പ്രശസ്ത ചലച്ചിത്രകാരി അലീന ഷെർബാൻ രചനയും സംവിധാനവും നിർവഹിച്ച ബഹുഭാഷാ ചിത്രമായ ‘ഐ മാറ്റർ’ (I Matter / Eu Contez), 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മിഡ്-ഫെസ്റ്റ് ചിത്രമായി ഇന്ത്യൻ പ്രീമിയർ പ്രദർശനം നടത്തും. റൊമാനിയ, ജർമ്മനി, ബെൽജിയം എന്നീ രാജ്യങ്ങളുടെ സംയുക്ത നിർമ്മാണമായ 101 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം വ്യക്തിത്വം, കുടുംബം, സ്വത്വബോധം, ഭൂതകാല സാഹചര്യങ്ങൾക്കപ്പുറം ഭാവിക്കായുള്ള അന്വേഷണം എന്നിവ പ്രമേയമാക്കുന്നു. റൊമാനിയൻ, റൊമാനി ഭാഷകളിലുള്ള സംഭാഷണങ്ങളിലൂടെ ചിത്രം മേളയ്ക്ക് വ്യത്യസ്തമായ യൂറോപ്യൻ ചലച്ചിത്ര ആസ്വാദന അനുഭവം കൊണ്ടുവരും.
താൻ താമസിച്ചുപോന്ന അനാഥാലയം വിട്ടുപോകാൻ ഒരുങ്ങുന്ന റെബേക്ക എന്ന റോമാ യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ജയിലിൽ കഴിയുന്ന അവളുടെ പിതാവ് ഉടൻ മോചിതനാകുമെന്ന പ്രതീക്ഷയിൽ, താൻ എന്നും ആഗ്രഹിച്ചിരുന്ന കുടുംബത്തെ കണ്ടെത്താനും ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിടാനുമാവുമെന്ന് അവൾ പ്രതീക്ഷിക്കുന്നു. അഭിനയപഠനത്തിനായി സർവകലാശാലയിൽ പ്രവേശനം ലഭിക്കുന്നത് അവളിൽ പുതിയ പ്രതീക്ഷയും സ്വയം ഭാവിരൂപപ്പെടുത്താനുള്ള സാധ്യതയും ഉണർത്തുന്നു. എന്നാൽ അപരിചിതമായ ഒരു ലോകത്തിലൂടെ സഞ്ചരിക്കേണ്ടിവരുന്ന അവളുടെ മുന്നിലേക്ക്, ഭൂതകാലത്തിലെ പരിഹരിക്കപ്പെടാത്ത അനുഭവങ്ങൾ വീണ്ടുമെത്തുകയും പ്രയാസകരമായ തീരുമാനങ്ങളിലേക്ക് അവളെ നയിക്കുകയും ചെയ്യുന്നു.
സ്ഥിരതയുള്ള കുടുംബാന്തരീക്ഷമില്ലാതെ വളരുന്നതിന്റെ വൈകാരിക വെല്ലുവിളികൾ, അംഗീകാരത്തിനായുള്ള അന്വേഷണം, സമൂഹത്തിൽ സ്വന്തം സ്ഥാനം കണ്ടെത്താനുള്ള നിശ്ചയദാർഢ്യം എന്നിവയാണ് ‘ഐ മാറ്റർ’ പരിശോധിക്കുന്നത്. ഒരു റോമാ യുവതിയുടെ അനുഭവങ്ങളെ പശ്ചാത്തലമാക്കി, സാമൂഹിക ഉൾച്ചേരൽ, അന്തസ്സ്, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിലേക്കും ചിത്രം ശ്രദ്ധ ക്ഷണിക്കുന്നു.
അഭിനേത്രിയും നാടകകൃത്തുമായ അലീന ഷെർബാന്റെ ചലച്ചിത്രസംവിധാന അരങ്ങേറ്റ ചിത്രമാണിത്. ബുക്കാറെസ്റ്റിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് തിയേറ്റർ ആൻഡ് ഫിലിമിൽ നിന്ന് ബിരുദം നേടിയ അവർ ന്യൂയോർക്ക് സർവകലാശാലയിലെ ടിഷ് സ്കൂൾ ഓഫ് ദ ആർട്സിലും ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ടിലും പരിശീലനം നേടിയിട്ടുണ്ട്. കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ‘എലോൺ അറ്റ് മൈ വെഡിങ് ’, മികച്ച നടിക്കുള്ള നിരവധിപുരസ്കാരങ്ങൾ നേടിയ ‘ജിപ്സി ക്വീൻ ’ എന്നിവയാണ് അവരുടെ മുൻചിത്രങ്ങൾ. വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ‘ഹൗസ്കീപ്പിങ് ഫോർ ബിഗിന്നേഴ്സ് ’ എന്ന ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.
2026 സെപ്റ്റംബറിൽ നടന്ന 83-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ വെനീസ് സ്പോട്ട്ലൈറ്റ് വിഭാഗത്തിലാണ് ‘ഐ മാറ്റർ’ ആദ്യമായി പ്രദർശിപ്പിച്ചത്. അവിടെ ചിത്രത്തിന് പ്രശസ്തമായ അർമാനി ബ്യൂട്ടി ഓഡിയൻസ് അവാർഡ് ലഭിച്ചു. റെബേക്കയായി ഡെനിസ ഫാർകാഷ് അഭിനയിക്കുന്ന ചിത്രത്തിൽ സോറിൻ മിഹായ്, ആഞ്ചലീന പാവൽ, വനേസ ഡാൻചിയ, റൈസ മിഹായ്, അലക്സാണ്ട്രു സ്റ്റാൻചു, അലീന ബെർസുൻസിയാനു, നതാലിയ കലിൻ എന്നിവരും അഭിനയിക്കുന്നു.
IFFI 2026-ലെ മിഡ്-ഫെസ്റ്റ് പ്രദർശനത്തിന്റെ ഭാഗമായി ‘ഐ മാറ്റർ’ 2026 നവംബർ 24-ന് വൈകുന്നേരം 4:30ന്, PVR INOX പനജി (ഓഡിറ്റോറിയം 1), PVR INOX പൊർവോറിം (ഓഡിറ്റോറിയം 1) എന്നിവിടങ്ങളിൽ ഒരേസമയം പ്രദർശിപ്പിക്കും. സംവിധായിക അലീന ഷെർബാനും പ്രധാന നടി ഡെനിസ ഫാർകാഷും പ്രത്യേക അതിഥികളായി മേളയിൽ പങ്കെടുക്കും. ചിത്രത്തിലെ താരങ്ങളെ ഉൾപ്പെടുത്തി ഒരു റെഡ്-കാർപ്പറ്റ് പരിപാടിയും പ്രദർശന ദിവസം PVR INOX പനജിയിൽ സംഘടിപ്പിച്ചിട്ടുണ്ട്.
നവംബർ 20 മുതൽ 28 വരെ ഗോവയിലെ വിവിധ വേദികളിലായി നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ, 86 രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം അന്താരാഷ്ട്ര ചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സരവിഭാഗങ്ങൾ, മത്സരേതര വിഭാഗങ്ങൾ , പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത പാക്കേജുകൾ, റെട്രോസ്പെക്ടീവുകൾ , ആദരാഞ്ജലിയായുള്ള സിനിമകൾ , പ്രമേയാധിഷ്ഠിത പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടെ വ്യത്യസ്ത വിഭാഗങ്ങളിലായി വിവിധ രാജ്യങ്ങളിലും ശൈലികളിലും ഭാഷകളിലുമുള്ള ചിത്രങ്ങളെ മേള ഒരുമിച്ചുകൊണ്ടുവരും. സാംസ്കാരിക വിനിമയത്തിനും ചലച്ചിത്ര മികവിനുമുള്ള ഒരു വേദിയും ഇതിലൂടെ ഒരുക്കപ്പെടുന്നു.
***