ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് കീഴിലുള്ള നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (NPPA), കാൻസർ ചികിത്സയ്ക്കുള്ള ഷെഡ്യൂൾ ചെയ്യപ്പെടാത്ത 137 മരുന്നുകളിൽ 'ട്രേഡ് മാർജിൻ റാഷണലൈസേഷൻ' (Trade Margin Rationalisation – TMR) നടപടി കർശനമായി നിരീക്ഷിക്കാൻ നിർദേശം നൽകി. 2026 ഒക്ടോബർ 17-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതനുസരിച്ചുള്ള പുതുക്കിയ വിലകൾ 2026 നവംബർ 9 മുതൽ പ്രാബല്യത്തിൽ വന്നു.
2026 നവംബർ 11 വരെ വിവിധ കമ്പനികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതുക്കിയ വിലവിവരപ്പട്ടികകൾ NPPAയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും 'ഫാർമ സഹി ദാം' (Pharma Sahi Daam) ആപ്പ്, പോർട്ടൽ എന്നിവയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ മരുന്ന് നിർമാതാക്കളും ചില്ലറ വ്യാപാരികളും വിതരണക്കാരും സ്റ്റോക്കിസ്റ്റുകളും ആശുപത്രികളും മറ്റ് മെഡിക്കൽ സ്ഥാപനങ്ങളും പുതുക്കിയ വിലകൾ കർശനമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കൂടാതെ, പുതുക്കിയ വിലവിവരപ്പട്ടികകൾ സ്ഥാപനങ്ങളിലും ഔദ്യോഗിക വെബ്‌സൈറ്റുകളിലും പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും രോഗികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സംസ്ഥാന ഡ്രഗ് കൺട്രോളർമാർ സജീവമായി ഇടപെടണം:
പുനർനിർണയിച്ച പരമാവധി ചില്ലറ വിൽപ്പനവിലയുടെ (MRP) പ്രയോജനം പൂർണമായും രോഗികളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി, മരുന്ന് നിർമാതാക്കൾ, വിതരണക്കാർ, ആശുപത്രികൾ, മറ്റ് ആരോഗ്യസ്ഥാപനങ്ങൾ എന്നിവ വിലനിയന്ത്രണ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കാൻ സംസ്ഥാന ഡ്രഗ് കൺട്രോകൺട്രോളർമാർക്ക് (SDCs) നിർദേശം നൽകിയിട്ടുണ്ട്. വ്യവസ്ഥകളുടെ ലംഘനമോ അമിതവില ഈടാക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ, ഡ്രഗ്സ് (പ്രൈസസ് കൺട്രോൾ) ഓർഡർ, 2013 (DPCO 2013) പ്രകാരം ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.
മരുന്നുകൾക്ക് അമിതവില ഈടാക്കുക, ലഭ്യതക്കുറവ്, വിതരണ തടസ്സം തുടങ്ങിയ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് 'ഫാർമ സഹി ദാം' (Pharma Sahi Daam) ആപ്പ്/പോർട്ടൽ മുഖേന അറിയിക്കാവുന്നതാണ്. കൂടാതെ, NPPAയുടെ ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പറായ 1800-111-255 വഴിയോ monitoring-nppa[at]gov[dot]in എന്ന ഇമെയിൽ വിലാസത്തിലൂടെയോ പരാതികൾ സമർപ്പിക്കാം. വിലനിയന്ത്രണ വ്യവസ്ഥകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ടുകൾ (Action Taken Reports) 2026 നവംബർ 16-നകം NPPAയ്ക്ക് സമർപ്പിക്കണമെന്ന് സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
***