധമാണ് ‘ഫാദർലാൻഡ്’ പ്രമേയമാക്കുന്നത്. അമേരിക്കയിൽ പതിനാറ് വർഷത്തെ പ്രവാസജീവിതം നയിച്ചശേഷം ജർമ്മനിയിലേക്ക് മടങ്ങിയെത്തുന്ന തോമസ് മാൻ, മകൾക്കൊപ്പം കറുത്ത ബ്യൂക്ക് കാറിൽ വെല്ലുവിളികൾ നിറഞ്ഞ ഒരു റോഡ് യാത്ര ആരംഭിക്കുന്നു. യുദ്ധം തകർത്ത ഒരു രാജ്യത്തിലൂടെയാണ് അവരുടെ യാത്ര. അമേരിക്കൻ നിയന്ത്രണത്തിലുള്ള ഫ്രാങ്ക്ഫർട്ടിൽ നിന്ന് സോവിയറ്റ് അധീനതയിലുള്ള വെയ്മറിലേക്കാണ് അവർ സഞ്ചരിക്കുന്നത്.
വിഭജിക്കപ്പെട്ട ജർമ്മനിയിലൂടെ അച്ഛനും മകളും യാത്ര ചെയ്യുമ്പോൾ, സംഘർഷങ്ങൾ തകർത്ത ഒരു രാജ്യത്തിൻ്റെ ദൃശ്യമായ മുറിവുകൾ മാത്രമല്ല അവർക്ക് മുന്നിൽ തെളിയുന്നത്. സ്വന്തം കുടുംബത്തിനുള്ളിലെ ആഴത്തിലുള്ള ഭിന്നതകളെയും അവർക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. വൈകാരികമായ നിരവധി തലങ്ങളുള്ള ഈ ആഖ്യാനത്തിലൂടെ വ്യക്തിബന്ധങ്ങൾ, ചരിത്രം, വീട് എന്ന സങ്കൽപ്പം എന്നിവ തമ്മിലുള്ള പരസ്പരബന്ധങ്ങളാണ് ചിത്രം പരിശോധിക്കുന്നത്.
സാന്ദ്ര ഹുള്ളർ, ഹാൻസ് സിഷ്ലർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 82 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡ്രാമ ചിത്രം പോളണ്ട്, ജർമ്മനി, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഈ സിനിമ ഇന്ത്യയിൽ, 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലൂടെ (IFFI 2026) ആദ്യമായി പ്രദർശിപ്പിക്കും.

യൂറോപ്യൻ ചരിത്രത്തിലെ നിർണ്ണായകമായ ഒരു കാലഘട്ടത്തിൻ്റെ പശ്ചാത്തലത്തിൽ, ഹൃദയസ്പർശിയായ ആഖ്യാനത്തിലൂടെ ചരിത്രത്തെയും മനുഷ്യബന്ധങ്ങളെയും അടുത്തറിയാനുള്ള സംവിധായകൻ പാവെൽ പാവ്‌ലിക്കോവ്‌സ്കിയുടെ അന്വേഷണത്തിൻ്റെ തുടർച്ചയാണ് ‘ഫാദർലാൻഡ്’. 2026-ൽ കാൻ, സാൻ സെബാസ്റ്റ്യൻ, ടെല്ലുറൈഡ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഇതിനോടകം പ്രദർശിപ്പിച്ച ചിത്രം, കാൻ ചലച്ചിത്രമേളയിൽ പാവ്‌ലിക്കോവ്‌സ്കിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരവും നേടിക്കൊടുത്തു.
‘ഫാദർലാൻഡ്’ എന്ന ചിത്രത്തിലൂടെ, ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിരുകൾ ഭേദിക്കുന്ന കഥകളിലൂടെയുള്ള യാത്രയ്ക്ക് 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള തുടക്കം കുറിക്കുന്നു. വ്യത്യസ്ത ലോകങ്ങളെയും കാഴ്ചപ്പാടുകളെയും സിനിമ ഒരുമിച്ചുകൊണ്ടുവരുമ്പോൾ, ‘സ്റ്റോറീസ് വിത്തൗട്ട് ബോർഡേഴ്സ്’ (അതിരുകളില്ലാത്ത കഥകൾ) എന്ന ഈ വർഷത്തെ പ്രമേയത്തിന് അനുയോജ്യമായ തുടക്കമാണ് ഈ ഉദ്ഘാടന ചിത്രം നൽകുന്നത്.
***