പോസ്റ്റഡ് ഓണ്:
11 NOV 2026 2:38PM by PIB Thiruvananthpuram
യൂറോപ്പുമായുള്ള ഇന്ത്യയുടെ ശാസ്ത്രീയ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളിലെ അന്താരാഷ്ട്ര പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി ശാസ്ത്ര സാങ്കേതികവിദ്യ, ഭൗമശാസ്ത്രം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥ, പൊതുപരാതികൾ, പെൻഷൻ, ആണവോർജം, ബഹിരാകാശം എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗ്, മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഇറ്റലിയിലേക്ക് പുറപ്പെട്ടു.
ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിക്കുന്ന മന്ത്രി, ബഹിരാകാശം, എയ്റോസ്പേസ്, ഗവേഷണ സഹകരണം എന്നിവയുടെ ചുമതലയുള്ള മന്ത്രിമാർ ഉൾപ്പെടെയുള്ള വിവിധ ഇറ്റാലിയൻ മന്ത്രിമാരുമായി ചർച്ചകൾ നടത്തും.
ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്ചകൾ, റോമിൽ നടക്കുന്ന രണ്ടാമത് ഇന്ത്യ-ഇറ്റലി ശാസ്ത്ര-നൂതനാശയ സംവാദം 2026, ട്രിയസ്റ്റെയിലെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളുമായുള്ള ആശയവിനിമയം എന്നിവയും സന്ദർശനത്തിൻ്റെ ഭാഗമായി നടക്കും. ഗവേഷണം, തന്ത്രപ്രധാന സാങ്കേതികവിദ്യകൾ, നൂതനാശയം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള വേദിയായിരിക്കും ഇത്.
നവംബർ 12ന് റോമിൽ നടക്കുന്ന രണ്ടാമത് ഇന്ത്യ-ഇറ്റലി ശാസ്ത്ര-നൂതനാശയ സംവാദം 2026-ൽ ഇരു രാജ്യങ്ങളിലെയും പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങൾ, ഗവേഷകർ, നൂതനാശയ മേഖലയിലെ പങ്കാളികൾ, സാങ്കേതിക ഇൻകുബേറ്ററുകൾ എന്നിവർ പങ്കെടുക്കും. ഗവേഷണ മികവ്, തന്ത്രപ്രധാന സാങ്കേതികവിദ്യകൾ, ഗവേഷണത്തെ നൂതനാശയങ്ങളായി പരിവർത്തനം ചെയ്യൽ, സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തൽ, ഭാവിയിലെ സഹകരണത്തിനായി സംയുക്ത പ്രവർത്തന അജണ്ട വികസിപ്പിക്കൽ എന്നിവയിൽ ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കും.
ഇറ്റലിയുടെ സർവകലാശാല-ഗവേഷണ വകുപ്പ് മന്ത്രി അന്ന മരിയ ബെർനിനി, ബഹിരാകാശ-എയ്റോസ്പേസ് നയങ്ങളുടെ ചുമതലയുള്ള മന്ത്രി അഡോൾഫോ ഉർസോ എന്നിവരുമായി ഡോ. ജിതേന്ദ്ര സിംഗ് ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ഈ കൂടിക്കാഴ്ചകൾ, ശാസ്ത്ര സാങ്കേതികവിദ്യ, ഗവേഷണം, പരസ്പര താൽപര്യമുള്ള തന്ത്രപ്രധാന മേഖലകൾ എന്നിവയിൽ ഇന്ത്യ-ഇറ്റലി സഹകരണം വർധിപ്പിക്കുന്നതിനുള്ള അവസരമൊരുക്കും.
നവംബർ 13ന് ട്രിയസ്റ്റെയിൽ എലെട്രാ സിൻക്രോട്രോൺ ഫെസിലിറ്റി, അബ്ദുസ് സലാം ഇൻ്റർനാഷണൽ സെൻ്റർ ഫോർ തിയററ്റിക്കൽ ഫിസിക്സ് (ICTP), ഇൻ്റർനാഷണൽ സെൻ്റർ ഫോർ ജനറ്റിക് എൻജിനീയറിംഗ് ആൻഡ് ബയോടെക്നോളജി (ICGEB) എന്നിവിടങ്ങൾ മന്ത്രി സന്ദർശിക്കും. ശാസ്ത്രീയ സഹകരണം, ഗവേഷണ അടിസ്ഥാനസൗകര്യ പങ്കാളിത്തം, ഗവേഷകരുടെ വിനിമയം എന്നിവയുടെ സാധ്യതകൾ പരിശോധിക്കുന്നതിനുള്ള അവസരങ്ങൾ എന്നിവ ഇടപെടലുകൾ നൽകും.
റോമിലെ ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തുന്ന അദ്ദേഹം നവംബർ 14ന് ഇന്ത്യൻ എംബസിയിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലും പങ്കെടുക്കും.
അന്താരാഷ്ട്രതലത്തിൽ ശാസ്ത്രീയ പങ്കാളിത്തം വിപുലീകരിക്കുന്നതിനും ഗവേഷണാധിഷ്ഠിത നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ഗവേഷണ സ്ഥാപനങ്ങളുമായും സാങ്കേതികവിദ്യാ സംവിധാനങ്ങളുമായുള്ള ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയാണ് ഇറ്റലിയിലേക്കുള്ള മന്ത്രിതല സംഘത്തിൻ്റെ സന്ദർശനം പ്രതിഫലിപ്പിക്കുന്നത്.
ഇറ്റലിയും ഇന്ത്യയുമായി പരമ്പരാഗത ബന്ധങ്ങളുണ്ട്, കൂടാതെ വിവിധ തലങ്ങളിൽ സഹകരണവും നിലനിൽക്കുന്നുണ്ട്. ഡോ. ജിതേന്ദ്ര സിംഗിൻ്റെ സന്ദർശനം നൂതനവും അത്യാധുനികവുമായ മേഖലകളിലെ സഹകരണം കൂടുതൽ വിപുലപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
***