പോസ്റ്റഡ് ഓണ്:
10 NOV 2026 11:58AM by PIB Thiruvananthpuram
അരുണാചൽ പ്രദേശിലെ ബോംഡിലയിലുള്ള തുബ്ചോഗ് ഗാത്സൽ ലിംഗ് (ടി.ജി.എൽ.) മൊണാസ്ട്രിയിൽ (ലോവർ ഗോമ്പ) നടക്കുന്ന ശാക്യമുനി ബുദ്ധൻ്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദർശനം, ബുദ്ധഭഗവാന് പ്രണാമമർപ്പിക്കാൻ ആയിരക്കണക്കിന് ഭക്തർക്ക് അവസരമൊരുക്കി. ഈ വിശുദ്ധ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥനകൾ അർപ്പിക്കാനും അനുഗ്രഹം തേടാനുമായി പ്രദർശനത്തിൻ്റെ ആദ്യ രണ്ട് ദിവസങ്ങളിലായി 11,969 ഭക്തരാണ് മൊണാസ്ട്രി സന്ദർശിച്ചത്.

ബുദ്ധമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത്യധികം മതപരമായ പ്രാധാന്യമുള്ള ഈ വിശുദ്ധ തിരുശേഷിപ്പുകളോടുള്ള ആഴത്തിൽ വേരൂന്നിയ വിശ്വാസത്തെയും ആത്മീയ ഭക്തിയെയുമാണ് ഭക്തരുടെ ഈ വലിയ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്.
ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയം, അരുണാചൽ പ്രദേശ് ഗവണ്മെൻ്റ് , ന്യൂഡൽഹിയിലെ ഇൻ്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (ഐ.ബി.സി.) എന്നിവയുമായി സഹകരിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ടി.ജി.എൽ. മൊണാസ്ട്രിയിലെ വിശുദ്ധ തിരുശേഷിപ്പുകളുടെ പൊതുദർശനം 2026 നവംബർ 13 വരെ തുടരും. വിവിധ മണ്ഡലങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള ഭക്തർക്ക് പ്രാർത്ഥനകൾ അർപ്പിക്കാനും ആദരവ് പ്രകടിപ്പിക്കാനും ഇതിലൂടെ അവസരമൊരുങ്ങും.

ഭക്തരുടെ പങ്കാളിത്തം ക്രമീകരിക്കുന്നതിനായി, പ്രദർശനത്തിൻ്റെ തുടർന്നുള്ള ദിവസങ്ങളിലെ മണ്ഡലം തിരിച്ചുള്ള സമയക്രമം താഴെക്കൊടുക്കുന്നു:
• 2026 നവംബർ 11: അരുണാചൽ പ്രദേശിലെ 5-കലക്താങ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ഭക്തർക്ക്.
• 2026 നവംബർ 12: അരുണാചൽ പ്രദേശിലെ 6-ബുറാഗോൺ-ത്രിസിനോ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ഭക്തർക്ക്.
• 2026 നവംബർ 13: മറ്റ് ജില്ലകളിൽ നിന്നുള്ള ഭക്തർ, ജില്ലയിൽ വിന്യസിച്ചിരിക്കുന്ന സായുധ സേനകളിലെയും കേന്ദ്ര സായുധ പൊലീസ് സേനകളിലെയും (സി.എ.പി.എഫ്.) ഉദ്യോഗസ്ഥർ, നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ എത്തിച്ചേരാൻ കഴിയാത്ത മറ്റ് ഭക്തർ എന്നിവർക്ക്.
നിശ്ചയിച്ചിട്ടുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെയായിരിക്കും ദർശന സമയം.

ബോംഡിലയിലെ പൊതുദർശനത്തിനുശേഷം, അടുത്ത പ്രദർശന കേന്ദ്രമായ നാംസായി ജില്ലയിലേക്കുള്ള യാത്രയ്ക്കായി 2026 നവംബർ 14-ന് വിശുദ്ധ തിരുശേഷിപ്പുകൾക്ക് ഔദ്യോഗികമായി യാത്രയയപ്പ് നൽകും. 2026 നവംബർ 14 മുതൽ 20 വരെ നാംസായിയിലെ ഗോൾഡൻ പഗോഡയിൽ ഈ വിശുദ്ധ തിരുശേഷിപ്പുകൾ പൊതുദർശനത്തിനായി പ്രതിഷ്ഠിക്കും. തുടർന്ന്, 2026 നവംബർ 21-ന് തിരുശേഷിപ്പുകൾ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലേക്ക് തിരികെ കൊണ്ടുപോകും.

ഇന്ത്യയുടെ സമ്പന്നമായ ബുദ്ധമത പൈതൃകവും നാഗരിക പാരമ്പര്യവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനുമുള്ള കേന്ദ്ര ഗവണ്മെൻ്റിൻ്റെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ പ്രദർശനം പ്രതിഫലിപ്പിക്കുന്നത്. ഇത്തരം സംരംഭങ്ങളിലൂടെ ബുദ്ധമതത്തിൻ്റെ പവിത്രമായ പൈതൃകത്തിലേക്ക് ഭക്തർക്ക് പ്രവേശനം സുഗമമാക്കാനും, സാംസ്കാരികവും ആത്മീയവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്താനും, ബുദ്ധമത അധ്യാപനങ്ങൾക്കും തത്ത്വചിന്തയ്ക്കും ഇന്ത്യ നൽകിയിട്ടുള്ള ശാശ്വത സംഭാവനകൾ ഉയർത്തിക്കാട്ടാനുമാണ് ഇന്ത്യാ ഗവണ്മെൻ്റ് ലക്ഷ്യമിടുന്നത്.
***