ഗുജറാത്ത് വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പിന്തുണയോടെ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന 'ഭാരത് പർവ് 2026' ഗുജറാത്തിലെ ഏകതാ നഗറിൽ പുരോഗമിക്കുന്നു. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന ഐക്യ സന്ദേശമുയർത്തി ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകവും ഉജ്വല പാരമ്പര്യങ്ങളും വൈവിധ്യങ്ങളും ആഘോഷമാക്കുകയാണ് മേള. രാഷ്ട്രീയ ഏകതാ ദിനാഘോഷങ്ങളുടെ ഭാഗമായി 2026 ഒക്ടോബർ 30-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഭാരത് പര്വ് നവംബർ 15 വരെ തുടരും.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ പരമ്പരാഗത കലകൾ, കരകൗശല വസ്തുക്കൾ, പ്രാദേശിക രുചിക്കൂട്ടുകൾ, നാടോടി പാരമ്പര്യങ്ങൾ, സംഗീതം, നൃത്തം, തദ്ദേശീയ കരവിരുതുകൾ എന്നിവയെ ഒരൊറ്റ വേദിയിൽ സമന്വയിപ്പിച്ച് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം നേരിട്ടറിയാനുള്ള സവിശേഷ അവസരമാണ് മേള സന്ദർശകർക്കായി ഒരുക്കുന്നത്.

29 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഇൻക്രെഡിബിൾ ഇന്ത്യയുടെയും കേന്ദ്ര കുടിൽ വ്യവസായ ശൃംഖലയുടെയും പങ്കാളിത്തത്തോടെ ഒരുക്കിയിരിക്കുന്ന 'തീം പവലിയൻ' ഭാരത് പർവിൻ്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. 'ഒരു ജില്ല ഒരു ഉല്പന്നം' സംരംഭത്തിന് കീഴിലെ നൂറിലധികം ഉല്പന്നങ്ങൾക്ക് പുറമെ പരമ്പരാഗത കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, ചിത്രകലകൾ, കാർഷികോല്പന്നങ്ങൾ, സവിശേഷ പ്രാദേശിക വിഭവങ്ങൾ എന്നിവയും പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളുടെ കലാപരമായ മികവും സാംസ്കാരിക സ്വത്വവും വിളിച്ചോതുന്നതാണ് പ്രദർശനം.
മേളയിൽ പങ്കെടുക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് പ്രദേശങ്ങളുടെ സവിശേഷ നൈപുണ്യങ്ങളും പരമ്പരാഗത കരവിരുതും പ്രാദേശിക മേന്മകളും പ്രതിഫലിപ്പിക്കുന്ന ഉല്പന്നങ്ങൾ അവതരിപ്പിക്കുന്ന ‘ഒരു ജില്ല ഒരു ഉല്പന്നം’ പ്രദർശനങ്ങൾ മേളയുടെ ശ്രദ്ധേയമായ സവിശേഷതയാണ്. സങ്കീർണമായ കരവിരുതോടെ നെയ്ത തുണിത്തരങ്ങൾ, കൈത്തറി ഉല്പന്നങ്ങൾ, പരമ്പരാഗത ചിത്രങ്ങൾ, കരകൗശല വസ്തുക്കൾ, പ്രാദേശിക കാർഷികോല്പന്നങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ വൈവിധ്യമാർന്ന തദ്ദേശീയ ഉല്പന്നങ്ങളുടെയും കരകൗശല പാരമ്പര്യങ്ങളുടെയും നേർക്കാഴ്ച സന്ദർശകർക്ക് ലഭിക്കുന്നു. പ്രാദേശികമായി അറിയപ്പെടുന്ന ഉല്പന്നങ്ങളെ ദേശീയ വേദിയിലേക്ക് കൊണ്ടുവരുന്നതിലൂടെ പ്രാദേശിക കരവിരുതുകൾക്ക് കൂടുതൽ വിശാലമായ വേദിയൊരുക്കാനും പരമ്പരാഗത വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കാനും പ്രാദേശിക കരകൗശലത്തൊഴിലാളികൾ നിർമ്മിക്കുന്ന ഉല്പന്നങ്ങൾക്ക് വലിയ അംഗീകാരം നേടിക്കൊടുക്കാനും ഭാരത് പർവ് അവസരമൊരുക്കുന്നു. ഇതിന് പുറമെ ആകർഷകമായ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ രാജ്യത്തിൻ്റെ പൈതൃകവും സംസ്കാരവും ഉത്സവങ്ങളും വ്യക്തമാക്കുന്ന പവലിയനും ഇൻക്രെഡിബിൾ ഇന്ത്യ ഒരുക്കിയിട്ടുണ്ട്.


പരമ്പരാഗത കരകൗശല വിദഗ്ധരുടെ തത്സമയ പ്രദർശനങ്ങൾ ഇന്ത്യയുടെ തദ്ദേശീയ കരവിരുത് നേരിട്ട് കാണാൻ സന്ദർശകർക്ക് അവസരമൊരുക്കുന്ന മറ്റൊരു പ്രധാന ആകർഷണമാണ്. അസമിലെ പരമ്പരാഗത മുഖംമൂടി നിർമ്മാണം, ബിഹാറിലെ മധുബനി പെയിൻ്റിങും സിക്കി കരകൗശലവിദ്യയും, ഗുജറാത്തിലെ രോഗൻ കലയും പരമ്പരാഗത പെയിൻ്റിങുകളും, ഛത്തീസ്ഗഡിലെ മുള കൊണ്ടുള്ള കരകൗശല നിർമ്മാണം, കേരളത്തിലെ കയർ ഉല്പന്ന നിർമ്മാണം, ഒഡീഷയിലെ പട്ടചിത്ര രചനയും വെള്ളി ഫിലിഗ്രി കലയും, ഉത്തരാഖണ്ഡിലെ ഐപാൻ പെയിൻ്റിങും റിംഗാൽ കുട്ട നെയ്ത്തും, ജമ്മു കശ്മീരിലെ സോസ്നി കല എന്നിവ ഇതിൽ ഉൾപ്പെടുന്നു. തലമുറകളായി കൈമാറിവന്ന പരമ്പരാഗത കലാരൂപങ്ങളും സാങ്കേതിക വിദ്യകളും തദ്ദേശീയ വൈജ്ഞാനിക സംവിധാനങ്ങളും സന്ദർശകർക്ക് പരിചയപ്പെടുത്താനും സ്വന്തം വൈദഗ്ധ്യം പ്രകടിപ്പിക്കാനും തത്സമയ പ്രദർശനങ്ങൾ കരകൗശല വിദഗ്ധർക്ക് വേദിയൊരുക്കുന്നു.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വൈവിധ്യമാർന്ന നാടോടി-ക്ലാസിക്കൽ പാരമ്പര്യങ്ങൾ ഉൾക്കൊള്ളുന്ന വർണാഭമായ സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്. ആന്ധ്രാപ്രദേശിൻ്റെ കുച്ചിപ്പുടി, അസമിൻ്റെ ബിഹു ഉൾപ്പെടെയുള്ള നാടോടി നൃത്തങ്ങൾ, ഗുജറാത്തിൻ്റെ ഗർബ, ഹരിയാനയുടെ പരമ്പരാഗത നാടോടി അവതരണങ്ങൾ, കേരളത്തിൻ്റെ തോൽപ്പാവക്കൂത്ത്, രാജസ്ഥാൻ്റെ രാവണഹത്ത സംഗീത വാദ്യപ്രകടനം, തമിഴ്നാടിൻ്റെ പരമ്പരാഗത നൃത്തരൂപങ്ങൾ, ജമ്മു കശ്മീരിൻ്റെ സന്തൂർ കച്ചേരി, പശ്ചിമ ബംഗാളിൻ്റെ ബാവുൾ നാടോടി സംഗീതവും പുരുലിയ ചൗവും തുടങ്ങി നിരവധി പ്രാദേശിക കലാപരിപാടികൾ സന്ദർശകർക്ക് മുന്നിലെത്തുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൻ്റെ അവിഭാജ്യ ഘടകമായ സംഗീത-നൃത്ത-കലാ പാരമ്പര്യങ്ങൾക്ക് ജീവൻ പകരുന്നതാണ് ഈ സാംസ്കാരിക അവതരണങ്ങൾ.

23 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രാദേശിക വിഭവങ്ങളും പരമ്പരാഗത രുചിക്കൂട്ടുകളും അണിനിരക്കുന്ന ഫുഡ് കോര്ട്ട് മറ്റൊരു പ്രധാന ആകർഷണമാണ്. ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷണ സംസ്കാരം രുചിച്ചറിയാൻ ഇത് സന്ദർശകർക്ക് അവസരമൊരുക്കുന്നു. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻ്റ് ആൻഡ് കാറ്ററിങ് ടെക്നോളജി നിയന്ത്രിക്കുന്ന പ്രത്യേക സ്റ്റുഡിയോ കിച്ചൻ, പ്രാദേശിക പാചകരീതികളും പരമ്പരാഗത ഭക്ഷണ നിർമ്മാണ വിദ്യകളും വ്യക്തമാക്കുന്ന പ്രദർശനങ്ങളിലൂടെ ഈ അനുഭവത്തെ കൂടുതൽ സമ്പന്നമാക്കുന്നു. കൂടാതെ, ദിവസവും വൈകിട്ട് 5 മുതൽ രാത്രി 8 വരെ ഓരോ ദിവസവും 10 സംസ്ഥാനങ്ങളിലെ കലാകാരന്മാർ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും ഫുഡ് കോർട്ടിൽ നടക്കുന്നുണ്ട്. പ്രാദേശിക ഭക്ഷണത്തോടൊപ്പം സംഗീതവും നൃത്തവും ചേരുന്ന വർണാഭമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.


ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്നതിലുപരി, പ്രാദേശിക ഉല്പന്നങ്ങൾ പ്രദർശിപ്പിക്കാനും തദ്ദേശീയ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കാനും പരമ്പരാഗത കരകൗശല വിദഗ്ധരെയും കലാകാരന്മാരെയും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനും വഴിയൊരുക്കുന്ന പൊതു വേദിയായും ഭാരത് പർവ് മാറുന്നു. വിനോദസഞ്ചാര അനുഭവങ്ങളെ സമ്പന്നമാക്കുന്നതിലും വിവിധ പ്രദേശങ്ങളുടെ സവിശേഷ സാംസ്കാരിക സ്വത്വം ഉയർത്തിക്കാട്ടുന്നതിലും പ്രാദേശിക പാരമ്പര്യങ്ങൾ, കരകൗശല വസ്തുക്കൾ, ഭക്ഷണ സംസ്കാരം എന്നിവ വഹിക്കുന്ന പങ്ക് മേള എടുത്തുകാട്ടുന്നു.
സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിച്ചും ദേശീയ സമഗ്രത ഉറപ്പാക്കിയും നാനാത്വത്തിൽ ഏകത്വമെന്ന രാജ്യത്തിൻ്റെ വികാരത്തെ ആഘോഷമാക്കിയും 'ഭാരത് പർവ് 2026' 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന സങ്കല്പത്തിന് കരുത്തു പകരുകയാണ്. ഗുജറാത്തിലെ ഏകതാ നഗറിൽ പുരോഗമിക്കുന്ന മേള 2026 നവംബർ 15 വരെ സന്ദർശകർക്കായി തുടരും.