വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കേന്ദ്രീയ വിദ്യാലയ സംഗഠൻ്റെ മൂന്ന് പ്രധാന ഡിജിറ്റൽ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു

സ്കൂൾ വിദ്യാഭ്യാസ മേഖലയിലുടനീളം വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ഈ സംരംഭങ്ങൾ വിപുലീകരിക്കണമെന്ന് ശ്രീ പ്രൾഹാദ് ജോഷി ആവശ്യപ്പെട്ടു

പോസ്റ്റഡ് ഓണ്‍: 12 NOV 2026 2:44PM by PIB Thiruvananthpuram

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി ഇന്ന് ന്യൂഡൽഹിയിൽ കേന്ദ്രീയ വിദ്യാലയ സംഗഠൻ്റെ (കെവിഎസ് ) മൂന്ന് പ്രധാന ഡിജിറ്റൽ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു. 'സമീക്ഷ' (Samiksha) എ.ഐ. ബോട്ട് ഉൾപ്പെടുന്ന എ.ഐ. അധിഷ്ഠിത വിദ്യാ സമീക്ഷ കേന്ദ്രം (VSK), കെവിഎസ്-സംവാദ് (KVS-Samvaad) പാരൻ്റ് കണക്ട് ആപ്പും വെബ് പോർട്ടലും, കെവിഎസ് അലുമ്‌നി കണക്ട് പോർട്ടൽ എന്നിവയാണ് ഇവ. സാങ്കേതികവിദ്യയിലധിഷ്ഠിതവും സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവ്വഹണത്തിലേക്കുള്ള കെവിഎസിൻ്റെ യാത്രയിലെ  പ്രധാന നാഴികക്കല്ലാണിത്.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ൻ്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ സംരംഭങ്ങളെന്ന് വിശേഷിപ്പിച്ച മന്ത്രി, ഇതിന് പിന്നിൽ പ്രവർത്തിച്ച സംഘത്തെ അഭിനന്ദിക്കുകയും കൂടുതൽ ആളുകളിലേക്ക് ഇവ എത്തിക്കുന്നതിനായി സംരംഭങ്ങൾ ശക്തിപ്പെടുത്താനും പ്രദർശിപ്പിക്കാനും ബന്ധപ്പെട്ടവരോട് നിർദ്ദേശിക്കുകയും ചെയ്തു. എല്ലാ ക്ലാസുകളെയും പ്രദേശങ്ങളെയും ഉൾപ്പെടുത്തി ഓരോ കേന്ദ്രീയ വിദ്യാലയത്തിലും ഈ സംരംഭം വ്യാപിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. തുടർച്ചയായ പഠനമെന്ന  സമീപനം സ്വീകരിക്കാനും, ഫലങ്ങൾ വിലയിരുത്താനും, മെച്ചപ്പെടുത്തേണ്ട മേഖലകൾ കണ്ടെത്തി പരിഹരിക്കാനും അദ്ദേഹം ബന്ധപ്പെട്ടവരെ പ്രോത്സാഹിപ്പിച്ചു.

 



 

കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പുമായി (DoSEL) സഹകരിച്ച് ഈ സംരംഭം കെവിഎസിന് പുറത്തേക്കും വ്യാപിപ്പിക്കണമെന്നും, അതുവഴി മുഴുവൻ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെയും വിദ്യാർത്ഥികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കണമെന്നും ശ്രീ ജോഷി നിർദ്ദേശിച്ചു. അദ്ധ്യാപകരുടെ നൈപുണ്യ വികസനത്തിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, സമഗ്രമായ അദ്ധ്യാപക പരിശീലന വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടുനിർദേശിച്ചു. അദ്ധ്യാപകരുടെ പരിശീലന നിലവാരം, പരിശീലനങ്ങൾക്കിടയിലുള്ള ഇടവേളകൾ, മുൻകാല പരിശീലന രേഖകൾ, വരാനിരിക്കുന്ന പരിശീലന ആവശ്യകതകൾ എന്നിവയുടെ വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിവരങ്ങൾ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്നത് മികച്ച നിരീക്ഷണത്തിന് സഹായിക്കുമെന്നും കൃത്യസമയത്ത് പരിശീലനം ഉറപ്പാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 



 

എ.ഐ. അധിഷ്ഠിത വിദ്യാ സമീക്ഷ കേന്ദ്രം

എ.ഐ. അധിഷ്ഠിത വിദ്യാ സമീക്ഷ കേന്ദ്രം (samiksha.kvs.gov.in) വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ഹാജർ, അക്കാദമിക പ്രകടനം, സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ, പ്രവേശനം എന്നിവയെക്കുറിച്ചുള്ള തത്സമയ ഡാഷ്‌ബോർഡുകൾ നൽകുന്നു. ഇതിലെ 'സമീക്ഷ' (Samiksha) എ.ഐ. ബോട്ട് വിവരങ്ങൾ വിശകലനം ചെയ്യുകയും, പോരായ്മകൾ കണ്ടെത്തുകയും, ആവശ്യമായ ഇടപെടലുകൾ നിർദ്ദേശിക്കുകയും ചെയ്യുന്നതിലൂടെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്നു.

കെവിഎസ്-സംവാദ് (KVS-Samvaad) – പാരൻ്റ് കണക്ട് ആപ്പും വെബ് പോർട്ടലും

കെ.വി.എസ് സംവാദ് പാരൻ്റ് കണക്ട് ആപ്പും വെബ് പോർട്ടലും (samvaad.kvs.gov.in) തത്സമയ ഹാജർ, പാഠഭാഗങ്ങളുടെ പുരോഗതി, പരീക്ഷാ ഫലങ്ങൾ, പഠന വിഭവങ്ങൾ, ഡിജിറ്റൽ സ്റ്റുഡൻ്റ് ഐഡി കാർഡുകൾ എന്നിവ നൽകിക്കൊണ്ട് സ്കൂളുകളെ രക്ഷിതാക്കളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഡയറികൾ പരിശോധിക്കുന്നതിന് പുറമെ, ബോണഫൈഡ് , സിഇഎ സർട്ടിഫിക്കറ്റുകൾക്കും വിദ്യാർത്ഥികളുടെ അവധിക്കുമായി രക്ഷിതാക്കൾക്ക് ഓൺലൈനായി അപേക്ഷിക്കാനും സാധിക്കും. ഇത് പേപ്പർ വർക്കുകളും അനാവശ്യമായ സ്കൂൾ സന്ദർശനങ്ങളും കുറയ്ക്കുന്നതിനൊപ്പം രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുകയും ചെയ്യും.

 



 

കെവിഎസ് അലുമ്‌നി പോർട്ടൽ

പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളുകളുമായും സഹപാഠികളുമായും വീണ്ടും ബന്ധപ്പെടാനും, നേട്ടങ്ങളും അനുഭവങ്ങളും പങ്കുവെക്കാനും, മാർഗ്ഗനിർദ്ദേശം (മെന്റർഷിപ്പ്), കരിയർ ഗൈഡൻസ്, സ്ഥാപനത്തിൻ്റെ വികസനം എന്നിവയിൽ പങ്കാളികളാകാനും പ്രത്യേക വേദിയൊരുക്കുന്നതാണ് കെവിഎസ് അലുമ്‌നി പോർട്ടൽ.

കെവിഎസ് ആസ്ഥാനത്തെ ഐ.ടി. സർവീസസ് സെൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്‌ഫോമുകൾ, അവശ്യ വിവരങ്ങളും സേവനങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു. ഇതുവഴി രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അധ്യാപകർ, ഭരണാധികാരികൾ എന്നിവരുടെ വിലപ്പെട്ട സമയവും അധ്വാനവും ലാഭിക്കാൻ സാധിക്കും. വിദ്യാഭ്യാസ സേവനങ്ങൾ കൂടുതൽ പ്രാപ്യവും, വേഗത്തിൽ പ്രതികരിക്കുന്നതും, സുതാര്യവും, കാര്യക്ഷമവുമാക്കാനുള്ള കെവിഎസിൻ്റെ പ്രതിജ്ഞാബദ്ധത ഈ സംരംഭങ്ങൾ ഒരിക്കൽ കൂടി ഉറപ്പിക്കുന്നു.
 
 
****

( റിലീസ് ഐ.ഡി: 2335481) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Tamil , Telugu , Kannada